

കാൽപന്തു കളിയുടെ ഈറ്റില്ലം കീഴടക്കാൻ അയാൾ പലകുറി ഒരുമ്പെട്ടിറങ്ങി. ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ചവനെന്ന് ചുറ്റുമുള്ളവർ വാഴ്ത്തിപ്പാടിയിട്ടും... ലോകം വെട്ടിപ്പിടിക്കാനുള്ള ഓരോ പടപ്പുറപ്പാടിലും ആ പോരാളി മുറിവേറ്റ് വീണു! ചങ്കിലെ ചോര പൊടിഞ്ഞ് ഓരോ തവണയും പിന്‍മാറുമ്പോഴും... വീണ്ടുമൊരിക്കൽ കൂടി പരിശ്രമിക്കാനും പോരാടാനുമുള്ള വാശി... അയാൾ നെഞ്ചകത്ത് ഒളിപ്പിച്ചുവച്ചു... തോൽവികളത്രയും മനസിൽ കുറിച്ചിട്ടു... കണക്കുപറഞ്ഞ് തിരിച്ചടിക്കാനുള്ള ഊഴത്തിനായി കാത്തിരുന്നു...
ഇതിനിടെ പിന്നിട്ട വേനലിലൊരു നെഞ്ചുലയ്ക്കുന്ന അകാലവിയോഗവും അവരെ കാത്തിരുന്നിരുന്നു... ആ യോദ്ധാക്കളിലെ മുൻനിര പോരാളികളിലൊരാൾ ഈ ലോകത്ത് നിന്നും വിടവാങ്ങിയിരിക്കുന്നു... ഏറ്റവും പ്രിയപ്പെട്ട 'ഡിയോഗോ ജോട്ടാ' നിങ്ങളൊരു യഥാർഥ പോരാളിയായിരുന്നു... ആ നിഷ്ക്കളങ്കമായ പുഞ്ചിരി... ഇന്നും ഈ കൂട്ടത്തിൻ്റെ ഉള്ളു പൊള്ളിക്കുന്നുണ്ട്... നിങ്ങൾ കൂടി കണ്ട സ്വപ്നത്തിനായി അവർക്കിനിയും മുന്നോട്ടുപോയേ മതിയാകൂ...
ഒറ്റയ്ക്ക് ലോകം കീഴടക്കാൻ പുറപ്പെട്ട യോദ്ധാവിനൊപ്പം ഇന്ന് കരുത്തുറ്റൊരു പെരുംപടയുണ്ട്. പോർച്ചുഗീസ് ഫുട്ബോൾ ചരിത്രത്തിലെ സുവർണ കാലത്തിലൂടെയാണ് ആ കൂട്ടം കടന്നുപോകുന്നത്! ലോകം കീഴടക്കാനുള്ള ഏഴ് പതിറ്റാണ്ടായി തുടരുന്ന കാത്തിരിപ്പ് ഇനിയും ലക്ഷ്യം കണ്ടിട്ടില്ലെങ്കിലും... ജോട്ടയ്ക്കായി അത് നേടിയെടുക്കാൻ അവർ പ്രതിജ്ഞയെടുത്തിട്ടുണ്ട്... ഈ പടയെ മുന്നോട്ട് നയിക്കാൻ ഇപ്പോഴും കരുത്തനായൊരു കപ്പിത്താനുണ്ട്... റൊണാൾഡോ ദോസ് സാൻ്റോസ് അവേരിയോ... !! അയാൾക്ക് കീഴിൽ ലോകം വിറപ്പിക്കുന്നൊരു സൈന്യമായി ഈ കൂട്ടം മാറിക്കഴിഞ്ഞു... വൺ ആൻഡ് ഒൺലി 'പോർച്ചുഗൽ' !!
ക്രിസ്റ്റ്യാനോ മാത്രമായിരുന്നില്ല... പോർച്ചുഗലിനായി ലോകകപ്പ് നേടാൻ പരിശ്രമിച്ച് തോറ്റുപോയ പോർച്ചുഗീസ് ലെജൻഡ്. പറങ്കിപ്പട ലോകകപ്പ് ലക്ഷ്യമിട്ട് പൊരുതാൻ തുടങ്ങിയിട്ട് കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് ഏഴ് പതിറ്റാണ്ടായിട്ടുണ്ട്. ബാലൺ ഡിയോർ നേടിയതിന് തൊട്ടടുത്ത വർഷം.. അതായത് 1966ൽ ആദ്യമായി ലോകകപ്പിൽ പോരടിക്കാനെത്തിയ യൂസേബിയോയുടെ പറങ്കിപ്പടയ്ക്ക് ലോകകിരീടം ഒരു കൈയ്യകലത്തിൽ നഷ്ടമായിരുന്നു... ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു രാജ്യത്തിനും പോർച്ചുഗലിൻ്റേത് പോലൊരു ക്ലാസിക് എൻട്രി ലഭിച്ചു കാണില്ല!
അവിശ്വസനീയ കുതിപ്പാണ് പറങ്കിപ്പട നടത്തിയത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനെത്തിയ പോർച്ചുഗീസ് ടീം ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും അനായാസം ജയിച്ചു മുന്നേറിയപ്പോൾ... ആ സ്വപ്നക്കുതിപ്പിൽ മുറിവേറ്റവരിൽ നിലവിലെ ചാംപ്യന്മാരായ ബ്രസീലും ഉൾപ്പെട്ടിരുന്നു.. 3-1നാണ് ബ്രസീലിനെ പോർച്ചുഗൽ വീഴ്ത്തിയത്. ക്വാർട്ടർ ഫൈനലിൽ നോർത്ത് കൊറിയയോട് 3-0ന് ആദ്യ പിന്നിലായിപ്പോയ ശേഷം പോർച്ചുഗൽ നടത്തിയ തിരിച്ചുവരവിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല... നാല് ഗോളുകളുമായി യൂസേബിയോ എന്ന ഗോളടിവീരൻ അരങ്ങ് തകർത്ത മാച്ചിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ പോർച്ചുഗൽ 5-3ൻ്റെ സ്വപ്നവിജയം നേടിയെടുത്തു.
ആ തവണത്തെ ലോക ചാംപ്യന്മാരായി മാറിയ ഇംഗ്ലണ്ടിനോട് സെമി ഫൈനലിൽ 2-1ന് തോറ്റ പോർച്ചുഗൽ ടീം.... സോവിയറ്റ് യൂണിയനെ വീഴ്ത്തി മൂന്നാം സ്ഥാനത്തോടെ ആ ദൗത്യമവസാനിപ്പിച്ചു. 9 ഗോളുകളുമായി യൂസേബിയോ ഡാ സിൽവ ഫെരേരയെന്ന അമാനുഷികനായ പോരാളി ലോകകപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയാണ് മടങ്ങിയത്. ഒരു ലോകകപ്പ് പതിപ്പിലെ എക്കാലത്തേയും മികച്ച നാലാമത്തെ മികച്ച ഗോൾവേട്ടയായിരുന്നു ഇത്.
2026 പതിപ്പിൽ രണ്ട് ഗോളുകൾ കൂടി നേടിനായാൽ യൂസേബിയോയെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പോർച്ചുഗീസ് താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറും. എന്നാലും 1966 ലോകകപ്പിൽ യൂസേബിയോ നടത്തിയ ആ അത്ഭുത പ്രകടനത്തിൻ്റെ മാറ്റ് ഫുട്ബോൾ ചരിത്രത്തിൽ ഒരിക്കലും മായാതെ തന്നെ നിലനിൽക്കും...
ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളും 2000ലെ ബാലൺ ഡിയോർ ജേതാവുമായ പോർച്ചുഗീസ് ഇതിഹാസമാണ് ലൂയിസ് ഫിഗോ. പോർച്ചുഗീസ് ഫുട്ബോളിൻ്റെ സുവർണകാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട 2006ൽ ഫിഗോയ്ക്ക് കീഴിൽ പോർച്ചുഗൽ നാലാം സ്ഥാനക്കാരായിരുന്നു. അന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി പറങ്കിപ്പടയുടെ ലോകകപ്പ് ടീമിൽ ഇടം നേടിയത്. 2002 മുതൽ തുടർച്ചയായി 7 പതിപ്പുകളിൽ യോഗ്യത നേടിയ പോർച്ചുഗൽ... പിന്നിട്ട ഏഴ് പതിറ്റാണ്ടിനിടയിൽ ആകെ 9 വേൾഡ് കപ്പുകളിൽ കളിക്കാനാണ് യോഗ്യത നേടിയിട്ടുള്ളത്.
കരിയറിലെ ആറാമത്തെ ലോകകപ്പ് പതിപ്പിൽ പന്തു തട്ടാനായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കുറി യുഎസിൽ എത്തിയിരിക്കുന്നത് (2006, 2010, 2014, 2018, 2022, 2026). ലോകകപ്പ് കരിയറിൽ 22 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 2006ൽ ജർമനിയിൽ നടന്ന ലോകകപ്പിൽ പോർച്ചുഗൽ നാലാം സ്ഥാനക്കാരാക്കിയതാണ് ക്രിസ്റ്റ്യാനോയുടെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം.
എന്നാൽ ഗോളുകളുടെ എണ്ണമെടുത്താൽ... 2018ലെ റഷ്യൻ ലോകകപ്പിൽ സ്പെയിനിനെതിരെ ഒരു ഹാട്രിക് അടക്കം നാലു ഗോളുകൾ നേടിയതാണ് ലോകകപ്പിലെ മികച്ച പ്രകടനം. 2022 ഖത്തർ ലോകകപ്പിൽ ഘാനയ്‌ക്കെതിരെ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടിയതോടെ, അഞ്ച് വ്യത്യസ്ത ലോകകപ്പ് ടൂർണമെൻ്റുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ പുരുഷ ഫുട്ബോളറായി CR7 മാറിയിരുന്നു...
മെയ്ദീരയിൽ ജനിച്ച രാജാവിൻ്റെ കിരീടാരോഹണവേളയാണ് ഇനി... അയാൾക്കായി പോർച്ചുഗൽ സ്ക്വാഡിൽ ജീവൻ കൊടുത്തും ലോകകപ്പ് നേടേണ്ടതുണ്ട്... ഫുട്ബോൾ എന്താണെന്ന് പോലുമറിയാത്ത ഇടങ്ങളിലും ലോക ഫുട്ബോളിൻ്റെ അടയാളമായി മാറിയ ക്രിസ്റ്റ്യാനോയ്ക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകാൻ ഈ ടീമിന് കെൽപ്പുണ്ട്... ഫിഫ റാങ്കിങ്ങിലെ അഞ്ചാം സ്ഥാനക്കാരായ പോർച്ചുഗലിന് 1966ലേയും 2006ലേയും സുവർണകാലത്തെ അനുസ്മരിപ്പിക്കുന്നൊരു സ്ക്വാഡ് ഡെപ്ത്ത് ഇക്കുറി ഉണ്ടെന്നതാണ് ഏറ്റവും ആവേശം പകരുന്ന കാര്യം!
41കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സ്ക്വാഡിനായി ഇക്കുറി തന്ത്രങ്ങൾ ഒരുക്കുന്നത് കോച്ച് റോബർട്ടോ മാർട്ടിനസാണ്. ഇരുവരുടേയും കോംപിനേഷനിൽ പോർച്ചുഗൽ 2025ൽ യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടിയിരുന്നു.
ടാക്ടിക്സിലെ വൈവിധ്യമാണ് മാർട്ടിനസ് അണിയിച്ചൊരുക്കുന്ന പോർച്ചുഗീസ് സ്ക്വാഡിൻ്റെ കരുത്ത്... അറ്റാക്കിങ്ങിനേയും പൊസഷൻ ഫുട്ബോളിനേയും സഹായിക്കുന്ന 4-3-3 അല്ലെങ്കിൽ ഡിഫൻസീവായ 3-4-2-1 എന്ന ഫോർമേഷനിലാണ് പോർച്ചുഗൽ കളിക്കാറുള്ളത്. ജോവോ നെവെസിനും മാത്യൂസ് നൂനെസിനും ഒരേ മാച്ചിൽ തന്നെ ഫുൾ ബാക്കുകളായും മിഡ് ഫീൽഡർമാരായും തിളങ്ങാൻ കഴിയും... സമാനമായി ജോവോ കാൻസെലോയ്ക്കും ഡിയോഗോ ഡാലറ്റിനും ഇരു ഫ്ലാങ്കുകളിലും മാറി മാറി കളിക്കാനും സാധിക്കും... മിഡ് ഫീൽഡ് മജീഷ്യന്മാരായ ബ്രൂണോ ഫെർണാണ്ടസിനും ബെർണാർഡോ സിൽവയ്ക്കും നിരന്തരം റോളുകൾ കൈമാറാനാകും. പോർച്ചുഗീസ് സ്ക്വാഡിലെ ഈ ഫ്ലൂയിഡിറ്റി എതിർ ടീമുകൾക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്നതാണ്.