കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട

2024 യൂറോയിൽ ഓപ്പൺ പ്ലേയിൽ നിന്ന് വെറും 3 ഗോൾ മാത്രം നേടി നിരാശപ്പെടുത്തിയ ഫ്രാൻസ് അല്ല ഇപ്പോഴുള്ളത്
കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട
Published on
Updated on

ശക്തരിൽ ശക്തൻ ആരെന്ന ചോദ്യത്തിന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫ്രാൻസ് എന്ന് തന്നെയാണ് ഉത്തരം. 2018ൽ ചാംപ്യൻമാരും 2022ൽ റണ്ണേഴ്‌സ് അപും. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ അർജൻ്റീനയ്ക്ക് മുന്നിൽ കിരീടം കൈവിട്ട ഫ്രാൻസ്, ഇത്തവണ വരുന്നത് ടൂർണമെൻ്റിലെ ഏറ്റവും സന്തുലിതവും അപകടകാരിയുമായ ഒരു വൻപടയായാണ്. കഴിഞ്ഞ 7 ലോകകപ്പുകളിൽ 4 തവണയും ഫൈനൽ കളിച്ച ഒരേയൊരു രാജ്യം. ജർമനിക്കും ബ്രസീലിനും ശേഷം തുടർച്ചയായ മൂന്ന് ലോകകപ്പ് ഫൈനലുകൾ എന്ന അത്യപൂർവ റെക്കോർഡിലേക്കാണ് ലേ ബ്ലൂസ് ഇത്തവണ ബൂട്ട് കെട്ടുന്നത്.

2024 യൂറോയിൽ ഓപ്പൺ പ്ലേയിൽ നിന്ന് വെറും 3 ഗോൾ മാത്രം നേടി നിരാശപ്പെടുത്തിയ ഫ്രാൻസ് അല്ല ഇപ്പോഴുള്ളത്. ദെഷാംപ്സ് തൻ്റെ തന്ത്രങ്ങൾ മാറ്റിപ്പണിതു. പുതിയ 4-2-3-1 ഫോർമേഷനിൽ ബയേൺ മ്യൂണിക്കിൻ്റെ മിഖായേൽ ഒലീസെയും, പിഎസ്ജിയുടെ സൂപ്പർ വിങ്ങർ ഒസ്മാൻ ഡെംബെലെ വലതുവശത്തും അണിനിരക്കുമ്പോൾ എതിരാളികളുടെ ഡിഫൻസ് തകർന്നടിയും. യോഗ്യതാ റൗണ്ടിൽ വെറും 4 ഗോളുകൾ മാത്രം വഴങ്ങിയ ഫ്രാൻസിൻ്റെ പ്രതിരോധക്കോട്ട കാക്കാൻ വില്യം സാലിബയും ഇബ്രാഹിമ കൊനാറ്റെയും റെഡിയാണ്.

ടീമിൻ്റെ ഏറ്റവും വലിയ കരുത്ത് അറ്റാക്കിങ് നിരയുടെ ആസ്തിയാണ്. ഒലീസെ, ഡെംബെലെ, എംബാപ്പെ, ഡിസൈർ ദുയെ എന്നിവരുടെ മാത്രം വിപണി മൂല്യം 530 മില്യൺ യൂറോ വരും. അതായത് ബ്രസീലിൻ്റെ ആകെ അറ്റാക്കിങ് നിരയേക്കാൾ കൂടുതൽ. കഴിഞ്ഞ സീസണിൽ പിഎസ്ജിക്കായി തകർപ്പൻ ഫോമിൽ കളിച്ച് ലീഗ് 1 പ്ലെയർ ഓഫ് ദി ഇയർ ആയ ഒസ്മാൻ ഡെംബെലെയും, ബയേണിനായി 26 അസിസ്റ്റുകൾ വാരിക്കൂട്ടിയ മിഖായേൽ ഒലീസെയും ഫ്രാൻസിൻ്റെ കുതിപ്പിന് വേഗം കൂട്ടും. എന്നാൽ ഇതിനെല്ലാം മുകളിലാണ് റയൽ മാഡ്രിഡിൻ്റെ കിലിയൻ എംബാപ്പെ. കഴിഞ്ഞ സീസണിൽ 44 കളികളിൽ നിന്ന് 42 ഗോളുകൾ അടിച്ചുകൂട്ടിയ എംബാപ്പെ മിന്നും ഫോമിലാണുള്ളത്. മുൻ ഫ്രഞ്ച് താരം ഒളിവർ ജിറൂദിൻ്റെ 57 ഗോൾ എന്ന എക്കാലത്തെയും റെക്കോർഡിന് തൊട്ടരികിലാണ് എംബാപ്പെ.

ലോകകപ്പുകളിൽ ഇതിനകം 12 ഗോളുകൾ അടിച്ചുകൂട്ടിയ എംബാപ്പെയ്ക്ക് മിറോസ്ലാവ് ക്ലോസെയുടെ 16 ഗോൾ എന്ന റെക്കോർഡ് തകർക്കാൻ ഇനി വേണ്ടത് വെറും 5 ഗോളുകൾ മാത്രം. എങ്കിലും ഫ്രാൻസിന് ചില തലവേദനകളുണ്ട്. മുൻനിരയിൽ ഒരു കൃത്യമായ ഫോക്കൽ പോയിൻ്റിൻ്റെ അഭാവവും, ലൂക്കാ ഡിഗ്നെയോ തിയോ ഹെർണാണ്ടസോ കളിക്കുന്ന ലെഫ്റ്റ് ബാക്ക് പൊസിഷനിലെ ഡിഫൻസീവ് വീഴ്ചകളും ടീമിനെ ബാധിക്കും. ഈ ലെഫ്റ്റ് ബാക്ക് ദുർബലത മുതലെടുത്താണ് സൗഹൃദ മത്സരത്തിൽ ഐവറി കോസ്റ്റ് ഫ്രാൻസിനെ അട്ടിമറിച്ചത്.

ഈ ലോകകപ്പോടെ ഫ്രഞ്ച് പരിശീലക കുപ്പായമഴിക്കുന്ന ദിദിയർ ദെഷാംപ്സിന് ഇതിലും മികച്ചൊരു യാത്രയയപ്പ് നൽകാൻ ഫ്രാൻസിന് കഴിയില്ല. സിനദിൻ സിദാൻ അടുത്ത പരിശീലകനായി വരുമെന്ന വാർത്തകൾക്കിടയിലും, തൻ്റെ കരിയറിലെ ലാസ്റ്റ് ഡാൻസ് ഒരു ലോകകിരീടത്തോടെ അവസാനിപ്പിക്കാൻ ദെഷാംപ്സും സംഘവും തയ്യറായി കഴിഞ്ഞു. കിലിയൻ എംബാപ്പെയുടെ വേഗതയും ദെഷാംപ്സിൻ്റെ തന്ത്രങ്ങളും ചേരുമ്പോൾ ഫ്രാൻസ് വീണ്ടും ലോകം കീഴടക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

News Malayalam 24x7
newsmalayalam.com