Argentina vs Spain FIFA World Cup 2026 Final | അർജൻ്റീനയെ ഇടിച്ചിട്ട് ടോറസ്; രണ്ടാം ലോകകിരീടം ചൂടി സ്പെയിൻ!

അർജൻ്റീന vs സ്പെയിൻ ലൈവ് സ്കോർ | ഫിഫ ലോകകപ്പ് 2026 ഫൈനൽ ലൈവ് അപ്‌ഡേറ്റ്
Argentina vs Spain FIFA World Cup 2026 Final, Spain Crowned World Cup Champions

അർജൻ്റീനയുടെ ആദ്യ ഇലവനിൽ മൂന്ന്  മാറ്റങ്ങൾ

Argentina vs Spain LIVE | ARG vs ESP, FIFA World Cup 2026 Final

ന്യൂജേഴ്‌സിയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് 2026 ഫൈനലിൽ സ്‌പെയിനിനെ നേരിടാനിരിക്കുന്ന അർജൻ്റീനയുടെ സ്റ്റാർട്ടിംഗ് ഇലവനിൽ കോച്ച് ലയണൽ സ്‌കലോണി മൂന്ന് പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. മോളിന, പരേഡെസ്, സിമിയോൺ എന്നിവർ ആദ്യ ഇലവനിൽ നിന്ന് പുറത്തായപ്പോൾ.. മോണ്ടിയൽ, ഡീപോൾ, നിക്കോളാസ് ഗൊൺസാലസ് എന്നിവർ ആദ്യ പതിനൊന്നിൽ ഇടംപിടിച്ചു. ലയണൽ മെസ്സിയും ജൂലിയൻ അൽവാരസും ആക്രമണം നയിക്കും.

സ്പെയിനിൻ്റെ ആദ്യ ഇലവനിൽ മാറ്റമില്ല

2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാൻ ലൂയിസ് ഡി ലാ ഫ്യൂയൻ്റെ പ്രഖ്യാപിച്ച സ്പെയിനിൻ്റെ സ്റ്റാർട്ടിംഗ് ലൈനപ്പ് ഇതാ. ക്വാർട്ടർ ഫൈനലും സെമി ഫൈനലും കളിച്ചതിന് സമാനമായ ആദ്യ ഇലവനാണ് ഇത്. സ്റ്റാർ മിഡ്‌ ഫീഡർ പെഡ്രി ബെഞ്ചിൽ തുടരുകയാണ്. മൈക്കൽ ഒയാർസബാലിനൊപ്പം ലാമിൻ യമാൽ മുന്നേറ്റനിരയിൽ ആക്രമണം നയിക്കും.

റെക്കോർഡ് മഴ പെയ്യിച്ച് മെസ്സി!

ഫിഫ ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ലയണൽ മെസ്സി മാറി. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ കളിക്കുന്ന ആദ്യ വ്യക്തിയും മെസ്സി തന്നെയാണ്. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ടീമിനെ നയിച്ച ആദ്യ കളിക്കാരനായും ലയണൽ മെസ്സി മാറി.

ആദ്യ 10 മിനിറ്റിൽ സ്പാനിഷ് മേധാവിത്തം!

12 മിനിറ്റ്.... ആദ്യ പത്ത് മിനിറ്റിൽ പന്ത് കൂടുതലും കൈവശം വച്ചത് യൂറോപ്യൻ വമ്പന്മാരായ സ്പെയിൻ ആണ്. ആക്രമണത്തിലും ഗോൾമുഖം ലക്ഷ്യമാക്കി ഷോട്ടുകൾ തൊടുക്കുന്നതിലും മുന്നിലുള്ളത് സ്പെയിൻ തന്നെയാണ്. അർജൻ്റീനയ്ക്ക് ഇതേവരെ സ്പാനിഷ് ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായിട്ടില്ല.

12' ARG 0-0 ESP

താളം കണ്ടെത്താതെ അർജൻ്റീന!

17 മിനിറ്റ് പിന്നിടുമ്പോൾ... സ്പാനിഷ് ഗോൾമുഖത്തേക്ക് അർജൻ്റീനൻ സ്ട്രൈക്കർ ഗോൺസാലസ് നടത്തിയ മുന്നേറ്റം ബോക്സിന് മുന്നിൽ വച്ച് സ്പാനിഷ് പ്രതിരോധ നിര നിഷ്പ്രഭമാക്കി. ആദ്യ 15 മിനിറ്റിൽ അർജൻ്റീന താളം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്.

17' ARG 0-0 ESP

29' മിനിറ്റ്! ആദ്യ ഗോൾ ഇനിയും അകലെ!

ലോകകപ്പ് ഫൈനലിൽ മത്സരം വാട്ടർ ബ്രേക്കിന് ശേഷം പുനഃരാരംഭിച്ചെങ്കിലും ഇരു ടീമുകൾക്കും ഇതേവരെ ഗോൾ കണ്ടെത്താനായിട്ടില്ല. ഇതുവരെ സ്പെയിനിന് 63% പൊസഷൻ ലഭിച്ചു. ലാമിൻ യമാലിനായിരുന്നു മത്സരത്തിലെ കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാനായത്.

29' ARG 0-0 ESP

HALF TIME! ARG 0-0 ESP

ആദ്യപകുതിയിൽ സ്പാനിഷ് മേധാവിത്തം! താളം കണ്ടെത്താതെ മെസ്സിപ്പട! മൂന്ന് ഷോട്ടുകൾ സ്പെയിൻ അർജൻ്റീനൻ പോസ്റ്റിന് നേരെ ഉതിർത്തപ്പോൾ അതിൽ ഒരെണ്ണം ഷോട്ട് ഓൺ ടാർഗറ്റായിരുന്നു. എന്നാൽ നീലപ്പടയ്ക്ക് ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല.

45' ARG 0-0 ESP

ഫൈനൽ വേദിയിൽ ആടിപ്പാടി ബിടിഎസും ഷക്കീറയും!

ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിൻ്റെ ആദ്യപകുതിയുടെ ഇടവേളയിൽ 11 മിനിറ്റ് സമയത്തേക്ക് മ്യൂസിക്കൽ-ഡാൻസ് ഷോ വിസ്മയം. ഷക്കീറ, ബിടിഎസ്, ജസ്റ്റിൻ ബീബർ എന്നിവർ ഗാനമാലപിച്ചു. ബർണ ബോയ്‌ക്കൊപ്പം ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'ഡായി ഡായി' ഷക്കീറ അവതരിപ്പിച്ചു.

shakira singing

ന്യൂജേഴ്‌സിയിൽ ഹാഫ് ടൈം ഷോ ആരംഭിക്കുന്നു! ബിടിഎസ് ബാൻഡാണ് ആദ്യം വേദിയിൽ ഗാനമാലപിച്ചത്. പിന്നാലെ സോളോ ഗിറ്റാർ പെർഫോമൻസിലൂടെ ജസ്റ്റിൻ ബീബർ കാണികളെ കയ്യിലെടുത്തു.

justin bieber

രണ്ടാം പകുതിക്ക് KICK OFF!

കലാശപ്പോരാട്ടത്തിൻ്റെ രണ്ടാം പകുതിക്ക് തുടക്കമായി. ആദ്യ ഗോൾ കണ്ടെത്താനുള്ള കഠിന ശ്രമങ്ങളിലാണ് ഇരു ടീമുകളും. 50ാം മിനിറ്റിൽ ഒരു ​​ഓഫ് ദി ബോൾ സംഭവത്തിൽ റോഡ്രി താഴെ വീഴുന്നു. അത് ചില സ്പെയിൻ-അർജന്റീന കളിക്കാർക്കിടയിൽ ഉന്തിനും തള്ളിനും കാരണമാകുന്നു. ഡാനി ഓൾമോയും സംഘർഷത്തിൽ വീഴുന്നു. റഫറി പരേഡസിന് മഞ്ഞക്കാർഡ് കാണിച്ചുകൊണ്ട് നടപടിയെടുക്കുന്നു. 

54ാം മിനിറ്റിൽ സ്പാനിഷ് മുന്നേറ്റം

54ാം മിനിറ്റിൽ സ്പാനിഷ് മുന്നേറ്റം ചെറുത്ത് തോൽപ്പിച്ച് അർജൻ്റീനൻ പ്രതിരോധ നിര. ഫാബിയാൻ റൂയിസും ഒയർസബാളും ചേർന്ന് നടത്തിയ നല്ലൊരു നീക്കം പൊളിച്ച് അർജൻ്റീനൻ ഡിഫൻഡർമാർ.

ബോക്സിന് പുറത്ത് സ്പെയിനിന് ഫ്രീ കിക്ക്!

61ാം മിനിറ്റിൽ അർജൻ്റീനൻ ബോക്സിന് പുറത്തായി സ്പെയിനിന് അനുകൂലമായി ഫ്രീ കിക്ക്. കിക്കെടുത്തത് ലാമിൻ യമാൽ. എന്നാൽ ഫലപ്രദമായൊരു നീക്കം നടത്താൻ യമാലിന് കഴിയാതെ പോകുന്നു.

61' ARG 0-0 ESP

പെഡ്രിയുടെ ഷോട്ട് തടുത്തിട്ട് എമി!

64ാം മിനിറ്റിൽ സ്പാനിഷ് മിഡ് ഫീൽഡർ പെഡ്രിയുടെ തകർപ്പൻ ഷോട്ട് തടുത്തിട്ട് അർജൻ്റീനൻ ഗോൾകീപ്പർ എമി മാർട്ടിനസ്. സ്പെയിൻ ഏത് നിമിഷവും ഗോളിന് അടുത്തെത്തുമെന്ന പ്രതീതി!

64' ARG 0-0 ESP

നാണക്കേടിൻ്റെ റെക്കോർഡുമായി അർജൻ്റീന!

74ാം മിനിറ്റ് വരെയും സ്പാനിഷ് ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ കഴിയാതെ വിഷമിച്ച് അർജൻ്റീന. 2026 ലോകകപ്പിൽ ആദ്യമായാണ് ഒരു ടീം രണ്ടാമത്തെ ഹൈഡ്രേഷൻ ബ്രേക്ക് വരെ ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാതെ കടന്നുപോകുന്നത്. സ്പെയിൻ 10 ഷോട്ടുകൾ അർജൻ്റീനൻ പോസ്റ്റിന് നേരെ ഉതിർത്തപ്പോൾ അതിൽ ആറും ഷോട്ട് ഓൺ ടാർഗറ്റിലായിരുന്നു.

76' ARG 0-0 ESP

7 സേവുകൾ! സൂപ്പർമാൻ എമി!

അർജൻ്റീനൻ ഗോൾകീപ്പറെ മറികടക്കാനാകാതെ സ്പാനിഷ് മുന്നേറ്റനിരയുടെ തുടരൻ ആക്രമണങ്ങൾ. നിർണായകമായ 7 സേവുകൾ ആണ് എമി മാർട്ടിനസ് നടത്തിയത്.

87' ARG 0-0 ESP

അർജൻ്റീനയ്ക്ക് RED CARD! ഫെർണാണ്ടസ് പുറത്ത്!

അർജൻ്റൈൻ താരം എൻസോ ഫെർണാണ്ടസിന് റെഡ് കാർഡ്. എൻസോ ഫെർണാണ്ടസ് പൗ കുബാർസിക്കെതിരെ ഓടിയടുത്ത് സ്പാനിഷ് സെന്റർ ബാക്കിനെ ഫൗൾ ചെയ്തു വീഴ്ത്തി. എൻസോയ്ക്ക് രണ്ടാമത്തെ മഞ്ഞ കാർഡ്. ഒപ്പം ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി! ഇൻജുറി ടൈമിൽ അർജന്റീനയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ ടീമിലെ ആകെ താരങ്ങളുടെ എണ്ണം 10 ആയി കുറഞ്ഞു!

90+3' ARG 0-0 ESP

നിശ്ചിതസമയത്ത് മത്സരം ഗോൾരഹിത സമനില

ഇഞ്ച്വറി ടൈമിൻ്റെ അവസാന മിനിറ്റിൽ സ്പെയിനിന് അർജൻ്റൈൻ ഗോൾമുഖത്ത് ഒരു തുറന്ന അവസരം. ലഭിച്ച ഫ്രീ കിക്ക് ലാമിൻ യമാൽ എടുക്കുന്നു. പോസ്റ്റിൻ്റെ ഇടത്തേ മൂലയിലേക്ക് പറന്ന് ചാടി എമി മാർട്ടിനസിൻ്റെ അസാധ്യ സേവ്! അർജൻ്റൈൻ ഗോൾകീപ്പർ നടത്തിയത് 9 മാച്ച് സേവിങ് സേവുകൾ.

90+5' ARG 0-0 ESP

എക്സ്‌ട്രാ ടൈമിന് KICK OFF!

വില്യംസിൻ്റെ ഹെഡ്ഡർ തടുത്തിട്ട് എമി!

നിക്കോ വില്യംസിൻ്റെ ഹെഡ്ഡർ തടുത്തിട്ട് വീണ്ടും അർജൻ്റീനയുടെ രക്ഷകനായി ഗോളി എമി മാർട്ടിനസ്! സേവുകളുടെ എണ്ണം 10 ആയി.

ഗോൾവല കുലുങ്ങി! വില്യംസിൻ്റെ ഗോൾ അനുവദിച്ചില്ല

96ാം മിനിറ്റിൽ ഗോൾവല കുലുങ്ങി! അർജൻ്റൈൻ ഡിഫൻഡറെ സ്പാനിഷ് താരം മെറിനോ ഫൗൾ ചെയ്തെന്ന് കാണിച്ച് നിക്കോ വില്യംസിൻ്റെ ഗോൾ റഫറി അനുവദിച്ചില്ല. വാർ പരിശോധനയിലും ഗോൾ നിഷേധിക്കപ്പെട്ടു. എക്സ്‌ട്രാ ടൈമിൻ്റെ ആദ്യപകുതിയിലും മത്സരം ഗോൾരഹിത സമനില!

96' ARG 0-0 ESP

മെറീനോയുടെ ഹെഡ്ഡർ പുറത്തേക്ക്!

മൈക്കൽ മെറീനോയുടെ തകർപ്പൻ ഹെഡ്ഡർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക്. അവിശ്വസനീയതയോടെ തലയിൽ കൈവച്ച് പോയി ആരാധകർ.

103' ARG 0-0 ESP

GOAAAAALLLL! സ്പെയിൻ മുന്നിൽ

എക്സ്‌ട്രാ ടൈമിൻ്റെ രണ്ടാം പകുതിയിൽ അർജൻ്റീനയുടെ വല കുലുക്കി സ്പാനിഷ് താരം ഫെറാൻ ടോറസ്. 113ാം മിനിറ്റിൽ താരം വീണ്ടും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

106' ARG 0 - 1 ESP

3 മിനിറ്റ് ഇഞ്ച്വറി ടൈം! ഗോൾ മടക്കാൻ അർജൻ്റീനൻ ശ്രമം

120 മിനിറ്റ് പിന്നിടുമ്പോൾ റഫറി 3 മിനിറ്റ് ഇഞ്ച്വറി ടൈം അനുവദിച്ചു. സ്പെയിൻ ഗോൾമുഖത്ത് അവസാന വട്ട ആക്രമണങ്ങളുമായി അർജൻ്റീന. പക്ഷേ ഒന്നും ലക്ഷ്യത്തിലേക്ക് എത്തുന്നില്ല.

CHAMPION SPAIN !! രണ്ടാം ലോകകിരീടം ചൂടി സ്പെയിൻ!

ലോകകപ്പ് ചരിത്രത്തിലെ രണ്ടാം വിശ്വകിരീടം നാട്ടിലേക്ക് എത്തിച്ച് സ്പാനിഷ് ആർമി. ഫെറാൻ ടോറസ് എക്സ്‌ട്രാ ടൈമിൻ്റെ രണ്ടാം പകുതിയിൽ നേടിയ മിന്നും ഗോളിൻ്റെ കരുത്തിൽ നിലവിലെ ചാംപ്യന്മാരായ അർജൻ്റീനയെ സ്പെയിൻ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു.

ഫൈനലിൽ പാടെ നിരാശപ്പെടുത്തി മെസ്സി

ഫൈനലിൽ പാടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ലോക ചാംപ്യന്മാരായ അർജൻ്റീന പുറത്തെടുത്തത്. മെസ്സി ഉൾപ്പെടെയുള്ള ലോകോത്തര മുന്നേറ്റനിരയെ പിടിച്ചുകെട്ടാനായതാണ് സ്പെയിനിൻ്റെ കരുത്ത്. 2010ലാണ് സ്പെയിൻ അവസാനമായി ലോകകപ്പ് നേടിയിരുന്നത്.

News Malayalam 24x7
newsmalayalam.com