ബ്രാവോ ബ്ലൂ ഷാർക്ക്‌സ്! കേപ് വെർഡെ പോരാട്ടവീര്യത്തിന് കയ്യടിക്കൂ... ലോകകപ്പിൽ തകർന്നടിഞ്ഞ് സ്പാനിഷ് അഹന്ത!

സ്പെയിനിനേക്കാൾ 96 മടങ്ങ് ജനസംഖ്യ കുറഞ്ഞൊരു ആഫ്രിക്കൻ രാജ്യമാണ് കാബോ വെർഡെ.
Cape Verde
Published on
Updated on

ജോർജിയ: കന്നി ലോകകപ്പ് കളിക്കാനെത്തിയ ഒരു കുഞ്ഞൻ ആഫ്രിക്കൻ രാജ്യം, കാബോ വെർഡെ! പശ്ചിമ ആഫ്രിക്കയിൽ നിന്നെത്തിയ കുഞ്ഞൻ രാജ്യം ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിക്കുന്ന കാഴ്ചയ്ക്കാണ് തിങ്കളാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്. എല്ലാം തികഞ്ഞൊരു ഫുട്ബോൾ മത്സരത്തിൻ്റെ വശ്യമായ മുഴുവൻ സൗന്ദര്യവും ആവാഹിച്ചൊരു രാത്രിയാണ് കടന്നുപോയത്. അതെ ഈ രാവിലെ താരങ്ങൾ കാബോ വെർഡെയുടെ പോരാളികളാണ്!

സ്പെയിനിനേക്കാൾ 96 മടങ്ങ് ജനസംഖ്യ കുറഞ്ഞൊരു ആഫ്രിക്കൻ രാജ്യമാണ് കാബോ വെർഡെ. എന്നാൽ പോരാട്ടവീര്യത്തിൽ ആരേക്കാളും പിന്നിലല്ലെന്ന് ഒരൊറ്റ മാച്ചിലൂടെ തെളിയിച്ചിരിക്കുകയാണ് കേപ് വെർഡെ. അഞ്ച് ലക്ഷം ജനങ്ങൾ മാത്രമുള്ളൊരു രാജ്യത്തെ പ്രതിനിധീകരിച്ച് അവർ ലോകകപ്പിനെത്തുമ്പോൾ അധികമാരും അവരെ ശ്രദ്ധിച്ചിരുന്നില്ല. ആദ്യമായി ലോകകപ്പിനെത്തുന്ന രാജ്യമെന്ന നിലയിൽ അവർക്ക് കാര്യമായി എന്തെങ്കിലും ചെയ്യാനാകുമെന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല.

FIFA World Cup 2026, Spain vs Cape Verde
Cape Verde
കാബോ വെർഡെക്കെതിരെ ആദ്യ പകുതിയിൽ യമാൽ കളിക്കാത്തതിന് കാരണമിതാണ്

എന്നാൽ ജോർജിയയിലെ അറ്റ്‌ലാൻ്റ സ്റ്റേഡിയത്തിൽ വച്ച് മുൻ ലോക ചാംപ്യന്മാരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് ലോക ഫുട്ബോളിൽ വരവറിയിച്ചിരിക്കുകയാണ് ഈ വെള്ളക്കുപ്പായക്കാർ. മത്സരത്തിന് മുൻപേ ദുർബലരായ എതിരാളികളായി കാബോ വെർഡെയെ ഫ്യുയൻ്റെ കരുതിയെങ്കിൽ അത് തെറ്റായിപ്പോയെന്ന് ആ കുഞ്ഞൻ രാജ്യം തെളിയിച്ചിരിക്കുകയാണ്. ഈ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു സ്‌പെയിൻ.

cape verde celebration

വൊസീഞ്ഞ, 'കേപ് കോട്ട' കാത്ത സൂപ്പർമാൻ!

മത്സരത്തിൽ സ്പെയിൻ നന്നായി കളിച്ചില്ലെന്ന് ഒരിക്കലും പറയാനാകില്ല. തുടരെ സ്പാനിഷ് ആക്രമണങ്ങൾ മാത്രം കണ്ട ഈ മത്സരം തീർത്തും ഏകപക്ഷീയമായിരുന്നു. 74 ശതമാനം ബോൾ പൊസെഷൻ നിലനിർത്തിയ സ്പെയിനിൻ്റെ വരുതിയിലായിരുന്നു ഈ മത്സരം. 764 പാസുകളും 92 ശതമാനം പാസിങ് അക്യുറസിയും ഒക്കെയായി ചെമ്പട ഗ്രൗണ്ടിൽ സമഗ്രാധിപത്യം പുലർത്തി. എന്നാൽ പാറ പോലുറച്ചു നിന്ന കാബോ വെർഡെയുടെ പ്രതിരോധക്കോട്ട പൊളിക്കാൻ പേരുകേട്ട സ്പാനിഷ് മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല.

FIFA World Cup 2026, Spain vs Cape Verde

ആദ്യ ഇലവനിൽ ഇല്ലാതിരുന്ന ലാമിനെ യമാലിനേയും നിക്കോ വില്യംസിനേയുമൊക്കെ രണ്ടാം പകുതിയിൽ കളത്തിലിറക്കി ആക്രമണം കടുപ്പിച്ചിട്ടും ആഫ്രിക്കൻ രാജ്യത്തിൻ്റെ ഡിഫൻസിൽ ഒരു ചെറുവിള്ളൽ പോലും സൃഷ്ടിക്കാൻ സ്പാനിഷ് ആർമിക്ക് കഴിഞ്ഞില്ല. പതിവ് പൊസിഷനിൽ നിന്നും വലതുവിങ്ങിലേക്ക് ഇറങ്ങിക്കളിച്ച ഫെറാൻ ടോറസിനും ഇടതുവിങ്ങിൽ ഇറങ്ങിയ ഗാവിയും വേണ്ട പോലെ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. മുന്നേറ്റനിരയിൽ ഒയർസബാലിൻ്റെ മോശം പ്രകടനവും പെഡ്രി അടക്കമുള്ള മധ്യനിരയ്ക്ക് താളം കണ്ടെത്താൻ സാധിക്കാത്തതും വിനയായി.

Cape Verde
ടീം സ്പിരിറ്റ്... ജര്‍മനിയുടെ താളംതെറ്റിച്ച ക്യൂറസാവോ

മത്സരത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത് കാബോ വെർഡെ ഗോൾകീപ്പറായ വൊസീഞ്ഞയാണ്. ഗോളെന്നുറപ്പിച്ച നിരവധി ഷോട്ടുകളാണ് ബ്ലൂ ഷാർക്ക്സിൻ്റെ ഗോൾകീപ്പർ അസാമാന്യ മെയ്‌വഴക്കത്തോടെ തടഞ്ഞിട്ടത്. കാബോ വെർഡെ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി സ്പാനിഷ് മുന്നേറ്റനിര 23 തവണ ഷോട്ട് ഉതിർത്തതെങ്കിലും അതെല്ലാം വൊസീഞ്ഞയും ഡിഫൻഡർമാരും ചേർന്ന് തടഞ്ഞിട്ടു. സ്പെയിൻ ഉതിർത്ത എട്ട് ഷോട്ടുകളും ഓൺ ടാർഗറ്റിലായിരുന്നു. എന്നിട്ടും ഗോളിയെ മറികടന്ന് പന്ത് വലയിലേക്ക് കയറിയില്ല.

FIFA World Cup 2026, Spain vs Cape Verde

കുഞ്ഞൻ രാജ്യത്തിൻ്റെ ബിഗ് മാജിക്!

ഈ കുഞ്ഞൻ ദ്വീപ് രാഷ്ട്രത്തെ നയിക്കുന്നത് കേവലം ഭാഗ്യമല്ല. വിദേശങ്ങളിൽ ചിതറിക്കിടന്ന തങ്ങളുടെ പ്രതിഭകളെ ഡിജിറ്റൽ യുഗത്തിൻ്റെ സാധ്യതകൾ വച്ച് അവർ ഒന്നിപ്പിച്ചെടുത്ത നിശ്ചയദാർഢ്യമാണ്. പശ്ചിമാഫ്രിക്കൻ തീരത്തെ അഞ്ച് ലക്ഷം ജനസംഖ്യയുള്ള ഈ കുഞ്ഞൻ രാജ്യം തങ്ങളുടെ പ്രധാന ഡിഫൻഡറായ റോബർട്ടോ ലോപ്‌സിനെ ടീമിലെത്തിച്ചത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്‌ഡ്ഇൻ വഴിയായിരുന്നു.

കേപ് വെർഡിയൻ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ പരിമിതമായ അടിസ്ഥാന സൗകര്യങ്ങളെ മറികടക്കാൻ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്ന കേപ് വെർഡെ വംശജരായ കളിക്കാരെ ഇൻ്റർനെറ്റിലൂടെ തിരയാൻ തുടങ്ങി. അങ്ങനെയാണ് 2019ൽ അയർലൻഡിൽ ജനിച്ച, പ്രമുഖ ഐറിഷ് ക്ലബ് ഷാംറോക്ക് റോവേഴ്സിൻ്റെ ഡിഫൻഡറായ റോബർട്ടോ ലോപ്‌സിനെ അവർ കണ്ടെത്തുന്നത്.

Cape Verde
മുൻ ചാംപ്യന്മാരായ സ്പെയിനെ തളച്ച് കേപ് വെര്‍ഡെ; ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനില

കോളേജ് പഠനകാലത്ത് തുടങ്ങിയ ലിങ്ക്‌ഡ്‌ഇൻ അക്കൗണ്ടിലേക്ക് പോർച്ചുഗീസ് ഭാഷയിൽ ഒരു സന്ദേശം വന്നപ്പോൾ അത് സ്പാം സന്ദേശമാകുമെന്ന് കരുതി ലോപ്‌സ് അത് അവഗണിച്ചു. 9 മാസങ്ങൾക്ക് ശേഷം അന്നത്തെ പരിശീലകൻ റൂയി അഗ്വാസ് ഇംഗ്ലീഷിൽ വീണ്ടും സന്ദേശമയച്ചപ്പോഴാണ് ലോപ്‌സ് അതിൻ്റെ യാഥാർഥ്യം തിരിച്ചറിഞ്ഞത്. തൻ്റെ പിതാവിൻ്റെ മാതൃരാജ്യത്തിനായി അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാനുള്ള ക്ഷണമായിരുന്നു അത്. ഓഫർ സ്വീകരിച്ച ലോപ്സ് ഇന്ന് കേപ് വെർഡെ പ്രതിരോധത്തിൻ്റെ അവിഭാജ്യ ഘടകമായി ലോകകപ്പ് വേദിയിലെത്തി നിൽക്കുന്നു.

FIFA World Cup 2026, Spain vs Cape Verde

ഫ്രാൻസ്, പോർച്ചുഗൽ, നെതർലൻഡ്‌സ്, അയർലൻഡ് എന്നിങ്ങനെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും ലീഗുകളിൽ നിന്നും എത്തിയ കളിക്കാരായതിനാൽ പലരും വ്യത്യസ്‌ത ഭാഷകളാണ് സംസാരിച്ചിരുന്നത്. എന്നാൽ ടീമിൽ ഒത്തൊരുമയും ഒരു ദേശീയ വികാരവും വളർത്തിയെടുക്കാൻ കോച്ചിങ് സ്റ്റാഫ് ഒരു പ്രധാന നിയമം കൊണ്ടുവന്നു. പരിശീലന വേളകളിലും ഡ്രസിങ് റൂമിലും കളിക്കാർ കേപ് വെർഡെയുടെ ഔദ്യോഗിക പ്രാദേശിക ഭാഷയായ 'ക്രിയോൾ' മാത്രമേ സംസാരിക്കാവൂ എന്നതായിരുന്നു ആ നിയമം. ഈ ഐക്യമാണ് ലോകകപ്പിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ മൂന്നാമത്തെ രാജ്യമായിട്ടും അവരെ ചരിത്ര വേദിയിൽ എത്തിച്ചത്.

News Malayalam 24x7
newsmalayalam.com