അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ; ബലോഗന്റെ വിലക്ക് നീക്കിയ ഫിഫയുടെ നടപടി ചോദ്യം ചെയ്യാന്‍ ബെല്‍ജിയം

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ; ബലോഗന്റെ വിലക്ക് നീക്കിയ ഫിഫയുടെ നടപടി ചോദ്യം ചെയ്യാന്‍ ബെല്‍ജിയം
Published on
Updated on

യുഎസ്എ താരം ഫോളാരിന്‍ ബലോഗന്റെ റെഡ് കാര്‍ഡ് പിന്‍വലിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് ബെല്‍ജിയം ഫുട്‌ബോള്‍ ഫെഡറേഷന്‍. ചുവപ്പ് കാര്‍ഡ് പിന്‍വലിക്കാനുള്ള ഫിഫയുടെ അപ്രതീക്ഷിത തീരുമാനത്തോടെ, പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ കളിക്കാന്‍ യുഎസ് താരത്തിന് അനുമതി ലഭിച്ചിരിക്കുകയാണ്.

തിങ്കളാഴ്ചയാണ് ബെല്‍ജിയം ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടത്. ബലോഗന്റെ റെഡ് കാര്‍ഡ് പിന്‍വലിക്കാന്‍ താന്‍ ഇടപെട്ടുവെന്ന് ട്രംപ് പറഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ട്രംപിന്റെ സ്ഥിരീകരണം. താന്‍ ആവശ്യപ്പെട്ടത് പുനഃപരിശോധന മാത്രമാണെന്നും എന്ത് ചെയ്യണം എന്ന് പറഞ്ഞിട്ടില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ബലോഗന്റേത് ഫൗള്‍ ആയിരുന്നില്ലെന്നും ട്രംപ് വാദിച്ചിരുന്നു.

ബോസ്‌നിയക്കെതിരായ പ്രീ-ക്വാര്‍ട്ടറിന് മുന്‍പുള്ള മത്സരത്തിനിടെയാണ് ബാലോഗന് റെഡ് കാര്‍ഡ് ലഭിച്ചത്. വിലക്ക് നീക്കുന്നതിനായി ഫിഫ അപ്പീല്‍ അനുവദിച്ചപ്പോള്‍ കൃത്യമായ ചട്ടങ്ങളോ പ്രോട്ടോക്കോളോ പാലിച്ചിട്ടില്ലെന്ന് ബെല്‍ജിയം ഫെഡറേഷന്‍ ആരോപിച്ചു.

ബോസ്‌നിയന്‍ പ്രതിരോധ താരത്തിന്റെ കാലില്‍ ചവിട്ടിയതിനായിരുന്നു റെഡ് കാര്‍ഡ്. നേരിട്ടുള്ള ചുവപ്പ് കാര്‍ഡ് ലഭിക്കുന്ന താരത്തിന് ഒരു മത്സരത്തില്‍ വിലക്ക് ഉണ്ടാകും. ഈ വിലക്ക് നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുകയാണ് ഫിഫ ചെയ്തത്.

റെഡ് കാര്‍ഡ് ലഭിച്ചതിനാല്‍ ബലഗോണിന് ബെല്‍ജിയവുമായുള്ള പ്രീ ക്വാര്‍ട്ടറില്‍ കളിക്കാന്‍ കഴിയുമായിരുന്നില്ല. ഫിഫയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂവേഫയും രംഗത്തെത്തിയിട്ടുണ്ട്. മനസ്സിലാക്കാനോ ന്യായീകരിക്കാനോ കഴിയാത്ത തീരുമാനമാണ് ഫിഫയുടെ ഭാഗത്തു നിന്നുണ്ടായത് എന്നാണ് യൂവേഫയുടെ വിമര്‍ശനം.

News Malayalam 24x7
newsmalayalam.com