മെസ്സിയുടെ പിതാവ് മരിച്ചെന്ന് തെറ്റായ വാര്‍ത്ത; മാപ്പ് പറഞ്ഞ് രാജിവച്ച് അര്‍ജന്റൈന്‍ സ്‌പോര്‍ട്‌സ് അവതാരക

സംഭവം വിവാദമാവുകയും മെസ്സിയുടെ കുടുംബം തന്നെ വാര്‍ത്തയില്‍ വ്യക്തത വരുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.
മെസ്സിയുടെ പിതാവ് മരിച്ചെന്ന് തെറ്റായ വാര്‍ത്ത; മാപ്പ് പറഞ്ഞ് രാജിവച്ച് അര്‍ജന്റൈന്‍ സ്‌പോര്‍ട്‌സ് അവതാരക
Published on
Updated on

ലോകകപ്പില്‍ അര്‍ജന്റീനയുടെ മത്സരത്തിനിടെ ലയണല്‍ മെസ്സിയുടെ പിതാവ് മരിച്ചുവെന്ന് പ്രഖ്യാപിച്ച സ്‌പോര്‍ട്‌സ് അവതാരക ലുസു ടിവിയില്‍ നിന്ന് രാജിവച്ചു. അള്‍ജീരിയക്കെതിരായ മത്സരത്തില്‍ മെസ്സി ഹാട്രിക്ക് ഗോള്‍ നേടിയതിന് പിന്നാലെയായിരുന്നു റിപ്പോര്‍ട്ടര്‍ ഫ്‌ളോറന്‍സിയ പെന മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി മരിച്ചെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സംഭവം വിവാദമാവുകയും മെസ്സിയുടെ കുടുംബം തന്നെ വാര്‍ത്തയില്‍ വ്യക്തത വരുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.

68 കാരനായ ജോര്‍ജ് മെസ്സി ആശുപത്രിയില്‍ ആണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കുടുംബം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പെന പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. പിന്നാലെ രാജി വയ്ക്കുകയായിരുന്നു.

ഓണ്‍ എയറില്‍ നില്‍ക്കുമ്പോഴാണ് പെന മെസ്സിയുടെ പിതാവ് മരിച്ചെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്. 'ഒരു ദുഃഖമുള്ള വാര്‍ത്ത പങ്കുവയ്ക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. എങ്കിലും പറയുന്നു, മെസ്സിയുടെ പിതാവ് അന്തരിച്ചു,' എന്നായിരുന്നു യുവതി നല്‍കിയത്. ലോകകപ്പിന്റെ ഇടയില്‍ മെസ്സി പോകാനൊരുങ്ങുകയാണെന്നും പെന കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കുടുംബത്തെ ഇത്രയും ദുഃഖത്തിലാഴ്ത്തിയ തെറ്റായ വാര്‍ത്ത പറഞ്ഞതില്‍ സ്വയം നാണം തോന്നുന്നുവെന്നും താന്‍ ആയിപ്പോയി അതിന്റെ വാഹക എന്നതില്‍ ഏറെ വിഷമമുണ്ടെന്നും പെന പറഞ്ഞു. 'ഈ തെറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലുസുവില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിക്കുകയാണ്. ഹൃദയത്തില്‍ നിന്ന് ഒരിക്കല്‍ കൂടി മാപ്പ് പറയുന്നു; എനിക്ക് തെറ്റുപറ്റി' എന്നും പെന പറഞ്ഞു.

News Malayalam 24x7
newsmalayalam.com