
2019ല്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി (Article 370) റദ്ദാക്കപ്പെട്ടപ്പോള്‍ ലഡാക്ക് യൂണിയന്‍ പ്രദേശമായി രൂപം കൊണ്ടു. ഇത്രയും കാലം ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പ്രദേശത്തിന് പ്രത്യേകമായ വികസനവും അടയാളവുമാകും ഇത് എന്ന നിലയിലാണ് കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും ഒപ്പം ലഡാക്കിലെ വലിയൊരു വിഭാഗം ജനങ്ങളും ആഘോഷിച്ചത്. പാര്‍ലമെന്റില്‍ അന്നത്തെ ലഡാക്ക് എംപിയായ ജംയാങ് സെറിംഗ് നംഗ്യാൽ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിനെ സ്വാഗതം ചെയ്താണ് പ്രസംഗിച്ചത്. ബിജെപി എംപിയുടെ പ്രസംഗം അന്ന് ട്രഷറി ബെഞ്ചുകളില്‍ ആവേശം ഉണ്ടാക്കി.
എന്നാല്‍ കാലം കടന്ന്, ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച് ആറുവര്‍ഷത്തോളമായിട്ടും ലഡാക്കിലെ ജനങ്ങള്‍ക്ക് പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലേയില്‍ നടന്ന സംഘര്‍ഷവും നാലു പേരുടെ മരണവും. 1989ല്‍ ലഡാക്കിന്‍റെ സ്വതന്ത്ര പദവിക്കു വേണ്ടി നടന്ന പ്രക്ഷോഭത്തിനു ശേഷം താഴ്വര കാണുന്ന ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
സംസ്ഥാന പദവി വേണം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചപോലെ പ്രത്യേക അവകാശങ്ങളുള്ള ഭരണഘടനയുടെ ആറാം പട്ടികയില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തണം എന്നീ മുദ്രാവാക്യങ്ങളോടെ ആയിരങ്ങള്‍ തെരുവിലിറങ്ങുകയും അത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമാണ് ഉണ്ടായത്. ഈ പ്രക്ഷോഭത്തിനു പിന്നിലെ ചരിത്രവും ആവശ്യങ്ങളും രാഷ്ട്രീയവും നോക്കുമ്പോള്‍ ഒരു സാമൂഹിക-പരിസ്ഥിതി-രാഷ്ട്രീയ സംഘര്‍ഷത്തിന്റെ കഥയാണ് തെളിഞ്ഞുവരുന്നത്.
പ്രതിഷേധത്തിന്റെ പശ്ചാത്തലം
ലഡാക്ക്, ഭൂപ്രദേശപരമായും സാംസ്കാരികമായും വളരെ പ്രത്യേകതയുള്ള മേഖലയാണ്. അവിടെ ജനസംഖ്യ കുറവായാലും, പാകിസ്ഥാനുമായും, ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിന്‍റെ ഭൂമിശാസ്ത്ര-രാഷ്ട്രീയ പ്രാധാന്യം അതീവ വലുതാണ്. 2019 ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കേന്ദ്രം നേരിട്ട് ഭരണം നടത്തുകയാണ് ഇവിടെ. ഇതോടെ നാട്ടുകാര്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യവും നിയമ നിര്‍മാണാധികാരവും നഷ്ടപ്പെട്ടു.
ഭൂമി, തൊഴില്‍, വിദ്യാഭ്യാസം, ഭാഷ, പരിസ്ഥിതി ഇങ്ങനെ പ്രദേശത്തെ എല്ലാ അവകാശങ്ങളും ഏതാണ്ട് ബ്യൂറോക്രാറ്റ് രീതിയിലേക്ക് മാറിയിരിക്കുന്നു. 2020ലാണ് ബിജെപി ലഡാക്കിന് സംസ്ഥാന പദവി വാഗ്ദാനം ചെയ്തത്. എന്നാല്‍ അത് പാലിക്കപ്പെട്ടില്ല. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തോല്‍വിയാണ് ലഡാക്കില്‍ ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ വലിയ തോതിലുള്ള അതൃപ്തി ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവരുകയായിരുന്നു.
പ്രതിഷേധങ്ങളുടെ പുതിയ തരംഗം
ലഡാക്ക് പ്രതിഷേധങ്ങളില്‍ മുഖ്യമായി ഉയരുന്ന പേര് സോനം വാങ്ചുക്ക് ആണ്. സോനം വാങ്ചുക്ക് മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ്. ലഡാക്കിലെ പ്രശസ്തനായ വിദ്യാഭ്യാസ-സാമൂഹ്യ പ്രവര്‍ത്തകനാണ് വാങ്ചുക്ക്. അദ്ദേഹം സ്ഥാപിച്ച സെക്മോള്‍ (Students’ Educational and Cultural Movement of Ladakh) എന്ന ക്യാമ്പസും, അദ്ദേഹത്തിന്‍റെ കണ്ടെത്തലുകളും ഏറെ പ്രശസ്തമാണ്.
സൂപ്പര്‍ഹിറ്റായ ത്രീ ഇഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിലെ ഫുന്‍സുഖ് വാങ്ഡു എന്ന കഥാപാത്രം അദ്ദേഹത്തെ ആസ്പദമാക്കി രചിച്ചതാണ് എന്നത് വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ത്രീ ഇഡിയറ്റ്സിന് ആസ്പദമായ നോവല്‍ എഴുതിയ ചേതന്‍ ഭഗത് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും, സിനിമയുടെ സംവിധായകന്‍ രാജ്‌കുമാര്‍ ഹിറാനിയും നടന്‍ ആമിര്‍ ഖാനും ആ കഥാപാത്രത്തിന്റെ പ്രചോദനം സോനം വാങ്ചുക്കിന്റെ ജീവിതവും, പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ ആശയങ്ങളുമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.
സിനിമയില്‍ കാണിച്ച പാരമ്പര്യ വിദ്യാഭ്യാസം വിട്ട്, പ്രായോഗിക പഠനം മുന്നോട്ടുകൊണ്ടുപോകണം എന്ന ആശയം സോനം വാങ്ചുക്ക് വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്നതാണ്. എന്നാല്‍ അടുത്തകാലത്തായി വിദ്യാഭ്യാസത്തില്‍ നിന്ന് പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്കും, ഇപ്പോള്‍ രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനത്തിലേക്കും സോനം വാങ്ചുക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പ്രത്യേകിച്ച് ലഡാക്ക് വിഷയത്തില്‍.
നേരത്തെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്ന കാര്യത്തിലും, പിന്നീട് ചൈനയുമായി ഇന്ത്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന കാലത്തും ഒക്കെ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചിരുന്നു സോനം എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വാക്കുപാലിക്കുന്നില്ലെന്ന് പറഞ്ഞ് വാങ്ചുക്ക്, 72-കാരനായ ട്സെറിങ് ആങ്ചുക്കും 60-കാരിയായ ടാഷി ഡോൾമയും അല്‍പ്പ ദിവസങ്ങള്‍ക്ക് മുന്‍പ് നിരാഹാര സമരം തുടങ്ങിയത്. ഇവരുടെ ആരോഗ്യനില മോശമായി ആശുപത്രിയിലേക്ക് മാറ്റിയതാണ് പ്രക്ഷോഭം തെരുവിലേക്ക് നീങ്ങുന്നതിനും ഒപ്പം സംഘര്‍ഷത്തിലേക്ക് നയിക്കുന്നതിനും കാരണമായത്.
എന്നാല്‍ സംഘര്‍ഷം കനത്തതോടെ സോനം വാങ്ചുക്ക് നിരാഹാരം പിന്‍വലിച്ചിട്ടുണ്ട്. യുവാക്കളോട് അക്രമം നിർത്താൻ അഭ്യർഥിച്ച അദ്ദേഹം, "ലഡാക്കിന്റെ ഏറ്റവും ദുഃഖകരമായ ദിവസം" എന്നാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തെ വിശേഷിപ്പിച്ചത്. സമാധാനപാതയില്‍ നീങ്ങിയ പ്രക്ഷോഭം പരാജയപ്പെട്ടെന്ന് സമ്മതിച്ച അദ്ദേഹം, പ്രക്ഷോഭം അക്രമരഹിതമാകണമെന്ന് അഭ്യര്‍ഥിച്ചു. യുവാക്കളുടെ ജീവൻ നഷ്ടപ്പെടുന്നത് നിരാഹാരത്തിന്റെ ലക്ഷ്യത്തെ തോൽപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ലേ'യിലും ജെന്‍ സി പ്രക്ഷോഭ വഴിയോ?
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യം ബിജെപിയുടെ ഓഫീസ് കത്തിച്ചതാണ്. ഒപ്പം പ്രാദേശിക ഓഫീസുകളും പ്രക്ഷോഭകാരികള്‍ കൊള്ളിവച്ചു. വാഹനങ്ങള്‍ കത്തിക്കപ്പെട്ടു, പൊലീസും പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 19, 20, 23, 46 വയസ്സുള്ള നാലു പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. അതിനുപിന്നാലെ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പൊതുയോഗങ്ങള്‍ നിരോധിക്കുകയും ചെയ്തു.
ഇത്തരം ഒരു പ്രക്ഷോഭത്തില്‍ പുറത്തുനിന്നുള്ള ഇടപെടലുണ്ടെന്നാണ് ലഡാക്ക് പ്രദേശിക ഭരണകൂടം പറയുന്നത്. പ്രക്ഷോഭകര്‍ “ജീവിക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭം” ആണെന്നാണ് വാദിച്ചത്. എന്തായാലും യുവാക്കളാണ് ഈ പ്രക്ഷോഭത്തിന് മുന്നിട്ട് ഇറങ്ങിയത്. അതിനാല്‍ തന്നെ നേപ്പാളിന് ശേഷം നടക്കുന്ന സംഘര്‍ഷഭരിതമായ സമരം എന്നതിനാല്‍ ജെന്‍ സി ലേബലിലേക്ക് ഇതിനെ മാറ്റുന്നുണ്ട് ചില വിദഗ്ധര്‍. എന്നാല്‍ ലഡാക്കിലെ ജനതയുടെ ആവശ്യങ്ങളാണ് ഇതില്‍ പ്രധാന്യം എന്നതാണ് നേര്.
മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍
1. സംസ്ഥാന പദവി: യൂണിയന്‍ പ്രദേശത്തിന്റെ പരിമിതികളെ മറികടന്ന്, പൂര്‍ണമായ നിയമ നിര്‍മാണാധികാരവും ഭരണാവകാശവും വേണമെന്ന് ആവശ്യം.
2. ആറാം പട്ടിക (Sixth Schedule) ഉള്‍പ്പെടുത്തല്‍: ഭൂമി, ഭാഷ, സംസ്കാരം, ജനാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ സംരക്ഷണം വേണം.
3. ലോക്സഭാ സീറ്റുകള്‍: ലേയും കാര്‍ഗിലിനും പ്രത്യേക ലോക്സഭാ പ്രാതിനിധ്യം വേണം.
4. നാട്ടുകാരുടെ തൊഴില്‍-വിദ്യാഭ്യാസാവകാശങ്ങള്‍ക്ക് മുന്‍ഗണന.
5. പരിസ്ഥിതി സംരക്ഷണം: ഖനനം, വ്യവസായവല്‍ക്കരണം എന്നിവയില്‍ കര്‍ശന നിയന്ത്രണം.
ലഡാക്കിലെ യുവാക്കളാണ് പ്രതിഷേധത്തിന് ശക്തി പകരുന്നത്. സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുകള്‍, റോഡ് മാര്‍ച്ചുകള്‍, ധര്‍ണകള്‍ എന്നിങ്ങനെ സെപ്റ്റംബര്‍ 24 സംഭവത്തിന് മുന്‍പ് നടന്ന പ്രക്ഷോഭങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. നേരത്തെ നടന്ന പ്രക്ഷോഭങ്ങളുടെ സമയത്ത് തന്നെ സര്‍ക്കാര്‍ ലേ അപക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും, വ്യക്തമായ തീരുമാനങ്ങളിലേക്ക് നീങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം തന്നെ ഈ സംഘടനകളിലെ ചില നേതാക്കള്‍ക്കെതിരെ വിദേശധന സഹായവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയതും വാര്‍ത്തയായിരുന്നു. ഇതോടെ കേന്ദ്രത്തിന്‍റെ നിലപാട് “സംഭാഷണത്തിന് തയ്യാറാണ്, പക്ഷേ പൂര്‍ണ സ്വാതന്ത്ര്യം നല്‍കില്ല” എന്നതാണെന്ന് വ്യക്തമായെന്ന് പ്രക്ഷോഭകാരികളുടെ പ്രതികരണം.
പ്രതികരണങ്ങള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയം "രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ചില വ്യക്തികളുടെ പ്രസ്താവനകള്‍" ലേയില്‍ സംഘര്‍ഷത്തിന് കാരണമായി എന്നാണ് കുറ്റപ്പെടുത്തിയത്. സോഷ്യൽ മീഡിയ വഴി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. ലഡാക്കിലെ ഗ്രൂപ്പുകളുമായി സംഭാഷണം തുടരുമെന്നും കേന്ദ്രം ഉറപ്പ് നൽകുന്നു. ഒക്ടോബർ 6-നാണ് അടുത്ത ചർച്ചകൾ നിശ്ചയിച്ചിരിക്കുന്നത്. ഭരണഘടനയില്‍ നിന്ന് ലഡാക്കിന് എല്ലാ പിന്തുണയും നല്‍കും എന്നാണ് കേന്ദ്രം പറയുന്നത്.
അതേസമയം, ലഡാക്കിന് സ്വതന്ത്ര സംസ്ഥാന പദവി നല്‍കുന്നത് തന്ത്രപ്രധാന സ്ഥലം എന്ന നിലയില്‍ സുരക്ഷാ വെല്ലുവിളികള്‍ ഉണ്ടാക്കും എന്നാണ് കേന്ദ്രത്തിന്‍റെ ആശങ്ക എന്നാണ് ബിജെപി അനുകൂലികളുടെ വാദം. ഒപ്പം പ്രത്യേക പദവികള്‍ നല്‍കുന്നത് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന്‍റെ സാധുതയെ ചോദ്യം ചെയ്യും എന്നും ഇവര്‍ വാദിക്കുന്നു. ലഡാക്ക് പോലെയുള്ള സ്ഥലത്തെ വ്യാപാര വാണിജ്യ ലക്ഷ്യങ്ങളാണ് കേന്ദ്രത്തെ ഈ തീരുമാനങ്ങളില്‍ നിന്നും വിലക്കുന്നത് എന്നാണ് പ്രതിപക്ഷ രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ലേയിലെ സംഘർഷം രാഷ്ട്രീയമായി തന്നെ ബിജെപി കഴിഞ്ഞ ദിവസം ഉപയോഗിച്ചിട്ടുണ്ട്. കോൺഗ്രസിനെയാണ് അവര്‍ അക്രമത്തിന് കുറ്റപ്പെടുത്തിയത്. "ജെൻ സി റെവല്യൂഷൻ" എന്ന മുഖംമൂടിയിലുള്ള അട്ടിമറി ശ്രമം എന്നാണ് ബിജെപി വക്താവ് സംബിത് പാത്ര ആരോപിച്ചത്. അതേസമയം കോൺഗ്രസ് മോദി സർക്കാരിനെ ലഡാക്കിലെ സാഹചര്യം തെറ്റായി കൈകാര്യം ചെയ്തതിനും ചർച്ചകൾ വൈകിപ്പിച്ചതിനും കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവ് മനീഷ് തിവാരി സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ലഡാക്കിലെ അസ്വസ്ഥത ജമ്മു-കശ്മീരിന്‍റെ പൂര്‍ണ സംസ്ഥാനപദവി നിഷേധത്തിന്‍റെ പ്രതിഫലനമാണെന്നാണ് അഭിപ്രായപ്പെട്ടത്.
ലഡാക്കിന്റെ ഭാവി
അടിസ്ഥാനപരമായി ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന്റെ യഥാര്‍ഥ്യം പ്രതിഫലിച്ചിരുന്നത് ഈ കേന്ദ്ര നീക്കത്തെ അനുകൂലിച്ച ഒരു ജനതയുടെ അസ്വസ്ഥതയില്‍ നിന്നാണ് എന്നത് കാലത്തിന്റെ വിരോധാഭാസമാകാം. എങ്കിലും ഭരണകൂടത്തിന്റെ വാഗ്ദാന നിഷേധം ആക്രമണത്തെ പ്രോത്സാഹിപ്പിക്കരുത് എന്ന നയത്തിനപ്പുറവും അവിടെ മുഴച്ചുനില്‍ക്കുന്നുണ്ട്. ലഡാക്ക് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ യുവജനങ്ങളുടെ പ്രതിരോധം തുടരുകയും ദേശീയ തലത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ അത് ചൂടേറിയ വിഷയമാകും. സമാധാനപരമായ പരിഹാരമാണ് ആവശ്യം, പക്ഷേ ഇപ്പോള്‍ അത് ദൂരെയാണെന്ന് മാത്രം,