

നമ്മൾ മലയാളികൾക്ക് ഒരു സ്ഥിരമേൽവിലാസമുണ്ടായിട്ട് 70 വർഷമെത്തിയിരിക്കുന്നു! സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം തിരുവിതാംകൂറും കൊച്ചിയും മലബാറും കാസർകോഡും ചേർന്ന് കേരളം എന്ന ഭൂപടം വരച്ചുചേർത്ത ദിവസം... അതായിരുന്നു നവംബർ 1. ആ ദിവസം ഒരു വലിയ പുസ്തകത്തിന്റെ അവസാനത്തെ വിളംബരം മാത്രമായിരുന്നു. അതിനു പിന്നിൽ, നൂറ്റാണ്ടുകളോളം മനുഷ്യർ ചോരയും വിയർപ്പും ഒഴുക്കി എഴുതിയ ഒരു വലിയ ചരിത്രമുണ്ട്... ഈ നാട് യഥാർത്ഥത്തിൽ പിറവിയെടുത്തത്, 'മനുഷ്യൻ' എന്ന പദവിക്ക് വേണ്ടി ജനം പടവെട്ടിയപ്പോഴാണ്.
മാറുമറയ്ക്കാനുള്ള പ്രാഥമിക അവകാശത്തിനായി പത്തൊമ്പതാം നൂറ്റാണ്ടിൽ ചാന്നാർ സ്ത്രീകൾ നടത്തിയ ചോരപുരണ്ട ചെറുത്തുനിൽപ്പിൽ,1893-ൽ സവർണ്ണ മാടമ്പിമാരുടെ വിലക്കുകളെ കാറ്റിൽപ്പറത്തി, വെങ്ങാനൂരിലെ പൊതുവഴിയിലൂടെ അയ്യങ്കാളി തന്റെ വില്ലുവണ്ടി ഓടിച്ചപ്പോൾ, ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി ജാതിക്കോമരങ്ങളുടെ നെഞ്ചിൽ കനലുകൾ കോരിയിട്ടപ്പോൾ, വൈക്കത്തും ഗുരുവായൂരിലും പാലിയത്തും മനുഷ്യർ വഴിനടക്കാനായി തെരുവിൽ അടി വാങ്ങിയപ്പോൾ, അവിടെയൊക്കെയാണ് കേരളം എന്ന സങ്കൽപ്പം ജനങ്ങളുടെ ഉള്ളിൽ രൂപപ്പെടാൻ തുടങ്ങിയത്.
കേരള ചരിത്രം മാറ്റിയെഴുതിയ ആ ഒരൊറ്റ വെട്ട്
"രാഷ്ട്രീയപരമായി 'ഐക്യകേരളം' എന്ന ആശയം ഔദ്യോഗികമായി മുന്നോട്ടുവരുന്നത് 1928-ൽ പയ്യന്നൂരിൽ നടന്ന ചരിത്രപ്രസിദ്ധമായ കോൺഗ്രസ് സമ്മേളനത്തിലാണ്. അന്ന് ജവഹർലാൽ നെഹ്റു പങ്കെടുത്ത ആ സമ്മേളനം ഭാഷാടിസ്ഥാനത്തിൽ ഒരു പുതിയ സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടു. കെ.പി.സി.സി. ഈ ആവശ്യം ഉയർത്തിപ്പിടിച്ചു. കൊച്ചി മഹാരാജാവ് ഐക്യകേരള സങ്കൽപ്പത്തോട് അനുകൂലമായി നിലപാട് സ്വീകരിച്ചു. മലബാറിലെ ദേശീയ നേതാക്കൾ അതിനായി കൈകോർത്തു. എന്നാൽ, തെക്ക് തിരുവിതാംകൂറിൽ കഥ തികച്ചും വിപരീതമായിരുന്നു. തിരുവിതാംകൂറിനെ സ്ത്രീകൾ ഭരിച്ചു, വ്യവസായം വന്നു, റോഡുകൾ വന്നു എന്നൊക്കെ പറഞ്ഞ് ഒരു 'ക്ഷേമരാഷ്ട്ര'മായി വെള്ളപൂശാൻ ചിലർ ശ്രമിക്കാറുണ്ട്. എന്നാൽ യാഥാർത്ഥ്യം അതായിരുന്നില്ല. വലിയ വരുമാനവും തുറമുഖങ്ങളും ഉണ്ടായിരുന്നെങ്കിലും സാധാരണ ജനങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ഉയർന്ന കരം അടയ്ക്കുന്ന, വലിയ ഭൂസ്വത്തുള്ള പണക്കാർക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ... സർക്കാർ സർവീസിൽ ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് അഞ്ച് രൂപയിൽ കൂടുതൽ ശമ്പളമുള്ള ജോലി പോലും നിഷേധിച്ചിരുന്നു. അതാണ് ഈഴവ മെമ്മോറിയലിന്റെ മുഖ്യ ആവശ്യമായി പോലും മാറിയത്. അവിടെയാണ് സർ സി.പി. രാമസ്വാമി അയ്യർ എന്ന ഏകാധിപതി സർവ്വ പ്രതാപങ്ങളോടെയും ഭരണം കയ്യാളുന്നത്."
സർ സി.പി.യുടെ ‘അമേരിക്കൻ മോഡൽ
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ സമയം, കേരളം കണ്ട ഏറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമം... അരിയില്ല, തുണിയില്ല, മണ്ണെണ്ണയില്ല. ജനങ്ങൾ കഞ്ഞിവെച്ചു കുടിക്കാൻ പോലും വകയില്ലാതെ പട്ടിണി കിടക്കുന്നു. തദ്ദേശീയ വ്യവസായങ്ങളെയും നാഷണൽ ക്വയിലോൺ ബാങ്ക് പോലുള്ള സ്ഥാപനങ്ങളെയും സി.പി. നശിപ്പിച്ചു. മൈലാപ്പൂർ സംഘത്തിന് തിരുവിതാംകൂറിന്റെ സമ്പത്ത് തുറന്നുകൊടുത്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, 1946-ൽ സി.പി. ഒരു പുതിയ ആശയം മുന്നോട്ടുവെച്ചു — 'അമേരിക്കൻ മോഡൽ' ഭരണം!
എന്തായിരുന്നു ഈ അമേരിക്കൻ മോഡൽ? പേര് മാത്രമേ അമേരിക്കൻ മോഡൽ ഉള്ളൂ; അതിൽ ജനാധിപത്യവുമില്ല, പ്രായപൂർത്തി വോട്ടവകാശവുമില്ല. രാജാവിനും ദിവാനും ചോദ്യം ചെയ്യാനാവാത്ത വീറ്റോ അധികാരം... ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രഖ്യാപനം — 1947 ആഗസ്റ്റ് 15-ന് ബ്രിട്ടീഷുകാർ പോയാൽ, തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരില്ല! അതൊരു 'സ്വതന്ത്ര തിരുവിതാംകൂർ' ആയി നിലനിൽക്കും. ഐക്യകേരളം പോയിട്ട്, സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാകാൻ പോലും വിസമ്മതിച്ച ആ സ്വേച്ഛാധിപത്യത്തിനെതിരെയാണ് കേരളത്തിന്റെ തൊഴിലാളി വർഗ്ഗം പടയ്ക്കിറങ്ങിയത്".
1946 ഒക്ടോബർ – പുന്നപ്ര-വയലാറിലെ ചോരക്കളം
പാവപ്പെട്ട കർഷക തൊഴിലാളികളെ തെങ്ങിൽ കെട്ടിയിട്ട് മർദിക്കുന്ന ഫ്യൂഡൽ മാടമ്പിമാർ. മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മീനിന്റെ സിംഹഭാഗവും പിടിച്ചുപറ്റുന്ന കൊള്ളമുതലാളിമാരും പള്ളികളും. ഈ അടിച്ചമർത്തലുകൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സംഘടിച്ചു. 1946 ഒക്ടോബർ, ചേർത്തലയിലും അമ്പലപ്പുഴയിലുമായി തൊഴിലാളി ക്യാമ്പുകൾ ഉയർന്നു... അവർ ആവശ്യപ്പെട്ടത് 'അമേരിക്കൻ മോഡൽ അറബിക്കടലിൽ, സ്വതന്ത്ര തിരുവിതാംകൂർ വേണ്ട, ഞങ്ങൾക്ക് വേണ്ടത് പ്രായപൂർത്തി വോട്ടവകാശവും ഉത്തരവാദ ഭരണവും ' എന്നതായിരുന്നു. ഒക്ടോബർ 24 മുതൽ 27 വരെയുള്ള ദിവസങ്ങൾ കേരള ചരിത്രത്തിൽ മറക്കാനാവാത്ത അധ്യായമായിരുന്നു... പുന്നപ്രയിലും തുടർന്ന് വയലാറിലും പട്ടാളം വെടിയുതിർത്തു... ആധുനിക തോക്കുകളുമായി നിന്ന തിരുവിതാംകൂർ പൊലീസിന്റെയും പട്ടാളത്തിന്റെയും മുന്നിലേക്ക് ആ മനുഷ്യർ ഓടിക്കയറിയത് കവുങ്ങ് തടി കീറിയുണ്ടാക്കിയ വാരിക്കുന്തങ്ങളുമായിട്ടായിരുന്നു! പൊലീസ് ക്യാമ്പുകൾ ആക്രമിക്കപ്പെട്ടു. അഞ്ഞൂറിലധികം മനുഷ്യർ വെടിയേറ്റു വീണു. ക്യാമ്പുകളിൽ ചോരപ്പുഴ ഒഴുകി. വയലാറിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. പുന്നപ്ര-വയലാർ വെറുമൊരു സമരമായിരുന്നില്ല; ഈ നാടിന്റെ ജനാധിപത്യത്തിനും ഐക്യത്തിനും വേണ്ടി താഴെത്തട്ടിലുള്ള പാവപ്പെട്ട മനുഷ്യർ നൽകിയ ഏറ്റവും വലിയ രക്തബലിയായിരുന്നു അത്."
ചരിത്രം മാറ്റിയെഴുതിയ ആ ഒരൊറ്റ വെട്ട്
"പുന്നപ്ര-വയലാറിലെ കൂട്ടക്കൊലയ്ക്ക് ശേഷവും സി.പി രാമസ്വാമി അയ്യർ തന്റെ നിലപാടിൽ മാറ്റം വരുത്തിയില്ല. സ്വതന്ത്ര തിരുവിതാംകൂറുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം ആവർത്തിച്ചു. അപ്പോഴാണ് കേരള ചരിത്രത്തെ മാറ്റിമറിച്ച ആ നിർണ്ണായക ദിനം വന്നെത്തുന്നത് — 1947 ജൂലൈ 25. സ്വാതി തിരുനാൾ സംഗീത കോളേജിലെ കച്ചേരി കഴിഞ്ഞ് കാറിലേക്ക് കയറാൻ പോയ ദിവാൻ സി.പി.യുടെ അടുത്തേക്ക് ഇരുട്ടിൽ നിന്ന് കെ.സി.എസ് മണി എന്ന ചെറുപ്പക്കാരൻ പാഞ്ഞടുത്തു. അയാളുടെ കൈവശമുണ്ടായിരുന്ന കൊടുവാൾ ദിവാന്റെ മുഖത്തും കഴുത്തിലും ആഞ്ഞുപതിച്ചു. ഇരുട്ടിന്റെ മറവിൽ മണി ഓടിരക്ഷപ്പെട്ടു. ദിവാൻ തലനാരിഴയ്ക്കാണ് ജീവനോടെ രക്ഷപ്പെട്ടത്. ചരിത്രകാരന്മാർ ചോദിക്കുന്ന ഒരു വലിയ ചോദ്യമുണ്ട്. അന്ന് ആ കൊടുവാൾ വീണില്ലായിരുന്നെങ്കിലോ? ഒരുപക്ഷേ തിരുവിതാംകൂർ, കശ്മീരോ ഹൈദരാബാദോ പോലെ രക്തരൂക്ഷിതമായ മറ്റൊരു സംഘർഷഭൂമിയാകുമായിരുന്നു. എന്നാൽ, ആ ഒരൊറ്റ വെട്ടോടെ സി.പി.യുടെ സ്വതന്ത്ര തിരുവിതാംകൂർ എന്ന വ്യാമോഹം തകർന്നു തരിപ്പണമായി. ദിവസങ്ങൾക്കുള്ളിൽ മഹാരാജാവ് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ സമ്മതം മൂളി... സി.പി. അപമാനിതനായി നാടുവിട്ടു.... തുടർന്ന് തിരു-കൊച്ചി ലയനത്തിലും, ഒടുവിൽ ഭാഷാടിസ്ഥാനത്തിലുള്ള കേരള രൂപീകരണത്തിലും സ്വധീനിച്ചത് കെ.സി.എസ്. മണിയുടെ ആ ഒരൊറ്റ വെട്ടായിരുന്നു.
ജനസമൂഹത്തെ കോർത്തിണക്കിയ മലയാളം
പല ഭരണങ്ങളാൽ പങ്കുവെക്കപ്പെട്ട്, അതിർത്തികളാൽ വേർപിരിഞ്ഞുനിന്ന ഒരു ജനതയെ ഒരൊറ്റ വികാരമായി കോർത്തിണക്കിയത് 'മലയാളം' എന്ന മാതൃഭാഷയായിരുന്നു... 1947-ലെ തൃശ്ശൂർ ഐക്യകേരള സമ്മേളനത്തിൽ ശ്രീ കേരളവർമ്മയുടെ സാന്നിധ്യത്തിൽ മുഴങ്ങിയ ആ ഐക്യത്തിന്റെ വിളി, തിരുവിതാംകൂറും കൊച്ചിയും ലയിച്ച 'തിരു-കൊച്ചി' രൂപീകരണത്തിലൂടെ മുന്നോട്ടുനീങ്ങി. എങ്കിലും മലബാർ, മദ്രാസ് പ്രസിഡൻസിയിൽ അതിരുകൾക്കപ്പുറം ശേഷിച്ചപ്പോൾ, പൂർണ്ണതയ്ക്കായുള്ള മലയാളിയുടെ കാത്തിരിപ്പ് വീണ്ടും തുടർന്നു. ഒടുവിൽ, ഫസൽ അലി കമ്മീഷന്റെ ശുപാർശയോടൊപ്പം ആ ചരിത്രനിമിഷം പിറന്നു—1956 നവംബർ ഒന്ന്! മലബാറും തിരു-കൊച്ചിയും കാസർഗോഡും ഹൃദയംകൊണ്ട് കൈകോർത്തപ്പോൾ അറബിക്കടലിന്റെ തീരത്ത് ഒരു മഹാവിസ്മയം ഉദയം ചെയ്തു; കേരളം!
അന്ന് നടന്നത് കേവലം അതിർത്തികൾ വരച്ചുചേർത്ത ഒരു ഭൂപട നിർമ്മാണം മാത്രമായിരുന്നില്ല. വ്യത്യസ്ത ഭരണസംവിധാനങ്ങളുടെ കീഴിൽ കഴിഞ്ഞിരുന്ന ഒരു ജനതയെ ഒരൊറ്റ സംസ്കാരത്തിന്റെ, ഒരൊറ്റ മാതൃഭാഷയുടെ പേരിൽ ഏകോപിപ്പിച്ച വിപ്ലവകരമായ രാഷ്ട്രീയ പരിണാമമായിരുന്നു... ആ പോരാട്ട സ്മരണകളെ നെഞ്ചിലേറ്റുമ്പോഴാണ് 'കേരളപ്പിറവി' എന്ന വാക്കിന് ജീവനും തിളക്കവും ഉണ്ടാകുന്നത്.