സംസ്‌കൃതമോ അതോ, ദ്രാവിഡ ഭാഷയോ ആദ്യം ഉണ്ടായത്?

ദ്രാവിഡ ഭാഷയുടെ തുടക്കമാണ് ഹാരപ്പന്‍ എഴുത്തുകള്‍ എന്ന കണ്ടുപിടിത്തത്തോട് ഗവേഷകര്‍ യോജിച്ചു വരികയായിരുന്നു.
സംസ്‌കൃതമോ അതോ, ദ്രാവിഡ ഭാഷയോ ആദ്യം ഉണ്ടായത്?
Published on

ആര്യ-ദ്രാവിഡ തര്‍ക്കത്തില്‍ ഏറ്റവും നിര്‍ണായകമായ സമയമാണിത്. ആദ്യം വന്നത് സംസ്‌കൃതമോ, ദ്രാവിഡ ഭാഷയോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് നമ്മള്‍ ഒന്നുകൂടി അടുക്കുകയായിരുന്നു. ഹാരപ്പന്‍ ഭാഷ സംസ്‌കൃതത്തിന്റെ പൂര്‍വരൂപമാണോ, ദ്രാവിഡ ഭാഷയുടെ പൂര്‍വരൂപമാണോ എന്നായിരുന്നു ചോദ്യം. ദ്രാവിഡ ഭാഷയുടെ തുടക്കമാണ് ഹാരപ്പന്‍ എഴുത്തുകള്‍ എന്ന കണ്ടുപിടിത്തത്തോട് ഗവേഷകര്‍ യോജിച്ചു വരികയായിരുന്നു. സംസ്‌കൃതം പിന്നീട് ആര്യന്മാരുടെ വരവിലൂടെ വന്നതാണ് എന്നാണ് അങ്ങനെ വെളിപ്പെടുന്നത്.

ഇവിടെ ആദിമമായി ഉണ്ടായിരുന്നത് നമ്മളുപയോഗിക്കുന്ന ദ്രാവിഡ ഭാഷയുടെ പൂര്‍വ്വ രൂപമാണെന്നായിരുന്നു തെളിവുകള്‍. അപ്പോഴാണ് മറ്റൊരു സിദ്ധാന്തം വരുന്നത്. ഹാരപ്പന്‍ എഴുത്തുകള്‍ ഭാഷയേയല്ലെന്നും അതിനെ അങ്ങനെ കാണാനാകില്ലെന്നുമാണ് ഒരു കൂട്ടം ഗവേഷകര്‍ നിലപാടടെടുത്തത്. ആ വാദം ദ്രാവിഡ ഭാഷയുടെ പഴമ അംഗീകരിക്കാതിരിക്കാന്‍ ഉയര്‍ത്തുന്നതാണെന്നാണ് ആരോപണം. സംസ്‌കൃതത്തിനും മുന്‍പേ വിടര്‍ന്നോ ദ്രാവിഡം?

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് പുതിയ ചര്‍ച്ചയ്ക്ക് അരങ്ങൊരുക്കിയത്. ആ സമ്മേളനത്തിലാണ് ഹാരപ്പന്‍ സംസ്‌കാരത്തില്‍ നിന്നു കണ്ടെടുത്തത് എഴുത്തല്ല എന്ന വാദം വീണ്ടും ഉയര്‍ത്തിയത്. ചില ചിത്രങ്ങള്‍ മാത്രമാണെന്നും അവയ്ക്കു ഭാഷയുടെ സ്വഭാവമില്ലെന്നുമാണ് വാദം. ഒരു നൂറ്റാണ്ടു മുന്‍പാണ് പ്രാചീന സംസ്‌കാരം കണ്ടെത്തിയതായി ജോണ്‍ മാര്‍ഷല്‍ പ്രഖ്യാപിക്കുന്നത്. ക്രിസ്തുവിനും 3300 വര്‍ഷം മുതല്‍ 1300 വര്‍ഷം മുന്‍പു വരെയുള്ള കാലത്തെ സംസ്‌കാരമാണെന്നാണ് അന്നു തെളിഞ്ഞത്. ഒരു നൂറ്റാണ്ടു കഴിഞ്ഞും തീര്‍പ്പാകാത്ത ഒരു കാര്യമുണ്ട്. ഹാരപ്പന്‍ കാലത്തെ ഭാഷ ഏതാണെന്നൃ ചോദ്യം.

ഹാരപ്പന്‍ എഴുത്തുകള്‍ ഭാഷയേയല്ലെന്നും അതിനെ അങ്ങനെ കാണാനാകില്ലെന്നുമാണ് ഒരു കൂട്ടം ഗവേഷകര്‍ നിലപാടടെടുത്തത്. ആ വാദം ദ്രാവിഡ ഭാഷയുടെ പഴമ അംഗീകരിക്കാതിരിക്കാന്‍ ഉയര്‍ത്തുന്നതാണെന്നാണ് ആരോപണം

ഹാരപ്പന്‍ കാലത്തെ കണ്ടെത്തലില്‍ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് ഭാഷയാണ്. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഭാഷയും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ലിപിയുമാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് മുന്‍പ് കണ്ടെത്തിയവയുമായി സാമ്യമുണ്ടെങ്കില്‍ നിഗമനങ്ങള്‍ എളുപ്പമാണ്. ഹാരപ്പന്‍ ലിപി പക്ഷേ അങ്ങനെയുള്ള ഒരു കണക്കുകൂട്ടലിനും വഴങ്ങുന്നില്ല. അങ്ങനെയാണ് മൂന്നുതരത്തിലുള്ള വാദങ്ങള്‍ ഉയര്‍ന്നത്. സംഘപരിവാറുമായി ബന്ധമുള്ള ഗവേഷകര്‍ പറഞ്ഞിരുന്നത് ഈ എഴുത്തുകള്‍ സംസ്‌കൃതം ആണെന്നാണ്. മറ്റൊരു വിഭാഗം വാദിച്ചത് ഇത് ദ്രാവിഡ ലിപിയുടെ തുടക്കകാലത്തെ എഴുത്താണെന്നാണ്. മൂന്നാമത്തെ വാദം ഇത് സന്താലി ലിപി ആണെന്നാണ്. പക്ഷേ ഇതു മൂന്നും അംഗീകരിക്കപ്പെടാതെ തര്‍ക്കം തുടരുകയായിരുന്നു.

Image: Wikipedia

ഈ ഘട്ടത്തിലാണ് ഫിന്നിഷ് ഇന്‍ഡോലജിസ്റ്റ് അസ്‌കോ പര്‍പോളയുടെ കണ്ടെത്തല്‍ വരുന്നത്. ഹാരപ്പന്‍ ഭാഷയില്‍ 425 വ്യത്യസ്തമായ ചിഹ്നങ്ങള്‍ പര്‍പോള കണ്ടെത്തി. അവയെല്ലാം തമിഴിന്റെ മൂലരൂപമാണെന്നും പര്‍പ്പോള വിശദീകരിച്ചു. ഇവിടം മുതലാണ് ഗവേഷകര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകാന്‍ തുടങ്ങിയത്. ഹാരപ്പനില്‍ നിന്ന് കണ്ടെത്തിയത് തമിഴിന്റെ മൂലരൂപമല്ലെന്ന് വാദിക്കാന്‍ നിരവധിപേര്‍ ഉണ്ടായിരുന്നു.

ഹാരപ്പന്‍ കാലത്തെ ലിപി എല്ലാം ചിത്രങ്ങള്‍ തന്നെയായിരുന്നു. ആ ചിത്രങ്ങള്‍ വായിച്ചെടുക്കാനുള്ള രീതിയിലായിരുന്നു തര്‍ക്കം. മീനിന്റെ ചിത്രം മീന്‍ എന്നായിരുന്നില്ല ഉദ്ദേശിച്ചിരുന്നത് എന്ന് പര്‍പോള കണ്ടെത്തി. അതൊരു നക്ഷത്രത്തിന് നല്‍കിയിരുന്ന അടയാളമായിരുന്നു. ഒരേ ഉച്ചാരണം ഉള്ളപ്പോള്‍ തന്നെ വെവ്വേറെ അര്‍ത്ഥങ്ങള്‍ ഉള്ള വാക്കുകളായിരുന്നു ഓരോ ചിത്രവും. ഈ ചിത്രങ്ങള്‍ വച്ച് ഹാരപ്പന്‍ ലിപിയില്‍ മുഴുവന്‍ നക്ഷത്രങ്ങളുടേയും പേരുകള്‍ പര്‍പ്പോള കണ്ടെത്തി. അവയെല്ലാം പഴന്തമിഴ് പേരുകള്‍ തന്നെയായിരുന്നു. ആ സിദ്ധാന്തത്തെ വിദേശത്തുള്ള വിദഗ്ധര്‍ മാത്രമല്ല ഇന്ത്യയിലെ വിദഗ്ധരും പിന്തുണയ്ക്കാന്‍ തുടങ്ങി.

ഹാരപ്പന്‍ കാലത്തെ ലിപി എല്ലാം ചിത്രങ്ങള്‍ തന്നെയായിരുന്നു. ആ ചിത്രങ്ങള്‍ വായിച്ചെടുക്കാനുള്ള രീതിയിലായിരുന്നു തര്‍ക്കം

തമിഴ് ലിപി തന്നെയാണ് ഹാരപ്പന്‍ എന്നു കണ്ടുപിടിച്ചാല്‍ രണ്ടായിരുന്നു പ്രശ്‌നം. സംസ്‌കൃതമാണ് ഇന്ത്യയുടെ പൂര്‍വിക ഭാഷ എന്ന വാദം പൊളിയും. ദ്രാവിഡ ഭാഷയാണ് ഇന്ത്യയില്‍ ആദിമ കാലത്തുണ്ടായിരുന്നതെന്നു തെളിയുകയും ചെയ്യും. മെസപ്പൊട്ടോമിയയില്‍ നിന്നു വന്നവര്‍ ആദ്യം താമസിച്ചതു സിന്ധു നദീതട തീരത്തായിരുന്നുവെന്നാണ് നിഗമനം. ആയിരം വര്‍ഷത്തോളം അവിടെ ജീവിച്ചവര്‍ പലവഴിക്കു പിരിയുകയായിരുന്നു. സിന്ധു നദീതടത്തില്‍ നിന്നു വന്നവരാണ് ഇന്നത്തെ തമിഴ്‌നാടും കേരളവും കര്‍ണാടകവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കു കുടിയേറിയത്. ഈ കുടിയേറ്റത്തിനും ശേഷമാണ് ഇന്നത്തെ ഉത്തരേന്ത്യയിലേക്ക് ആര്യന്മാര്‍ എത്തിയത് എന്നാണ് ഈ വാദം ഉന്നയിക്കുന്നവര്‍ പറയുന്നത്.

കീഴാടി ഖനനം
കീഴാടി ഖനനം By Paramatamil - Own work, CC BY-SA 4.0, /wikipedia

തമിഴ്‌നാട്ടിലെ കീഴടിയില്‍ നടക്കുന്ന ഖനനത്തിലെ കണ്ടെത്തലുകള്‍ക്കും ഹാരപ്പനുമായി ബന്ധമുണ്ട്. കീഴടിയിലേത് 6600 വര്‍ഷം പഴക്കമുള്ള സംസ്‌കാരമാണെന്നാണ് പുതിയ കണ്ടെത്തല്‍. ഹാരപ്പന്‍ സംസ്‌കാരത്തിനൊപ്പം തന്നെയോ അതിന്റെ ഭാഗമായോ വളര്‍ന്നു വന്നതാകണം ദ്രാവിഡ ദേശവും. ഇന്ത്യയിലെ ആദിമ ഭാഷയും അങ്ങനെയെങ്കില്‍ ദ്രാവിഡമാണെന്ന് സമ്മതിക്കേണ്ടിവരും.

ഹാരപ്പന്‍ ലിപിയില്‍ പ്രാഥമിക കാര്യത്തില്‍ പോലും അഭിപ്രായ ഐക്യം ഉണ്ടായില്ല. അടയാളങ്ങള്‍ ഒരു ഭാഷയാണോ എന്ന് തീര്‍ച്ചപ്പെടുത്തുകയായിരുന്നു ആദ്യം വേണ്ടിയിരുന്നത്. തമിഴുമായി ബന്ധമുള്ള ലിപിയാണെന്നു സമ്മതിച്ചാല്‍ മാത്രമേ അതിന് അര്‍ത്ഥതലങ്ങള്‍ ഉണ്ടാകുമായിരുന്നുള്ളൂ. ഈ വാദം അംഗീകരിക്കാന്‍ ഒരു പറ്റം ഗവേഷകര്‍ തയ്യാറായിരുന്നില്ല. അവര്‍ ഇതു സംസ്‌കൃതത്തിന്റെ മൂലഭാഷയാണെന്ന് ഉറച്ചു പറഞ്ഞു. എന്നാല്‍ ഈ ചിഹ്നങ്ങള്‍ക്ക് സംസ്‌കൃതവുമായി എന്തെങ്കിലും ബന്ധം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല.

ഇപ്പോള്‍ പാകിസ്താനിലുള്ള ബലൂചിസ്താനിലെ ഗോത്രവര്‍ഗം ഉപയോഗിക്കുന്ന ഭാഷയുണ്ട്. ദ്രാവിഡവുമായും ഹാരപ്പനുമായും ബന്ധമുള്ള ഭാഷ. ഇതും തമിഴ് ലിപിയുമായുള്ള ബന്ധം ഉറപ്പിക്കുന്നതായിരുന്നു. 26 ചിഹ്നങ്ങള്‍ വരെയുള്ളതാണ് കണ്ടെത്തിയ ഏറ്റവും ദീര്‍ഘമായ എഴുത്ത്. ഇത് ഭാഷയാണെന്ന് ഉറപ്പിക്കാനാവില്ല എന്ന വാദം ഉയര്‍ത്തിയവര്‍ പറഞ്ഞത് ഇത്ര ചെറിയ സന്ദേശങ്ങള്‍ ഭാഷയാകില്ല എന്നാണ്. ആ ചിഹ്നങ്ങളെല്ലാം മതപരമായ കാര്യങ്ങള്‍ മാത്രം പ്രതിഫലിപ്പിക്കുന്നവയാണെന്നാണ് അക്കൂട്ടര്‍ വാദിച്ചത്. കണ്ടെത്തിയ ലിപിയെ ഭാഷയല്ലാതാക്കുക മാത്രമാണ് ദ്രാവിഡവാദം തകര്‍ക്കാനുള്ള മാര്‍ഗം. അതാണ് ഇക്കൂട്ടരുടെ വാദമുഖങ്ങളിലുള്ളത് എന്നും ആരോപണമുയര്‍ന്നു.

ഇപ്പോള്‍ പാകിസ്താനിലുള്ള ബലൂചിസ്താനിലെ ഗോത്രവര്‍ഗം ഉപയോഗിക്കുന്ന ഭാഷയുണ്ട്. ദ്രാവിഡവുമായും ഹാരപ്പനുമായും ബന്ധമുള്ള ഭാഷ. ഇതും തമിഴ് ലിപിയുമായുള്ള ബന്ധം ഉറപ്പിക്കുന്നതായിരുന്നു

കീഴടി ഖനനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിര്‍ണായക നീക്കം നടക്കുന്നുണ്ട്. ഭാഷ ഡീകോഡ് ചെയ്യാന്‍ വലിയ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെയുമല്ല വിദേശത്തെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനകളില്‍ കീഴടിയില്‍ നിന്നു കണ്ടെടുക്കുന്ന വസ്തുക്കള്‍ക്ക് ആറായിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന തെളിവുകളും പുറത്തുവരികയാണ്. ഇതിനു സമാന്തരമായാണ് ഹാരപ്പന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള പഠനവും നടക്കുന്നത്. ചരിത്രത്തിലെ വസ്തുത കണ്ടെത്താനല്ല ഇപ്പോഴത്തെ നീക്കം. പറഞ്ഞുണ്ടാക്കിയ അപ്രമാദിത്തം സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്. അതുകൊണ്ടുതന്നെ സത്യം പുറത്തുവരുമോ എന്ന് കണ്ടറിയുക തന്നെ വേണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com