ഖത്തര്‍ തനിയാവര്‍ത്തനം; ഫ്രാൻസ് സെമിയില്‍; ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസിയെ മറികടന്ന് എംബപ്പെ

അപരാജിതരായി 34 മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മൊറോക്കോ തോൽവി വഴങ്ങുന്നത്.
ഖത്തര്‍ തനിയാവര്‍ത്തനം; ഫ്രാൻസ് സെമിയില്‍; ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസിയെ മറികടന്ന് എംബപ്പെ
Published on
Updated on

ലോകകപ്പില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഫ്രാന്‍സ് സെമിയില്‍. തുടർച്ചയായ മൂന്നാം സെമിഫൈനലിനാണ് ഫ്രാൻസ് യോഗ്യത നേടിയത്. ഗോൾ നേട്ടതോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ കിലിയന്‍ എംബപ്പെ അര്‍ജന്റീനയുടെ ലയണല്‍ മെസിയെ മറികടന്നു.

ഖത്തർ ലോകകപ്പിലെ തനിയാവർത്തനം പോലെയായിരുന്നു ഫ്രാന്‍സ്-മൊറോക്കോ പോരാട്ടം. ഖത്തറിൽ സെമി ഫൈനലിലായിരുന്നു ഫ്രാന്‍സ് മൊറോക്കോയെ മറികടന്നത്. ഇക്കുറി ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് സെമി ഫൈനല്‍ യോഗ്യത നേടിയത്. ഇസ്മായിൽ സായിബാരിയില്ലാത്ത മൊറോക്കോ മുന്നേറ്റത്തിന് ഫ്രഞ്ച് പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാനായില്ല. അപരാജിതരായി 34 മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മൊറോക്കോ തോൽവി വഴങ്ങുന്നത്.

13 ഗോൾ ശ്രമങ്ങൾ കണ്ട ആദ്യ പകുതിയിൽ ഫ്രാൻസ് മുന്നേറ്റത്തെ തടഞ്ഞത് മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനോയുടെ തകർപ്പൻ സേവുകളും ക്രോസ് ബാറുകളുമായിരുന്നു. അതിനിടെ ലഭിച്ച പെനാൽറ്റിയിലൂടെ മുന്നിലെത്താനുള്ള സുവർണാവസരം എംബപ്പെ നഷ്ടപ്പെടുത്തുകയും ചെയ്തു.

ആദ്യ പകുതിയിൽ മൊറോക്കോയുടെ രക്ഷകനായ യാസിൻ ബോനോയ്ക്ക് രണ്ടാം പകുതിയിൽ ഫ്രഞ്ച് ആക്രമണങ്ങളെ തടുക്കാനായില്ല. പെനാൽറ്റി നഷ്ടപ്പെടുത്തിയതിൻ്റെ പ്രായച്ഛിത്തമെന്നോണം 60ാം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ എംബപ്പെ ഫ്രാൻസിന് ലീഡ് സമ്മാനിച്ചു. മൊറോക്കോയുടെ ഞെട്ടൽ മാറും മുൻപേ ഫ്രഞ്ച് നിര വീണ്ടും ആക്രമിച്ചു. ഇത്തവണ ഊഴം ഉസ്മാൻ ഡെംബലെയുടേത്. യാസിൻ ബോനോയ്ക്ക് അവസരം നൽകാതെ ഡെംബലെ പന്ത് അനായാസം വലയിലെത്തിച്ചു.

ക്വാർട്ടറിലും സ്കോര്‍ ചെയ്തതോടെ എംബപ്പെയുടെ ഗോൾ നേട്ടം എട്ടായി. മെസിയെ മറികടന്ന് ഗോൾഡൻ ബൂട്ട് മത്സരത്തിലും ഫ്രഞ്ച് താരം ഒന്നാമതെത്തി. ലോകകപ്പിലെ ആകെ ഗോൾനേട്ടം 20 ആക്കി ഉയർത്താനും എംബപ്പെക്കായി. സ്പെയിൻ-ബെൽജിയം മത്സര വിജയികളാകും സെമിയിൽ ഫ്രാൻസിന്റെ എതിരാളി.

News Malayalam 24x7
newsmalayalam.com