

അംബാനി കുടുംബം രണ്ട് തവണ കല്യാണം ആലോചിച്ച പെണ്‍കുട്ടിയോ, ആരാണത്? ഒറ്റ വെളിപ്പെടുത്തലിലൂടെ വാര്‍ത്തകളില്‍ നിറയുകയാണ് ബിര്‍ള കുടുംബത്തിലെ പുതുതലമുറക്കാരിയായ അനന്യ ബിര്‍ള. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ കുടുംബത്തില്‍ ജനിച്ച ഈ 32കാരി ചില്ലറക്കാരിയല്ല. അനന്യ തൊടാത്ത മേഖലകള്‍ കുറവാണ്. സംഗീതം, സിനിമ, ഫിനാന്‍സ് എന്നിങ്ങനെ എല്ലാ മേഖലയിലും ഈ ചെറിയ പ്രായത്തിനിടയില്‍ കൈവച്ചിട്ടുണ്ട്. തന്റെ കുടുംബത്തിലെ മറ്റ് സ്ത്രീകളെപ്പോലെ അല്ല താന്‍ എന്നാണ് അനന്യ പറയുന്നത്. എന്താണ് അനന്യയെ ബിര്‍ള കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്?
കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ടോക് ഷോ ആയ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ അനന്യ ബിര്‍ള നടത്തിയ തുറന്നു പറച്ചിലാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ഇന്ത്യയിലെ ഒരു പ്രമുഖ വ്യവസായ കുടുംബത്തില്‍ നിന്നുള്ള ഒരാളുടെ വിവാഹാലോചന താന്‍ പലവട്ടം നിരസിച്ചു എന്നാണ് അനന്യ വെളിപ്പെടുത്തിയത്. എന്നാല്‍ ആ കുടുംബം ഏതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നില്ല. എന്നിട്ടും അദാനി കുടുംബത്തേക്കുറിച്ചാണ് അനന്യ പറഞ്ഞത് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ മുഴുവന്‍. ഇത് മാത്രമല്ല സംവിധായിക ഫറ ഖാന്റെ യൂട്യൂബ് ഷോയില്‍ പങ്കെടുത്ത് അനന്യ നടത്തിയ ചില പരാമര്‍ശങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായി. ബിര്‍ള കുടുംബത്തിലെ ഏഴ് തലമുറകള്‍ക്കിടയില്‍ പുറത്തുപോയി ജോലി ചെയ്യുന്ന ആദ്യത്തെ സ്ത്രീയാണ് താന്‍ എന്നാണ് അനന്യ പറഞ്ഞത്. ഈ രണ്ട് പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഒരു കാര്യം ഉറപ്പായി, അനന്യ തന്റെ മറ്റ് കുടുംബാംഗങ്ങളെ പോലെയല്ല.
അംബാനി കുടുംബത്തില്‍ നിന്നൊക്കെ വ്യത്യസ്തമായി സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ബിര്‍ള കുടുംബം. ഗ്ലാമര്‍ വേദികളില്‍ ബിർള കുടുംബത്തെ സാധാരണ നമ്മള്‍ കാണാറില്ല. അവര്‍ അണിയുന്ന വസ്ത്രത്തിന്റെയോ ആഭരണത്തിന്റേയോ വില സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറില്ല. ഇവിടെയാണ് അനന്യ വ്യത്യസ്തയാവുന്നത്. വിവാഹത്തേക്കുറിച്ചും തന്റെ കുടുംബത്തേക്കുറിച്ചുമെല്ലാം പറഞ്ഞ് വാര്‍ത്തയില്‍ നിറയാനാണ് അനന്യ ശ്രമിക്കുന്നത്. എന്തിനു വേണ്ടിയാണ് ഇത്?
ബിര്‍ള ഗ്രൂപ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയുടെയും നീരജ ബിര്‍ളയുടെയും മൂത്തമകളാണ് അനന്യ. മുംബൈയിലെ അമെരിക്കന്‍ സ്‌കൂളിലെ പഠനത്തിന് ശേഷം ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്‌സിലും മാനേജ്‌മെന്റിലും ബിരുദം നേടി. ഏകദേശം രണ്ട് ലക്ഷം കോടി രൂപയില്‍ അധികം ആസ്തിയുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയായിട്ടും ആഡംബര ജീവിതത്തില്‍ ഒതുങ്ങിക്കൂടാന്‍ അനന്യ തയാറായിരുന്നില്ല. ചെറുപ്പം മുതല്‍ അനന്യയ്ക്ക് സംഗീതത്തോട് താല്‍പ്പര്യമുണ്ടായിരുന്നു. സംഗീതത്തെ കരിയറാക്കാനും അവര്‍ തീരുമാനിച്ചിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ലിവിന്‍ ദി ലൈഫ് എന്ന ആദ്യഗാനം വലിയ ശ്രദ്ധനേടുകയും അന്താരാഷ്ട്ര വേദികളില്‍ പാട്ടുപാടാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ അനന്യ വിചാരിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടു പോകാതിരുന്നതോടെ 2024ല്‍ സംഗീതത്തില്‍ നിന്ന് വിരമിച്ചു.
ഇതിനിടയില്‍ അനന്യ അഭിനയത്തിലും കൈവച്ചു. 2023ല്‍ 'ശ്ലോക്: ദി ദേശി ഷെര്‍ലക്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അനന്യ, 'ദോ ഔര്‍ ദോ പ്യാര്‍' , 'റഫ് ആന്‍ഡ് ടഫ് കന്യ' എന്നീ ചിത്രങ്ങളിലും വേഷമിട്ടു. അതിനു പിന്നാലെയാണ് നിര്‍മാണ രംഗത്തിലേക്ക് കടന്നത്. ഇംതിയാസ് അലിയുടെ 'മേം വാപസ് ആവൂംഗ' എന്ന ചിത്രം ബോക്‌സ് ഓഫിസില്‍ മികച്ച വിജയമായി. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ജയ് മേത്ത സംവിധാനം ചെയ്യുന്ന 'പ്രളയ്' എന്ന സോംബി ത്രില്ലര്‍ ചിത്രമാണ് ബിര്‍ള സ്റ്റുഡിയോസിന്റെ ബാനറില്‍ അനന്യ നിര്‍മിക്കുന്ന പുതിയ സിനിമ. 300 കോടി മുതല്‍ മുടക്കിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് അനന്യ പരിപാടികളില്‍ പങ്കെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് മാത്രമാണോ അനന്യയുടെ ലക്ഷ്യം. അല്ലെന്നാണ് നെറ്റിസണ്‍സിന്റെ കണ്ടെത്തല്‍. 3000 കോടി ലക്ഷ്യമിട്ടുള്ള അനന്യയുടെ ബിസിനസ് തന്ത്രമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
17ാം വയസിലാണ് അനന്യ സ്വതന്ത്ര മൈക്രോഫിന്‍ എന്ന മൈക്രോഫിനാന്‍സ് കമ്പനിക്ക് തുടക്കമിടുന്നത്. ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് സ്വയംതൊഴിലിനും ചെറുകിട സംരംഭങ്ങള്‍ക്കുമായി കുറഞ്ഞ പലിശയില്‍ ലഘുവായ്പകള്‍ നല്‍കുക എന്നതാണ് സ്വതന്ത്രയിലൂടെ അനന്യ ലക്ഷ്യമിട്ടത്. ഇപ്പോള്‍ ആ സ്ഥാപനം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ ഒരുങ്ങുകയാണ്. ഐപിഒ വഴി 3000 കോടി രൂപയാണ് അനന്യ ലക്ഷ്യമിടുന്നത്. ഇതിനുള്ള പ്രാഥമിക രേഖകള്‍ ഓഗസ്റ്റില്‍ തന്നെ സെബിക്ക് സമര്‍പ്പിച്ചു. 1500 കോടിയുടെ പുതിയ ഓഹരികളും 1500 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ലിസ്റ്റിങ് തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ജിയോയുടെ ഐപിഒ വന്നപ്പോഴത്തെ കാര്യം നിങ്ങള്‍ക്ക് ഓര്‍മയില്ലേ? എവിടെ നോക്കിയാലും അംബാനി കുടുംബം മാത്രമായിരുന്നു. ആനന്ദ് അംബാനി ബ്രോയിലര്‍ കോഴികളെ രക്ഷിച്ചതുവരെ വലിയ വാര്‍ത്തയായിരുന്നു. ഇതേ ചുവടുപിടിച്ചാണ് അനന്യയുടേയും പോക്ക്. എല്ലാം ഷോ ബിസിനസായി മാറിയ ഈ കാലത്ത് തന്റെ തല തന്റെ ഫുള്‍ ഫിഗര്‍ വന്നാലെ കാര്യമുള്ളൂ എന്ന് അനന്യയ്ക്ക് അറിയാം. ലിസ്റ്റിങ് തിയതി വരുന്നതോടെ ഏതൊക്കെ രീതിയിലാവും അനന്യ വാര്‍ത്തകളില്‍ നിറയുന്നത് എന്ന് കാത്തിരുന്നു കാണേണ്ടിവരും.