

ന്യൂജേഴ്സി: ബ്രസീൽ ആരാധകൾക്ക് സന്തോഷ വാർത്ത. സുൽത്താൻ തിരിച്ചെത്തുന്നു. അതെ സൂപ്പർ താരം നെയ്മാർ ജൂനിയർ 90 മിനിറ്റും കളിക്കാനുള്ള കായികക്ഷമത വീണ്ടുെടുത്തിട്ടുണ്ടെന്നാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കുന്നത്. ടീമിന് ആവശ്യമുള്ള സമയത്ത് നെയ്മാറിനെ മുഴുവൻ സമയവും കളിപ്പിക്കുമെന്ന് ആഞ്ചലോട്ടി പറഞ്ഞു. ബെഞ്ചിലിരിക്കേണ്ടി വരുന്നതിൽ നെയ്മാർ സന്തുഷ്ടനല്ല, എങ്കിലും പരിശീലനത്തിൽ മികച്ച സമീപനവും പ്രൊഫഷണലിസവും താരം തുടരുന്നുണ്ടെന്നും കാർലോ വ്യക്തമാക്കി.
ടീമിനുള്ളിലെ നെയ്മറിന്റെ സ്വാധീനത്തെയും പരിശീലകൻ വാനോളം പുകഴ്ത്തി. "വളരെ വിനയമുള്ള വ്യക്തിയാണ് നെയ്മർ. സഹതാരങ്ങൾക്ക് അദ്ദേഹത്തെ വലിയ കാര്യമാണ്. കളിക്കളത്തിൽ ഇറങ്ങാനുള്ള അദ്ദേഹത്തിന്റെ അതിയായ ആഗ്രഹം ടീമിന് പോസിറ്റീവായ ഊർജമാണ് നൽകുന്നത്. അദ്ദേഹത്തിന് കളിക്കാൻ കഴിയുമെന്നതാണ് ഏറ്റവും പ്രധാനം. എത്ര സമയം കളിക്കുമെന്ന് പറയാനാകില്ലെങ്കിലും, 90 മിനിറ്റ് കളിക്കാൻ അദ്ദേഹത്തിന് സാധിക്കും. ടീമിന് ആവശ്യമുള്ളപ്പോൾ ഞാൻ നെയ്മറെ കളത്തിലിറക്കും", ആഞ്ചലോട്ടി പറഞ്ഞു.
പരിക്കിന്റെ പിടിയിലായിരുന്ന താരം ആദ്യ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും കളിച്ചിരുന്നില്ല. സ്കോട്ലൻഡിനെതിരായ മത്സരത്തിൽ കളിയുടെ 75ാം മിനിറ്റിലായിരുന്നു കളത്തിലിറങ്ങിയിരുന്നത്. ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ നോർവെക്കെതിരെ ഇറങ്ങുന്ന ബ്രസീലിന് കരുത്തായി നെയ്മർ തിരികെയെത്തുന്നത് ടീമിനും ആരാധകർക്കും തികച്ചും ആവേശം തന്നെയാണ്. താരം മൈതാനത്ത് പന്ത് തട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ജാപ്പനീസ് പടയെ അവസാന നിമിഷം ഗോൾ നേടി തകർത്താണ് ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. എർലിങ് ഹാളണ്ടിന്റെ മികവിൽ ഐവറികോസ്റ്റിനെ തോൽപിച്ചെത്തുന്ന നോർവെയാണ് പ്രീ ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ. 1998ലെ ലോകകപ്പിലെ തോൽവി ഉൾപ്പെടെ, നോർവെക്കെതിരെ കളിച്ച നാല് മത്സരങ്ങളിലും ബ്രസീലിന് വിജയിക്കാൻ സാധിച്ചിട്ടില്ലെന്ന ചരിത്രവും ഈ മത്സരത്തിന്റെ ആവേശം വർധിപ്പിക്കുന്നു.