

ടീമുകളുടെ എണ്ണം കൊണ്ടും സംഘാടന മികവ് കൊണ്ടും 2026 ഫുട്ബോൾ ലോകകപ്പ്... ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. യു.എസ്, കാനഡ, മെക്സിക്കോ എന്നീ മൂന്ന് വേദികളിലായി നടന്ന ലോകകപ്പ് ഒരു വൻ വിജയമാണെന്നാണ് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഈ ടൂർണമെൻ്റ് സമ്പൂർണ്ണ വിജയം അല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2026 ഫിഫ ലോകകപ്പിൻ്റെ ജയപരാജയങ്ങൾ നമുക്ക് വേഗത്തിലും ചുരുക്കത്തിലും പരിശോധിക്കാം.
സ്വാഭാവികമായും ലോക ഫുട്ബോളിൻ്റെ ഭരണസമിതിയായ ഫിഫ ലോകകപ്പിൽ നിന്ന് സമ്പാദിക്കുന്ന തുക വളരെ വലുതാണ്. 2022ൽ ഖത്തർ ലോകകപ്പിലൂടെ ഫിഫ നേടിയത് റെക്കോർഡ് $ 7.6 ബില്യൺ ഡോളർ ആയിരുന്നു, 2026ൽ യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടന്ന ലോകകപ്പ് അതിനെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകകപ്പ് സംഘാടനത്തിലൂടെ 13 ബില്യൺ ഡോളറിനടുത്ത് വരുമാനം നേടിയ ഫിഫയാണ് പ്രധാന വിജയി എന്ന് ഡച്ച് ബാങ്ക് റിസർച്ചിലെ സീനിയർ സ്ട്രാറ്റജിസ്റ്റ് മരിയോൺ ലബോർ പറയുന്നു. സംപ്രേക്ഷണം, ലൈസൻസിങ്, ഹോസ്പിറ്റാലിറ്റി അവകാശങ്ങൾ, സ്പോൺസർഷിപ്പ് ഡീലുകൾ, ടിക്കറ്റ് വിൽപ്പന എന്നിവയിൽ നിന്നാണ് ഫിഫയ്ക്ക് വരുമാനം ലഭിക്കുന്നത്. വരും വർഷങ്ങളിൽ ലോകകപ്പിലെ ടീമുകളുടെ എണ്ണം 64 ആയി കൂട്ടുന്നതിനെക്കുറിച്ച് ഫിഫ ആലോചിക്കുന്നുണ്ട്.
ലോകകപ്പിൽ മത്സരത്തിനിടെ രണ്ട് ഹൈഡ്രേഷൻ ബ്രേക്കുകൾ അനുവദിച്ചതിനാൽ, അത് കൂടുതൽ ബ്രോഡ്കാസ്റ്റർമാർക്കും സ്പോൺസർമാർക്കും പുതിയ വാണിജ്യാവസരം തുറന്ന് നൽകിയിട്ടുണ്ട്. പരസ്യ സ്ലോട്ടുകൾ വിൽക്കാൻ ഫിഫയ്ക്ക് കൂടുതൽ സമയം കിട്ടിയിരുന്നു. യുഎസ് സംപ്രേക്ഷണ അവകാശങ്ങൾക്കായി 485 മില്യൺ ഡോളർ നൽകിയ ഫോക്സ് സ്പോർട്സ്, ഇടവേളകളെ ഒരു ബ്രാൻഡ് "സ്പോൺസർ ചെയ്തതായി" പറയുന്നുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഫോക്സിലെ ശരാശരി 30 സെക്കൻഡ് ലോകകപ്പ് പരസ്യ സ്ലോട്ടിന് 2 ലക്ഷം ഡോളർ മുതൽ 3 ലക്ഷം ഡോളർ വരെ ചിലവാകും. അവസാനഘട്ട യുഎസ് മത്സരങ്ങളിൽ ഇത് 7.5 ലക്ഷം ഡോളർ വരെയെത്തി.
യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി 16 ആതിഥേയ നഗരങ്ങൾ ആരാധകരെയും വിനോദ സഞ്ചാരികളെയും വരവേറ്റത്. ഇത് ഹോസ്പിറ്റാലിറ്റി, ഹോട്ടലുകൾ, പ്രാദേശിക ബിസിനസുകൾ എന്നിവയെ പ്രോത്സാഹിപ്പിച്ചു. മദ്യ കച്ചവടം കുതിച്ച് കയറിയെങ്കിലും ദീർഘകാല സാമ്പത്തിക നേട്ടങ്ങൾ വളരെ കുറവാണെന്ന് വിദഗ്ദ്ധർ പറയുന്നു. ലോകകപ്പ് ടൂർണമെൻ്റിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് ഏകദേശം 41 ബില്യൺ ഡോളർ കൂട്ടിച്ചേർക്കപ്പെടുമെന്ന് ഫിഫ കണക്കാക്കുന്നു, അതിൽ 17 ബില്യൺ ഡോളർ യുഎസ് സമ്പദ്‌വ്യവസ്ഥയെ മാത്രം ഉത്തേജിപ്പിക്കും. 1,85,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. പ്രധാനമായും ഹോസ്പിറ്റാലിറ്റി, താമസ മേഖലകളിലാണ് ഈ മാറ്റം.
എന്നാൽ ഇത്രയും വലിയ ഒരു കായിക പരിപാടി സംഘടിപ്പിക്കുന്നതിന്റെ ദീർഘകാല സാമ്പത്തിക നേട്ടങ്ങൾ ഫലിക്കില്ലെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മാനേജ്‌മെന്റ് പ്രാക്ടീസിലെ ഫെലോ ആയ അലക്‌സാണ്ടർ ബുഡ്‌സിയർ പറയുന്നു. മെയ് മാസത്തിൽ ടൂർണമെന്റിന് മുമ്പ് യുഎസ് പബ്ബുകളിലും ബാറുകളിലും റസ്റ്റോറന്റുകളിലും നിയമനങ്ങൾ വർദ്ധിച്ചതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു, എന്നാൽ ആ കുതിപ്പ് അധികകാലം നീണ്ടുനിന്നില്ല.
ഫുട്ബോൾ ആരാധകരുടെ ആവേശം ലോകമെമ്പാടും ടീം കിറ്റുകളുടെ വിൽപ്പന വർദ്ധിപ്പിച്ചു. 2022 ലോകകപ്പിനേക്കാൾ ഇരട്ടിയിലധികം വിൽപ്പനയാണ് ഇത്തവണ നൈക്കി ദേശീയ ടീം ജേഴ്സിയുടെ വിൽപ്പനയിൽ ഉണ്ടായതെന്ന് നൈക്കി പറയുന്നു. ഇംഗ്ലണ്ടിൻ്റേതാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ജേഴ്സി. ഫ്രാൻസ്, ബ്രസീൽ, നെതർലാൻഡ്‌സ്, യുഎസ് എന്നിവയാണ് തൊട്ടുപിന്നിൽ. അഡിഡാസിന്, മെക്സിക്കോ ജേഴ്‌സികളാണ് മുന്നിൽ. ഇംഗ്ലണ്ട് ഷർട്ട് വിൽപ്പനയിൽ റെക്കോർഡ് ഭേദിച്ച വർഷമാണിതെന്ന് ജെഡി സ്പോർട്സ് പറയുന്നു. ജർമനി, ബ്രസീൽ, മെക്സിക്കോ, അർജന്റീന എന്നീ രാജ്യങ്ങളിലെ ജേഴ്സികളുടെ വിൽപ്പനയും വർദ്ധിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആതിഥേയ നഗരങ്ങളിൽ ബുക്കിംഗ് കുറവാണെന്ന് വ്യവസായ സംഘടനകൾ റിപ്പോർട്ട് ചെയ്തതോടെ, ഹോട്ടൽ മുറികൾക്ക് പ്രതീക്ഷിച്ചത്ര ഡിമാൻഡ് ഉണ്ടായില്ലെന്ന് വ്യക്തമായി. കാനഡയിലേയും യുഎസിലേയും ഹോട്ടലുടമകൾ നിരാശരാണ്. വളരെയധികം മുറികൾ ബ്ലോക്ക് ബുക്കിംഗ് നടത്തിയത് തെറ്റായ ഡിമാൻഡ് സൃഷ്ടിച്ചതായും അമേരിക്കൻ ഹോട്ടൽ ആൻഡ് ലോഡ്ജിംഗ് അസോസിയേഷൻ (AHLA) ഫിഫയെ കുറ്റപ്പെടുത്തി. എന്നാൽ ഈ ആരോപണം അംഗീകരിക്കുന്നില്ലെന്ന് ഫിഫ മറുപടി നൽകി.
ചൂതാട്ട വ്യവസായത്തിൽ താൽപ്പര്യമുള്ള ധനകാര്യ സ്ഥാപനത്തിൽ ഈ ലോകകപ്പ് കാലത്ത് വൻതോതിൽ പണം വാരിയിട്ടുണ്ട്. ധനകാര്യ സേവന സ്ഥാപനമായ മക്വാരിയുടെ അഭിപ്രായത്തിൽ, 2026 ലോകകപ്പ് എക്കാലത്തെയും വലിയ ചൂതാട്ട ഇവന്റായി മാറാനുള്ള ഒരുക്കത്തിലാണ്. ലോകകപ്പ് സമയത്ത് ഏകദേശം 50 ബില്യൺ ഡോളറിൻ്റെ വാതുവെപ്പുകൾ നടക്കുന്നത്. ഒരു മത്സരത്തിൽ ഏകദേശം 500 മില്യൺ ഡോളർ വരെ തുക പന്തയം വയ്ക്കപ്പെടുന്നുണ്ട്. ടീമുകളുടെ എണ്ണത്തിലെ വർദ്ധനയും ഇവർക്ക് സഹായകമായി. യുഎസിൽ സ്പോർട്സ് വാതുവെപ്പ് ഇപ്പോഴും താരതമ്യേന പുതിയൊരു വ്യവസായമാണ്. എന്നിരുന്നാലും, കാലിഫോർണിയ, ടെക്സസ് എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഇത് ഇപ്പോഴും നിയമവിരുദ്ധമാണ്.
യുകെയിലെ ആദ്യത്തെ ശതകോടീശ്വരനായ ഡേവിഡ് ബെക്കാം എന്ന ഇംഗ്ലീഷ് ഇതിഹാസ ഫുട്ബോളർ ഹോം ഡിപ്പോ മുതൽ ബാങ്ക് ഓഫ് അമേരിക്ക വരെയുള്ള നിരവധി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെ മുമ്പ് കളി നിർത്തിയെങ്കിലും, ബെക്കാം ഇപ്പോഴും യുഎസ് ഫുട്ബോളിന്റെ മുഖമായി തുടരുന്നു. അദ്ദേഹം സഹ ഉടമയായ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി, 1.45 ബില്യൺ ഡോളർ മൂല്യമുള്ള മേജർ ലീഗ് സോക്കറിന്റെ ഏറ്റവും മൂല്യവത്തായ ഫ്രാഞ്ചൈസിയാണ്. പിച്ചിൽ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാകില്ല. പക്ഷേ ഈ ലോകകപ്പിലൂടെ ഏറെ വാണിജ്യ വിജയം നേടാൻ ബെക്കാമിന് സാധിച്ചിട്ടുണ്ട്.