"പൗരസ്ത്യ സഭകളുടെ തലവന്മാരെ പുറത്താക്കാൻ സിനഡുകൾക്ക് അധികാരം" കത്തോലിക്കാ സഭയിൽ പരമാധികാരം ഉറപ്പിച്ച് മാർപാപ്പ

ഇന്ത്യയിൽ സീറോ - മലബാർ സീറോ - മലങ്കര (മലങ്കര കത്തോലിക്ക ) സഭകളുടെ തലവന്മാർക്ക് ഈ നിയമം നിർണായകമാകും
"പൗരസ്ത്യ സഭകളുടെ തലവന്മാരെ പുറത്താക്കാൻ സിനഡുകൾക്ക് അധികാരം" കത്തോലിക്കാ സഭയിൽ പരമാധികാരം ഉറപ്പിച്ച് മാർപാപ്പ
Published on
Updated on

കത്തോലിക്കാ സഭയിൽ പരമാധികാരം ഉറപ്പിച്ച് മാർപാപ്പയുടെ നിർണായക ഇടപെടൽ. കത്തോലിക്കാ സഭയുടെ കാനോനിക സമിതികൾക്ക് പുറത്താക്കാൻ കഴിയാത്ത കത്തോലിക്കാ സഭയിലെ ഏക സ്ഥാനം മാർപാപ്പയുടെ മാത്രമാക്കി ഉറപ്പിച്ചുകൊണ്ടാണ് പുതിയ ഭേദഗതി. പൗരസ്ത്യ സഭകളുടെ തലവന്മാരായ ബിഷപ്പിനെയും ആ സഭകളുടെ ആവശ്യമെങ്കിൽ പുറത്താക്കാം. പൗരസ്ത്യ സഭകളുടെ തലവന്മാരെ പുറത്താക്കാൻ അതാത് സിനഡ്കൾക്ക് അധികാരം നൽകിക്കൊണ്ട് മാർപാപ്പയുടെ നിർണായക ഉത്തരവ്.

പൗരസ്ത്യ സഭകളെ നിയന്ത്രിക്കാനാണ് വത്തിക്കാൻ ഇടപെടൽ. കാനോനിക നിയമം മാർപാപ്പമാർ ഭേദഗതി ചെയ്യുന്നത് അത്യപൂർവ്വ സന്ദർഭം. ആഗോള കത്തോലിക്കാ സഭ എന്നത് 24 സഭകളുടെ കൂട്ടായ്മയാണ്. അതിൽ ഏറ്റവും വലുത് ലത്തീൻ സഭയാണ്. മുൻപ് ലത്തീൻ സഭയ്ക്ക് അവാന്തര വിഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് ഒറ്റ ഘടനയായി പരിഗണിക്കപ്പെടുന്നു. റോമാ പത്രിയർക്കീസാണ് ഈ സഭയുടെ തലവൻ നിലവിൽ ആ പദവിയിൽ എത്തുന്നയാളാണ് മാർപാപ്പ.അതായത് ലത്തീൻ സഭയുടെ തലവനും മാർപാപ്പയാണ്. മറ്റ് 23 കത്തോലിക്കാ സഭകൾ പൗരസ്ത്യ സഭകളാണ്. ഇവയ്ക്ക് ഓരോന്നിനും പ്രാദേശിക സഭ ഭരണ സംവിധാനമാണ് ഉള്ളത്. ഇവയെല്ലാം വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന് കീഴിൽ മാർപാപ്പയ്ക്ക് വിധേയട്ടായിരുന്നു ഭരണം നടത്തുന്നത്.

സ്വയം ഭരണ അധികാര അവകാശത്തോടെസ്ഥാപിതമായ സഭ സിനഡുകൾ മുഖേനയാണ് ഭരണം. സഭയുടെ തലവനായി മേജർ ആർച്ച് ബിഷപ്പിനിയോ പാത്രിയർക്കീസിനെയോ, സിനഡ് തെരഞ്ഞെടുക്കും. എന്നാൽ ഈ തലവന്മാരെ മാറ്റാൻ സിനഡ്കൾക്ക് അധികാരം ഉണ്ടായിരുന്നില്ല. അതായത് ഏതാണ്ട് മാർപാപ്പയ്ക്ക് തുല്യമായ പദവിയായിരുന്നു ഈ സഭാ തലവൻമാർക്ക് ഉണ്ടായിരുന്നത്. ഇതിന് അവസാനം വന്നു. കത്തോലിക്കാ സഭയിൽ ആരാലും നീക്കം ചെയ്യാൻ കഴിയാത്ത ഏക പദവിയായി മാർപാപ്പയുടെ പദവി മാത്രം മാറി. കത്തോലിക്ക സഭ നിയമങ്ങളിൽ നിർണായക നിയമഭേദഗതി വന്നതോടെയാണ് ഇത്. പത്രിയാർക്കീസിനെ നീക്കം ചെയ്യാൻ സിനഡിന് അധികാരം നൽകി പാപ്പാ ലിയോ പതിനാലാമൻ കാനോനിക നിയമങ്ങളിൽ ഭേദഗതി വരുത്തി.

ഇന്ത്യയിൽ സീറോ - മലബാർ

സീറോ - മലങ്കര സഭകളിൽ ഭേദഗതി ബാധകമാകും. ഇതോടെം രൂക്ഷമായിരിക്കുന്ന സീറോ മലബാർ സഭയിൽ മേജർ ബിഷപ്പിനെ മാറ്റാൻ ഭൂരിപക്ഷമുള്ള കൽദായ ലോബിക്ക് ഇനി കഴിയും. സീറോ മലങ്കര സഭയിലും ഇത് ബാധകമാകും. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ഭരണത്തിൽ നിർണായക മാറ്റമാണ് പാപ്പാ ലിയോ പതിനാലാമൻ വരുത്തിയത്. കിഴക്കൻ സഭകളുടെ കാനോൻ നിയമസംഹിതയിലെ (CCEO) 106, 126 കാനോനുകൾ ഭേദഗതി ചെയ്തുകൊണ്ട് 'മുത്തുവാ കോൺകോർദിയ' (പരസ്പര ഐക്യം) എന്ന അപ്പസ്തോലിക ലേഖനം മോത്തു പ്രോപ്രിയോ (മറ്റാരുടെയും പ്രേരണയില്ലാതെ) ആയി പുറപ്പെടുവിച്ചു. സ്വയംഭരണാധികാരമുള്ള സഭയുടെ പിതാവും തലവനും സഹമെത്രാന്മാരും തമ്മിലുള്ള പരസ്പര ഐക്യം തകർന്ന്, ബന്ധം നികത്താനാവാത്ത വിധം വഷളായാൽ പരിഹാരം കാണുന്നതിനാണ് പുതിയ നിയമം.

പ്രധാന ഭേദഗതികൾ ഇങ്ങനെ:

സിനഡ് വിളിച്ചുകൂട്ടാൻ പത്രിയാർക്കീസ് വിസമ്മതിച്ചാൽ, എപ്പിസ്കോപ്പൽ പട്ടത്തിൽ ഏറ്റവും മുതിർന്ന മെത്രാന് സിനഡ് നിയമപരമായി വിളിച്ചുകൂട്ടാമെന്ന് പുതിയ കാനൻ 106 §3 വ്യക്തമാക്കുന്നു. കാനൻ 126 അനുസരിച്ച്, ഗുരുതരമായ കാരണമുണ്ടെങ്കിൽ പത്രിയാർക്കീസിനോട് പദവി ഒഴിയാൻ ആവശ്യപ്പെടാൻ സിനഡിന് അധികാരമുണ്ട്. ആവശ്യപ്പെട്ടിട്ടും ഒഴിയാതിരുന്നാൽ, സിനഡ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്ത്, രഹസ്യ വോട്ടെടുപ്പിലൂടെ പത്രിയാർക്കീസിനെ നീക്കം ചെയ്യാം. ഇതിന് വോട്ടവകാശമുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ സ്വയം പ്രതിരോധിക്കാൻ പത്രിയാർക്കീസിന് പൂർണ്ണ അവകാശമുണ്ടായിരിക്കും.

എന്നാൽ, ഈ നീക്കം ചെയ്യൽ പ്രാബല്യത്തിൽ വരാൻ റോമാ മാർപാപ്പയുടെ അനുമതി (Ascensus) നിർബന്ധമാണ്. ഇത് ആന്തരികമോ ബാഹ്യമോ ആയ സമ്മർദ്ദങ്ങൾ ഒഴിവാക്കി, മെത്രാന്മാർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവസരം ഉറപ്പാക്കാനാണെന്ന് ഭേദഗതി പറയുന്നു. പൗരസ്ത്യ സഭകളുടെ ആന്തരിക സ്വയംഭരണത്തെ മാനിച്ചുകൊണ്ടും, മെത്രാന്മാരുടെ കൂട്ടായ്മ (collegiality) ശക്തിപ്പെടുത്തിയുമുള്ള ഈ നടപടി, സഭയിലെ സിനഡൽ സ്വഭാവം കൂടുതൽ ഊട്ടിയുറപ്പിക്കുമെന്ന് വത്തിക്കാൻ വ്യക്ക്തമാക്കുന്നു. നിയമഗ്രന്ഥങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെയും പൗരസ്ത്യ സഭകൾക്കായുള്ള ഡികാസ്റ്ററിയുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് പാപ്പ തീരുമാനമെടുത്തത്.

ഈ അപ്പസ്തോലിക ലേഖനം 'L'Osservatore Romano' യിൽ പ്രസിദ്ധീകരിക്കുന്നതോടെ ഉടൻ പ്രാബല്യത്തിൽ വരും.

ഇതോടെപാപ്പയുടെ സ്ഥാനം മാത്രമാണ് ഒരു കാനോനിക സമിതിക്കും നീക്കം ചെയ്യാൻ കഴിയാത്ത ഏക പദവി.

എന്തുകൊണ്ടെന്ന് നോക്കാം:

1. പാപ്പ:

കാനൻ 1404 - "Prima Sedes a nemine iudicatur" - ഒന്നാം സിംഹാസനം (റോമാ സിംഹാസനം) ആരാലും വിധിക്കപ്പെടുന്നില്ല.

കാനൻ 332 §2 - പാപ്പയുടെ സ്ഥാനം ഒഴിവാകുന്നത് മരണം മൂലമോ, സ്വതന്ത്രമായ രാജി മൂലമോ മാത്രമാണ്. അദ്ദേഹത്തെ പുറത്താക്കാൻ സൂനഹദോസിനോ, കർദിനാൾ സംഘത്തിനോ, ഒരു ഡികാസ്റ്ററിക്കോ അധികാരമില്ല.

2. മറ്റെല്ലാവരും നീക്കം ചെയ്യപ്പെടാം:

- രൂപതാ മെത്രാൻ: പാപ്പയ്ക്ക് നീക്കം ചെയ്യാം (CIC can. 416)

- കർദിനാൾ: പാപ്പയ്ക്ക് പദവി എടുത്തുകളയാം

- പത്രിയാർക്കീസ് / മേജർ ആർച്ച്ബിഷപ്പ്: ഇന്നലെ വരെ നിയമത്തിൽ വ്യക്തമായ വ്യവസ്ഥ ഇല്ലായിരുന്നു. ഇനി മുതൽ Mutua Concordia പ്രകാരം, ഗുരുതര കാരണത്താൽ സ്വന്തം സിനഡിന് തന്നെ 2/3 ഭൂരിപക്ഷത്തോടെ നീക്കം ചെയ്യാം (പാപ്പയുടെ assensus-ഓടെ). CCEO can. 126 §4.

പത്രിയാർക്കീസിനെ സിനഡിന് നീക്കം ചെയ്യാൻ കഴിയുമെന്ന ഈ ഭേദഗതി വന്നതോടെ, സാർവത്രിക സഭയിൽ ഒരു മനുഷ്യസമിതിയുടെ വിധിക്ക് അതീതമായി നിൽക്കുന്ന ഒരേയൊരു പദവി പത്രോസിന്റെ പിൻഗാമിയുടെ സ്ഥാനം മാത്രമായി.

ആഗോള കത്തോലിക്കാ സഭയിൽ ആകെ 24 സ്വയംഭരണ സഭകൾ (sui iuris Churches) ഉണ്ട്.

അതിൽ 1 ലാറ്റിൻ സഭയും, 23 പൗരസ്ത്യ സഭകളും.

ആ 23 പൗരസ്ത്യ സഭകളെ 4 തലത്തിൽ തിരിച്ചിരിക്കുന്നു:

1. പത്രിയാർക്കൽ സഭകൾ - 6 എണ്ണം

ഇവയെയാണ് ഇന്നത്തെ Mutua Concordia നേരിട്ട് ബാധിക്കുന്നത്.

- കോപ്റ്റിക് കത്തോലിക്കാ സഭ (ഈജിപ്ത്)

- മാറോനൈറ്റ് സഭ (ലെബനൻ)

- സിറിയക് കത്തോലിക്കാ സഭ

- അർമേനിയൻ കത്തോലിക്കാ സഭ

- കൽദായ സഭ (ഇറാഖ്)

- മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ

2. മേജർ ആർച്ച് എപ്പിസ്കോപ്പൽ സഭകൾ - 4 എണ്ണം

നമ്മുടെ സീറോ മലബാർ, സീറോ മലങ്കര സഭകൾ ഈ ഗണത്തിലാണ്. നിയമപരമായി ഇവയും പത്രിയാർക്കൽ സഭകൾക്ക് തുല്യമാണ് (CCEO can. 152).

- സീറോ മലബാർ സഭ (ഇന്ത്യ) - ഏറ്റവും വലിയ പൗരസ്ത്യ സഭ

- സീറോ മലങ്കര കത്തോലിക്കാ സഭ (ഇന്ത്യ)

- ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ

- റൊമേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ

3. മെത്രാപ്പോലീത്തൻ സഭകൾ - 5 എണ്ണം

- എത്യോപ്യൻ, എറിത്രിയൻ, ഹംഗേറിയൻ, സ്ലൊവാക്, റൂത്തേനിയൻ

4. മറ്റ് സഭകൾ - 8 എണ്ണം (അപ്പസ്തോലിക് അഡ്മിനിസ്ട്രേഷൻ / എപ്പാർക്കി മാത്രമുള്ളവ)

- അൽബേനിയൻ, ബെലാറഷ്യൻ, ബൾഗേറിയൻ, ക്രൊയേഷ്യൻ, ഗ്രീക്ക്, ഇറ്റാലോ-അൽബേനിയൻ, മാസിഡോണിയൻ, റഷ്യൻ

ലോകത്തെ 1.3 ബില്യൺ കത്തോലിക്കരിൽ ഏകദേശം 1.8 കോടി ആളുകളാണ് ഈ 23 പൗരസ്ത്യ സഭകളിൽ അംഗങ്ങൾ.

News Malayalam 24x7
newsmalayalam.com