വിവാഹം കഴിച്ചില്ലെങ്കിലും പ്രശ്നം, വിവാഹം കഴിച്ചാലും പ്രശ്നം! എന്താണ് സമൂഹത്തിൻ്റെ നിലപാട്?

വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള തീരുമാനമാണെന്നിരിക്കെ അത് പലപ്പോഴും, ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭിമാനപ്രശ്നമായി മാറുന്നു.
വിവാഹം കഴിച്ചില്ലെങ്കിലും പ്രശ്നം, വിവാഹം കഴിച്ചാലും പ്രശ്നം! എന്താണ് സമൂഹത്തിൻ്റെ നിലപാട്?
Published on: 
Updated on: 

പ്രണയം, വിവാഹം, വിവാഹപ്രായം, സമൂഹത്തിൽ ഒരു കാലത്തും സംസാരിക്കാൻ പഞ്ഞമില്ലാത്ത വിഷയങ്ങളിലൊന്ന്. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും. പിന്നേയും പറയും. ഓ പ്രായം ഇത്ര ആയി എന്നിട്ടാണ് ഇപ്പൊ പ്രണയിക്കാൻ നടക്കുന്നത്. ഈ പ്രായത്തിൽ പ്രണയിച്ചാൽ എന്താണ് പ്രശ്നം, അല്ലെങ്കിലും പ്രണയത്തിനും വിവാഹത്തിനുമൊക്കെ പ്രായമുണ്ടോ? പ്രണയിക്കണോ, വേണ്ടയോ, എപ്പോൾ വിവാഹം കഴിക്കണം, ഇനി വിവാഹം കഴിക്കാതിരിക്കണോ, ആരെ വിവാഹം കഴിക്കണം, വിവാഹമോചനം നേടണോ, ഇതെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. ഇതിൽ സമൂഹത്തിന് എന്താണ് റോൾ?

വിവാഹം കഴിച്ചില്ലെങ്കിലും പ്രശ്നം, വിവാഹം കഴിച്ചാലും പ്രശ്നം! എന്താണ് സമൂഹത്തിൻ്റെ നിലപാട്?
സ്റ്റോക്കിങ് ഒരു ഗുരുതര കുറ്റകൃത്യം

ഇനി അഥവാ പ്രണയവിവാഹത്തിൽ എന്തെങ്കിലും പ്രശ്നം വന്നാൽ, അവർ തന്നെ തിരഞ്ഞെടുത്ത ജീവിതമല്ലേ എന്നും, ഇനി കുടുംബങ്ങൾ ചേർന്ന് കണ്ടുപിടിച്ച ബന്ധം ആണെങ്കിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണമെന്നും എന്നാണ് പൊതുവായി ഉയർന്നുവരുന്ന മാർഗനിർദേശങ്ങൾ.

വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള തീരുമാനമാണെന്നിരിക്കെ അത് പലപ്പോഴും, ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭിമാനപ്രശ്നമായി മാറുന്നു. വിവാഹം കഴിക്കാത്തവരെ ചോദ്യം ചെയ്യുന്നതും വിവാഹമോചിതരെ കുറ്റപ്പെടുത്തുന്നതും പുനർവിവാഹം ചെയ്യുന്നവരെ കുറിച്ച് ഓരോന്ന് പറയുന്നതും എന്തിന് വേണ്ടിയാണ്? വിവാഹം കഴിക്കാനും വിവാഹം കഴിക്കാതിരിക്കാനും വിവാഹമോചനം നേടാനും പുനർവിവാഹം കഴിക്കാനും വ്യക്തികൾക്ക് അവകാശമില്ലേ?

**വിവാഹവും പുനർവിവാഹവും**

വിവാഹവും വിവാഹമോചനവും വ്യക്തികളുടെ ജീവിതത്തിലെ അവസാന വാക്ക് അല്ല. വിവാഹം കഴിഞ്ഞവർക്ക് വിവാഹമോചനം നേടാനും, വിവാഹമോചനം നേടിയവർക്ക് പുനർവിവാഹത്തിനും ഉള്ള അവകാശം നമ്മുടെ രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ട്, (1954) പ്രകാരം ജാതി-മത ഭേദമന്യേ രജിസ്റ്റർ വിവാഹം ചെയ്യുന്നവർക്കും ഇതിലെ സെക്ഷൻ 30 അനുസരിച്ച് വിവാഹമോചനത്തിന് ശേഷം പുനർവിവാഹത്തിന് അനുമതിയുണ്ട്.

ഭാര്യ മരിച്ച പുരുഷന്മാർ പുനർവിവാഹം കഴിക്കുന്നതിന് സമൂഹം നൽകുന്ന പിന്തുണ, ഭർത്താവ് മരിച്ച സ്ത്രീക്ക് കൊടുക്കുന്ന പിന്തുണയെക്കാൾ താരതമ്യേന കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ പണ്ടുകാലത്ത് ഭർത്താവ് മരിച്ച സ്ത്രീകൾ പൊതുവേ ഇതിൽ നിന്നും പിന്നോട്ട് നിൽക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്.

അവർ എന്ത് വിചാരിക്കും എന്ന ചിന്തയായിരിക്കാം അവരെ വേട്ടയാടിയത്. എന്നാൽ ഇക്കാലത്ത് അതിൽ മാറ്റം വന്നിട്ടുണ്ട്. അതിൽ ചില കേസുകളിൽ എങ്കിലും സ്ത്രീകൾ എടുക്കുന്ന നിലപാടും കുടുംബത്തിൻ്റെ പിന്തുണയും വലിയ സ്വാധീനമാണ് ഈ കാര്യത്തിൽ ചെലുത്തുന്നത്.

**പുനർവിവാഹം മോശമാണോ?**

എന്തുകൊണ്ടായിരിക്കും പുനർവിവാഹത്തിന് വിവാഹത്തിന് കൊടുക്കുന്ന പ്രാധാന്യം കിട്ടാത്തത്. പുനർവിവാഹം ചെയ്യുന്നവരെയും അവരുടെ പ്രായത്തേയും പലപ്പോഴും ചർച്ചാ വിഷയം ആക്കുന്നത് എന്തുകൊണ്ടായിരിക്കും. ഇതും സമൂഹത്തിൽ സാധാരണയായി നടക്കുന്ന ഒരു കാര്യമായി കണ്ടാൽ പോരെ, എത്രയോ പേർ ഒന്നും രണ്ടും മൂന്നും വിവാഹം കഴിച്ച് സമൂഹത്തിൽ നല്ല രീതിയിൽ കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.നമുക്കിടയിൽ തന്നെ അങ്ങനെ എത്ര പേർ ഉണ്ടാകും.സിനിമാ മേഖലയിലും രാഷ്ട്രീയത്തിലും തുടങ്ങി വിവിധ മേഖലയിലുള്ള എത്രയോ പേർ ഇത്തരത്തിൽ പുനർവിവാഹം ചെയ്ത് അവരുടേതായ സന്തോഷം കണ്ടെത്തുന്നുണ്ടെന്നും നമ്മൾ കാണുന്നതാണ്.

ജീവിതം ഒന്നേയുള്ളൂ. അത് എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് സമൂഹമല്ല, ആ വ്യക്തി തന്നെയാണ്. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മറ്റൊരാളുടെ ജീവിതം ജീവിക്കണമെന്നില്ല. നമുക്ക് അവരോട് സംസാരിക്കാം, ആവശ്യമെങ്കിൽ നിർദേശങ്ങൾ നൽകാം. പക്ഷേ അവരുടെ ജീവിതത്തിന്‍റെ നിയന്ത്രണം നമ്മുടെ കൈപിടിയിൽ ഒതുക്കാൻ നമുക്ക് അവകാശമില്ലെന്ന് എന്ന് മനസിലാക്കുന്നുവോ അന്നേ നമ്മുടെ സമൂഹം മാറുകയുള്ളൂ.