

ഇംഗ്ലണ്ടിനെതിരെ ക്വാർട്ടറിൽ പരാജയപ്പെട്ടതിന് പിന്നാലെ നോർവീജിയൻ താരം അലക്സാണ്ടർ സൊർലോത്തിനെതിരെ അതിരൂക്ഷ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നിർണായക നിമിഷത്തിൽ എർലിങ് ഹാളണ്ടിന് പന്ത് കൈമാറാത്തതാണ് നോർവെയുടെ പരാജയത്തിന് കാരണമെന്നാണ് ആരാധകരുടെ ആരോപണം. ഒരു ഗോളിന് മുന്നിട്ട് നിന്നിരുന്ന നോർവേക്ക് ലീഡുയർത്താനുള്ള അസുലഭ അവസരം മുന്നിലുള്ളപ്പോഴായിരുന്നു ഹാളണ്ടിന് പന്ത് പാസ് ചെയ്യാതെ സൊർലോത്ത് പോസ്റ്റിലേക്ക് നേരിട്ട് അടിച്ചു കയറ്റുവാൻ ശ്രമിച്ചത്. ഗോൾ ലക്ഷ്യത്തിലെത്താതിരുന്നതോടെ 2026 ലോകകപ്പിലെ ഏറ്റവും വലിയ മണ്ടത്തരമെന്നാണിതിനെ ആരാധകർ വിശേഷിപ്പിച്ചത്.
ഇംഗ്ലണ്ട് ഡിഫൻഡറായി നോർവീജിയൻ താരങ്ങൾക്കും ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിനും ഇടയിൽ ജോൺ സ്റ്റോൺസ് മാത്രമുള്ളപ്പോഴായിരുന്നു ആ വലിയ പിഴവ് സംഭവിച്ചത്. എളുപ്പത്തിൽ ഫിനിഷ് ചെയ്യാനായി ഹാളണ്ടിലേക്ക് പന്ത് പാസ് ചെയ്യുന്നതിന് പകരം, സൊർലോത്ത് നേരിട്ട് ഗോളടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. അതോടെ ഇംഗ്ലണ്ട് പ്രതിരോധ നിര ഇരുവരേയും വളഞ്ഞു. രണ്ട് ഡിഫൻഡർമാരെ മറികടന്ന് ഷോട്ട് അഴിച്ചുവിടാൻ സൊർലോത്ത് ശ്രമിച്ചെങ്കിലും ആ ശ്രമം ദുർബലമായി. ഗോൾകീപ്പർ പിക്ക്ഫോർഡിലേക്ക് പോലും ബോൾ എത്തിക്കാൻ കഴിഞ്ഞില്ല. സൊർലോത്തിൻ്റെ തീരുമാനം ഹാളണ്ടിനേയും നിരാശനാക്കിയിരുന്നതായി ഹാളണ്ടിൻ്റെ പ്രതികരണത്തിൽ നിന്നും വ്യക്തവുമായിരുന്നു.
ഇതിന് പിന്നാലെ തന്നെ ജൂഡ് ബെല്ലിംഗ്ഹാമിലൂടെ ഇംഗ്ലണ്ട് സമനില ഗോൾ നേടുകയും ചെയ്തു. പിന്നീട് നോർവേ ഒരു ഗോൾ കൂടി നേടിയെങ്കിലും വാർ പരിശോധനയ്ക്ക് പിന്നാലെ ആ ഗോൾ റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകർ സൊർലോത്തിൻ്റെ ഇൻസ്റ്റാ ഗ്രാം പേജിൽ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്. നിങ്ങളുടെ ഈഗോ കാരണമാണ് കളി സമനിലയിലേക്കെത്തിയത്, ആർക്കും ബോൾ കൈമാറണ്ട വീട്ടിൽ കൊണ്ടു പോയി തിന്നോളൂ, നിങ്ങൾക്ക് ഹാളണ്ടിനോട് അസൂയയാണ് തുടങ്ങി അധിക്ഷേപ കമൻ്റുകളാൽ നിറഞ്ഞിരിക്കുകയാണ് സൊർലോത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ.
ക്ലബ് തലത്തിൽ നിന്നും വ്യത്യസ്തമായി ദേശീയ ടീമിനായി പ്രതീക്ഷകളോടെയാണ് എത്തിയതെങ്കിലും ദേശീയ ടീമിനായി തൻ്റെ താളം കണ്ടെത്താനോ ശാരീരിക സവിശേഷതകൾ ആയുധമാക്കാനോ കഴിയാതെ വെറും കയ്യോടെയാണ് സൊർലോത്ത് വടക്കേ അമേരിക്കയിൽ നിന്ന് മടങ്ങുന്നത്.