ശരിതെറ്റുകള്‍ക്കിടയിലെ ജീവിതവും വിയോജിപ്പുകളുടെ രാഷ്ട്രീയവും

അമ്മയെക്കുറിച്ചുള്ള മകളുടെ ഓർമക്കുറിപ്പ് പ്രതീക്ഷിച്ചെത്തുന്നവരെ തെല്ലൊന്ന് അമ്പരപ്പിച്ചേക്കാം. അമ്മ മകൾ ബന്ധത്തിന്റെ മനോഹാരിതയോ, ഊഷ്മളതയോ, ലാളനകളുടെ ഗൃഹാതുരത്വമുണർത്തുന്ന കഥകളോ ഇല്ല.
അരുന്ധതി റോയ്
അരുന്ധതി റോയ്Source; News Malayalam 24X7
Published on

ബാല്യകാല ട്രോമകളും, ജീവിതത്തിലെ പ്രതിസന്ധികളുമെല്ലാം ആശങ്കകളായി പിന്തുടരുകയെന്നാൽ അത് സ്വാഭാവികമാണ്. അത്തരം ജീവിതാനുഭവങ്ങളെ, ഒരു ഘട്ടത്തിൽ നമ്മൾ മികച്ചതെന്ന് കരുതിയിരുന്ന നമ്മെ തന്നെ ആകെ മാറ്റിപ്പണിയുന്ന, അല്ലെങ്കിൽ ഉടച്ചുകളയുന്ന മനുഷ്യരേയുമെല്ലാം പിന്നീടുള്ള ജീവിതത്തിന്റെ രൂപപ്പെടലിന് അടിത്തറയായി വായിച്ചെടുക്കാനും അടയാളപ്പെടുത്തുവാനും കഴിയുകയെന്നാൽ നിസാരമല്ല. അരുന്ധതി റോയ് എന്ന വിഖ്യാത എഴുത്തുകാരി കുറിച്ചിട്ട ഓർമപ്പുസ്തകത്തിൽ ഒരു വ്യക്തിയുടെ ജീവിതാനുഭവം മാത്രമല്ല മറിച്ച് അവരെ ഒരു വ്യക്തിയാക്കി പരുവപ്പെടുത്തിയ ജീവിതങ്ങളെക്കൂടിയാണ് .

മദർ മേരി കംസ് ടു മി. അമ്മയെക്കുറിച്ചുള്ള മകളുടെ ഓർമക്കുറിപ്പ് പ്രതീക്ഷിച്ചെത്തുന്നവരെ തെല്ലൊന്ന് അമ്പരപ്പിച്ചേക്കാം. അമ്മ മകൾ ബന്ധത്തിന്റെ മനോഹാരിതയോ, ഊഷ്മളതയോ, ലാളനകളുടെ ഗൃഹാതുരത്വമുണർത്തുന്ന കഥകളോ ഇല്ല. കേരള ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഒരു സ്ത്രീയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ ശകലങ്ങളുണ്ട്. ആ ജീവിതത്തിലെ മടുപ്പും, വെല്ലുവിളികളും ചേർന്ന് അവരെത്തിയ പരുക്കൻ ശൈലിയുടെ ഇരകളായ കുട്ടികളുണ്ട്. അവരുടെ കൂടിച്ചേരലുകളും വേർപിരിയലുകളും വികാസ- സങ്കോചങ്ങളുമുണ്ട്. നിഷ്കളങ്കതയും, കളിചിരികളും, നിറഞ്ഞ ബാല്യകൗമാരങ്ങളിൽ നിന്നുമാറി, തിരിച്ചറിവുകളുടേയും ,ഒറ്റയ്ക്കുള്ള യാത്രകളുടേയും രേഖപ്പെടുത്തലുകൾ.

Arundathi Roy
Arundathi Roy Source; Social Media

"ഒരു കുടുംബത്തിൽ ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ജനിക്കുന്നതോടെ ആ കുടുംബം തകരുന്നു". സെസ്ലാവ് മിലോഷ് എന്ന കവിവചനം ഉദാഹരിച്ച് അരുന്ധതി തന്നെ അഭിമുഖങ്ങളിലൂടെയും മറ്റും ഒരു തകർന്ന കുടുംബം വരച്ചിട്ടിട്ടുണ്ട്. ശിഥിലമായ ബന്ധങ്ങളിലും, അസ്വാരസ്യങ്ങളിലും, സംഘർഷങ്ങളിലും എരിഞ്ഞടങ്ങാതെ നിൽക്കുന്ന കുഞ്ഞു തളിരുകൾ. അനുഭവങ്ങളുടെ തിരയിൽ അലിഞ്ഞ് ഇല്ലാതാകുന്നതിന് പകരം ഉടച്ചുവാർത്ത് പുതുജീവൻ നേടിയതിൽ ആ തളിരുകളും നാമ്പുകളും നൽകിയ പ്രചോദനം ആ ഓർമകളാണ് ഈ കുറിപ്പുകളെന്ന് തോന്നും.

കേരളത്തിലെ സുറിയാനി കൃസ്ത്യൻ സമുദായക്കാരിയായ മേരി റോയ്. സമുദായത്തിന്റെ എല്ലാ വേലിക്കെട്ടുകളേയും ഭേദിച്ച് വിവാഹമോചനം, നാട്ടിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമറിയിച്ച് തുടങ്ങിയ സ്കൂൾ, അതിനെല്ലാം പുറമേ ക്രിസ്ത്യൻ പിന്തുടർച്ചാവകാശപ്രകാരം പെണകുട്ടികളുടെ സ്വത്തവകാശം ഉറപ്പാക്കാനുള്ള പോരാട്ടം. കേരള ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തിയിട്ട അമ്മയും അവരുമായുള്ള തന്റെ ബന്ധത്തിൽ നിറങ്ങൾ കുറവായിരുന്നുവെന്ന് അരുന്ധതി ഓർക്കുന്നു.

Arundathi Roy
Arundathi Roy Source; Social Media

എല്ലാ പോരാട്ടങ്ങളും തുടരുമ്പോഴും അനുഭവങ്ങളും, ആശങ്കകളും, ആരോഗ്യാവസ്ഥയുമെല്ലാം ചേർന്ന് അവരെ വീട്ടിൽ മറ്റൊരാളാക്കി. തനിക്കും സഹോദരനും നേരിട്ട കയ്‌പ്പേറിയ അനുഭവങ്ങൾ അവർ വിവരിക്കുന്നുണ്ട്. അരുന്ധതിയിലെ എഴുത്തുകാരി അന്നേ അവയെ മനസിൽ വരഞ്ഞിട്ടിരുന്നു. പക്ഷെ അതിൽ നിന്ന് നടത്തിയ ഇറങ്ങിപ്പോക്ക്, അവരുടെ ജീവിതത്തിന്റെ രൂപപ്പെടൽ, സംഘർഷങ്ങൾ, വിജയങ്ങൾ എന്നിങ്ങനെ ഓരോ ഘട്ടത്തിലും അടിസ്ഥാനമായി ആ അനുഭവങ്ങളെ അവർ വിശകലനം ചെയ്തു. ആദ്യ നോവലായ ഗോഡ് ഓഫ് സ്മോൾ തിങ്ങ്‌സിൽ അവർ ശിഥിലമായ കുടുംബത്തിലെ ഭീകരാന്തരിക്ഷത്തെ സൂചിപ്പിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം അത് തിരിച്ചറിഞ്ഞ അമ്മയുടെ ചോദ്യവും, ഭാവമാറ്റവും പുസ്തകത്തിൽ വൈകാരികത ചോരാതെ തന്നെ പറയുന്നുണ്ട്.

Mary Roy and Arundathi Roy
Mary Roy and Arundathi Roy Source; Social Media

സംഘർഷ ജീവിതത്തിൽ തമ്മിൽ വെറുക്കപ്പെടേണ്ട മനുഷ്യർ മാത്രമെങ്കിലും അവർ നിർവചിക്കാനാകാത്ത ഒരു സ്നേഹത്താൽ പരസ്പരം കൊരുത്തിരിക്കുന്നതായി കാണാം. ശത്രുതകൾക്കും, ശകാരങ്ങൾക്കും, ഇറങ്ങിപ്പോകലുകൾക്കും ഇടയിൽ സഹോദര്യത്തിന്റെ, കൂട്ടിച്ചേർക്കലിന്റെ, പൊരുത്തപ്പെടലുകളുടെ ഒരു കണ്ണി ബാക്കിനിൽക്കുന്നു. വിട്ടുപോകലുകൾക്കോ, കൂടിച്ചേരലുകൾക്കോ അല്ലാതെ ചേർത്തു പിടിക്കാവുന്ന ചില നിമിഷങ്ങൾക്കുവേണ്ടി ബാക്കി വച്ച കണ്ണികൾ.

അധികമാരും സ്വന്തമായില്ലാതിരുന്നതിനാൽ അമ്മയിൽ മാത്രം പറ്റിപ്പിടിച്ചിരുന്ന് ഒടുവിൽ ഒരു പൊട്ടിത്തെറിയോടെ പുറത്തേക്ക് ഇറങ്ങിയ മകൾക്ക് ലഭിച്ചതാകട്ടെ ഒറ്റക്കു ജീവിക്കാൻ സ്വയം പരുവപ്പെടാനുള്ള നിർദേശങ്ങൾ മാത്രം. ശ്വാസമില്ലാതെ പിടയുന്ന മാതാവിന് ശ്വാസമാകാൻ കൊതിച്ചവൾ പിന്നീട് ഓടിയകന്നു. 16-ാം വയസിൽ വീടിന് പുറത്തേക്ക്, സ്വന്തം നാടായ അയ്മനം കടന്ന് കോട്ടയവും, കൊച്ചിയും കടന്ന് ഡൽഹിയിലേക്ക് . ഡൽഹിയിൽ കാത്തിരുന്ന അപരിചിത്വങ്ങളിലേക്കുള്ള വന്നിറങ്ങൽ, ധൈര്യം പകരുമെന്ന വിശ്വാസത്തിൽ ബാഗിൽ തിരുകിയ കത്തി മുതൽ അമ്മ പറയാതെ പറഞ്ഞ കഥകളും, അനുഭവങ്ങളും, ആശങ്കകളും അങ്ങനെയേറെയേറെ.

Mary Roy, Arundathi Roy , Lalith Roy
Mary Roy, Arundathi Roy , Lalith RoySource: Social Media

'എന്റെ ഗ്യാങ്സ്റ്റർ- അഭയം,- കൊടുങ്കാറ്റ്' എന്നാണ് അരുന്ധതി റോയ് തന്റെ അമ്മ മേരി റോയിയെ വിശേഷിപ്പിക്കുന്നത്. അവരുമായുള്ള അടുപ്പവും അകൽച്ചയും. ഒരു മനോഹരമായ കള്ളത്തിനു മുകളിൽ അവർ ആ ബന്ധം ഉറപ്പിച്ചു എന്നാണ് പറയുന്നത്. വെറുത്ത് പോകാനും, തിരിച്ചു വരാതിരിക്കാനും എല്ലാ സാധ്യതകളും നിലനിൽക്കെ എവിടെയോ കെട്ടറ്റുപോകാതെ കൊളുത്തിനിന്ന ബന്ധം. അതിന്റെ മൂല്യം തിരിച്ചറിഞ്ഞ അപൂർവങ്ങളിൽ അപൂർവമായ നിമിഷങ്ങൾ, നിറകണ്ണുകളോടെ, ഒരു വിങ്ങലോടെ മാത്രം വായിച്ച് തീർക്കാൻ കഴിയുന്ന ഭാഗങ്ങളായി പുസ്തകത്തിലുണ്ട്.

Arundathi Roy
Arundathi Roy Source; Social Media

ദി ഗോഡ് ഓഫ് സ്മോൾ തിങ്സ് , ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് തുടങ്ങി അരുന്ധതി റോയ് എന്ന എഴുത്തുകാരിയുടെ യശസുയർത്തിയ രചനകളുടെ ആഴവും പരപ്പും വേറെ തന്നെയാണ്. അതുപോലെ തന്നെ രാഷ്ട്രീയ സംവാദങ്ങളും, കൃത്യതയാർന്ന വിവരണങ്ങളോടുകൂടിയ ലേഖനങ്ങൾ വേറെയും. മദർ മേരി കംസ് ടുമി, അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നു. അമ്മയും അരുന്ധതിയുമായുള്ള ബന്ധത്തിൽ മാത്രമല്ല, മേരി റോയും അവരുടെ സഹോദരനുമായുള്ള ബന്ധത്തിലും, അരുന്ധതിയും സഹോദരനുമായുള്ള ബന്ധത്തിലും, അരുന്ധതിയുടെ ജീവിതയാത്രയിലുടനീളം പ്രതിഫലിക്കുന്ന ആർദ്രതയാർന്ന വിയോജിപ്പിന്റെ രാഷ്ട്രീയം.

യുദ്ധങ്ങൾക്കെതിരെ, സാമ്രാജ്യത്വത്തിനും ഹിന്ദുത്വത്തിനും സമൂഹത്തിലെ അനീതികൾക്കുമെതിരെ നിലയുറപ്പിച്ച ശക്തയായ അരുന്ധതിയിൽ അതേ ആർദ്രതയുടെ നിഴലുകൾ കാണാം. രാഷ്ട്രീയത്തോടും, പ്രവർത്തികളോടുമെല്ലാം വിയോജിക്കുമ്പോഴും മനുഷ്യരോടൊപ്പം എന്നതിൽ അവർ നിലയുറപ്പിക്കുന്നു. 'മദർ മേരി കംസ് ടു മി' പെൻഗ്വിനൊപ്പം പ്രസിദ്ധീകരിക്കാനുള്ള തീരുമാനം പോലും വിമർശനങ്ങളെ ക്ഷണിച്ചിടത്ത്, പ്രൊപ്പഗാണ്ടകൾ അച്ചടിച്ചവരിലൂടെ തന്നെ ഈ പോരാട്ടവും മാനുഷികമൂല്യങ്ങളും, ലോകത്തിലേക്കെത്തിക്കുന്നു എന്ന മറുപടികൾ ഉയരുന്നതിന്റെ കാരണവും ആ നിലപാടുകളായിരിക്കാം.

.16 വയസിലെ ഇറങ്ങിപ്പോക്കു മുതൽ ഡൽഹിയിലെ പഠനം, ഒറ്റയ്ക്കുള്ളയാത്രകളും, വെല്ലുവിളികളും, ആസ്വാദ്യകരമായ ജീവതം നുണയേണ്ട സമയത്ത് ദാരിദ്ര്യവും, പ്രതിസന്ധികളും നിറഞ്ഞ അരക്ഷിതമായ, അപകടകരമായ ജീവിതം. ഇരളാകാതെ സംരക്ഷിക്കപ്പെടേണ്ടവരാൽതന്നെ ഇരയായി മാറിയ ഞെട്ടിക്കുന്ന വെളിപ്പെടത്തുകൾ. പങ്കാളിയോടൊപ്പമുള്ള ജീവിതം, സിനിമ ,എഴുത്ത്, സംഭവ ബഹുലമായ ജീവിതം.

ആകെ തകർന്ന ബാല്യത്തിലും ആശങ്കകളുടെ കൗമാരത്തിലും തനിക്കുണ്ടായിരുന്ന പ്രവിലേജിനെ സ്വയം മറികടന്നാണ് അവർ പുറത്തെത്തിയത്. എല്ലാ കലഹങ്ങളും അതിനവസാനം ഒരു പൊരുത്തപ്പെടലായി മനുഷ്യ സ്നേഹത്തിൻ്റെ കണികകൊണ്ട് പരിഹരിക്കപ്പെടുന്ന അല്ലെങ്കിൽ പരിഗണിക്കപ്പെടുന്ന സ്ഥിതിയിലേക്ക് അവർ അവരെത്തന്നെ സ്വയം വളർത്തി. ഒരു കോമ്രേഡേ് ഷിപ്പ് എന്ന നിലയിലാണ് അരുന്ധതി അതിനെ കണ്ടത്. നിലനിന്നിരുന്ന അമ്മ സങ്കൽപ്പങ്ങളെയെല്ലാ അട്ടിമറിച്ച് മേരി റോയ് തന്ന ദുരനുഭവങ്ങളെ സ്വയം വളരാനുള്ള വളമായി എടുത്ത എഴുത്തുകാരി അതിനെ ഏറ്റവും പോസിറ്റീവായി വിശകലനം ചെയ്ത് മനോഹരമായി വിവരിച്ചിരിക്കുന്നു.

Arundathi Roy
Arundathi Roy Source: ഫയൽ ചിത്രം, X

എഴുത്തിൽ കിട്ടിയ പണവും, യാത്രകളുമെല്ലാം പ്രതീക്ഷിച്ചതിലും എത്രയോ വലുതെന്നാണ് അവരുടെ നിരീക്ഷണം. ആ യാത്രകളൊക്കെയും മനുഷ്യരിലേക്കും അവരുടെ അനുഭവങ്ങളിലേക്കും, പ്രതിസന്ധികളിലേക്കും കടന്നു ചെല്ലാനായതിലൂടെയാണ് അരുന്ധതി റോയ് എന്ന വ്യക്തി വ്യത്യസ്തയായത്. കാടുകളിൽ കഴിയുന്ന നക്സലുകൾക്കിടയിലേക്ക്, ദണ്ഡകാരണ്യത്തിലെ യഥാർഥ്യങ്ങളിലേക്ക് എല്ലാം നടത്തിയ ലോക പ്രശസ്തയായ എഴുത്തുകാരിയുടെ സഞ്ചാരം ഭരണാധികാരികളെപ്പോലും മുഷിപ്പിച്ചു. കോടതി വ്യവഹാരങ്ങളിലേക്ക് വരെ നീണ്ട ആ ഭിന്നതകളേക്കുറിച്ച് അവർ പരാമർശിക്കുന്നമുണ്ട്.

സമൂഹത്തോടുള്ള അരുന്ധതിയുടെ കാഴ്ചപ്പാടിലും, ജീവിതങ്ങളോടുള്ള അനുകമ്പയിലും, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലും, രാഷ്ട്രീയ ബോധ്യങ്ങളിലുമെല്ലാം അവർ കടന്നുവന്ന കഠിനമായ വഴികളിലെ തീവ്രത കാണാനാകും. ഇംഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സാർക്കാരുമായുണ്ടായ ഭിന്നതകളെ സൂചിപ്പിക്കുന്നിടത്ത് ഐ വാസ് ആന്‍ അഡ്മൈറര്‍, ബട് നോട് എ ഡിവോട്ടീ( ഞാൻ ബഹുമാനിച്ചിരുന്നു പക്ഷെ ഭക്തിയോ ആരാധനയോ വച്ചു പുലർത്തിയിരുന്നില്ല) എന്നാണ് അവർ തുറന്നടിച്ചത്. എല്ലാ പ്രതിസന്ധികളിലും അരുന്ധതി റോയ് എന്ന എഴുത്തുകാരി അവരുടെ വഴികളും, ആ വഴികളിൽ അവരുടെ നിയമങ്ങളും പിന്തുടർന്നു. അത് മനുഷ്യരിലേക്കുള്ള യാത്രകളായിരുന്നു. സിംപതിയല്ലാത്ത് എംപതി നിറഞ്ഞ യാത്രകൾ.

ആദ്യ നോവലായ ഗോഡ് ഓഫ് സ്മോൾ തിങ്സിൽ അമ്മയെ പരാമർശിച്ച് എഴുതിയ വാചകം പോലും ഒരു ഭംഗിയുള്ള കള്ളമാണെന്ന വെളിപ്പെടുത്തലുണ്ട്. ആ തുറന്നു പറച്ചിൽ വായനക്കാരനെ ഒന്ന് കുഴപ്പിച്ചേക്കാം. എന്നാൽ അത്തരമൊരു കള്ളമാണ് അവരുടെ ബന്ധത്തെ മുന്നോട്ട് നയിച്ചതെന്നും അവർ പറയുന്നു. ആകെ ഉലച്ച സംഘർഷങ്ങളിലും, സങ്കീർണതകളിലും, തമ്മിലടികളിലും പൂർണമായി തകർന്നു പോകാതെ ബന്ധങ്ങളുടെ ഒരു കണിക നിലനിർത്തിയതും അതുപോലൊരു കള്ളത്തിലാകാം. കലങ്ങിയ ബാല്യവും, കയ്പ്പേറിയ അനുഭവങ്ങളുമാണ് തന്നെ ഒരെഴുത്തുകാരിയാക്കി മാറ്റിയെന്ന് അരുന്ധതി പറയുമ്പോൾ, നമ്മെ വാർത്തെടുത്ത അനുഭവങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണമെങ്കിലും നടത്താതിരിക്കാനാകില്ല വായനക്കാർക്കും.

Mother Mary Comes To Me- Book
Mother Mary Comes To Me- BookSource; Social Media

Gangster, Fugitives, The Cosmopolitans, The Naxalites, Walking with the Comrades തുടങ്ങി ഓരോ കുറപ്പിനും നൽകിയിരിക്കുന്ന തലക്കെട്ടകളിൽ തെളിയുന്ന ചിത്രം തന്നെയാണ് ആ യാത്രകളുടെ കഥയും കാമ്പും. അമ്മ-മകൾ ആത്മബന്ധമോ, അരുന്ധതി റോയ്, മേരി റോയ് ജീവിത കഥകളോ ആസ്വദിക്കാൻ എത്തുന്നവരെ മദർ മേരി കംസ് ടു മി നിരാശരാക്കിയേക്കും. പൊതു സമൂഹത്തിന്റെ എല്ലാ ചട്ടക്കൂടുകളേയും വെല്ലുവിളിച്ച് ചരിത്രത്തിൽ സ്വന്തം പേരെഴുതിച്ചേർത്ത, സ്വയം ഉടച്ചു വാർത്ത കരുത്തരായ രണ്ടു സ്ത്രീകളുടെ സങ്കീർണമായ ബന്ധം. അതിലൊരാളുടെ ജീവിതയാത്ര. അതിന് കരുത്ത് പകരാൻ മറ്റൊരാൾ നൽകിയ പിന്തുണയും വെല്ലുവിളിയും. ആ ഓർമകളിലൂടെയുള്ള സഞ്ചാരം മാത്രം. അതിനപ്പുറം ഒന്നുമില്ല.

എങ്കിലും വരികളിലൂടെ സഞ്ചരിക്കുമ്പോൾ മനസൊന്ന് വിങ്ങും. പിന്നെ കലങ്ങി മറിയും, അരുന്ധതിയോടൊപ്പം നടക്കുന്ന വഴികളിൽ പലപ്പോഴും ശരിതെറ്റുകളാലോചിച്ച് കുഴങ്ങും. ചിന്തിക്കും. ഒടുവിൽ തല്ലിപ്പിരിയലുകൾക്കും, കലഹങ്ങൾക്കും ഏറെ മുകളിൽ നിൽക്കുന്ന മനുഷ്യ സനേഹത്തെ, മനസിലാക്കലുകളെ, യോജിപ്പിന്റേയും വിയോജിപ്പിൻ്റയും രാഷ്ട്രീയത്തെ തൊട്ടറിയും.

Mother Mary Comes To Me- Book
Mother Mary Comes To Me- BookSource; News Malayalam 24X7

ബുക്കർ സമ്മാനം നേടിയ രാത്രി അമ്മയിൽ നിന്ന് കേട്ട വാക്കുകളിൽ കരുങ്ങി എഴുത്തുകാരി കണ്ട സ്വപ്നം നമ്മെ ഏറെ ചിന്തിപ്പിക്കും. ആഗ്രഹിച്ച പോലെ ഒരു മീനായി മാറിയേക്കാം, തന്നെ കരയിലെടുക്കുന്നവനോട് നദിയിലേക്ക് തിരികെ വിടാൻ ആവശ്യപ്പെടാം. ആ പുഴയിൽ നീന്താൻ കൊതിക്കാം. എന്നാൽ ഒരു പുഴയിൽ രണ്ടാമത് നീന്താനാകില്ലെന്ന് തിരിച്ചറിയുന്നതോടെ പതിയെപ്പതിയെ സ്വപ്നം വിട്ടിറങ്ങാം. ഒരു നെടുവീർപ്പോടെ കണ്ണുകളടച്ച് തുറന്ന്

യാഥാർഥ്യങ്ങളിലേക്കിറങ്ങിച്ചെല്ലാം.......

കഴിയുമെങ്കിൽ എല്ലാം ഒരു മനോഹര കള്ളത്തിനു മുകളിൽ തകരാതെ നിർത്താം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com