

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ രണ്ടാം മത്സരത്തിൽ വിജയം തേടി ബ്രസീൽ നാളെ ഇറങ്ങും. ആഫ്രിക്കൻ ടീം ഹെയ്തിയാണ് എതിരാളികൾ. പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ സൂപ്പർ താരം നെയ്മർ ജൂനിയർ നാളെയും കളിക്കില്ല.
അഞ്ച് തവണ ലോകകിരീടം നേടിയ ബ്രസീൽ ടീമിന് മികച്ച പ്രകടനം ഇതുവരെ കാഴ്ചവെക്കാനായിട്ടില്ല. പ്രതിഭാ ധാരാളിത്വം കൊണ്ട് മികച്ചതെങ്കിലും ബ്രസീലിയൻ തനത് ശൈലിയിലുള്ള ഫുട്ബോൾ കളിക്കാനാകുന്നില്ലെന്നാണ് ഉയരുന്ന വിമർശനം.
ക്ലബ് ഫുട്ബോളിൽ മുൻനിര ക്ലബുകൾക്ക് വേണ്ടി കളിക്കുന്ന താരങ്ങളുണ്ടായിട്ടും മൊറോക്കോക്കെതിരെ ബ്രസീൽ നന്നേ പാട് പെട്ടു. യൂറോപ്യൻ ഫുട്ബോളിലെ അതികായക പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളും ബ്രസീലിൻ്റെ കളിയിൽ മാറ്റമുണ്ടാക്കിയിട്ടില്ല. ഗോൾ നേടുന്നതിനേക്കാൾ കൃത്യമായി പന്ത് കൈമാറാൻ പോലും കഴിയാതെ താരങ്ങൾ പ്രയാസപ്പെടുന്നത് ആരാധകരെ അമ്പരപ്പിക്കുകയാണ്.
വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, കാസെമിറോ, മാർക്വിന്യോസ് തുടങ്ങി ക്ലബ് ഫുട്ബോളിലെ മുൻനിര ക്ലബുകളിലെ താരങ്ങളാണ് ബ്രസീലിനായി പന്ത് തട്ടുന്നത്. എന്നാൽ ഒത്തിണക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ടീം പരാജയപ്പെട്ടിരിക്കുകയാണ്. ബ്രസീലിൻ്റെ അടുത്ത മത്സരം സ്കോട്ട്ലൻഡുമായാണ്. അതിനാൽ നാളത്തെ മത്സരം ബ്രസീലിന് ഏറെ നിർണായകമാണ്.