
ഇന്ത്യയിലെ ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾക്ക് ഇനി റീലുകളിൽ ഒന്നിലേറെ ഓഡിയോ ട്രാക്കുകൾ സംയോജിപ്പിക്കാൻ സാധിക്കും. ഒരേ റീലിൽ തന്നെ 20 ഓഡിയോ ട്രാക്കുകൾ വരെ ചേർക്കാൻ സാധിക്കുന്നതാണ് ഇൻസ്റ്റഗ്രാമിൻ്റെ പുതിയ അപ്ഡേഷൻ. റീൽ എഡിറ്റ് ചെയ്യുന്ന സമയത്ത് ഇഷ്ടാനുസരണം ടെക്സ്റ്റുകൾ, സ്റ്റിക്കറുകൾ, മറ്റ് ക്ലിപ്പുകൾ തുടങ്ങിയവയും ഇതിൽ ചേർക്കാൻ സാധിക്കും. ഇൻസ്റ്റഗ്രാം തന്നെ ഈ വിവരം കഴിഞ്ഞ ദിവസം ഉപഭോക്താക്കളെ അറിയിക്കുകയായിരുന്നു.
ഒരാൾ പാട്ടുകൾ സംയോജിപ്പിച്ച് തനതായ ഓഡിയോ മിക്സ് സൃഷ്ടിക്കുമ്പോൾ, അത് അവരുടെ സർഗാത്മകത വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും ഇൻസ്റ്റഗ്രാം തലവൻ ആദം മൊസ്സേരി അറിയിച്ചു. ഈ ട്രാക്കുകൾ പ്ലാറ്റ്‌ഫോമിൽ സൂക്ഷിക്കാനും, മറ്റുള്ളവർക്ക് അത് വീണ്ടും ഉപയോഗിക്കാനും കഴിയും. ഈ അപ്ഡേഷൻ കൂടി വരുന്നതോടെ, ഉപഭോക്താക്കൾക്ക് ഓഡിയോ മിക്സിങ്ങിനായി ഇനി മറ്റ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകില്ല.
ഇൻസ്റ്റഗ്രാമിൽ ഓഡിയോ ട്രാക്കുകൾ മിക്‌സ് ചെയ്യുന്ന വിധം :
1. ഇൻസ്റ്റഗ്രാമിൽ റീൽസ് സെക്ഷൻ ഓപ്പൺ ചെയ്യുക.
2. ഇൻസ്റ്റഗ്രാം ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയ്യുക. അല്ലെങ്കിൽ, എഡിറ്റ് ചെയ്യാനുള്ള വീഡിയോകൾ ഫോൺ ഗാലറിയിൽ നിന്നും സെലക്ട് ചെയ്യുക.
3. എഡിറ്റ് ഓപ്ഷൻ എടുത്ത് ഓഡിയോ ചേർക്കാനുള്ള ഓപ്ഷൻ സെലക്ട് ചെയ്യുക.
4. നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ട്രാക്ക് തെരഞ്ഞെടുത്ത് അത് പ്ലേ ചെയ്യേണ്ട റീലിൻ്റെ ഭാഗത്തേക്ക് ചേർക്കുക.
5. റീലിലേക്ക് കൂടുതൽ ഓഡിയോ ട്രാക്കുകൾ ചേർക്കാനുള്ള ഓപ്ഷൻ വീണ്ടും സെലക്ട് ചെയ്യുക.
6. ട്രാക്കുകൾ ഓവർലാപ്പ് ചെയ്യുകയാണെങ്കിൽ, ട്രാക്കിൻ്റെ പേരിൽ ടാപ്പുചെയ്തുകൊണ്ട് അവ ക്രമീകരിക്കുക.
7. റീൽ എഡിറ്റ് ചെയ്ത് കഴിഞ്ഞാൽ, വലത് ഭാഗത്ത് മുകളിലായി ഉള്ള അപ്‌ലോഡ് ഓപ്ഷൻ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാം.