

മിയാമി: ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിലും സമനിലക്കുരുക്ക്. കഴിഞ്ഞ ലോകകപ്പിൽ അർജൻ്റീനയെ അട്ടിമറിച്ചതിൻ്റെ പെരുമയിലെത്തിയ സൗദി അറേബ്യ കരുത്തരായ യുറുഗ്വേയെ 1-1ന് സമനിലയിൽ തളച്ചു. 41ാം മിനിറ്റിൽ അബ്ദുള്ള അൽഅംരിയാണ് സൗദിയെ മുന്നിലെത്തിച്ചത്.
കോർണർ കിക്കിൽ ലഭിച്ച പന്ത് മുഹമ്മദ് കന്നോ പോസ്റ്റിലേക്ക് തട്ടിയെങ്കിലും ഗോൾ കീപ്പർ തടുത്തു. റീബൗണ്ടിലൂടെ പന്ത് അൽഅംരി വലയിലേക്ക് തട്ടിയിട്ടു, സ്കോർ 1-0. ആദ്യ പകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് സൗദി മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ യുറുഗ്വെ ആക്രമണം കടുപ്പിച്ചു. സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് നിരന്തരം സേവുകളിലൂടെ ടീമിനെ രക്ഷിച്ചു കൊണ്ടുപോയെങ്കിലും, ഒടുവിൽ 80 മിനിറ്റിൽ സമനില ഗോൾ പിറന്നു. മാക്സിമിലിയാനോ അരൗഹു ആണ് യുറുഗ്വേയുടെ സമനില ഗോൾ നേടിയത്. യുഎസിലെ മിയാമി സ്റ്റേഡിയത്തിൽ വച്ചാണ് ഈ മത്സരം നടന്നത്.