എന്താണ് സന്തോഷം? അലാസ്‌കന്‍ കാട്ടിലേക്ക് കയറിപ്പോയ ക്രിസ് മക്കാന്‍ഡ്‌ലസ് കണ്ടെത്തിയ ഉത്തരം

മരണത്തിന് മുമ്പ് മക്കാന്‍ഡ്ലസ് അവന്റെ ഡയറിയിലെഴുതിയത് ഇങ്ങനെയായിരുന്നു, എന്റെ ജീവിതം സന്തോഷകരമയിരുന്നു, ദൈവത്തിന് നന്ദി
എന്താണ് സന്തോഷം? അലാസ്‌കന്‍ കാട്ടിലേക്ക് കയറിപ്പോയ ക്രിസ് മക്കാന്‍ഡ്‌ലസ് കണ്ടെത്തിയ ഉത്തരം
Published on

വര്‍ഷം 1992, അലാസ്‌കന്‍ കാടിന്റെ നടുവില്‍ ഉപേക്ഷിക്കപ്പെട്ട ഒരു സ്‌കൂള്‍ വാനിനകത്ത് അതീവ ദുര്‍ബലാനയ ഒരു മനുഷ്യന്‍. നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത അയാള്‍ ഒലിച്ചിറങ്ങിയ മലം തുടച്ച് വൃത്തിയാക്കി അവശതയോടെ ഒരു സ്ലീപ്പിങ് ബാഗിനുള്ളിലേക്ക് കയറിക്കിടക്കുന്നു. വാനിന്റെ ജനലിലൂടെ പുറത്ത് ആകാശം നോക്കി മരണത്തെ കാത്ത് കിടക്കുകയാണ് അയാള്‍, ജീവിക്കാന്‍ ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കില്‍ മാതാപിതാക്കളുടെ അടുത്തേക്ക് സന്തോഷത്തോടെ ഓടിയെത്തി കെട്ടിപ്പിടിക്കുന്നതാണ് അയാളുടെ മനസിലേക്ക് അവസാനമായി എത്തുന്ന ചിത്രം.

ഇന്‍ ടു ദി വൈല്‍ഡ്, 2007ല്‍ ഷോണ്‍ പെന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഈ അമേരിക്കന്‍ സിനിമയുടെ അവസാന രംഗം ഇങ്ങനെയാണ്. യാത്രയെ സ്‌നേഹിക്കുന്ന, സിനിമയെ സ്‌നേഹിക്കുന്ന, ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നവരെല്ലാം ഈ സിനിമ കണ്ടിട്ടുണ്ടാകും. ഈ സീനുകളും മനസിലുണ്ടാകും. 1996-ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്‍ ടു ദ വൈല്‍ഡ് നിര്‍മ്മിച്ചത്.

സിനിമയിലെ പ്രധാന കഥാപാത്രമായ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‌ലെസ് എന്ന ഇരുപത്തിനാല് വയസ്സുവരെ മാത്രം ജീവിച്ച ചെറുപ്പക്കാരന്‍ വിയോഗം പിന്നിട്ട് ഇന്നേക്ക് 33 വര്‍ഷം പിന്നിടുകയാണ്. അദ്ദേഹം എങ്ങനെ മരിച്ചു? മക്കാന്‍ഡ്ലസിന്റെ സാഹസിക ജീവിതവും മരണവും അതിനെ കുറിച്ച് 33 വര്‍ഷങ്ങളായി തുടരുന്ന ചര്‍ച്ചകളെ കുറിച്ചും കൂടുതല്‍ അറിയാം.

1990 ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ മെക്കാന്‍ഡ്‌ലസ് ജീവിതത്തെ കുറിച്ച് നിര്‍ണായകമായ ആ തീരുമാനമെടുക്കുകയാണ്, തുടര്‍ പഠനമോ കരിയറോ ആയിരുന്നില്ല, എല്ലാം ഉപേക്ഷിച്ചുള്ള യാത്ര. അലക്സാണ്ടര്‍ സൂപ്പര്‍ട്രാമ്പ് എന്ന പേര് അയാള്‍ സ്വീകരിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വമുള്ള കുടുംബവും കാറും കാര്‍ഡുകളുമെല്ലാം ഉപേക്ഷിച്ച് അവന്‍ തീരുമാനിച്ചു, ഇനി ഞാന്‍ സമൂഹത്തിന്റെ ചട്ടങ്ങള്‍ക്കപ്പുറം, പ്രകൃതിയോടൊപ്പം ജീവിക്കും. ആ യാത്രയിലുടനീളം അവന്‍ പലരേയും കണ്ടുമുട്ടി, അവരെല്ലാം അവന്റെ ഹൃദയത്തില്‍ അടയാളങ്ങള്‍ പതിപ്പിച്ചു. പക്ഷേ, അവിടെയൊന്നും നില്‍ക്കാതെ അവന്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു, ആസന്നമായ മരണത്തെ സ്വീകരിക്കാന്‍ അലാസ്‌കന്‍ കാടുകളിലേക്ക്.

1992 ഏപ്രിലിലാണ് മെക്കാന്‍ഡ്‌ലസ് അലാസ്‌കന്‍ കാട്ടിലെത്തുന്നത്. അവിടെ വെച്ചാണ് ആ വാന്‍ അവന്‍ കാണുന്നത്. ജീവിതത്തെ കുറിച്ചുള്ള അവന്റെ തിരിച്ചറിവുകള്‍ക്കും അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ക്കും, ഒടുവില്‍ മരണത്തിനുമെല്ലാം സാക്ഷിയായ മാജിക് ബസ് എന്ന് പേരിട്ട വാന്‍.

ഇനിയുള്ള ചുരുക്കം കാലം ഈ വാനാണ് മെക്കാന്‍ഡ്ലസിന്റെ വീട്. അവിടെയുള്ള ജീവിതം മാസങ്ങള്‍ പിന്നിട്ടതോടെ, ആവശ്യത്തിന് ഭക്ഷണം കിട്ടാതെ, വേട്ടയാടാനാകാതെ, മടങ്ങിപ്പോകാനാകാതെ ജീവിതം ദുരിതത്തിലേക്ക് നീങ്ങി. മക്കാന്‍ഡ്ലെസ് മരണപ്പെട്ട് ഏകദേശം പതിനെട്ട് ദിവസങ്ങള്‍ക്കു ശേഷം ആ വഴി വന്ന ഒരു വേട്ടക്കാരനാണ് വാനിനുള്ളില്‍ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തുന്നത്.

പട്ടിണി മൂലമാണ് മെക്കാന്‍ഡ്ലസ് മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പക്ഷേ വാനിനകത്തുണ്ടായിരുന്ന ഡയറിയില്‍ അവസാനമായി എഴുതിയതില്‍ ഒന്ന് ഇങ്ങനെയായിരുന്നു, 'സീഡ് മേക്സ് മി സിക്ക്'. ഈ വാക്കുകളാണ് പിന്നീടിങ്ങോട്ട് ഇപ്പോഴും ചര്‍ച്ചകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായത്.

അവന്‍ കഴിച്ചത് വിഷമുള്ള കാട്ടു കിഴങ്ങിന്റെ വിത്തായിരുന്നോ? അതല്ലെങ്കില്‍ എന്തെങ്കിലും ഫങ്കസ് ആയിരുന്നോ? അതോ ആദ്യം കരുതിയത് പോലെ പട്ടിണിയോ? ഇന്നും അവന്റെ യഥാര്‍ത്ഥ മരണ കാരണം അവ്യക്തതകള്‍ നിറഞ്ഞതും ദുരൂഹവുമായി തുടരുന്നു.

ഏതോ വിഷക്കായ കഴിച്ചാണ് മെക്കാന്‍ഡ്ലസിന്റെ നില വഷളായതെന്ന് വ്യക്തമാണ്. പട്ടിണി മാത്രമായിരുന്നില്ല കാരണം, ജീവന്‍ നിലനിര്‍ത്താന്‍ അവന്‍ കണ്ണില്‍ കണ്ടതും കയ്യില്‍ കിട്ടിയതുമായ എല്ലാ കായകളും ചെടികളും കഴിച്ചുകാണണം. അതിലൊന്ന് അവന്റെ ജീവനെടുക്കുകയും ചെയ്തു.

അമേരിക്കന്‍ എഴുത്തുകാരന്‍ ജോണ്‍ ക്രാകൗര്‍ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‌ലെസിന്റെ ജീവിതത്തെ കുറിച്ച് എഴുതിയ ഇന്‍ടു ദി വൈല്‍ഡ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് അതേ പേരില്‍ സിനിമയെടുത്തത്.

ജോണ്‍ ക്രാകൗറിന്റെ ആദ്യ നിഗമനമനുസരിച്ച്, ഹൈഡസിറം മക്കെന്‍സി എന്ന കാട്ടു ചെടിയുടെ വിത്തുകള്‍ മക്കാന്‍ഡ്‌ലെസ് അബദ്ധത്തില്‍ കഴിച്ചെന്നായിരുന്നു. ഈ വിത്തുകളില്‍ ബീറ്റാ-ODAP എന്ന വിഷമുള്ള അമിനോ ആസിഡ് അടങ്ങിയിട്ടുണ്ടെന്നുമായിരുന്നു. ഹൈഡസിറം മക്കെന്‍സിയില്‍ അടങ്ങിയിട്ടുള്ള വിഷ ആല്‍ക്കലോയിഡ് മക്കാന്‍ഡ്‌ലെസിനെ ദുര്‍ബലനാക്കുകയും നടക്കാനോ വേട്ടയാടാനോ കഴിയാത്ത അവസ്ഥയിലുമാക്കി. ഇത് പട്ടിയിണിയിലേക്ക് നയിക്കുകയും മരണകാരണമാവുകയും ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.

ഹൈഡസിറം മക്കെന്‍സിയോട് സാദൃശ്യമുള്ള മറ്റൊരു ചെടി കൂടിയുണ്ട്. ഹൈഡസിറം ആല്‍പിനം. കാഴ്ചയില്‍ ഒരുപോലെയിരിക്കുന്ന ഈ രണ്ട് ചെടികളും വേര്‍തിരിച്ചറിഞ്ഞില്ലെങ്കില്‍ മരണത്തിന് വരെ കാരണമാകും. ആല്‍പിനം ഭക്ഷ്യയോഗ്യമാണെന്നാണ് ശാസ്ത്രസാഹിത്യത്തിലും ഭക്ഷ്യയോഗ്യമായ സസ്യങ്ങളെക്കുറിച്ചുള്ള ജനപ്രിയ പുസ്തകങ്ങളിലും വിശേഷിപ്പിക്കപ്പെടുന്നത്.

മക്കാന്‍ഡ്‌ലെസിന്റെ കൈവശമുണ്ടായിരുന്ന ഫീല്‍ഡ് ഗൈഡില്‍ ഈ ചെടിയെ എങ്ങനെ തിരിച്ചറിയാമെന്ന് വ്യക്തമായി പറഞ്ഞിട്ടുള്ളതിനാല്‍ ക്രാകൗറിന്റെ വാദത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പത്യേകിച്ച് അലാസ്‌കയില്‍.

ഇന്റു ദ വൈല്‍ഡ്' പ്രസിദ്ധീകരിച്ച ശേഷം, ക്രാക്കൗറിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലര്‍ മക്കാന്‍ഡ്‌ലെസിന്റെ ആത്മാന്വേഷണത്തെ പ്രശംസിച്ചപ്പോള്‍, മറ്റു ചിലര്‍ അദ്ദേഹത്തെ വിവരദോഷിയും തയ്യാറെടുപ്പില്ലാത്തവനുമായി വിമര്‍ശിച്ചു.

പക്ഷെ, 2012 ല്‍ റൊണാള്‍ഡ് ഹാമില്‍ട്ടണ്‍ എന്ന എഴുത്തുകാരന്‍ നടത്തിയ ഗവേഷണം ക്രാക്കൗറിന്റെ സിദ്ധാന്തത്തെ ഒരു പരിധിവരെ ശരിവെക്കുന്നതായിരുന്നു. ഭക്ഷ്യയോഗ്യമെന്ന് കരുതിയിരുന്ന ഹൈഡസിറം ആല്‍പിനത്തിന് വിഷമുണ്ടെന്ന് ഹാമില്‍ട്ടണ്‍ വാദിച്ചു. മരണത്തിനു മുമ്പ് മക്കാന്‍ഡ്‌ലെസില്‍ കണ്ട ലക്ഷണങ്ങളും ന്യൂറോലാത്തിറിസം എന്ന രോഗത്തിന്റെ ലക്ഷണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു ഹാമില്‍ട്ടണിന്റെ കണ്ടെത്തല്‍. ലാത്തിറസ് ജനുസ്സിലെ ചില പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെ മനുഷ്യ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ് ന്യൂറോലാത്തിറിസം.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ റൊമാനിയന്‍ നിയന്ത്രണത്തിലായിരുന്ന ഉക്രെയ്നിലെ വാപ്നിയാര്‍ക്ക ക്യാമ്പില്‍ റൊമാനിയന്‍ ജൂത തടവുകാരെ വിഷമുള്ള പുല്ല് തീറ്റിച്ചതിനെ കുറിച്ച് രേഖകളുണ്ട്. ഛഉഅജ എന്ന വിഷം, കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതും പോഷകാഹാരക്കുറവുള്ളതുമായ യുവാക്കളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന ഹാമില്‍ട്ടന്റെ കണ്ടെത്തല്‍ നിര്‍ണായകമായിരുന്നു. ഇത് മക്കാന്‍ഡ്ലെസ് ഡയറിയിലെഴുതിയ വാക്കുകളുമായി ഒത്തുപോകുന്നതാണ്.

മക്കാന്‍ഡ്‌ലെസിന്റെ മൃതദേഹത്തിനടുത്തു നിന്നും കണ്ടെത്തിയ ഡയറിയും ഫോട്ടോഗ്രാഫുകളും സൂചിപ്പിക്കുന്നത് 1992 ജൂണ്‍ 24 മുതല്‍ ഹൈഡസിറം ആല്‍പിനം ചെടിയുടെ വേരുകള്‍ അദ്ദേഹത്തിന്റെ ദൈനംദിന ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമായി മാറിയെന്നാണ്. ജൂലൈ 14 ന് അദ്ദേഹം ഇതിന്റെ വിത്തുകള്‍ വിളവെടുത്ത് കഴിക്കാന്‍ തുടങ്ങി. ഒരു ഫോട്ടോയില്‍ ഈ വിത്തുകള്‍ നിറച്ച ബാഗും കാണാം.

ജുലൈ 30 ന് മക്കാന്‍ഡ്ലെസ് അദ്ദേഹത്തിന്റെ ഡയറിയില്‍ എഴുതിയത് വളരെ ദുര്‍ബലനാണെന്നും എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ലെന്നുമാണ്. ആ ഉരുളക്കിഴങ്ങ് വിത്തിന്റെ പ്രശ്നമാണിതെന്നും അതികഠിനമായ വിശപ്പും പേടിയാകുന്നുവെന്നും എഴുതിയിരുന്നു. ഈ കുറിപ്പിന് മുമ്പ്, അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന ഒന്നും ജേണലില്‍ ഉണ്ടായിരുന്നില്ല, പക്ഷേ, അദ്ദേഹത്തിന്റെ ഫോട്ടോകളില്‍ അവന്‍ ഭയാനകമാംവിധം മെലിഞ്ഞതായി കാണാം. ഛഉഅജ എന്ന വിഷം കാലക്രമേണ കാലുകളുടെ ചലനം നിയന്ത്രിക്കുന്ന ഞരമ്പുകളെ നശിപ്പിക്കുകയും, ബലഹീനതയിലേക്ക് നയിക്കുകയും ചെയ്യും.

വാനില്‍ കഴിഞ്ഞ മൂന്ന് മാസത്തോളം സമീപ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച ചെറു ജീവികളും സസ്യങ്ങളും കൂണുകളുമായിരുന്നു മക്കാന്‍ഡ്ലസിന്റെ ഭക്ഷണം. ഇതുമൂലം തന്നെ ശരീരം വളരെ ദുര്‍ബലമായിരുന്നു. ഇതിനിടയില്‍ ഹൈഡസിറം ആല്‍പിനം വിത്തുകള്‍ കൂടി കഴിച്ചു തുടങ്ങിയതോടെ അവന്‍ കൂടുതല്‍ ക്ഷീണിച്ചു. അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്ന് മൂന്നാഴ്ചയ്ക്കു ശേഷമുള്ള മരണത്തിലൂടെ വ്യക്തമായി എന്നായിരുന്നു തെളിവുകള്‍ നിരത്തി ഹാമില്‍ട്ടണിന്റെ പഠനത്തില്‍ പറയുന്നത്.

ഇതോടെ, മക്കാന്‍ഡ്ലെസിന്റെ മരണത്തെ കുറിച്ച് ആദ്യം എഴുതിയ നിഗമനത്തിലുണ്ടായ പാകപ്പിഴകള്‍ ക്രാക്കൗര്‍ ഏറ്റുപറഞ്ഞു. താന്‍ ജോലി ചെയ്തിരുന്ന ഔട്ട്‌സൈഡ് മാഗസിന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മക്കാന്‍ഡ്‌ലെസിന്റെ മരണത്തിന്റെ ദുരൂഹമായ സാഹചര്യങ്ങളെക്കുറിച്ച് ക്രാക്കൗര്‍ ആദ്യം എഴുതുന്നത്. വളരെ പെട്ടെന്ന് തയ്യാറാക്കിയ ആദ്യ ലേഖനത്തില്‍, ആല്‍പിനം കഴിക്കാന്‍ സുരക്ഷിതമാണെന്ന് സാര്‍വത്രികമായി വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍, വിഷാംശം ഉള്ളതായി കരുതപ്പെടുന്നതും ഹൈഡസിറം ആല്‍പൈനത്തില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമുള്ളതുമായ ഹൈഡസിറം മക്കെന്‍സി എന്ന മധുരമുള്ള കാട്ടു പയറിന്റെ വിത്തുകള്‍ മക്കാന്‍ഡ്ലസ് തെറ്റായി കഴിച്ചെന്ന് അനുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു ആ ഏറ്റുപറച്ചില്‍.

ഹാമില്‍ട്ടന്റെ സിദ്ധാന്തം സ്ഥിരീകരിക്കാന്‍, ക്രാക്കൗര്‍ കാട്ടു കിഴങ്ങുചെടിയുടെ വിത്തുകള്‍ പരിശോധനയ്ക്ക് അയച്ചു. ഈ പരിശോധനയില്‍ വിത്തുകളില്‍ ബീറ്റാ-ഛഉഅജ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പുതിയ കണ്ടെത്തലുകള്‍ മക്കാന്‍ഡ്ലെസിന്റെ മരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ്, അദ്ദേഹത്തിന്റേത് സാധാരണ പട്ടിണി മരണമായിരുന്നില്ല. വിഷബാധയേറ്റ് അദ്ദേഹത്തിന് ഭക്ഷണം തേടാനോ, നടക്കാനോ, അവിടെ നിന്ന് രക്ഷപ്പെടാനോ കഴിഞ്ഞില്ല. അറിവില്ലായ്മയായിരുന്നു അദ്ദേഹത്തിന്റെ മരണകാരണം. കാട്ടു കിഴങ്ങുചെടിയുടെ വിത്തുകള്‍ക്ക് വിഷമുണ്ടെന്ന് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സസ്യങ്ങളെ കുറിച്ചുള്ള ബുക്കില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍, അദ്ദേഹം ഒരുപക്ഷേ രക്ഷപ്പെടുമായിരുന്നു.

എന്തായാലും ക്രിസ്റ്റഫര്‍ മക്കാന്‍ഡ്ലസ് എന്ന അലക്സാണ്ടര്‍ സൂപ്പര്‍ട്രാമ്പ് വളരെ ചെറുപത്തില്‍ ഇരുപത്തിനാലാം വയസില്‍ അതിസങ്കീര്‍ണമായ സാഹചര്യത്തില്‍ മരണപ്പെട്ടു. ആ മരണത്തെ കുറിച്ച് പല ചര്‍ച്ചകളും പഠനങ്ങളും ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു, പക്ഷെ, എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്, കോളേജ് പഠനം കഴിഞ്ഞ് മരണം വരെയുള്ള രണ്ട് വര്‍ഷം മക്കാന്‍ഡ്‌ലസ് നേടിയ അനുഭവങ്ങളുടെ നൂറിലൊന്നു പോലും ഈ പ്രായം വരെ ജീവിച്ച നമ്മളില്‍ പലര്‍ക്കും ഉണ്ടാകണമെന്നില്ല.

മരണത്തിന് മുമ്പ് മക്കാന്‍ഡ്ലസ് അവന്റെ ഡയറിയിലെഴുതിയത് ഇങ്ങനെയായിരുന്നു, എന്റെ ജീവിതം സന്തോഷകരമയിരുന്നു, ദൈവത്തിന് നന്ദി. അവസാനമായി എടുത്ത സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ സെല്‍ഫ്പോട്രെയ്റ്റില്‍ അസ്ഥികള്‍ ഉന്തി ശോഷിച്ച നിലയിലായിരുന്നു സൂപ്പര്‍ട്രാമ്പ് ഉണ്ടായിരുന്നത്, പക്ഷെ, മുഖത്ത് ശാന്തമായ ഒരു പുഞ്ചിരിയും.

സന്തോഷം മനുഷ്യബന്ധങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത് എന്നത് തെറ്റായ കാഴ്ച്ചപ്പാടാണെന്ന് സിനിമയിലെവിടെയോ അവന്‍ പറയുന്നുണ്ട്, പക്ഷെ, സ്വാതന്ത്ര്യവും അര്‍ത്ഥവും തേടിയുള്ള ജീവിതയാത്രയ്ക്കൊടുവില്‍ സന്തോഷം സത്യമാവുന്നത് പങ്കുവെക്കപ്പെടുമ്പോഴാണ് എന്ന തിരിച്ചറിവ് മാജിക് ബസ്സിലെ ഏകാന്ത ജീവിതത്തിലൂടെ അയാള്‍ പങ്കുവെക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com