

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പത്ത് രാജ്യങ്ങൾ പരിശോധിച്ചാൽ അമേരിക്കയും ബ്രസീലും മാത്രമാണ് നിലവിലെ ലോകകപ്പിൽ കളിക്കുന്നത്. റഷ്യയും നൈജീരിയയും മുമ്പ് ലോകകപ്പ് കളിച്ചിട്ടുണ്ട്. ചൈനയും ഇന്തോനേഷ്യയും ചരിത്രത്തിൽ ഓരോ തവണ മാത്രമാണ് ലോകകപ്പ് വേദിയിലെത്തിയത്. എന്നാൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങൾ ഇന്നും യോഗ്യത എന്ന സ്വപ്നത്തിന് ഏറെ അകലെയാണ്.
140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയ്ക്ക് പ്രതിഭകളുടെ കുറവില്ല. എന്നാൽ ജനസംഖ്യ മാത്രം ലോകകപ്പ് കളിപ്പിക്കില്ല. അതിന് ദീർഘകാല പദ്ധതികളും മികച്ച അക്കാദമികളും നിലവാരമുള്ള ലീഗുകളും പരിശീലന സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റെഫാൻ സിമാൻസ്കിയുടെ പഠനമനുസരിച്ച്, ലോകകപ്പ് വിജയിക്കാൻ ഉയർന്ന സാമ്പത്തിക ശേഷിയും നിർണായക ഘടകമാണ്.
എന്നാൽ ബ്രസീലും അർജൻ്റീനയും ഈ കണക്കുകൾക്ക് അപവാദമാണ്. സാമ്പത്തികമായി അത്ര മുന്നിലല്ലെങ്കിലും നൂറ്റാണ്ടുകളുടെ ഫുട്ബോൾ പാരമ്പര്യവും കളി സംസ്കാരവുമാണ് അവരുടെ കരുത്ത്. വെറും 35 ലക്ഷം ജനങ്ങളുള്ള യുറുഗ്വായ് രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടിയതും അതുകൊണ്ടാണ്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ഇപ്പോഴും ആ ഫുട്ബോൾ പാരമ്പര്യവും സംവിധാനവും പൂർണമായി വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
ഇന്ത്യയിൽ ക്രിക്കറ്റിൻ്റെ അതിപ്രസരം ഫുട്ബോളിനെ പിന്നോട്ടടിക്കുന്നുവെന്ന വാദമുണ്ട്. എന്നാൽ അതൊരു കാരണം മാത്രമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ വെല്ലുവിളി രാജ്യവ്യാപകമായി നിലവാരമുള്ള അക്കാദമികളുടെയും ഗ്രാസ്‌റൂട്ട് വികസനത്തിൻ്റെയും പരിശീലന സൗകര്യങ്ങളുടെയും അഭാവമാണ്. ഐഎസ്എൽ പോലുള്ള ലീഗുകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ലോകകപ്പ് നിലവാരത്തിലേക്ക് എത്താൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.
ഇന്ത്യ മാത്രമല്ല, ബംഗ്ലാദേശ്, പാകിസ്താൻ, എത്യോപ്യ തുടങ്ങി വലിയ ജനസംഖ്യയുള്ള നിരവധി രാജ്യങ്ങളും സമാന വെല്ലുവിളികളാണ് നേരിടുന്നത്. ചില രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ചിലയിടങ്ങളിൽ ഭരണപ്രശ്നങ്ങൾ, മറ്റിടങ്ങളിൽ ദീർഘകാല പദ്ധതികളുടെ അഭാവം. നൂറ് കോടിക്കപ്പുറമുള്ള രാജ്യങ്ങൾ നോക്കി നിൽക്കെ ഒന്നര ലക്ഷവും അഞ്ച് ലക്ഷവും ജനസംഖ്യയുള്ള രാജ്യങ്ങൾ ഇത്തവണ ലോകകപ്പ് കളിക്കുകയും ചെയ്തു. ഒരു കാര്യം ഉറപ്പ് ജനസംഖ്യ കോടികളായാലും, ഇല്ലെങ്കിലും കൃത്യമായ പദ്ധതികളും നിക്ഷേപവും ഫുട്ബോൾ സംസ്കാരവും ഇല്ലെങ്കിൽ ലോകകപ്പ് എന്നത് വിദൂര സ്വപ്നമായി തുടരും.