സ്കോര്‍ബോര്‍ഡ് നോക്കേണ്ട; ജപ്പാനില്‍നിന്ന് ഏറെ പഠിക്കാനുണ്ട്

ആഗോള വേദികളില്‍ വിജയിക്കാന്‍ പാരമ്പര്യം മാത്രം മതിയാകില്ല, ലക്ഷ്യബോധവും അതിനായുള്ള പരിശ്രമവും വേണമെന്ന സന്ദേശമാണ് സമുറായ് ബ്ലൂ ലോകത്തിന് നല്‍കുന്നത്.
Japan Football
ജപ്പാന്‍ ഫുട്ബോള്‍ News Malayalam 24X7
Published on
Updated on

ഓരോ ലോകകപ്പും ഫുട്ബോൾ ലോകത്തിന് പുതിയൊരു കഥ സമ്മാനിക്കാറുണ്ട്. ചിലപ്പോൾ അതൊരു താരത്തിന്റെ ഉയർച്ചയായിരിക്കും. അല്ലെങ്കില്‍ ഒരു ടീമിന്റെ അത്ഭുതക്കുതിപ്പാകും. ചിലപ്പോൾ ഒരു രാജ്യത്തിന്റെ കായിക സംസ്കാരത്തെക്കുറിച്ചാകും വലിയ ചർച്ചകള്‍. ഇത്തവണയും അത്തരത്തിലുള്ള നിരവധി മുഹൂർത്തങ്ങൾ ലോകം കണ്ടു. കുഞ്ഞൻ രാജ്യങ്ങളായ കാബോ വെർദെ, കുറസാവോ, ആഫ്രിക്കൻ ശക്തികളായ കോംഗോ, ദക്ഷിണാഫ്രിക്ക എന്നിവരുടെ പ്രകടനങ്ങൾ ലോകശ്രദ്ധ നേടി. അതില്‍ വേറിട്ടുനില്‍ക്കുന്നതാണ് ജപ്പാന്റെ ഫുട്ബോള്‍ യാത്ര. ലോകവേദിയിലേക്ക് വെറുതെ കടന്നുവന്ന ഒരു ടീമായിരുന്നില്ല സമുറായ് ബ്ലൂ. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങള്‍ പഠിച്ചെടുക്കേണ്ട ചില പാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട് ബ്ലൂ സമുറായികള്‍.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‍സായിരുന്നു ജപ്പാന്റെ എതിരാളികള്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം, 50-ാം മിനുറ്റില്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡൈക്കിന്റെ ഗോളില്‍ നെതര്‍ലന്‍ഡ്‌സ് മുന്നില്‍. ആ സന്തോഷത്തിന്റെ ആയുസ് ഏഴ് മിനുറ്റ് മാത്രമായിരുന്നു. കെയ്തോ നകാമുറയിലൂടെ ജപ്പാന്‍ ഒപ്പമെത്തി. 64-ാം മിനുറ്റില്‍ ക്രിസെന്‍സിയോ സമ്മര്‍വില്‍ നെതര്‍ലന്‍ഡ്‌സിനെ വീണ്ടും മുന്നിലെത്തിച്ചു. പോരാട്ടം മുറുകി.

മത്സരം അവസാന നിമിഷത്തിലേക്ക് കടക്കുമ്പോള്‍, ജയം നെതര്‍ലന്‍ഡ്‌സിന് ഒപ്പമാകുമെന്ന പ്രതീതി. പക്ഷേ, വിട്ടുകൊടുക്കാന്‍ ബ്ലൂ സമുറായികള്‍ ഒരുക്കമായിരുന്നില്ല. അവര്‍ നിരന്തരം നെതര്‍ലന്‍ഡ്‌സിന്റെ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. അത്തരമൊരു നിമിഷത്തില്‍, 87-ാം മിനുറ്റില്‍ ജപ്പാന് അനുകൂലമായൊരു കോര്‍ണര്‍. ജുന്യ ഇതോ കിക്കെടുക്കുമ്പോള്‍ ഫോക്സ് സ്പോര്‍ട്സ് കമന്റേറ്ററുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. "തങ്ങള്‍ക്കുള്ളതിനേക്കാള്‍ ഉയരമുണ്ടെന്നാണോ ജപ്പാന്‍ കളിക്കാര്‍ ചിന്തിക്കുന്നത്. അവര്‍ ഡച്ച് പ്രതിരോധക്കാരുടെ തലകളിലേക്ക് പന്ത് ക്രോസ് ചെയ്യുന്നത് തുടരുകയാണ്". ഒരു മിനിറ്റ് തികഞ്ഞില്ല, വീണ്ടുമൊരു കോര്‍ണര്‍ കിക്ക്. ഇക്കുറി ആ പന്ത് ഡായ്ച്ചി കമാഡയുടെ കിടിലന്‍ ഹെഡ്ഡറില്‍ വല കുലുക്കി. സ്കോര്‍ 2-2. ഫോക്സ് സ്പോര്‍ട്‌സ് കമന്റേറ്ററുടെ ശബ്ദമുയര്‍ന്നു, "അസ്റ്റോണിഷിങ് 2-2. ഞാന്‍ നേരത്തെ പറഞ്ഞ വാക്കുകള്‍ക്ക് ജപ്പാന്‍ കളിക്കാരോട് ക്ഷമ ചോദിക്കട്ടെ. അവര്‍ ആ പന്ത് ഡച്ച് വലയിലെത്തിച്ചിരിക്കുന്നു..."

രണ്ടാം മത്സരത്തില്‍ ടുണീഷ്യ ആയിരുന്നു എതിരാളികള്‍. വിസില്‍ മുഴങ്ങി നാലാം മിനുറ്റില്‍ ഡായ്ച്ചി കമാഡ ടുണീഷ്യന്‍ വല കുലുക്കി. കെയ്തോ നകാമുറയുടെ പാസിലായിരുന്നു അതിവേഗ ഗോള്‍. 31-ാം മിനുറ്റില്‍ അയാസെ ഉവേഡയുടെ ഊഴം. ആദ്യ പകുതി ജപ്പാന്‍ സ്വന്തമാക്കി. 69-ാം മിനുറ്റില്‍ ഉവേഡയുടെ അസിസ്റ്റില്‍ ജുനിയ ഇതോയും 83-ാം മിനുറ്റില്‍ അയാസെ ഉവേഡ രണ്ടാം വട്ടവും സ്കോര്‍ ചെയ്തതോടെ ജപ്പാന്‍ ഏകപക്ഷീയമായ നാലു ഗോളിന് ജയം സ്വന്തമാക്കി. ലോകകപ്പിലെ ജപ്പാന്റെ ഏറ്റവും വലിയ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്വീഡനെയാണ് അവര്‍ നേരിട്ടത്. 56-ാം മിനുറ്റില്‍ ഡെയ്‌സന്‍ മയ്‌ഡെയിലൂടെ ലീഡെടുത്തത് ജപ്പാനായിരുന്നു. എന്നാല്‍ 62-ാം മിനുറ്റില്‍ ആന്റണി എലാംഗയിലൂടെ സ്വീഡന്‍ ഒപ്പമെത്തി. മത്സരം 1-1 സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പില്‍നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്‍ റൗണ്ട് ഓഫ് തേര്‍ട്ട് ടൂവിലേക്ക് എത്തിയത്. അവിടെ എതിരാളികള്‍ ബ്രസീല്‍ ആയിരുന്നു. ആദ്യ ഗോള്‍ നേടി ലീഡ് എടുത്തെങ്കിലും, മത്സരം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ സ്വന്തമാക്കി.

Japan Football
Brazil vs Japan |ഹ്യൂസ്റ്റണിൽ കാനറികളുടെ സാംബനൃത്തം; കണ്ണീരണിഞ്ഞ് ജപ്പാൻ

ജപ്പാന്റെ ലോകകപ്പ് യാത്ര അവസാനിച്ചെങ്കിലും, അവരുടെ കാല്‍പ്പന്തുകളി അതിവേഗമാണ് ലോകത്തെ ചുറ്റുന്നത്. കളിക്കളത്തിലെ ജപ്പാന്റെ പ്രകടനങ്ങള്‍ ആകട്ടെ, ഗാലറിയില്‍ അവരെ പിന്തുണയ്ക്കുന്നവരാകട്ടെ, മത്സരം കഴിയുമ്പോള്‍ അവര്‍ സ്റ്റേഡിയം വൃത്തിയാക്കുന്നതാകട്ടെ, കോച്ച് ഹാജിമെ മൊരിയസുവിന്റെ പേപ്പറിലെ എഴുത്താകട്ടെ... എല്ലാമെല്ലാം സൈബറിടങ്ങളില്‍ വൈറലാണ്. മത്സരഫലത്തിനപ്പുറം അത് ജനശ്രദ്ധ നേടുന്നുണ്ട്. അതിനെ ആകസ്മികമായി മാത്രം കാണാനാവില്ല. നൂറ്റാണ്ടിലേക്കൊരു സ്വപ്നപാത കെട്ടി അതില്‍ നടന്നുതുടങ്ങിയൊരു രാജ്യത്തിന്റെ വളര്‍ച്ചയാണ് ആ പ്രകടനങ്ങള്‍. ഫുട്ബോളിനെ അത്ര ഗൗരവമായി കാണാതിരുന്നവരില്‍ നിന്ന് സ്കൂളിലും നഗരങ്ങളിലുമൊക്കെ പന്തു തട്ടുന്നവരുടെ കൂട്ടത്തെ കാണുന്ന തരത്തിലേക്കാണ് ആ വളര്‍ച്ച. ഒരു തലമുറ മുന്‍പ്, രാജ്യത്തിനകത്തു മാത്രം കളിച്ചൊരു സംഘവുമായാണ് ജപ്പാന്‍ ആദ്യ ലോകകപ്പിന് എത്തിയത്. പിന്നാലെയെത്തിയ തലമുറ യൂറോപ്യന്‍ ലീഗുകളില്‍ പന്തു തട്ടുന്നവരായി. കാലാന്തരത്തില്‍ കാല്‍പ്പന്തിന്റെ വിശ്വപോരില്‍ അവര്‍ സ്ഥിരം സാന്നിധ്യമായി.

വര്‍ഷം 1992. ജപ്പാന്‍ ലോകകപ്പിന് യോഗ്യത നേടുന്നതിനും ആറ് വര്‍ഷം മുന്‍പുള്ള കാലം. ഫുട്ബോള്‍ അവിടെ അത്ര വലിയൊരു ഗെയിം ആയിരുന്നില്ല. ഏറ്റവും മോശം അവസ്ഥയിലുമായിരുന്നു. ഫിഫ ലോക റാങ്കിങ് തുടങ്ങിയ വര്‍ഷത്തില്‍ ജപ്പാന്റെ സ്ഥാനം 66. അന്ന് ജപ്പാനൊരു പദ്ധതി പ്രഖ്യാപിച്ചു. നൂറു വര്‍ഷ പദ്ധതി (100-Year Vision). 2092 ലോകകപ്പ് കിരീടമായിരുന്നു അതിന്റെ ലക്ഷ്യം. ഒരു ജനത ആ വഴിയില്‍ സഞ്ചരിച്ചുതുടങ്ങി. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം, 1998ല്‍ ബ്ലൂ സമുറായ് ലോകകപ്പില്‍ വരവറിയിച്ചു. 2002ലും ടീം വിശ്വപോരിനെത്തി. അതോടെ, 2005ല്‍ അവര്‍ തങ്ങളുടെ നൂറു വര്‍ഷ പദ്ധതി പരിഷ്കരിച്ചു. 2092 ലോകകപ്പ് കിരീടം എന്നത് 2050 ലോകകപ്പ് കിരീടം എന്നാക്കി. 1998 മുതല്‍ തുടര്‍ച്ചയായി ലോകകപ്പിന് എത്തുന്നുണ്ട് ജപ്പാന്‍. 2002, 2010, 2018, 2022 ലോകകപ്പുകളില്‍ നോക്കൗട്ട് സ്റ്റേജിലെത്തി. തുടര്‍ച്ചയായി എട്ടാം തവണയാണ് അവര്‍ ലോകകപ്പിന് എത്തിയത്. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയെയും സ്പെയിനിനെയും ഞെട്ടിച്ച ജപ്പാന്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് ഷൂട്ടൗട്ടില്‍ തോറ്റാണ് പുറത്തായത്.

Japan Football
കാല്‍പ്പന്തിന്റെ സാംബാതാളം; എന്താണ് ജോഗാ ബോണിറ്റോ?

ഫുട്ബോളിലേക്ക് ശ്രദ്ധ പതിഞ്ഞതിനുശേഷം, ക്രമാനുഗതമായൊരു വളര്‍ച്ചയാണ് ജപ്പാന് സാധ്യമായത്. സുമോയിലും ബേസ്ബോളിലും മാത്രമായി ചുറ്റിത്തിരിഞ്ഞിരുന്ന ജപ്പാന്റെ കായിക മേഖല പതുക്കെ ഫുട്ബോളിനോട് അടുത്തു. 1981ല്‍ കാര്‍ട്ടൂണിസ്റ്റ് യോച്ചി തകാഹാഷി സൃഷ്ടിച്ച ക്യാപ്റ്റന്‍ സുബാസ എന്ന കോമിക് കഥാപാത്രം ഫുട്ബോളിനെ ഒരു സംസ്കാരമായി വളര്‍ത്തുന്നതിനും പങ്കുവഹിച്ചു. ഗ്രാസ് റൂട്ട് ലെവലില്‍ ഫുട്ബോള്‍ വളര്‍ന്നു. സ്കൂളിലും, കോളേജിലും അതിന് വേദികളുണ്ടായി. ആഭ്യന്തര ടൂര്‍ണമെന്റുകളും, ഫുട്‌സാല്‍ ചാമ്പ്യന്‍ഷിപ്പുകളും സംഘടിപ്പിച്ച് ഫുട്ബോളിനെ ശക്തിപ്പെടുത്തി. ഏഷ്യയിലെ മുന്‍നിര ടീമുകളിലൊന്നായി ജപ്പാന്‍ മാറി. 1992, 2000, 2004, 2011 വര്‍ഷങ്ങളില്‍ ഏഷ്യന്‍ കപ്പ് കിരീടം സ്വന്തമാക്കിയ ടീം 2019ല്‍ റണ്ണേഴ്‌സ് അപ്പായി. 2001ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലും റണ്ണേഴ്‌സ് അപ്പ് ആയിരുന്നു.

കോപ്പ അമേരിക്കയില്‍ അമേരിക്കയ്ക്കു പുറത്തുനിന്ന് പങ്കെടുക്കുന്ന ആദ്യ രാജ്യം ജപ്പാനായിരുന്നു. 1999, 2011, 2015, 2019 വര്‍ഷങ്ങളിലാണ് ടീമിന് ക്ഷണം ലഭിച്ചത്. 1999ലും 2019ലും ടീം മത്സരത്തില്‍ പങ്കാളിയായി. വനിതാ ടീമും നേട്ടങ്ങളുടെ വഴിയേ സഞ്ചരിച്ചു. 2010 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം, 2011 വനിതാ ലോകകപ്പ് കിരീടം, 2014ല്‍ ഏഷ്യാകപ്പ് കിരീടം എന്നിങ്ങനെ നേട്ടങ്ങള്‍. ഫുട്ബോള്‍ റെവലൂഷനാണ് ജപ്പാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും പരിശീലനകേന്ദ്രങ്ങളും സ്ഥാപിച്ചാണ് അവര്‍ ഫുട്ബോളിന് വളര്‍ച്ചയുണ്ടാക്കുന്നത്. 2023 മുതല്‍ ലോക റാങ്കിങ്ങില്‍ ജപ്പാന്‍ പുരുഷ ടീം 20നു താഴെ പോയിട്ടില്ല. നിലവില്‍ 18-ാം സ്ഥാനത്താണ് ജപ്പാന്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്നില്‍.

Japan Football
ലോകകപ്പിൽ വിപ്ലവം! ഇത് ആഫ്രിക്കൻ ഫുട്ബോളിൻ്റെ സുവർണ്ണകാലം

നൂറ്റാണ്ടിന്റെ ലക്ഷ്യ പ്രഖ്യാപനത്തിനു പിന്നാലെയാണ് ജപ്പാനില്‍ ജെ ലീഗ് പിറവിയെടുക്കുന്നത്. ജപ്പാന്റെ സ്വന്തം പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗ്. നൂറു കണക്കിന് ക്ലബ്ബുകള്‍, മത്സരങ്ങള്‍, മത്സരിച്ച് ശേഷി വരിക്കുന്ന കളിക്കാര്‍. അങ്ങനെയാണ് ജപ്പാനില്‍ ഫുട്ബോളിന് ഉയര്‍ച്ചയുണ്ടായത്. ഫിഫ റാങ്കിങ്ങിലെ സ്ഥാനക്കയറ്റം അങ്ങനെയുണ്ടായതാണ്. യൂറോപ്യന്‍ ലീഗിലേക്ക് ജപ്പാന്‍ കളിക്കാര്‍ എത്തുന്നതും അങ്ങനെയാണ്. ഹിഡെതോഷി നകാത ആയിരുന്നു മുന്‍ഗാമി. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ രാജ്യങ്ങളില്‍നിന്നുള്ള എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാള്‍. ബാലണ്‍ ഡിയോറിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ എഎഫ്‌സി താരമെന്ന ബഹുമതിയും സ്വന്തം. ഇന്ന്, രാജ്യത്തെ മുന്‍നിര താരങ്ങള്‍ യൂറോപ്യന്‍ ലീഗുകളില്‍ പന്ത് തട്ടുന്നുണ്ട്. സിയോണ്‍ സുസുക്കി, ഹിരോകി ഇതോ, വതാരു എന്‍ഡോ, തകെഫുസ കുബോ, ഡായ്‌ചി കമാഡ, അയാസെ ഉവേഡ എന്നിങ്ങനെ താരങ്ങള്‍ യൂറോപ്യന്‍ ക്ലബ്ബുകളില്‍ തിളങ്ങുന്നുണ്ട്.

ലോകകപ്പ് കിരീട നേട്ടം എന്ന ജപ്പാന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഇനിയും വര്‍ഷങ്ങളുടെ അകലമുണ്ട്. ആ യാത്രക്കിടയിലാണ് നേട്ടത്തിന്റെ പുതിയ നാഴികക്കല്ലുകള്‍ അവര്‍ തേടുന്നത്. ആഗോള വേദികളില്‍ വിജയിക്കാന്‍ പാരമ്പര്യം മാത്രം മതിയാകില്ല, ലക്ഷ്യബോധവും അതിനായുള്ള പരിശ്രമവും വേണമെന്ന സന്ദേശമാണ് സമുറായ് ബ്ലൂ ലോകത്തിന് നല്‍കുന്നത്. കല്ലിന്മേല്‍ കല്ല് ചേര്‍ത്തുവച്ചാണ് ജപ്പാന്‍ ഫുട്ബോളിന് അടിത്തറ കെട്ടിയിട്ടത്. അത് അത്രമേല്‍ ശക്തമാണ്, പെട്ടെന്നൊന്നും തകര്‍ന്നുപോകുകയുമില്ല.

News Malayalam 24x7
newsmalayalam.com