

ഫുട്‌ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ കരുത്തരായ ഇക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ക്യുറസാവോ ചരിത്ര നേട്ടത്തില്‍. ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഗോളുകളൊന്നും പിറക്കാതിരുന്നതോടെ മത്സരം 0-0 എന്ന നിലയില്‍ സമനിലയിൽ അവസാനിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ജര്‍മനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞ ക്യുറസാവോയ്ക്ക്, ഇതോടെ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിൻ്റ് സ്വന്തമാക്കാനായി.
മത്സരത്തിലുടനീളം ഇക്വഡോര്‍ ആക്രമണം അഴിച്ചുവിട്ടെങ്കിലും ക്യുറസാവോ ഗോള്‍കീപ്പര്‍ എലോയ് റൂമിൻ്റെ അവിശ്വസനീയ പ്രകടനമാണ് ടീമിന് രക്ഷയായത്. ഇക്വഡോര്‍ നായകന്‍ എന്നര്‍ വലന്‍സിയയുടെയും ഗോണ്‍സാലോ പ്ലാറ്റയുടെയും ഗോളെന്നുറച്ച നിരവധി മുന്നേറ്റങ്ങളാണ് റൂം തട്ടിയകറ്റിയത്.
മത്സരത്തില്‍ ആകെ 15 തകര്‍പ്പന്‍ സേവുകളുമായി താരം കളം നിറഞ്ഞു. ലോകകപ്പ് മത്സരങ്ങളിലെ നിശ്ചിത 90 മിനിറ്റിൽ ഏറ്റവും കൂടുതല്‍ സേവുകൾ നടത്തിയ ഗോൾകീപ്പറെന്ന റെക്കോർഡ് എലോയ് റൂം സ്വന്തം പേരിലാക്കി.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഇക്വഡോര്‍ താരം ജോര്‍ഡി കൈസെഡോയുടെ ഒരു ഹെഡര്‍ പോസ്റ്റില്‍ തട്ടി തെറിച്ചതും അവര്‍ക്ക് നിര്‍ഭാഗ്യമായി. മറുഭാഗത്ത് കൗണ്ടര്‍ അറ്റാക്കുകളിലൂടെ കുറസാവോയും ഇക്വഡോര്‍ പ്രതിരോധത്തെ പരീക്ഷിച്ചു. ജുറീന്യോ ബാക്കൂണയുടെ ഒരു ഷോട്ട് ഇക്വഡോര്‍ കീപ്പര്‍ ഹെര്‍ണാന്‍ ഗാലിന്‍ഡസ് കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.
മത്സരത്തിൻ്റെ അവസാന മിനിറ്റുകളില്‍ ഇക്വഡോറിന് അനുകൂലമായി വന്ന ഒരു പെനാല്‍റ്റി അപ്പീല്‍ വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചതും ക്യുറസാവിന് തുണയായി. സമനിലയോടെ ഇരു ടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ പോയിൻ്റ് വീതമായി. ആദ്യ മത്സരത്തില്‍ ഐവറി കോസ്റ്റിനോട് പരാജയപ്പെട്ട ഇക്വഡോറിന് ഈ സമനില വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.