ഞങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കുന്നു, അതുകൊണ്ട് തന്നെയാണ് ബിജെപിയെ വിമർശിക്കുന്നത്: ഐഷി ഘോഷ്

ഞങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കുന്നു, അതുകൊണ്ട് തന്നെയാണ് ബിജെപിയെ വിമർശിക്കുന്നത്: ഐഷി ഘോഷ്

“എന്റെ വോട്ടിന്റെ ബലത്തിലാണ് നിങ്ങൾ അധികാരത്തിലെത്തിയതെങ്കിൽ, എന്നോട് നിങ്ങൾക്ക് എന്തുകൊണ്ട് ഉത്തരവാദിത്തമില്ല?” എന്ന ചോദ്യം ജനങ്ങൾ ഉയർത്തിത്തുടങ്ങിയിരിക്കുന്നു. ഇത് വളരെ പ്രതീക്ഷ നൽകുന്ന ഒരു മാറ്റമാണ്.
Published on: 

എസ്എഫ്ഐ നേതാവ് ഐഷി ഘോഷുമായി ന്യൂസ് മലയാളം സീനിയർ റിപ്പോർട്ടർ ലെവിൻ കെ. വിജയൻ നടത്തിയ അഭിമുഖം

Q

നിങ്ങളുടെ പോരാട്ടം എത്രത്തോളം മുന്നോട്ട് പോയിട്ടുണ്ടെന്ന് കരുതുന്നു, ഇനി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?

A

നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. രാജ്യത്ത് പരിഹരിക്കപ്പെടാനുള്ളതായി നരവദി പ്രശ്നങ്ങളുണ്ട്.യുവാക്കളെന്ന നിലയിൽ ഞങ്ങൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. വികസനത്തിനൊപ്പം രാജ്യത്തിനാകെ മെച്ചപ്പെട്ട ഒരു ഭാവിയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയും ഏറെ പോരാടാനുണ്ട്. നിലവിൽ വോട്ടവകാശം സംരക്ഷിക്കുക എന്നതാണ് നമ്മുടെ പോരാട്ടത്തിലെ പ്രധാന വിഷയം. വിദ്യാഭ്യാസത്തിനും തൊഴിലിനുമൊപ്പം, ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് വോട്ടവകാശം വളരെ നിർണായകമാണ്.

ആ പോരാട്ടം തുടരുകയാണ്. ഞങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു, പണിമുടക്കുകൾ നടത്തുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്ത് കൺവെൻഷനുകളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുമുണ്ട്.

കാരണം, ഈ പോരാട്ടം ദേശീയ തലസ്ഥാനമായ ഡൽഹിയിൽ മാത്രം നടക്കുന്ന ഒന്നായിരിക്കരുത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പൗരന്മാർ മുന്നോട്ടുവരണം, തെരുവിലിറങ്ങണം, ജനാധിപത്യം സംരക്ഷിക്കുന്നതിനായി സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയണം. അത്തരമൊരു ജനകീയ പോരാട്ടമായി ഇത് മാറേണ്ടതുണ്ട്.

Q

ഈ പ്രതിഷേധത്തിലൂടെ എന്താണ് നേടിയെടുക്കാൻ ആഗ്രഹിക്കുന്നത്, ഇത് എങ്ങനെ അവസാനിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?

A

ജന്തർ മന്ദിർ 1.0 , ജന്തർമന്ദിർ 2.0 നമുക്ക് വലിയ കാര്യങ്ങൾ തന്നെയാണ് നേടാനായത് കഴിഞ്ഞ 12 വർഷമായി ഈ സർക്കാരിനെ വിമർശിച്ച് സംസാരിക്കാണ ആളുകൾ ഭയപ്പെട്ടിരുന്നു. അതിന് മുതിരുന്നവരെയെല്ലാം രാജ്യവിരുദ്ധരാക്കാനാണ് അവർ ശ്രമിച്ചത്. ബിജെപിയെ വിമർശിക്കുന്നതും രാജ്യത്തെ എതിർക്കുന്നതും രണ്ടും രണ്ട് കാര്യങ്ങളാണ്.ഞങ്ങൾ നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നു അതുകൊണ്ട് തന്നെയാണ് ബിജെപിയെ വിമർശിക്കുന്നത്. ഈ പ്രക്ഷോഭങ്ങളിലൂടെ കാണാൻ കഴിഞ്ഞ മാറ്റം ജനങ്ങൾ ഭയമില്ലാതെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ അവർ തുറന്ന് പറയുന്നു. വിദ്യാഭ്യസത്തെ കുറിച്ചും തൊഴിലിനെ കുറിച്ചും വരുമാനത്തെ കുറിച്ചും അവർ ചർച്ച ചെയ്യുന്നു , സ്ത്രീകൾ ലിംഗ നീതിയെ കുറിച്ച് സംസാരിക്കുന്നു. ജനങ്ങളിൽ ഭയമില്ലായ്മ വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് നമ്മുടെ പ്രതിഷേധങ്ങളിലൂടെ കൈവരിക്കാനായ പ്രധാനനേട്ടം , രണ്ടാമതായി ജനാധിപത്യത്തിന്റെ അർത്ഥത്തെ കുറിച്ച് ജനങ്ങൾക്ക് വ്യക്തമായി തുടങ്ങിയെന്നതാണ്.

അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങൾ ചോദിക്കുകയും അവർ ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്. കഴിഞ്ഞ കുറച്ച് പ്രതിഷേധങ്ങളിലൂടെ ഈ ബോധ്യം ജനങ്ങളിൽ വളർന്നുവന്നിട്ടുണ്ട്. ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും അധികാരത്തിലിരിക്കുന്നവരോട് ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. “എന്റെ വോട്ടിന്റെ ബലത്തിലാണ് നിങ്ങൾ അധികാരത്തിലെത്തിയതെങ്കിൽ, എന്നോട് നിങ്ങൾക്ക് എന്തുകൊണ്ട് ഉത്തരവാദിത്തമില്ല?” എന്ന ചോദ്യം ജനങ്ങൾ ഉയർത്തിത്തുടങ്ങിയിരിക്കുന്നു. ഇത് വളരെ പ്രതീക്ഷ നൽകുന്ന ഒരു മാറ്റമാണ്.

Q

ആർ.എസ്.എസ് (RSS) കുടുംബങ്ങളിൽ നിന്നുള്ളവർ പോലും നിങ്ങളുടെ പോരാട്ടത്തിൽ പങ്കുചേരുന്നുണ്ട്. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

A

ആർ. എസ്.എസ് രാജ്യത്തിന്റെ ജനാധിപത്യത്തിനും അഖണ്ഡതക്കും എങ്ങനെ ഭീഷണിയാകുന്നു എന്ന് മനസിലാകുന്നവർ എല്ലാം ഈ പോരാട്ടത്തിന്റെ ഭാഗമാകണം. രാഷ്ട്രീയമായി ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരായാലും നിങ്ങളോട് ഈ പോരാട്ടത്തിന്റെ ഭാഗമാകാനാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്. കാരണം നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്. വോട്ടവകാശം ഭീഷണിയിലാണെന്ന് ഞങ്ങൾ പറയുന്നത് ഇടതുപക്ഷത്തെ സംരക്ഷിക്കാൻ വേണ്ടിയല്ല. ഞാൻ ഇടതുപക്ഷത്തെ പിന്തുണക്കുന്നയാളായത് കൊണ്ടു മാത്രമല്ല ഈ പോരാട്ടം നടത്തുന്നത്. നിങ്ങൾ ഏത് പക്ഷക്കാരനാണെങ്കിലും ബിജെപിയെ ഇഷ്ടപ്പെടുന്നവരാണെങ്കിലും നിങ്ങളുടെ വോട്ടിനും അഭിപ്രായത്തിനും ഈ രാജ്യത്ത് വിലയില്ലാത്ത സാഹചര്യം ഉണ്ടായേക്കാം. ബിജെപി അനുഭാവികൾക്ക് പോലും അവരെ എപ്പോഴും അവരെ ന്യായീകരിക്കാനാവില്ല. ചിലഘട്ടങ്ങളിൽ അവർക്കും ബിജെപിയെ വിമർശിക്കണമെന്ന് തോന്നിയേക്കാം. അപ്പോൾ എന്താണ് അവസ്ഥ , പാർലമെന്റിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവർ മാത്രമാകും ഉണ്ടാകുക.

നമ്മുടെ രാജ്യം അത്തരം ഒരു സ്ഥിതിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു രാജ്യം ഒരു പാർട്ടി എന്ന നിലയിലേക്ക്. വിവിധ രാഷ്ട്രീയ പാർട്ടികളും വ്യത്യസ്ഥ അഭിപ്രായങ്ങളുമുള്ള ജനാധിപത്യമാണ് നമ്മൾ ഉയർത്തിപ്പിടിച്ചത്. വൈവിധ്യങ്ങൾ നിറഞ്ഞ ജനാധിപത്യമാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ, നിരവധി ബി.ജെ.പി മന്ത്രിമാരുടെയും എം.എൽ.എമാരുടെയും മക്കൾ പോലും ഈ പ്രതിഷേധങ്ങളിൽ പങ്കുചേരുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. തങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച സർക്കാരിൽ നിന്ന് അവർ പ്രതീക്ഷിച്ചത് ഇത്തരമൊരു രാജ്യമായിരുന്നില്ലെന്ന് അവരും മനസ്സിലാക്കുന്നുണ്ട്.

നമുക്കെല്ലാവർക്കും വേണ്ടത് ആരോഗ്യകരമായ സംവാദങ്ങൾ നടക്കുന്ന ഒരു രാജ്യമാണ്. രാഷ്ട്രീയമായ ആഭിമുഖ്യങ്ങൾ വ്യത്യസ്തമാണെങ്കിലും നമുക്ക് പരസ്പരം വിയോജിക്കാനാകണം. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് ശത്രുതാപരമായി പെരുമാറേണ്ടതില്ല. ഒരാൾക്ക് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരിക്കാം. ആ അഭിപ്രായം നമുക്ക് കേൾക്കാം, അതിനോട് വിയോജിക്കാം, എന്നിട്ടും പരസ്പരം സഹവർത്തിത്വത്തോടെ ജീവിക്കാം. അതാണ് നമ്മൾ ആഗ്രഹിക്കുന്ന ജനാധിപത്യം.

Q

സർക്കാരിനെ എതിർക്കുന്ന കാര്യത്തിൽ വിദ്യാർഥികൾ മുൻകൈ എടുക്കുന്നതായും, രാഷ്ട്രീയ പാർട്ടികൾ അവരെ പിന്തുടരുന്നതായും കാണാം. ഈ മാറ്റത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

A

വിദ്യാർഥികൾക്കും യുവാക്കൾക്കും എല്ലാക്കാലത്തും പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾന എന്തെങ്കിലും അസാധരണമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് ഞാൻ കരുതുന്നില്ല. 2016ലും 2017ലും വലിയ പ്രക്ഷോഭങ്ങൾ രാജ്യത്ത് നടന്നു. കഴിഞ്ഞ 10 വർഷമായി ഇത്തരം പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു ഞാൻ. ഒരുഘട്ടത്തിൽ സമൂഹത്തിലെ ചില വിഭാഗങ്ങളുടെ പിന്തുണ മാത്രമായിരിക്കാം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ടാവുക. എന്നാൽ ഇന്ന് രാജ്യത്തെ യുവാക്കളെ കൂടുതൽ പ്രതീക്ഷയോടെ പൌരന്മാർ നോക്കി കാണുന്നു. ഇതൊരു പ്രധാനപ്പെട്ട മാറ്റമാണ്.

രണ്ടാമതായി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇന്ന് പ്രതിഷേധത്തിലാണ് എന്ന കാര്യം കാണണം. കർഷകർ സമരത്തിലാണ്, തൊഴിലാളികൾ സമരത്തിലാണ്, സ്ത്രീകളും പ്രതിഷേധത്തിലാണ്. സർക്കാരിന്റെ നയങ്ങളിൽ തൃപ്തരല്ലാത്തതുകൊണ്ടാണ് സമൂഹത്തിലെ ഓരോ വിഭാഗവും പ്രതിഷേധവുമായി രംഗത്തുവരുന്നത്.

അതുകൊണ്ട് വിദ്യാർഥികൾ മാത്രം മുന്നിട്ടിറങ്ങിയതുകൊണ്ട് വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകുമെന്ന് കരുതാനാവില്ല. യുവാക്കളെന്ന നിലയിൽ ഇത്തരം പോരാട്ടങ്ങളുടെ ഭാഗമാകാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഈ പോരാട്ടങ്ങൾക്ക് ആവശ്യമായ ഊർജം പകരാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്.

എന്നാൽ, വ്യവസ്ഥിതിയിൽ മാറ്റം കൊണ്ടുവരണമെങ്കിൽ, സർക്കാരിനെ ഉത്തരവാദിത്തമുള്ളവരാക്കണമെങ്കിൽ, ബി.ജെ.പി സർക്കാരിനെ അധികാരത്തിൽനിന്ന് മാറ്റണമെങ്കിൽ, നാമെല്ലാവരും ഒരുമിച്ച് നിന്ന് പോരാടേണ്ടതുണ്ട്.

Q

രാജ്യത്ത് ഒരു പ്രധാന മുന്നേറ്റമായി CJP വളർന്നുവരുന്നുണ്ട്, എന്നാൽ ഇതിന് വ്യക്തമായ ഒരു പ്രത്യയശാസ്ത്രം ഇല്ലെന്ന് ചില വിഭാഗങ്ങൾ അഭിപ്രായപ്പെടുന്നു. ഈ മുന്നേറ്റം വിജയിക്കുന്നതിന് ശക്തമായ ഒരു പ്രത്യയശാസ്ത്ര അടിത്തറ ആവശ്യമാണെന്ന് കരുതുന്നുണ്ടോ?

A

ഇടതുപക്ഷത്തിന് ശക്തമായ പ്രത്യയശാസ്ത്ര അടിത്തറയുണ്ടെന്നാണ് ഞാൻ കരുതുന്നത്. സി.ജെ.പി രൂപീകരിക്കപ്പെട്ടത് തന്നെ ഒരു ആക്ഷേപഹാസ്യമായിട്ടാണ്. സമൂഹമാധ്യമങ്ങളിലൂടെ സി.ജെ.പി വലിയ ജനപ്രീതി നേടുകയും ചെയ്തു. ആളുകൾക്കുള്ള പ്രതിഷേധവും നിരാശയും പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വേദി അവർ ആഗ്രഹിച്ചിരുന്നു. രാഷ്ട്രീയ സ്വഭാവമുള്ളതായി തോന്നുന്ന, വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർക്കും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കാൻ കഴിയുന്ന ഒരു വേദിയായിരുന്നു അത്.

അത്തരത്തിൽ സി.ജെ.പി ഒരു നല്ല വേദിയാണ്. യുവാക്കളുടെ ഒരു കൂട്ടായ്മയാണത്. തീർച്ചയായും, അതിന് വ്യക്തമായ ഒരു പ്രത്യയശാസ്ത്ര നിലപാടില്ല. സി.ജെ.പിയുടെ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എസ്.എഫ്.ഐയുടെ നിലപാടും വ്യക്തമാണ്. യുവാക്കളുടെ ഒരു വേദി എന്ന നിലയിലാണ് ഞങ്ങൾ സി.ജെ.പിയെ പിന്തുണയ്ക്കുന്നത്. ഈ വേദിയിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.എസ്.എഫ്.ഐ പോരാടുന്ന അതേ വിഷയങ്ങൾക്കുവേണ്ടിയാണ് സി.ജെ.പിയും പോരാടുന്നത്. മറ്റ് ഇടതുപക്ഷ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സമാനമായ വിഷയങ്ങൾ ഉയർത്തുന്നുണ്ട്. അതുകൊണ്ട്, ഇത്തരം വിഷയങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഏത് വേദിയെയും കൂട്ടായി പിന്തുണയ്ക്കാനാണ് ഞങ്ങളുടെ തീരുമാനം.

Q

പ്രതിഷേധ പരിപാടികൾ ഉക്ഷപ്പെടെ തിരക്കേറിയ സമയമാണ്, പഠനവും ഗവേഷണവും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? ഇവ രണ്ടും തമ്മിൽ ഒരുമിച്ച് കൊണ്ടുപോകുമ്പോൾ എന്തൊക്കെ വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്?

A

വളരെ പ്രസക്തമായ ചോദ്യമാണ് . ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർത്ഥി എന്ന നിലയിലും പഠനത്തിനും സാമൂഹിക പ്രവർത്തനത്തിനും ഇടയിൽ സമയം കണ്ടെത്തി മുന്നോട്ടോ പോകേണ്ടി വരുന്നു.യഥാർത്ഥത്തിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ പാടില്ല. പഠനത്തിനായി മതിയായ സമയം, ഗവേഷണത്തിനായുള്ള അവസരങ്ങൾ , അക്കാദമിക സൌകര്യങ്ങൾ നമുക്ക് ലഭിക്കേണ്ടതാണ്. എന്നാൽ ഇവയെല്ലാം ഉറപ്പാക്കുന്നതിന് വേണ്ടിയും ഇന്ന് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്നു. വോട്ടവകാശത്തിന് വേണ്ടി മാത്രമല്ല ഞാൻ സമരത്തിന് ഇറങ്ങുന്നത്. ചോദ്യപേപ്പർചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നമുക്ക് സംസാരിക്കേണ്ടി വന്നു. യുജിസി ചോദ്യപേപ്പർ ചോരുന്പോൾ ആ പരീക്ഷയെഴുതിയ ഒരാൾ എന്നനിലയിലും എനിക്ക് പ്രതിഷേധിക്കേണ്ടി വന്നു. പഠനത്തിനും ഗവേഷണത്തിനും സമയം നീക്കിവെക്കേണ്ടവർക്ക് അതിനുപകരം പ്രതിഷേധിക്കേണ്ടതായ സാഹചര്യമാണുള്ളത്. അതുകൊണ്ട് പഠനവും സമരപ്രവർത്തനങ്ങളും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഇത് വളരെ പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമായ കാര്യ തന്നെയാണ്. എന്നിരുന്നാലും, എന്റെ വിദ്യാഭ്യാസവും എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) പഠിക്കുന്നതിലൂടെ എനിക്ക് ലഭിക്കുന്ന അറിവും നേടുന്ന ബിരുദവും വ്യക്തിപരമായ നേട്ടമായി മാത്രം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഒരു പി.എച്ച്.ഡി നേടി അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക എന്നതുമാത്രമല്ല എന്റെ ലക്ഷ്യം. ഒരു വിദ്യാർഥി എന്ന നിലയിൽ ഞാൻ നേടിയ അറിവിനോട് നീതി പുലർത്തുക എന്നതാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്.

Q

നിങ്ങളുടെ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രതികാര നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

A

ഇത് എന്നെമാത്രം ബാധിക്കുന്ന കാര്യമല്ല ബിജെപിയുടെ പൌരവിരുദ്ധ നയങ്ങൾ തുറന്ന് കാട്ടാൻ ശ്രമിക്കുന്നവരെല്ലാം ലക്ഷ്യം വെയ്ക്കപ്പെടുകയാണ്. ചിലപ്പോൾ ശാരീരിക ആക്രമങ്ങളിലൂടെയാകാം , മറ്റ് ചിലപ്പോൾ ഓണലൈൻ അധിക്ഷേപങ്ങൾ നേരിടുന്നു , ചിലപ്പോൾ കേസിൽ പ്രതികളാക്കപ്പെടുന്നു , ചിലപ്പോൾ യു.എ.പി.എ ചുമതത്താനും ശ്രമിച്ചേക്കാം . പക്ഷെ ഇത്തരത്തിലുള്ള എല്ലാ വെല്ലുവിളികളെ നേരിടാനും ഞങ്ങൾ തയ്യാറാണ്.

ആളുകളെ ജയിലിൽ അടക്കുന്നതാണ് അവർ ചെയ്യുന്നത്. അശുതോഷും സൌരഭും ത്രിവർണപതാക വീശിയതിന്റെ പേരിലാണ് ജയിലിലായത്. സ്വാതന്ത്രം ലഭിച്ചതിന് ശേഷം ആദ്യമായിട്ടായിരിക്കാം ദേശീയപതാക പാറിച്ചതിന്റെ പേരിൽ ഇന്ത്യക്കാർ ജയിലിൽ പോകേണ്ടി വരുന്നത്. ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് അവർ ശ്രമിക്കുന്നത്. അതിക്രമിച്ചു കയറി എന്നതിന്റെ പേരിൽ ആളുകളെ ജയിലിൽ അടക്കുമോ , എവിടേക്കാണ് അവർ അതിക്രമിച്ചു കയറിയത് . ജന്തർ മന്ദിറിലേക്ക് അത് പൊതുജനങ്ങൾക്ക് പ്രവേശനുമള്ളയിടമാണ്. ജന്തർമന്ദിറിനടുത്തല്ലേ പ്രധാനമന്ത്രിയുടെ വീട് അവിടേക്ക് അതിക്രമിച്ച് കയറി ആരെങ്കിലും അക്രമംകാട്ടിയോ , ആരെയെങ്കിലും കൊല്ലാൻ ശ്രമിച്ചോ ?

ബിജെപി ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാനുള്ള കഴിവ് ഈ രാജ്യത്തെ ജനങ്ങൾക്ക് ഇല്ലെന്നാണോ അവർ കരുതുന്നത്. ബി.ജെ.പി ഉന്നയിക്കുന്ന ഇത്തരം വാദങ്ങൾക്ക് പ്രസക്തിയില്ലെന്ന് ജനങ്ങൾക്ക് ഇപ്പോൾ വ്യക്തമായിത്തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ആവശ്യപ്പെടുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം, തൊഴിൽ, വോട്ടവകാശം എന്നിവയാണ്. എന്നാൽ, ഈ വിഷയങ്ങളിലൊന്നും അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യാൻ രാജ്യത്തെ ജനങ്ങൾക്കുള്ള അവസരം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വോട്ടവകാശം പോലും കവർന്നെടുക്കാൻ ശ്രമിക്കുന്നത്.

Q

കേരളം ഇപ്പോൾ നിങ്ങൾക്ക് പരിചിതമായ ഒരിടമായി മാറിയിരിക്കുന്നു. കേരളത്തെക്കുറിച്ചും അവിടുത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും എന്താണ് അഭിപ്രായം?

A

എന്തുതരം പ്രതിസന്ധികൾ ഉണ്ടായാലും കേരളത്തിലെ ജനങ്ങൾ എപ്പോഴും ഐക്യത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിന്റെ ചരിത്രത്തിൽനിന്ന് വേർപെടുത്തി ഇതിനെ കാണാനാവില്ല. വർഷങ്ങളായി കേരളത്തിലെ സാമൂഹിക പ്രസ്ഥാനങ്ങളെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷം വഹിച്ച പങ്കും പ്രധാനമാണ്. ഇന്ന് കേരളത്തിൽ കാണുന്ന സമൂഹത്തെയും ഇവിടുത്തെ ജനങ്ങളുടെ നല്ല മനോഭാവത്തെയും കേരളത്തിന്റെ ചരിത്രത്തിൽനിന്നും സാമൂഹിക പ്രസ്ഥാനങ്ങളിൽനിന്നും വേർതിരിച്ചുകാണാൻ കഴിയില്ലല്ലോ. അതിന്റെ തുടർച്ചയായാണ് നാം ഇതെല്ലാം കാണേണ്ടത്. കേരളത്തിലെ ജനങ്ങളെക്കുറിച്ച് ഞാൻ ഏറെ വിലമതിക്കുന്ന ഒരു കാര്യമാണിത്.

കേരളത്തെക്കുറിച്ച് ഞാൻ ഏറെ വിലമതിക്കുന്ന മറ്റൊരു കാര്യം ഇവിടുത്തെ ജനങ്ങളുടെ ജനാധിപത്യബോധവും അതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയുമാണ്. രാജ്യം ഏതെങ്കിലും പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴെല്ലാം ജനാധിപത്യത്തെയും മതനിരപേക്ഷ മൂല്യങ്ങളെയും സംരക്ഷിക്കാൻ മുന്നിൽ നിൽക്കുന്ന ഇടങ്ങളിലൊന്നാണ് കേരളം. ജനാധിപത്യവും മതനിരപേക്ഷതയും കേവലം ഏതെങ്കിലും രേഖയിൽ എഴുതിവെച്ചിരിക്കുന്ന ആശയങ്ങൾ മാത്രമല്ല. കേരളത്തിലെ ജനങ്ങൾ അവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. നമ്മളെല്ലാവരും കേരളത്തിൽനിന്ന് പഠിക്കേണ്ട ഒരു കാര്യമാണിത്.

News Malayalam 24x7
newsmalayalam.com