സോഷ്യൽ മീഡിയയിൽ ഹാലണ്ട് മയം; അനുകരിച്ച് വൈറലായ സുന്ദരിമാർ ഇവരാണ്!

ചാരനിറത്തിലുള്ള കണ്ണുകളും സ്വർണ്ണ നിറത്തിലുള്ള തലമുടിയും ഹാലണ്ടിനോട് സാമ്യമുള്ള മുഖച്ഛായയുമാണ് ഇവരെ ശ്രദ്ധേയരാക്കുന്നത്.
Erling Haaland and viral social media looklike girls
Published on
Updated on

2026ലെ ഫിഫ ലോകകപ്പിൽ ഗോളടി മികവ് കൊണ്ട് കാണികളെ വിസ്മയിപ്പിച്ച ഫുട്ബോളറാണ് എർലിങ് ഹാലണ്ട്. ക്വാർട്ടർ ഫൈനലിൽ നോർവെ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായെങ്കിലും ഹാലണ്ടിൻ്റെ ജനപ്രീതിക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. പ്രീ ക്വാർട്ടറിൽ ബ്രസീലിനെ വീഴ്ത്തിയ ശേഷം നോർവെ താരങ്ങൾക്കൊപ്പം ഹാലണ്ട് നടത്തിയ വൈക്കിങ് സെലിബ്രേഷനുകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഈ ലോകകപ്പിലൂടെ സൂപ്പർ സ്റ്റാറായ ഹാലണ്ടിനെ അനുകരിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ റീലുകളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുന്നത്. ഇതിൽ തന്നെ ഹാലണ്ടിനോട് രൂപസാദൃശ്യമുള്ള ചില പെൺകുട്ടികളുടെ റീലുകളൊക്കെ ഇൻസ്റ്റഗ്രാമിൽ സൂപ്പർ ഹിറ്റായി പറപറക്കുകയാണ്.

സ്വർണ്ണ നിറമുള്ള തലമുടിയും ഹാലണ്ടിനോട് സാമ്യമുള്ള മുഖച്ഛായയുമാണ് ഇവരെ ശ്രദ്ധേയരാക്കുന്നത്. ഫുട്ബോൾ പിച്ചിനുമപ്പുറം ഹാലണ്ടിൻ്റെ ഇമേജും വ്യക്തിത്വവും എങ്ങനെ ജനങ്ങളെ ആകർഷിക്കുന്നുവെന്നും പ്രചോദിപ്പിക്കുന്നുവെന്നും ഈ വൈറൽ വീഡിയോകൾ തെളിയിക്കുന്നു. അത്തരത്തിൽ ചിലരെ നമുക്ക് പരിചയപ്പെടാം.

1. എമ്മ കേറ്റ് വിൽമാൻ

യുഎസ് നഗരമായ ചാൾസ്റ്റണിൽ നിന്നുള്ള ഈ കൊച്ചു പെൺകുട്ടി ഹാലണ്ടിനെ അനുകരിച്ച് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗമാണ് വൈറലായത്. പൊടിക്ക് നർമം കൂടി ചേർത്തായിരുന്നു എമ്മ ഹാലണ്ടിനെ അനുകരിച്ച് കാണിച്ചത്. 27 മില്ല്യൺ വ്യൂസ് നേടിയ ഈ വീഡിയോയ്ക്ക് താഴെ സാക്ഷാൽ ഹാലണ്ട് തന്നെ കമൻ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ തനിക്ക് ദിവസേന മൂവായിരം മുതൽ നാലായിരം വരെ ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നുണ്ടെന്നാണ് എമ്മ പറയുന്നത്. പുരുഷ ഫുട്ബോളറായ ഹാലണ്ടിനെ അനുകരിക്കുന്നതിൻ്റെ പേരിൽ താൻ പ്രശസ്തയാകുന്നതിനേക്കാൾ താൽപ്പര്യം, തന്നെ കാണാൻ സ്വീഡിഷ് ഗായിക സാറ ലാർസണെ പോലെയാണ് എന്ന് കേൾക്കാനാണെന്നും അവൾ പറയുന്നു.

2. ജൂലിയ ഗ്രോപ്പ്

ഹാലണ്ടിനോട് സാമ്യമുള്ളതിനാൽ എമ്മ മാത്രമല്ല കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്. നോർവെ താരത്തിൻ്റെ വേറിട്ട 'സൈബോർഗ് നടത്തം' അനുകരിച്ച് സ്വീഡിഷ് മോഡൽ ജൂലിയ ഗ്രോപ്പും ഇതിനോടകം ഇൻ്റർനെറ്റിൽ വൈറലായിട്ടുണ്ട്. 3.3 മില്ല്യണിലേറെ ലൈക്കുകളാണ് ജൂലിയയുടെ വീഡിയോ ഇതിനോടകം നേടിയത്.

3. അനസ്താസിയ കോസ്ട്രോമിറ്റിന

റഷ്യൻ മോഡലായ അനസ്താസിയ കോസ്ട്രോമിറ്റിനയാണ് ഇക്കൂട്ടത്തിൽ നോർവെയുടെ സൂപ്പർതാരത്തോട് അത്ഭുതകരമായ സാമ്യം കാണിക്കുന്നത്. ഹാലണ്ടിൻ്റെ സകല രസികൻ മുഖഭാവങ്ങളും അതേപടി ആവർത്തിക്കാൻ അവൾക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അനസ്താസിയയെ കാണാൻ ഹാലണ്ടിനെ പോലെയുണ്ടെന്ന് പറയാറുണ്ടായിരുന്നു. അതൊന്നും അവർ കാര്യമായെടുത്തില്ല.

എന്നാൽ ഹാലണ്ട് ലോകകപ്പിലൂടെ സൂപ്പർ സ്റ്റാറായതോടെ ഈ സാമ്യം ലോകത്തെ കാണിക്കാൻ അവൾക്ക് ധൈര്യം കൈവന്നു. ജൂലൈയിൽ അനസ്താസിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ ഇതിനോടകം 6.4 മില്ല്യൺ ആളുകളാണ് കണ്ടത്. വീഡിയോ വൈറലായത് ഒരു സ്വപ്നം പോലെയാണ് തോന്നുന്നതെന്ന് 24കാരിയായ അനസ്താസിയ പറയുന്നു.

News Malayalam 24x7
newsmalayalam.com