സ്കില്‍ എന്നത് ഹിന്ദിയില്‍ എഴുതിയാല്‍ അത് 'കൗശല്‍'എന്ന് വായിക്കും. മലയാളത്തില്‍ ഇതൊന്ന് പരിഷ്കരിച്ചാല്‍ കൗശലം എന്ന് വായിക്കാം. നൈപുണ്യ വികസനം അഥവ സ്കില്‍ ഡെലലപ്പ്മെന്‍റിന്‍റെ പേരില്‍ പൊതുപണം തട്ടിയ കൗശലത്തോടെ നടപ്പിലാക്കിയ ഒരു സ്കാമിനെക്കുറിച്ചാണ് ഇപ്പോള്‍ ലോകം അറിയുന്നത്. 10,000 കോടിക്ക് അടുത്ത് രൂപ മുടക്കിയ നരേന്ദ്രമോദി സര്‍ക്കാറിന്‍റെ ഒരു സ്വപ്ന പദ്ധതിയിലാണ് ഈ ഞെട്ടിക്കുന്ന തട്ടിപ്പ് നടന്നത്. പാര്‍ലമെന്‍റില്‍ വച്ച സിഎജി റിപ്പോര്‍ട്ടില്‍ പട്ടാപ്പകല്‍ പോലെ വ്യക്തമാണ് ഈ കടുംവെട്ട് തട്ടിപ്പ്.
ഇന്ത്യയിലെ യുവജനങ്ങളെ തൊഴിൽക്ഷമതയുള്ളവരാക്കി മാറ്റുക എന്ന വലിയ ലക്ഷ്യത്തോടെ 2015-ൽ തുടക്കം കുറിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കൗശൽ വികാസ് യോജന. എന്നാൽ ഈ പദ്ധതിയുടെ നടത്തിപ്പിൽ ഭരണപരമായ പരാജയങ്ങളും ക്രമക്കേടുകളും ഉണ്ടായതായി സി.എ.ജി റിപ്പോർട്ട് 20 of 2025 വെളിപ്പെടുത്തുന്നത്. സാമ്പത്തിക അഴിമതി എന്നതിലുപരി, ഭരണസംവിധാനത്തിന്‍റെ തന്നെ പരാജയത്തിലേക്കാണ് ഈ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.
ഫെബ്രുവരി 31ന് പരിശീലനം !
ലോകത്ത് ഒരു കലണ്ടറിലും ഇല്ലാത്ത തീയതിയാണ് ഫെബ്രുവരി 31. എന്നാല്‍ ജയ്പ്പൂരിലെ 'ജയ്പൂർ കൾച്ചറൽ സൊസൈറ്റി' മീഡിയ ആൻഡ് എന്റർടൈൻമെന്റ് മേഖലയിൽ 56,203 പേർക്ക് സർട്ടിഫിക്കറ്റ് നൽകിയത് ഈ തീയതിയില്‍ അടക്കം പരിശീലനം സംഘടിപ്പിച്ചാണ്. അതിന് സര്‍ക്കാറില്‍ നിന്നും പണവും കൈപറ്റിയിട്ടുണ്ട് ഈ സ്ഥാപനം.
തൊഴില്‍ പരിശീലനം നടത്തുന്ന ബാച്ചുകള്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഫോട്ടോയെടുത്ത് പ്രധാനമന്ത്രി കൗശൽ വികാസ് യോജന സൈറ്റില്‍ അപ്ലോഡ് ചെയ്യണം എന്ന വ്യവസ്ഥയുണ്ട്. ഇതില്‍ ചില സ്ഥാപനങ്ങളിലെ ഒരേ ബാച്ച് പല സംസ്ഥാനങ്ങളില്‍ പല വിഷയത്തില്‍ പരിശീലനം നേടിയതായി കാണാം. ജബല്‍പ്പൂരിലും, മുംബൈയിലും, ഹൈദരാബാദിലും ഒരേ ബാച്ച്. അവര് കേരളത്തിലെ കൊല്ലത്തെ സെന്‍ററിലും പരിശീലനം നേടി എന്ന് പറഞ്ഞാല്‍ അതിശയപ്പെടണ്ട, അതും ഉണ്ട് ഈ റിപ്പോര്‍ട്ടില്‍.
11111 ഇതൊരു ബാങ്ക് അക്കൗണ്ട് നമ്പറാണ് !
2015 മുതല്‍ 2022 വരെ ഈ പദ്ധതിക്ക് വേണ്ടി ആകെ കണക്കാക്കിയത് 14,448 കോടി രൂപയാണ്. എന്നാല്‍ 10,193.79 കോടി രൂപ മാത്രമാണ് പദ്ധതി നടത്തിപ്പിന് അനുവദിച്ചത്.ഇതിൽ 9,260 കോടി രൂപ മാത്രമാണ് യഥാർത്ഥത്തിൽ ചിലവഴിച്ചത്. സർട്ടിഫിക്കറ്റ് ലഭിച്ച ഓരോ ഉദ്യോഗാർത്ഥിക്കും 500 രൂപ വീതം ഇൻസെന്റീവ് നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു.
പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിൽ ആകെ പങ്കെടുത്ത ഗുണഭോക്താക്കളുടെ എണ്ണമാണ് 95.90 ലക്ഷമാണ്. എന്നാല്‍ ഈ 95.91 ലക്ഷം ഗുണഭോക്താക്കളിൽ 94.53 ശതമാനം പേരുടെ അതായത് 90.66 ലക്ഷം പേരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. അതായത് ഗുണഭോക്താക്കള്‍ക്ക് നല്‍കിയ 500 രൂപ എവിടെപോയെന്ന് ഒരു പിടിയും ഇല്ല.
ബാക്കി വന്നവരിൽ തന്നെ ആയിരക്കണക്കിന് ആളുകൾ ഒരേ ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ചതായും കണ്ടെത്തി. ഉദാഹരണത്തിന് ഒരാളുടെ അക്കൗണ്ട് 2000-ലധികം പേർക്ക് നൽകിയിട്ടുണ്ട്. ഒപ്പം '111111', '123456' തുടങ്ങിയ വ്യാജ നമ്പറുകൾ നൽകിയതായും ഓഡിറ്റിൽ കണ്ടെത്തി. എന്നാൽ വിവരങ്ങളിലെ അപൂർണ്ണത കാരണം ഈ പദ്ധതിയുടെ 2,3 ഘട്ടങ്ങളിലായി 34 ലക്ഷത്തിലധികം പേർക്ക് ഈ തുക ലഭിച്ചില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്.
30,000 ജിം ട്രെയിനര്‍മാര്‍ 33 ജിമ്മില്‍ !
ഇത് തികച്ചും സാങ്കേതികം എന്ന് പറഞ്ഞാലും ഒരേ ഫോട്ടോയില്‍ വിവിധ സംസ്ഥാനത്ത് പരിശീലനം നേടുന്നവരും, ഒരേ ഒപ്പും എഴുത്തും ഉള്ള സത്യവാങ്മൂലം ഫോട്ടോ മാത്രം മാറ്റി പരിശീലനം നേടുന്നവരും ഏറെയാണ് എന്ന് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് പറയുന്നു.
പല പരിശീലന കേന്ദ്രങ്ങളും വെറും കെട്ടിടങ്ങള്‍ മാത്രമാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്. അതും കൂടാതെ ഡ്രൈവിംഗ് സ്കൂളില്‍ ഡ്രൈവിംഗ് അറിയുന്നവരെ വീണ്ടും പഠിപ്പിച്ച് സ്കില്‍ ഉണ്ടാക്കി പണം തട്ടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. 30,000 ജിം ഡ്രെയിനര്‍മാര്‍ക്ക് 33 ജിമ്മില്‍ ജോലി ലഭിച്ച അത്ഭുതം പോലും ഈ കൗശല്‍ വികാസില്‍ നടന്നുവെന്നാണ് സിഎജി കണ്ടെത്തിയത്.
സര്‍ക്കാര്‍ പണം ഉപയോഗിച്ച പദ്ധതി പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ വന്‍ അലംഭാവം കാണിച്ചെന്നും വ്യക്തമാണ്. ട്രെയിനിംഗ് സെന്‍ററുകളില്‍ നേരിട്ട് പരിശോധിക്കേണ്ട ഉദ്യോഗസ്ഥന്‍ ഒരു ദിവസം തന്നെ ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനത്ത് പരിശോധന നടത്തിയെന്ന അത്ഭുതവും സിഎജി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നാല് ഉദ്യോഗസ്ഥരുടെ അത്ഭുത പരിശോധനയുടെ കഥ പറയുന്നുണ്ട് സിഎജി റിപ്പോര്‍ട്ടില്‍.
മാനദണ്ഡം ലക്ഷ്യമാക്കിയപ്പോള്‍
“അളക്കാനുള്ള മാനദണ്ഡം ലക്ഷ്യമായി മാറുന്ന നിമിഷം, അതിന്റെ പ്രസക്തി നഷ്ടപ്പെടും" എന്നാണ് ഗുഡ്ഹാര്‍ട്ട് ലോ പ്രകാരം പറയുന്നത്. അതിനാല്‍ തന്നെ ഈ പദ്ധതിയുടെ പരാജയത്തിന്റെ പ്രധാന കാരണം തേടി എവിടെയും അലയേണ്ടതില്ല. പരിശീലനത്തിന്റെ ഗുണനിലവാരത്തിനോ തൊഴിൽ ലഭ്യതയ്ക്കോ പകരം, എത്രപേരെ എന്‍ റോള്‍ ചെയ്തു, എത്ര സർട്ടിഫിക്കറ്റുകൾ നൽകി എന്നതിലേക്ക് സർക്കാരിന്‍റെ ശ്രദ്ധ മാറിയപ്പോൾ പദ്ധതിയുടെ അന്തഃസത്ത തന്നെ നഷ്ടപ്പെട്ടു. അതായത് കണക്കില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്, അതില്‍ പാഴായ കോടികളും യഥാര്‍ത്ഥ ഫലവും ഒരു മാനദണ്ഡമേ ആയിരുന്നില്ല.
ജര്‍മ്മനി നടപ്പിലാക്കിയ നൈപുണ്യ വികസന മാതൃകയാണ് ഈ പദ്ധതിയുടെ മോഡലായി സ്വീകരിച്ചത് എന്ന് മുന്‍പ് പലയിടത്തും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ജർമ്മനിയിലെ തൊഴിൽ പരിശീലന മാതൃക വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ളതാണ്. അവിടെ തൊഴിൽ വിപണിയിലെ ഡിമാൻഡ് അനുസരിച്ചാണ് പരിശീലനം നൽകുന്നത്. എന്നാൽ ഇന്ത്യയിൽ ഇത് സർക്കാരിന്റെയും സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെയും മാത്രം താല്പര്യത്തിന് അനുസരിച്ച ഒന്നായി മാറി എന്ന് സിഎജി റിപ്പോര്‍ട്ട് പറയുന്നത്. അതിലൂടെ ഒഴുകിപോയത് 10,000 കോടിയോളമാണ്. ശരിക്കും നൈപുണ്യം നേടിയ സ്കാം.
പദ്ധതിയെ രക്ഷിച്ചെടുക്കാൻ സി.എ.ജി ചില നിർദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട് റിപ്പോര്‍ട്ടില്‍ അവ ഇങ്ങനെയാണ്.
1. പരിശീലനം ലഭിക്കുന്നവർക്ക് കുറഞ്ഞത് മൂന്ന് മാസമെങ്കിലും ജോലി ലഭിച്ചാൽ മാത്രം ഏജൻസികൾക്ക് പണം നൽകുന്ന രീതി നടപ്പിലാക്കുക.
2. ഉദ്യോഗസ്ഥർക്ക് പകരം പ്രാദേശിക കമ്മ്യൂണിറ്റികളും വിദ്യാർത്ഥികളും ഉൾപ്പെടുന്ന സോഷ്യൽ ഓഡിറ്റിംഗ് നടത്തുക.
3. വ്യാജ ഡാറ്റ ഒഴിവാക്കാൻ ബയോമെട്രിക് സംവിധാനങ്ങളും തത്സമയ നിരീക്ഷണവും കർശനമാക്കുക.