

ജനഗണമനയുടെ തത്തുല്യമായ പ്രോട്ടോക്കോള്‍ വന്ദേമാതരത്തിനും നല്‍കുന്ന നടപടികളില്‍ ആണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും അതിന് മുന്‍പ് വന്ദേ മാതരം ആറ് ചരണങ്ങള്‍ ആലപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിൻ്റെ മാര്‍ഗനിര്‍ദേശം ഇറങ്ങിയിരിക്കുന്നു. 10 പേജ് വരുന്ന മാര്‍ഗനിര്‍ദേശത്തില്‍ 1937ല്‍ കോണ്‍ഗ്രസ് ഒഴിവാക്കിയ നാലു പദ്യഭാഗങ്ങള്‍ ചേര്‍ത്ത് വന്ദേ മാതരത്തിലെ ആറു പദ്യ ഭാഗങ്ങളും ആലപിക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ വര്‍ഷവും ഇതുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്ന പശ്ചാത്തലം കൂടി നോക്കുമ്പോള്‍ പുതിയ നിര്‍ദേശം വിവാദത്തിനു വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
വന്ദേമാതരത്തില്‍ ഒരുങ്ങുന്നോ വിഭജന രാഷ്ട്രീയം...
വന്ദേമാതരം ദേശീയ ഗീതമായതിന് സവിശേഷമായൊരു ചരിത്ര പശ്ചാത്തലമുണ്ട്. 1870കളോടെ, ബ്രിട്ടീഷ് സാമ്രാജ്യം അതിൻ്റെ രാജകീയ ഉപചാരങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി.'ബ്രിട്ടീഷ് മഹാറാണി നീണാല്‍ വാഴട്ടെ'.'ദൈവത്തിൻ്റെ കൃപാകടാക്ഷം ബ്രിട്ടീഷ് സിംഹാസനത്തിന്‍മേല്‍ ചൊരിയട്ടെ' എന്നുതുടങ്ങിയ ഉപചാരവാക്യങ്ങള്‍ ഇന്ത്യാക്കാര്‍ ഉപയോഗിക്കണം എന്നവര്‍ നിര്‍ബന്ധമാക്കി. പൊതുയോഗങ്ങള്‍ തുടങ്ങും മുമ്പ്, വിദ്യാലയങ്ങളില്‍, ഔദ്യോഗിക ഒത്തുകൂടലുകളില്‍ ഒക്കെ ഇത് നിര്‍ബന്ധിത ഉപചാരമാക്കി. രാഷ്ട്രീയമായ നിര്‍ബന്ധത്തിനപ്പുറം അഭിമാനം കെടുത്തുന്ന ആത്മീയ കീഴടങ്ങലായാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി ഇതിനെ കണ്ടത്. ആ പ്രതിഷേധമാണ് വന്ദേമാതരം എന്ന ദേശഭക്തി ഗീതത്തിൻ്റെ രൂപത്തില്‍ രചിക്കപ്പെട്ടത്. ബംഗാളിലെ തെരുവോരങ്ങളില്‍ നിന്ന് രാജ്യം മുഴുവനത് പ്രതിധ്വനിച്ചു.ഭഗത്സിംഗും രാജ്ഗുരുവും സുഖ്‌ദേവും ജയിലറയ്ക്കുള്ളില്‍ ആ വരികള്‍ എഴുതിവച്ചു. 1905ല്‍ ബംഗാള്‍ വിഭജന നീക്കമുണ്ടായപ്പോള്‍ ടാഗോള്‍ വന്ദേമാതരം ചൊല്ലി തെരുവിലിറങ്ങി. നേതാജി ഐഎന്‍എയുടെ മാര്‍ച്ചിംഗ് സോംഗായി തെരഞ്ഞെടുത്തു. 1937ലെ കോണ്‍ഗ്രസ് സമ്മേളനം വന്ദേമാതരത്തെ ദേശീയ ഗീതമാക്കി. ഒടുവില്‍ ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ജനഗണമനയെ ദേശീയ ഗാനമായും വന്ദേമാതരത്തെ ദേശീയ ഗീതമായും ഔദ്യോഗികമായി അംഗീകരിച്ചു.
ബംഗാളി ദേശീയതയില്‍ നിന്നുയിര്‍ന്ന ഗീതം
ബംഗാളി എഴുത്തുകാരനായ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ 'ആനന്ദമഠം' എന്ന നോവലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗാന ഭാഗമായിരുന്നു വന്ദേ മാതരം. ബങ്കിം ചന്ദ്ര ചാറ്റര്‍ജി തൻ്റെ സാഹിത്യജീവിതത്തിൻ്റെ തുടക്കത്തില്‍ ലിബറല്‍ ബംഗാളി ഹിന്ദു ബുദ്ധിജീവികളുടെ ഗണത്തില്‍പ്പെട്ടിരുന്ന എഴുത്തുകാരനായിരുന്നു. എന്നാല്‍ ആനന്ദമഠം എന്ന വിവാദ നോവല്‍ എഴുതപ്പെട്ട കാലഘട്ടത്തോടെ അദ്ദേഹം തികഞ്ഞ യാഥാസ്ഥിതികതയിലേക്ക് ചുവടുമാറുന്നതായി കാണാം. പഠാന്മാരടക്കം ബംഗാളി മുസ്ലിങ്ങള്‍ കൂടി ഉള്‍പ്പെട്ട ബംഗാളി ദേശീയതയില്‍ നിന്നും ഹിന്ദു ദേശീയതയിലേക്കുള്ള മാറ്റമാണ് ആനന്ദ മഠത്തിലൂടെ അനാവൃതമായത്. ആ മാറ്റം ഇന്ത്യയുടെ ദേശീയതയ്ക്കും ജനതയുടെ ഐക്യത്തിനും സ്വാതന്ത്ര്യ സമരത്തിനും നേരെ ഉയര്‍ത്തുന്ന വെല്ലുവിളി രബീന്ദ്രനാഥ് ടാഗോറും സുഭാഷ് ചന്ദ്രബോസുമടക്കം ദേശീയ നേതാക്കളും സാഹിത്യകാരന്മാരും തിരിച്ചറിയുകയും അകലം പാലിക്കുകയും ചെയ്തിരുന്നുവെന്ന വാദം പലരും മുന്നോട്ടുവെക്കുന്നുണ്ട്. എങ്കിലും വന്ദേ മാതരം എന്ന അതിമനോഹരമായ ഗീതത്തിൻ്റെ മനോഹാരിതയെയും ശക്തിയെയും ഇതൊന്നും ചോര്‍ത്തിക്കളയുന്നില്ല. ബങ്കിം ചാറ്റര്‍ജിയുടെ വന്ദേമാതരം ഗീതത്തില്‍ ആദ്യ രണ്ട് പദ്യഭാഗത്തിന് ശേഷം വരുന്ന ഭാഗങ്ങളില്‍ ഇന്ത്യയെ ഹൈന്ദവ ദേവീ സങ്കല്‍പ്പത്തിലാണ് പ്രതീകവത്കരിക്കുന്നത്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവി സങ്കല്‍പങ്ങളെ നാടിൻ്റെ കാവലാളുകളായി സങ്കല്‍പിച്ചുള്ള സ്തുതികള്‍ ഇവയിലുണ്ട്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഏകദൈവ വിശ്വാസത്തോട് ഇത് പൊരുത്തപ്പെടുന്നില്ല എന്നൊരു ആശങ്ക ദേശീയപ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നു. 1937-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പതിനൊന്ന് പ്രവിശ്യകളില്‍ ആറെണ്ണത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴാണ്, എം.എ. ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് ശക്തമായി പ്രതിഷേധിച്ച ഗാനത്തിന് ദേശീയ ഗാനത്തിൻ്റെ പദവി ലഭിച്ചത്. ഈ ചരിത്രമാണ് ഇപ്പോള്‍ എട്ട് പതിറ്റാണ്ടിനിപ്പുറം ബിജെപി വിവാദമാക്കുന്നത്.
വന്ദേമാതരം മാര്‍ഗരേഖയില്‍ പറയുന്നത്..
2025 ഡിസംബറില്‍ പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിനിടെ വന്ദേ മാതരം പത്ത് മണിക്കൂറോളം നീണ്ട ചൂടേറിയ ചര്‍ച്ചയായിരുന്നു. വന്ദേ മാതരത്തിലെ ചില ഭാഗങ്ങള്‍ 1937ല്‍ ഒഴിവാക്കിയെന്നും ഇതാണ് വിഭജനത്തിൻ്റെ വിത്തുകള്‍ പാകിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചത് വിവാദമാകുകയും ചെയ്തു. അന്നത്തെ വിവാദങ്ങളുടെ തുടര്‍ച്ചയാണ് ഇന്നിറങ്ങിയ മാര്‍ഗരേഖ. ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കൻ്റും ദൈര്‍ഘ്യമുള്ള വന്ദേ മാതരം ആലപിക്കണമെന്ന് മാര്‍ഗരേഖ പറയുന്നു. വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍ ന്യൂസ് റീല്‍, ഡോക്യുമെൻ്ററി സിനിമാ പ്രദര്‍ശനം എന്നിവിടങ്ങളില്‍ വന്ദേ മാതരം പ്ലേ ചെയ്യുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ല. സ്‌കൂള്‍ അസംബ്ലികളിലും വന്ദേ മാതരം ആലപിക്കാന്‍ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിര്‍ബന്ധമായും ഇനി മുതല്‍ വന്ദേ മാതരം ആലപിക്കണം. ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിൻ്റെയും പ്രചാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. ഇതുവരെ വന്ദേ മാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല.
വന്ദേ മാതരം രാഷ്ട്രീയ ആയുധമാകുമ്പോള്‍
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന, രാഷ്ട്രീയമോ മതപരമോ ആയ സൂചനകള്‍ ഇല്ലാത്ത ഗാനം എന്ന നിലയിലാണ് ജനഗണമന ദേശീയ ഗാനമായത്. അതേ വേളയില്‍ തന്നെ സ്വാതന്ത്ര്യസമരകാലത്ത് വിപ്ലവാത്മക മുദ്രാവാക്യമായി മാറിയ വന്ദേമാതരത്തെ ദേശീയ ഗീതമായും നിലനിര്‍ത്തി. ദേശീയ ഗാനത്തിന് തത്തുല്യമായ പ്രോട്ടോക്കോള്‍ പരിധിയില്‍ ഇപ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് വന്ദേമാതരം വന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. ഭരണഘടനയുടെ 51 ാം വകുപ്പില്‍ ഭേദഗതി വരുത്തി, ദേശീയഗാനത്തിനൊപ്പം വന്ദേമാതരത്തേയും ആദരിക്കുന്നത് പൗരൻ്റെ മൗലിക കടമയായി ഉള്‍പ്പെടുത്തുക. വന്ദേമാതരം ആലപിക്കാതിരിക്കുകയോ അനാദരവ് കാട്ടുകയോ ചെയ്താല്‍ ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തടയുന്ന 1971ലെ നിയമം അനുസരിച്ച് തടവും പിഴയും ചുമത്തുക തുടങ്ങി നടപടികളിലേക്ക് കടക്കുകയാണ് മോദി സര്‍ക്കാര്‍. എന്തുകൊണ്ട് മോദി സര്‍ക്കാര്‍ വിസ്മരിക്കപ്പെട്ട ചരിത്രം ചികഞ്ഞ് പുറത്തിടുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. സാതന്ത്ര്യസമരത്തില്‍ ജാതി, മത, ഭാഷാ, വംശ, വര്‍ണ ഭേദമന്യേ എല്ലാ ഇന്ത്യക്കാരെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു വന്ദേ മാതര ഗാനാലാപനത്തിന് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ആ ഗാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും വിദ്വേഷ പ്രചാരണത്തിനുമുള്ള ആയുധമാക്കി മാറ്റാനാണ് മോഡി-സംഘ്പരിവാര്‍ നേതൃത്വത്തിൻ്റെ ശ്രമം.
ഏപ്രിലില്‍ വരാനിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പ് ഒരു കാരണമാണ്. അതിലുപരി നെഹ്‌റുവിൻ്റെ മുസ്‌ലിം പ്രീണന നടപടികള്‍ വിവാദമാക്കുമ്പോള്‍ സ്വാഭാവികമായും രാഹുല്‍ഗാന്ധിക്കുള്ള വിമര്‍ശനം കൂടി ആകുമല്ലോ. മറ്റ് മതസ്ഥരുടെ വിശ്വാസ ലംഘന ദേശീയ ഗീത ഭാഗങ്ങള്‍ നിര്‍ബന്ധമായി അംഗീകരിപ്പിക്കുക എന്നത് ആര്‍.എസ്.എസ് -സംഘപരിവാര്‍ സംഘങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകനല്‍കുന്നുണ്ട് . യു.എസ് വാണിജ്യ കരാറും എപ്‌സ്റ്റീന്‍ കരാറും ചര്‍ച്ചയാകുന്നതിന് ഇടക്ക് കുറച്ച് ദേശീയത കൂടി ചര്‍ച്ചക്കിരിക്കട്ടെ എന്ന് തോന്നിയിട്ടുണ്ടാകും. ഏതായാലും അതിദേശീയതാ വികാരങ്ങള്‍ കടത്തിവിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യുന്ന ഭരണകൂട സമീപനങ്ങള്‍ ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല.