

ന്യൂയോർക്ക്: ഗ്രൂപ്പ് എഫിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് നെതർലൻഡ്സിനൊപ്പം നോക്കൗട്ടിലെത്തി ജപ്പാനും സ്വീഡനും. ഗ്രൂപ്പിൽ ഇന്ന് നടന്ന രണ്ട് നിർണായക മത്സരങ്ങളിൽ ജപ്പാൻ സ്വീഡനെ 1-1ന് സമനിലയിൽ തളച്ച് നോക്കൗട്ടിന് യോഗ്യത നേടിയപ്പോൾ, നെതർലൻഡ്‌സ് ടുണീഷ്യയെ 3-1ന് തകർത്തു.
മൂന്നാം മിനിറ്റിൽ എല്ലിസ് സ്ഖിരിയുടെ സെൽഫ് ഗോളോടെയാണ് മത്സരത്തിൽ ഓറഞ്ച് ആർമി ആദ്യം മുന്നിലെത്തിയത്. തൊട്ടു പിന്നാലെ ഏഴാം മിനിറ്റിൽ ബ്രയാൻ ബ്രോബറി നെതർലൻഡ്‌സിൻ്റെ ലീഡുയർത്തി. ആദ്യ പകുതിയിൽ 2-0ന് മുന്നിട്ട നിന്ന ഗ്രൂപ്പ് ചാംപ്യന്മാരെ ഞെട്ടിച്ച് 54ാം മിനിറ്റിൽ ടുണീഷ്യ ഒരു ഗോൾ മടക്കി. ഹസേം മസ്തൗരിയാണ് ആശ്വാസഗോൾ നേടിയത്.
എന്നാൽ തൊട്ടുപിന്നാലെ 62ാം മിനിറ്റിൽ ഒരു ഗോൾ കൂടി നേടിയ ജാൻ പോൾ വാൻ ഹെക്കെ നെതർലൻഡ്‌സിന് അനായാസ ജയവും മൂന്ന് പോയിൻ്റുകളും സമ്മാനിച്ചു. രണ്ട് ജയവും ഒരു സമനിലയും സഹിതം ഏഴ് പോയിൻ്റാണ് നെതർലൻഡ്‌സ് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയവും രണ്ട് സമനിലകളും നേടിയാണ് ജപ്പാൻ നോക്കൗട്ട് ഉറപ്പിച്ചത്. ആദ്യ മത്സരത്തിൽ ജപ്പാനാണ് 2-2ന് നെതർലൻഡ്‌സിനെ സമനിലയിൽ തളച്ചത്.
ഏഷ്യൻ ശക്തികളായ ജപ്പാനെ സമനിലയിൽ തളച്ചാണ് സ്വീഡൻ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്. ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയും ഉൾപ്പെടെ നാല് പോയിൻ്റാണ് സ്വീഡൻ്റെ സമ്പാദ്യം. 56ാം മിനിറ്റിൽ ഡെയ്സെൻ മെയ്ദയാണ് ജപ്പാനെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ സ്വീഡൻ ആറ് മിനിറ്റിനകം തന്നെ സമനില ഗോൾ കണ്ടെത്തി. 62ാം മിനിറ്റിൽ ആൻ്റണി എലാംഗയാണ് സ്വീഡന് നിർണായകമായ ഒരു പോയിൻ്റും നോക്കൗട്ട് ടിക്കറ്റും സമ്മാനിച്ച ഗോൾ കണ്ടെത്തിയത്.