സോറി ആൻഡ് താങ്ക്യൂ നെയ്മർ; നിങ്ങളിത് അർഹിക്കുന്നില്ല

ഒറ്റവാക്കിൽ പറഞ്ഞാൽ ജോഗോ ബൊണീറ്റയെന്ന സുന്ദരകലയുടെ ട്രാൻസിഷൻ സ്റ്റേജും ദി എൻഡുമാണ് നെയ്മറെന്ന മജീഷ്യൻ.
neymar in tears
Published on
Updated on

സോറി ആൻഡ് താങ്ക്യൂ നെയ്മർ... ഇതുപോലൊരു യാത്രയയപ്പ് ആയിരുന്നില്ല നിങ്ങളിലെ പ്രതിഭ അർഹിച്ചിരുന്നത്. ജീവിതത്തിൽ എപ്പോഴെങ്കിലും മഞ്ഞയും നീലയും പച്ചയും കലർന്ന ജേഴ്സിയെ നെഞ്ചോട് ചേർത്ത് ഞാനൊരു കട്ട ബ്രസീൽ ഫാനാണെന്ന് നിങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ടോ? അന്ന് ചുറ്റുമുള്ളവരിൽ നിന്ന് ആദ്യം കേട്ട ചോദ്യം "നിനക്ക് ബ്രസീലിയൻ ഫുട്ബോളിനെ കുറിച്ച് എന്ത് അറിയും?" എന്നായിരിക്കും.

ബ്രസീലിൻ്റെ പ്രതാപകാല ഫുട്ബോൾ ഇതിഹാസങ്ങളെ കുറിച്ചോ അവരുടെ കേളീശൈലിയെ കുറിച്ച് നിങ്ങൾക്ക് വ്യക്തമായി ഒന്നുമറിയില്ലെങ്കിൽ പോലും... ഒരിക്കലെങ്കിലും നെയ്മർ ജൂനിയറെന്ന അത്ഭുത പ്രതിഭയുടെ കളി കണ്ടിട്ടുണ്ടെങ്കിൽ... അത് കാനറിപ്പടയുടെ പ്രതാപകാല ഫുട്ബോളിൻ്റെ തുടർച്ചയായിരുന്നു എന്ന് വിശേഷിപ്പിക്കാമായിരുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ ജോഗോ ബൊണീറ്റയെന്ന സുന്ദരകലയുടെ ട്രാൻസിഷൻ സ്റ്റേജും ദി എൻഡുമാണ് നെയ്മറെന്ന മജീഷ്യൻ. ബ്രസീലിയൻ സീംഗ ഫുട്ബോൾ ശൈലിയുടെ അവസാനത്തെ കണ്ണി!

ബ്രസീലിന് പിഴച്ചതെവിടെ?

സീംഗ ഫുട്ബോൾ ശൈലിയെ ഉപേക്ഷിച്ച് യൂറോപ്യൻ ഫുട്ബോളിൻ്റെ ആകർഷണത്തിലേക്ക് ബ്രസീൽ എന്ന് തൊട്ട് ചുവടുവയ്ക്കാൻ തുടങ്ങിയോ... അന്ന് ഇടറിയ പാദമുദ്രകളാണ് അവരുടേത്. ബ്രസീൽ എന്ന ലെഗസി, സുന്ദരമായ ഫുട്ബോൾ തുടർച്ച, അതിന് തുടർച്ചയേതുമില്ലാതെ വേരറ്റ് പോകുന്ന കാഴ്ച ദുഃഖകരമാണ്. ആ നഷ്ടബോധത്തെ കാനറിപ്പടയുടെ ദീർഘനാളത്തെ കീരീടമില്ലായ്മയുമായി ചേർത്ത് വായിക്കപ്പെടേണ്ടതല്ല. ജോഗോ ബൊണീറ്റയെ സംരക്ഷിക്കേണ്ടവരുടെ ദിശാബോധമില്ലായ്മയും... വരും തലമുറകൾക്കായി ഗ്രാസ് റൂട്ടിൽ ഒന്നും ചെയ്യാതിരുന്ന മാറി-മാറി വന്ന ഭരണകൂടങ്ങളുടെ പിടിപ്പുകേടുമായേ കാണേണ്ടതുള്ളൂ.

neymar in tears
ഡെയർ ഡെവിളായി ഹാലണ്ട്; ബ്രസീലിനെ കരയിപ്പിച്ച് നോർവെ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ, ബൂട്ടഴിച്ച് നെയ്മർ

നെയ്മർ... നിങ്ങൾ ഇനി വിശ്രമിക്കൂ... ബ്രസീൽ എന്ന കനപ്പെട്ട ലെഗസിയുടെ ഭാരം ചുമലിൽ നിന്നിറക്കി ഇനിയും ക്ലബ്ബ് ഫുട്ബോളിനൊപ്പം തുടരൂ... കളിക്കാരനായി ഈ ജേഴ്സിയിൽ നിങ്ങൾക്ക് ശോഭിക്കാനായില്ലെങ്കിൽ അത് ഒരു കളിക്കാരൻ്റെ മാത്രം കുറവായി കാണേണ്ടതില്ല. ബ്രസീലിൻ്റെ ഭാവി തലമുറയ്ക്ക് ഇനിയും നിങ്ങളെ ആവശ്യമുണ്ട്... രാജാവ് ആകേണ്ടയാൾ രാജകുമാരൻ എന്ന ലേബലിലൊതുങ്ങി മഞ്ഞക്കുപ്പായം അഴിച്ചിരിക്കുന്നു. സാംബാച്ചുവടുകളെ 2020 കടത്തുന്നത് വിനിയും റോഡ്രിഗ്രോയും എൻഡ്രിക്കുമൊക്കെയാണ്. ഭൂമിയുള്ള കാലത്തോളം അവസാനിക്കാതിരിക്കട്ടെ ആ കാനറിച്ചന്തം...

നോർവെയോട് പിഴച്ചതെവിടെ?

അറ്റാക്കിങ് സ്‌ട്രോങ് ഏരിയ ആയ ഒരു ടീമിലെ കളിക്കാരെക്കൊണ്ട് സിറ്റ് ബാക്ക് ചെയ്ത് കൗണ്ടർ അറ്റാക്ക് കളിപ്പിക്കാനും അതുവഴി ആവശ്യമില്ലാത്ത സമ്മർദം ക്ഷണിച്ചുവരുത്താനും തീരുമാനിച്ച കാർലോ ആൻസലോട്ടിയുടെ ടാക്‌ടിക്സ് തന്നെയാണ് ഈ തോൽവിയിലെ പ്രതി. തോറ്റു എന്നതുമാത്രമല്ല, കളിയിലെ മൊത്തം പാസുകളുടെ എണ്ണം നോർവെയേക്കാൾ പകുതി മാത്രമേയുള്ളൂ എന്നത് എല്ലാ കാലത്തും ഈ കോച്ചിനെ ശപിക്കാൻ ബ്രസീലിയൻ ഫാൻസിനൊരു കാരണമാകും. റൗണ്ട് ഓഫ് 32ൽ ഐവറി കോസ്റ്റ് വിറപ്പിച്ചുവിട്ട ഒരു ടീമിനോടാണ് ഇത്രയും മോശം കളി കളിച്ച് ബ്രസീൽ തോറ്റതെന്നത് ഫുട്ബോൾ ഇഷ്ടപ്പെടുന്ന എല്ലാവരെയും ദേഷ്യം പിടിപ്പിക്കും.

neymar in tears
ഡബിളടിച്ച് ബെല്ലിങ്ഹാം; മെക്സിക്കൻ വേവിനെ സാക്ഷിയാക്കി ക്വാർട്ടറിലേക്ക് മുന്നേറി ഇംഗ്ലണ്ട്

സമ്മർദ്ദത്തിന് വഴങ്ങാതെ കളി കൈപ്പിടിയിലൊതുക്കിയ ഹാലണ്ടിൻ്റെ ഫിനിഷിങ് മികവിനേയും... അത്യധ്വാനം ചെയ്തു കളിച്ച മാർട്ടിൻ ഒഡേഗാഡിനേയും, വിനിഷ്യസ് ജൂനിയറിന്റെ വർക്ക് ഏരിയ അടച്ചിട്ട റയേഴ്‌സണേയും, ഹെഗ്ഗം-അയേർ ഡിഫൻസീവ് മതിലിനേും കൂടി അഭിനന്ദിച്ചേ മതിയാകൂ. റഫിഞ്ഞ ആരോഗ്യം വീണ്ടെടുത്തിട്ടും ഡിഫൻസ് കളിക്കാൻ കൂടിയുള്ള മികവ് പരിഗണിച്ച് റയാനെ നിലനിർത്തിയ, കൃത്യമായൊരു അറ്റാക്കിങ് പ്ലാൻ ഇല്ലാതെ കളിയൊരുക്കിയ, മിഡ് ഫീൽഡർമാർക്കും ഡിഫൻഡർമാർക്കും ആവശ്യമില്ലാത്ത സമ്മർദം നൽകിയ ആൻസലോട്ടിയെ പഴിക്കാം. ലോകകപ്പില്ലാതെ നെയ്മർ എന്ന ഇതിഹാസം വിടവാങ്ങുന്ന വേദനക്കാഴ്ചയിൽ ബ്രസീലിന് വിടചൊല്ലാം.

ബ്രസീലിയൻ യെല്ലോ ജേഴ്സിയിലെ എക്കാലത്തേയും മികച്ച ഗോൾ സ്കോറർ... ഗോൾവേട്ടയിൽ സാക്ഷാൽ പെലെയേയും പിന്നിലാക്കിയ പ്രതിഭ. ജോഗോ ബൊണീറ്റയെന്ന ബ്രസീലിയൻ ഫുട്ബോൾ ചാരുതയെ അതിൻ്റെ സകല പ്രതാപങ്ങളോടും കൂടി നാളിതുവരെ കാലുകളിൽ ആവാഹിച്ച പോന്ന ഇതിഹാസമേ... താങ്ക്യൂ... ആൻഡ് സോറി ടൂ...!!

neymar in tears
അൽ ബെയ്ത്തിലെ സെമി ദുരന്തത്തിന് ലെസ് ബ്ലൂസിനോട് പകവീട്ടാനൊരുങ്ങി അറ്റ്‌ലസ് ലയൺസ്!
News Malayalam 24x7
newsmalayalam.com