

2026 ഫിഫ ലോകകപ്പ് ആവേശത്തിന്റെ കൊടുമുടിയിലെത്തി നിൽക്കുമ്പോൾ, ടൂർണമെന്റിന് ആതിഥ്യമരുളുന്ന മൂന്ന് രാജ്യങ്ങൾക്കും ഇത് ചരിത്ര മുഹൂർത്തമാണ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് ആതിഥേയരും തങ്ങളുടെ തട്ടകത്തിലെ കാണികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുടനീളം നടക്കുന്ന ഈ കാൽപ്പന്ത് മാമാങ്കത്തിൽ, സ്വന്തം കാണികളുടെ പിന്തുണയോടെയാണ് ഈ മൂന്ന് ടീമുകളും തങ്ങളുടെ സ്വപ്നക്കുതിപ്പ് തുടരുന്നത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ ഒരേസമയം ആതിഥേയരാകുന്നതും, ആ മൂന്ന് പേരും ഒരുമിച്ച് ടൂർണമെന്റിന്റെ ഇത്രയും നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതും.
റൗണ്ട് ഓഫ് 32ൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് അമേരിക്ക അവസാന 16ലേക്ക് മുന്നേറിയത്. പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയുടെ തന്ത്രങ്ങൾക്ക് കീഴിലിറങ്ങുന്ന അമേരിക്കൻ നിരയിൽ ക്രിസ്റ്റ്യൻ പുലിസിച്ച്, ഫോളാരിൻ ബലോഗുൻ, വെസ്റ്റൺ മക്കെന്നി, ടൈലർ ആഡംസ് തുടങ്ങിയ താരങ്ങൾ മികച്ച ഫോമിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമേരിക്ക, ഗ്രൂപ്പ് ഡിയിൽ എട്ട് ഗോളുകൾ അടിച്ചുകൂട്ടി 6 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്.
2002ൽ ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് ലോകകപ്പ് ചരിത്രത്തിൽ അവരുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം. എന്നാൽ ഇത്തവണ പ്രീ ക്വാർട്ടറിൽ അവരെ കാത്തിരിക്കുന്നത് സെനഗലിനെ വീഴ്ത്തിയെത്തുന്ന കരുത്തരായ ബെൽജിയമാണ്. കരുത്തുറ്റ ഈ യൂറോപ്യൻ വെല്ലുവിളി മറികടക്കാൻ പോച്ചെറ്റീനോയ്ക്കും സംഘത്തിനും തങ്ങളുടെ ആസൂത്രണങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ മൈതാനത്ത് നടപ്പിലാക്കേണ്ടി വരും.
ഈ ലോകകപ്പിൽ പ്രതിരോധത്തിന്റെ കാര്യത്തിൽ മെക്സിക്കോയെ വെല്ലാൻ മറ്റൊരു ടീമില്ല. പരിചയസമ്പന്നനായ പരിശീലകൻ ഹാവിയർ അഗീറെയുടെ നേതൃത്വത്തിലുള്ള ടീമിൽ എഡ്സൺ അൽവാരസ്, സാന്റിയാഗോ ഹിമെനെസ്, മുന്നേറ്റ നിരക്കാരായ റൗൾ ഹിമെനെസ്, ജൂലിയൻ ക്വിനോണസ് എന്നിവരാണ് ശ്രദ്ധേയരായ താരങ്ങൾ. ഗ്രൂപ്പ് എയിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച് 9 പോയിന്റോടെ മുന്നേറിയ അവർ ഒരു ഗോൾ പോലും ഇതുവരെ വഴങ്ങിയിട്ടില്ല. റൗണ്ട് ഓഫ് 32-ൽ ഇക്വഡോറിനെ 2-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അവർ തങ്ങളുടെ ആധിപത്യം തുടരുന്നത്. ഡി.ആർ. കോംഗോയോട് കഷ്ടിച്ച് ജയിച്ചെത്തുന്ന ഇംഗ്ലണ്ടാണ് അവരുടെ അടുത്ത എതിരാളികൾ. മുൻപ് 1970, 1986 വർഷങ്ങളിൽ ലോകകപ്പിന് ആതിഥ്യമരുളിയപ്പോഴും ക്വാർട്ടറിലെത്തിയ ചരിത്രമുള്ള മെക്സിക്കോയ്ക്ക്, കാലങ്ങളായി തങ്ങളെ വേട്ടയാടുന്ന നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായി റൗണ്ട് ഓഫ് 16ൽ പുറത്താകുന്ന ശാപം തിരുത്തിയെഴുതാനുള്ള സുവർണാവസരമാണിത്.
ടൂർണമെന്റിലെ ആഥിഥെയരുടെ ശ്രദ്ധേയമായ മറ്റൊരു മുന്നേറ്റം കാനഡയുടേതാണ്. പരിശീലകൻ ജെസ്സി മാർഷിന്റെ നിർണായകമായ നിർദേശങ്ങൾക്കൊപ്പം അൽഫോൻസോ ഡേവിസ്, ജോനാഥൻ ഡേവിഡ്, കൈൽ ലാറിൻ എന്നീ വിശ്വസ്ത താരങ്ങളും കരുത്തുപകരുന്ന കാനഡ ഫുട്ബോൾ ലോകത്തെ ഇത്തവണ വിസ്മയിപ്പിക്കുകയാണ്. റൗണ്ട് ഓഫ് 32-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇഞ്ചുറി ടൈമിൽ മിഡ്‌ഫീൽഡർസ്റ്റീഫൻ യൂസ്റ്റാക്വിയോ നേടിയ ഏക ഗോളിലാണ് അവർ പ്രീ-ക്വാർട്ടർ കടമ്പയിലേക്ക് കടന്നത്.
ഗ്രൂപ്പ് ബിയിൽ 8 ഗോളുകൾ നേടി 4 പോയിന്റോടെ മികച്ച പ്രകടനം കാഴ്ചവെച്ച കാനഡയുടെ ഫുട്ബോൾ ചരിത്രത്തിലെ നിർണായക നാഴികക്കല്ലാണിത്. 1986ലും 2022ലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ അവർ ആദ്യമായാണ് ലോകകപ്പിന്റെ ഇത്രയും വലിയൊരു വേദിയിൽ നോക്കൗട്ട് കടക്കുന്നത്. നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലുള്ള മൊറോക്കോയാണ് അവരുടെ അടുത്ത എതിരാളികൾ.
സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുമ്പോഴുള്ള ആനുകൂല്യം വളരെ വലുതാണെങ്കിലും, അതോടൊപ്പം വരുന്ന സമ്മർദ്ദവും ഒട്ടും ചെറുതല്ല. ദശലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ പ്രതീക്ഷകളാണ് ഈ മൂന്ന് ടീമുകളുടെയും ചുമലിലുള്ളത്. മികച്ച ഫോമും അനുകൂല സാഹചര്യങ്ങളും ഒരുമിച്ചു ചേരുമ്പോൾ നോക്കൗട്ട് സ്റ്റേജിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇവർക്കാകുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളുടെയും വരാനിരിക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടങ്ങളുടെ ഫലം ഒരുപക്ഷേ വടക്കേ അമേരിക്കൻ ഫുട്ബോളിന്റെ ഭാവി തന്നെ മാറ്റിമറിക്കാൻ പോന്നവയാണ്.