രക്തബന്ധം വേറെ, ലോകകപ്പിലെ കൊമ്പുകോർക്കൽ വേറെ; കൗതുകമായി ഗ്ലാമർ പോരാട്ടങ്ങൾക്കിടയിലെ 8 സ്വീറ്റ് ബ്രദേഴ്സ്!

വിശ്വവേദിയിൽ തോളോടുതോൾ ചേർന്നും പരസ്പരം പോരടിച്ചും ബൂട്ടണിയാൻ ഒരുങ്ങുന്ന സഹോദരങ്ങളുടെ സാന്നിധ്യമാണ് ഇത്തവണത്തെ ടൂർണമെൻ്റിലെ ഏറ്റവും വലിയ കൗതുകം.
Brother Fights in fifa World cup 2026
Published on
Updated on

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിലേക്ക് കാൽപ്പന്ത് ലോകം ഉണരുമ്പോൾ ഇത്തവണ കളിക്കളത്തിൽ കാത്തിരിക്കുന്നത് ആവേശകരമായ ചില കാഴ്ചകളാണ്. ഫുട്ബോൾ പിച്ചിലെ പോരാട്ടങ്ങൾക്കപ്പുറം, രക്തബന്ധങ്ങളുടെയും വൈകാരികതയുടെയും വേദി കൂടിയാവുകയാണ് ഇത്തവണത്തെ ഫിഫ ലോകകപ്പ്. വിശ്വവേദിയിൽ തോളോട് തോൾ ചേർന്നും പരസ്പരം പോരടിച്ചും ബൂട്ടണിയാൻ ഒരുങ്ങുന്ന എട്ട് സഹോദരങ്ങളുടെ സാന്നിധ്യമാണ് ഇത്തവണത്തെ ടൂർണമെൻ്റിലെ ഏറ്റവും വലിയ കൗതുകം.

ഒരേ കുടുംബത്തിൽ ജനിച്ച് വളർന്ന്, ഒരേ മൈതാനങ്ങളിൽ പന്ത് തട്ടി പഠിച്ചവർ ഇന്ന് കരിയറിന്റെ നെറുകയിൽ എത്തിനിൽക്കുകയാണ്. എന്നാൽ ഇവരിൽ ചിലർ ഒരേ കുപ്പായത്തിൽ തങ്ങളുടെ രാജ്യത്തിനായി ഒന്നിച്ച് പോരാടുമ്പോൾ, മറ്റു ചിലർ പൈതൃകത്തിന്റെയും ജനിച്ച മണ്ണിന്റെയും പേരിൽ വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ അണിനിരക്കുകയാണ്. ഒരേ ചോരയിൽ പിറന്നിട്ടും രണ്ട് വ്യത്യസ്ത രാജ്യങ്ങൾക്കായി കുപ്പായമണിയുന്ന സഹോദരങ്ങൾ ഈ ടൂർണമെന്റിന് സമാനതകളില്ലാത്ത വൈകാരികതയാണ് സമ്മാനിക്കുന്നത്. സ്വന്തം രാജ്യത്തിനായി വിട്ടുവീഴ്ചകളില്ലാതെ പോരാടുമ്പോഴും അവർക്കിടയിലെ സ്നേഹവും കളിക്കളത്തിലെ വീറും ഫുട്ബോൾ ആരാധകർക്ക് പുത്തൻ ആവേശമാകും. ഈ ലോകകപ്പിൽ ബൂട്ടണിയുന്ന ചില പ്രമുഖ സഹോദരങ്ങളെ പരിചയപ്പെടാം...

1. ഗെല ഡുവേ (ഐവറി കോസ്റ്റ്) & ഡെസിറെ ഡുവേ (ഫ്രാൻസ്)

ജനിച്ചതും വളർന്നതും ഫ്രാൻസിലാണെങ്കിലും, ഡുവേ സഹോദരങ്ങൾ ഇത്തവണ രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. പാരീസ് സെന്റ് ജെർമെയ്ൻ ക്ലബ്ബിന്റെ മിന്നും താരമായ ഡെസിറെ ഡുവേ ഫ്രഞ്ച് ദേശീയ ടീമിലെ ശ്രദ്ധേയനായ അറ്റാക്കിങ് മിഡ്ഫീൽഡറാണ്. മികച്ച പാസ്സിങ് കൃത്യതയും, എതിർ പ്രതിരോധം ഭേദിക്കുന്ന തരത്തിലുള്ള ഡ്രിബിളുകളുമാണ് ഡെസിറെയെ അപകടകാരിയാക്കുന്നത്. 2024 ലെ പാരിസ് ഒളിമ്പിക്സിൽ ഫ്രാൻസിനായി വെള്ളി മെഡൽ നേടിയ താരം കൂടിയാണ് ഡെസിറെ.എന്നാൽ, ജ്യേഷ്ഠനായ ഗെല ഡുവേ തങ്ങളുടെ പിതാവിന്റെ ജന്മനാടായ ഐവറി കോസ്റ്റിന്റെ ജേഴ്സിയണിയാനാണ് തീരുമാനിച്ചത്. ലീഗ് വണ്ണിൽ മികച്ച ടാക്കിൾ വിജയശതമാനമുള്ള ഗെല ഐവറി കോസ്റ്റിന്റെ പ്രതിരോധത്തിലെ ഉറച്ച ഉരുക്കുകോട്ടയാണ്. ലോക റാങ്കിങ്ങിൽ മുൻപന്തിയിലുള്ള ഫ്രാൻസ് കിരീടം ലക്ഷ്യമിടുമ്പോൾ, കരുത്തുറ്റ ഡിഫൻസിലൂടെ നോക്കൗട്ട് സ്റ്റേജ് ഉറപ്പിക്കാനാണ് ആഫ്രിക്കൻ ചാമ്പ്യന്മാരായ ഐവറി കോസ്റ്റ് ശ്രമിക്കുന്നത്.

Guéla Doué (Côte d’Ivoire) and Désiré Doué (France)
ഗെല ഡുവേ (ഐവറി കോസ്റ്റ്) & ഡെസിറെ ഡുവേ (ഫ്രാൻസ്)

2. ഇനാകി വില്യംസ് (ഘാന) & നിക്കോ വില്യംസ് (സ്പെയിൻ)

സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക് ബിൽബാവോയിലൂടെ വളർന്നവരാണ് വില്യംസ് സഹോദരങ്ങൾ. 23കാരനായ നിക്കോ വില്യംസ് സ്പാനിഷ് ദേശീയ ടീമിന്റെ അറ്റാക്കിങ് തേർഡിലെ നിർണായക സാന്നിധ്യമാണ്. 2024ലെ യൂറോ കപ്പിൽ ഫൈനലിൽ ഗോളടക്കം സ്പെയിനിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് നിക്കോ വില്യംസ്. യൂറോ കപ്പിൽ മികച്ച ഗോൾ കോൺട്രിബ്യൂഷനിലൂടെ സ്പെയിനിന് കിരീടം നേടിക്കൊടുത്ത നിക്കോ, ലോകകപ്പിലും അതേ ഫോം തുടരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ലാ ലിഗയിൽ തുടർച്ചയായി 251 മത്സരങ്ങൾ കളിച്ച ചരിത്രമുള്ള മൂത്ത സഹോദരനായ ഇനാകി വില്യംസ് തന്റെ മാതാപിതാക്കളുടെ നാടായ ഘാനയുടെ കുപ്പായമാണ് അണിഞ്ഞത്. ഘാനയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇനാകിയുടെ അതിവേഗ സ്പ്രിന്റുകളാണ് ആഫ്രിക്കൻ ടീമിൻ്റെ പ്രധാന ആയുധം.

ഇനാകി വില്യംസ് (ഘാന) & നിക്കോ വില്യംസ് (സ്പെയിൻ)
ഇനാകി വില്യംസ് (ഘാന) & നിക്കോ വില്യംസ് (സ്പെയിൻ)

3. ഡെറിക് ലുക്കാസൻ (ഘാന) & ബ്രയാൻ ബ്രോബി (നെതർലൻഡ്സ്)

അർധ സഹോദരങ്ങളായ ഇരുവരും ജനിച്ചതും വളർന്നതും നെതർലൻഡ്സിലാണ്. അയാക്സിന്റെ സ്ട്രൈക്കറായ ബ്രയാൻ ബ്രോബി ഡച്ച് ദേശീയ ടീമിന്റെ അറ്റാക്കിലെ ടാർഗെറ്റ് മാൻ ആണ്. ഡച്ച് ലീഗിൽ ശ്രദ്ധേയമായ ഗോൾവേട്ട നടത്തുന്ന ബ്രോബി, ബോക്സിനുള്ളിലെ കൃത്യതയ്ക്ക് പേരുകേട്ടവനാണ്. മറുവശത്ത്, ഡച്ച് വംശജനായ ഡെറിക് ലുക്കാസൻ അന്താരാഷ്ട്ര കരിയറിനായി ഘാനയെ തിരഞ്ഞെടുക്കുകയായിരുന്നു. യൂറോപ്പിലെ വിവിധ ക്ലബ്ബുകളിൽ കളിച്ചുള്ള അനുഭവസമ്പത്തും ഏരിയൽ ഡ്യുവലുകളിൽ വൈദഗ്ധ്യവുമുള്ള ലുക്കാസൻ ഘാനയുടെ സെന്റർ ബാക്ക് പൊസിഷനിൽ നിർണായകമാകും.

ഡെറിക് ലുക്കാസൻ (ഘാന) & ബ്രയാൻ ബ്രോബി (നെതർലൻഡ്സ്)
ഡെറിക് ലുക്കാസൻ (ഘാന) & ബ്രയാൻ ബ്രോബി (നെതർലൻഡ്സ്)

4. ജോൺ സോട്ടർ (സ്കോട്ട്ലൻഡ്) & ഹാരി സോട്ടർ (ഓസ്ട്രേലിയ)

സ്കോട്ട്ലൻഡിലെ ആബർഡീനിൽ ജനിച്ച ഈ സഹോദരങ്ങൾ പ്രതിരോധ നിരയിലെ കരുത്തന്മാരാണ്. 1.98 മീറ്റർ ഉയരമുള്ള ഹാരി സോട്ടർ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സെന്റർ ബാക്കാണ്. ടീമിന്റെ മികച്ച ഡിഫൻഡർ എന്നതിലുപരി തന്റെ ഉയരം മുതലാക്കി ഓസ്ട്രേലിയയ്ക്കായി പത്തിലധികം അന്താരാഷ്ട്ര ഗോളുകൾ നേടിയ ഹാരിയുടെ സ്കോറിങ് മികവും ശ്രദ്ധേയമാണ്. മാതാവിന്റെ നാടായ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കാൻ ഹാരി തീരുമാനിച്ചപ്പോൾ, മൂത്ത സഹോദരൻ ജോൺ സോട്ടർ തന്റെ ജന്മനാടായ സ്കോട്ട്ലൻഡിനൊപ്പമാണ്. റേഞ്ചേഴ്സ് എഫ്.സി താരമായ ജോണിന്റെ പാസിങ് അക്യുറസി എടുത്ത് പറയേണ്ട ഒന്നാണ്.

ജോൺ സോട്ടർ (സ്കോട്ട്ലൻഡ്) & ഹാരി സോട്ടർ (ഓസ്ട്രേലിയ)
ജോൺ സോട്ടർ (സ്കോട്ട്ലൻഡ്) & ഹാരി സോട്ടർ (ഓസ്ട്രേലിയ)

5. ലൂക്കാസ് ഹെർണാണ്ടസ് (ഫ്രാൻസ്) & തിയോ ഹെർണാണ്ടസ് (ഫ്രാൻസ്)

ഫ്രഞ്ച് ദേശീയ ടീമിന്റെ പ്രതിരോധം കാക്കുന്ന നെടുന്തൂണുകളാണ് ഈ സഹോദരങ്ങൾ. 2018ലെ ലോകകപ്പും 2021ലെ യുവേഫ നേഷൻസ് ലീഗും ഫ്രാൻസിന് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ലൂക്കാസ് ഹെർണാണ്ടസ് പിഎസ്‌ജിക്കായി കളിക്കുന്ന അനുഭവസമ്പന്നനായ ഡിഫൻഡറാണ്. എ.സി മിലാൻ താരമായ അനുജൻ തിയോ ഹെർണാണ്ടസ് ആകട്ടെ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് ഫുൾബാക്കുകളിൽ ഒരാളായി വാഴ്ത്തപ്പെടുന്നു. ക്ലബ്ബ് കരിയറിൽ മികച്ച ഗോൾവേട്ട നടത്തിയിട്ടുള്ള തിയോയുടെ ഓവർലാപ്പിങ് റണ്ണുകൾ ഫ്രഞ്ച് അറ്റാക്കിങ്ങിന്റെ നട്ടെല്ലാണ്. കിരീടമുറപ്പിച്ച് ഇറങ്ങുന്ന ഫ്രാൻസ് പ്രതിരോധത്തിന്റെ നട്ടെല്ല് ഈ സഹോദരങ്ങളായിരിക്കും.

ലൂക്കാസ് ഹെർണാണ്ടസ് (ഫ്രാൻസ്) & തിയോ ഹെർണാണ്ടസ് (ഫ്രാൻസ്)
ലൂക്കാസ് ഹെർണാണ്ടസ് (ഫ്രാൻസ്) & തിയോ ഹെർണാണ്ടസ് (ഫ്രാൻസ്)

6. ക്വിന്റൺ ടിംബർ (നെതർലൻഡ്സ്) & ജൂറിയൻ ടിംബർ (നെതർലൻഡ്സ്)

നെതർലൻഡ്സ് ദേശീയ ടീമിലെ ഇരട്ട സഹോദരങ്ങളാണ് ക്വിന്റൺ ടിംബറും ജൂറിയൻ ടിംബറും. ആഴ്സണലിന്റെ പ്രതിരോധ താരമായ ജൂറിയൻ ടിംബർ, ബിൽഡ് അപ്പ് പ്ലേയിലൂടെയും പൊസിഷനിങ്ങിലൂടെയും പേര് കേട്ട ഒരു ആധുനിക ഡിഫൻഡറാണ്. മറുവശത്ത്, ഫെയ്നൂർദ് ക്യാപ്റ്റനും മിഡ് ഫീൽഡറുമായ ക്വിന്റൺ ടിംബർ അവരുടെ മധ്യനിരയിലെ എൻജിനാണ്. ബോക്സ് ടു ബോക്സ് വർക്ക് റേറ്റ് ഡച്ച് ടീമിന് മികച്ച സന്തുലിതാവസ്ഥയാണ് നൽകുന്നത്. സാങ്കേതിക തികവുള്ള ഡച്ച് ഫുട്ബോളിന്റെ ആധുനിക മുഖങ്ങളായ ഈ ഇരട്ടകൾ നെതർലൻഡ് ടീമിൽ വലിയ സ്വാധീനം ചെലുത്തും.

7. ലാറോസ് ഡുവാർട്ടെ (കേപ് വെർഡെ) & ഡെറോയ് ഡുവാർട്ടെ (കേപ് വെർഡെ)

നെതർലൻഡ്സിൽ ജനിച്ചുവളർന്ന് ഡച്ച് യൂത്ത് ടീമുകളിൽ കളിച്ചതിന് ശേഷം, തങ്ങളുടെ പൂർവ്വികരുടെ നാടായ കേപ് വെർഡെയെ പ്രതിനിധീകരിക്കാൻ തീരുമാനിച്ചവരാണ് ഡുവാർട്ടെ സഹോദരങ്ങൾ. ഇരുപത്തൊൻപതുകാരനായ ലാറോസ് ഡുവാർട്ടെ മികച്ച ലോങ് പാസ് അക്യുറസി ശരാശരിയുള്ള പ്ലേമേക്കർ മിഡ് ഫീൽഡറാണ്. സഹോദരൻ ഡെറോയിയാകട്ടെ, മൈതാനം മുഴുവൻ കവർ ചെയ്യാൻ കെൽപ്പുള്ള അക്ഷീണനായ ബോക്സ് ടു ബോക്സ് മിഡ് ഫീൽഡറും. ചരിത്രത്തിലാദ്യമായി ലോകകപ്പിലേക്ക് യോഗ്യത നേടിയ കേപ് വെർഡെ ടൂർണമെന്റിലെ കറുത്ത കുതിരകളായി മാറാൻ ശ്രമിക്കുമ്പോൾ, ടീമിന്റെ മധ്യനിരയെ നിയന്ത്രിക്കുക ഈ ഡച്ച് ട്രെയിൻഡ് സഹോദരന്മാരായിരിക്കും.

Deroy Duarte and Laros Duarte - Cabo Verde
ലാറോസ് ഡുവാർട്ടെ (കേപ് വെർഡെ) & ഡെറോയ് ഡുവാർട്ടെ (കേപ് വെർഡെ)

8. ലിയാൻഡ്രോ ബക്കൂന (കുറക്കാവോ) & ജുനിഞ്ഞോ ബക്കൂന (കുറക്കാവോ)

ലോകകപ്പിലേക്ക് ആദ്യമായി യോഗ്യത നേടുന്ന, ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യമായ കുറക്കാവോയുടെ നട്ടെല്ല് ഈ സഹോദരന്മാരാണ്. മുപ്പത്തിനാലുകാരനായ ക്യാപ്റ്റൻ ലിയാൻഡ്രോ ബക്കൂന കുറക്കാവോക്കായി 50ലധികം മാച്ചുകളിൽ നിന്നായി 14 ഗോളുകളും നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിലെ അനുഭവസമ്പത്താണ് ലിയാൻഡ്രോയുടെ കൈമുതൽ. അതേസമയം, സ്കോട്ടിഷ്-ഇംഗ്ലീഷ് ലീഗുകളിൽ തിളങ്ങിയ അനുജൻ ജുനിഞ്ഞോ ബക്കൂനയുടെ വിഷനും അറ്റാക്കിങ് പാസ്സുകളുമാണ് ടീമിൻ്റെ പ്രധാന പ്ലേമേക്കിങ് ഉറവിടം. ലോകകപ്പിൽ വമ്പന്മാർക്കെതിരെ കുറക്കാവോ ഇറങ്ങുമ്പോൾ, കരീബിയൻ ഫുട്ബോളിൽ പുതിയൊരു ചരിത്രം രചിക്കുക എന്നതാണ് ഈ ബാക്കൂന ബ്രദേഴ്സിന്റെ പ്രഖ്യാപിത ലക്ഷ്യം.

ലിയാൻഡ്രോ ബക്കൂന (കുറക്കാവോ) & ജുനിഞ്ഞോ ബക്കൂന (കുറക്കാവോ)
ലിയാൻഡ്രോ ബക്കൂന (കുറക്കാവോ) & ജുനിഞ്ഞോ ബക്കൂന (കുറക്കാവോ)
News Malayalam 24x7
newsmalayalam.com