ആദ്യ മലയാളി ബഹിരാകാശത്തേക്ക്! ഡോ. അനിൽ മേനോൻ്റെ ചരിത്രയാത്ര

ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടം അനിൽ സ്വന്തമാക്കാൻ ഇനി മണിക്കൂറുകൾ മാത്രം...
ആദ്യ മലയാളി ബഹിരാകാശത്തേക്ക്! ഡോ. അനിൽ മേനോൻ്റെ ചരിത്രയാത്ര
Source: ChatGPT
Published on
Updated on

ആകാശം ഒരുകാലത്ത് മനുഷ്യന് അസാധ്യമായി തോന്നിയ ലോകമായിരുന്നു. എന്നാൽ ഇന്ന് മനുഷ്യൻ പലതവണ ചന്ദ്രനിലെത്തി, ബഹിരാകാശ യാത്രകൾ നടത്തി.. ചൊവ്വയിലേക്കുള്ള യാത്രയ്ക്കായി തയ്യാറെടുക്കുകയാണ്. ആ ചരിത്രയാത്രകളിലെല്ലാം ഇന്ത്യയുടെ പേരും പലവട്ടം ഇടംപിടിച്ചു. രാകേഷ് ശർമ മുതൽ കൽപന ചൗളയും സുനിതാ വില്യംസും ശുഭാൻഷു ശുക്ലയും വരെ ഇന്ത്യയുടെ അഭിമാനം ഉയർത്തിയപ്പോൾ, ഇനി ആ പട്ടികയിൽ ഒരു മലയാളിയുടെ പേരും എഴുതപ്പെടാൻ പോകുകയാണ്. ആ പുതിയ അധ്യായം എഴുതാൻ പോകുന്നത് പാലക്കാടിന്റെ വേരുകളുള്ള ഒരു മലയാളിയാണ്... ഡോ. അനിൽ മേനോൻ.

ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന അപൂർവ നേട്ടം അനിൽ സ്വന്തമാക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഡോക്ടർ, എൻജിനീയർ, ഗവേഷകൻ, സൈനികൻ... ഇപ്പോൾ നാസയുടെ ബഹിരാകാശ സഞ്ചാരി. ചരിത്രത്തിലാദ്യമായി ബഹിരാകാശത്ത് എത്തുന്ന മലയാളി എന്ന ബഹുമതി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഡോക്ടർ അനിൽ മേനോൻ.

ആരാണ് ഡോ. അനിൽ മേനോൻ?

Source: Files

1976-ൽ അമേരിക്കയിലെ മിന്നസോട്ടയിലാണ് അനിൽ മേനോന്റെ ജനനം. പാലക്കാട് ഒറ്റപ്പാലംകാരനായ ശങ്കരൻ മേനോന്റെയും യുക്രെയ്ൻ സ്വദേശിനിയായ എലിസബത്ത് സാമൊലെങ്കോയുടെയും മകനാണ്. അമേരിക്കയിലാണ് വളർന്നതെങ്കിലും തന്റെ മലയാളി വേരുകളെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന വ്യക്തിയാണ് അനിൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മലയാളി അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ പിന്മുറക്കാരൻ കൂടിയാണ് അദ്ദേഹം.

ഒട്ടേറെയുണ്ട് നേട്ടങ്ങൾ...

അനിൽ മേനോൻ ഒരു എമർജൻസി മെഡിസിൻ ഡോക്ടറും അതേ സമയം മെക്കാനിക്കൽ എൻജിനീയറുമാണ്. അമേരിക്കൻ സ്പേസ് ഫോഴ്സിലെ കേണലായി സേവനമനുഷ്ഠിച്ച അദ്ദേഹം അഫ്ഗാനിസ്ഥാനിൽ സൈനിക ഡോക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഹിമാലയൻ റെസ്ക്യൂ അസോസിയേഷനൊപ്പം മൗണ്ട് എവറസ്റ്റ് മേഖലയിലും സേവനം അനുഷ്ഠിച്ച അനിലിന് അപകടത്തിൽപ്പെട്ട പർവതാരോഹകരുടെ ജീവൻ രക്ഷിച്ച അനുഭവസമ്പത്തുമുണ്ട്.

സ്പേസ് എക്സിലെ നിർണായക പങ്ക്

നാസയിൽ എത്തുന്നതിന് മുമ്പ് സ്പേസ് എക്സിലായിരുന്നു അനിലിന്റെ പ്രവർത്തനം. ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതികളിലൊന്നായ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യങ്ങളുടെ മെഡിക്കൽ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. Crew Dragon ദൗത്യങ്ങളുടെ പ്രധാന ഫ്ലൈറ്റ് സർജൻ ആയിരുന്ന അനിൽ, ബഹിരാകാശ യാത്രികരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന മെഡിക്കൽ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. സ്വകാര്യ ബഹിരാകാശ യാത്രകൾക്കായുള്ള മെഡിക്കൽ പ്രോട്ടോക്കോളുകൾ വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവന നിർണായകമായിരുന്നു.

നാസയിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല...

Source: Files

2021ലാണ് നാസ ദൗത്യത്തിനായി ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുത്തത്. പന്ത്രണ്ടായിരത്തിലധികം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് വെറും പത്ത് പേ‍ർ മാത്രം. ആ പത്ത് പേരിൽ ഒരാളായിരുന്നു അനിൽ മേനോൻ. എന്നാൽ ആ തെരഞ്ഞെടുപ്പ് അവസാനമല്ലായിരുന്നു, തുടക്കമായിരുന്നു. രണ്ടുവർഷത്തിലേറെ നീണ്ട അതികഠിന പരിശീലനം... റോക്കറ്റ് സംവിധാനങ്ങൾ, സ്പേസ് വാക്ക്, റോബോട്ടിക് ആം കണ്ട്രോൾ, വെള്ളത്തിനടിയിലെ ദൗത്യപരിശീലനം, സർവൈവൽ ട്രെയിനിംഗ്, റഷ്യൻ ഭാഷ... അങ്ങനെ ഒരു ബഹിരാകാശ സഞ്ചാരിക്ക് വേണ്ട എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അനിൽ തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി തയ്യാറായത്.

ആദ്യ മലയാളി ബഹിരാകാശത്തേക്ക്! ഡോ. അനിൽ മേനോൻ്റെ ചരിത്രയാത്ര
വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം; ഡെലിവറി ഏജൻ്റിനെതിരെ പരാതിയുമായി യുവതി

ഇനി ചരിത്രനിമിഷം...

Source: Files

ജൂലൈ 14-ന് കസാഖ്സ്ഥാനിലെ ബൈക്കണൂർ കോസ്മോഡ്രോമിൽ നിന്ന് സൊയൂസ് എംഎസ്-29 പേടകം കുതിച്ചുയരും. അനിൽ മേനോനൊപ്പം റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവും അന്ന കികിനയും ഈ ദൗത്യത്തിൽ പങ്കെടുക്കും. വിക്ഷേപണത്തിന് ശേഷം ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. അതിനുശേഷം തുടങ്ങുന്നത് എട്ട് മാസത്തെ അത്യപൂർവമായ ഗവേഷണയാത്രയാണ്...

ലക്ഷ്യങ്ങൾ അനവധി

ഈ എട്ട് മാസത്തിനിടെ മനുഷ്യരാശിയുടെ ഭാവിയെ സ്വാധീനിക്കുന്ന നിരവധി പരീക്ഷണങ്ങളാണ് നടക്കുക. ബഹിരാകാശത്ത് മനുഷ്യ ശരീരത്തിലെ രക്തയോട്ടം എങ്ങനെ മാറുന്നു? മൈക്രോഗ്രാവിറ്റിയിൽ മനുഷ്യകോശങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു? എഐയുടെ സഹായത്തോടെ ഭൂമിയിലെ ഡോക്ടർമാരുടെ സഹായമില്ലാതെ ചികിത്സ നടത്താനാകുമോ? സെമികണ്ടക്ടർ ക്രിസ്റ്റലുകൾ ബഹിരാകാശത്ത് കൂടുതൽ മികച്ച രീതിയിൽ നിർമ്മിക്കാനാകുമോ? ഇത്തരത്തിലുള്ള പഠനങ്ങൾ ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ സുരക്ഷിതമായി അയക്കാനുള്ള പദ്ധതികൾക്ക് നിർണായക വഴികാട്ടിയാകും.

ഭാര്യയും ബഹിരാകാശ സഞ്ചാരി

Source: Files

അനിൽ മേനോന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. 2024-ൽ സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ ദൗത്യത്തിന്റെ ഭാഗമായി അന്ന ബഹിരാകാശത്ത് എത്തിയിരുന്നു. ഇതോടെ ബഹിരാകാശത്ത് യാത്ര ചെയ്ത ദമ്പതികൾ എന്ന അപൂർവ നേട്ടവും ഈ കുടുംബം സ്വന്തമാക്കി. ഇവർക്ക് രണ്ട് മക്കളുണ്ട്.

പാലക്കാടിന്റെ മണ്ണിൽ വേരുകളുള്ള ഒരു മലയാളി നാസയുടെ ബഹിരാകാശ സഞ്ചാരിയായി ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. അനിൽ മേനോന്റെ ജീവിതം നൽകുന്ന സന്ദേശം—സ്വപ്നം കാണാൻ ധൈര്യമുണ്ടെങ്കിൽ, അതിലേക്ക് എത്താൻ കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ, ആകാശം പോലും അവസാനമല്ല എന്നതാണ്. ജൂലൈ 14ന് ചരിത്രം എഴുതപ്പെടുമ്പോൾ അത് അനിൽ മേനോന്റെ മാത്രം വിജയമല്ല. കേരളത്തിന് തന്നെ അഭിമാനനിമിഷമാണ്...

News Malayalam 24x7
newsmalayalam.com