

2010 ന്റെ തുടക്കത്തിൽ ആദ്യകാല വോട്ടുയന്ത്രത്തിന്റെ കാലമാണ്. അന്ന് മെഷീന്റെ മൈക്രോകൺട്രോളർ എന്ന പ്രധാന ഭാഗം നിർമിക്കുന്ന ജാപ്പാനീസ് കമ്പനിയുടെ പ്രതിനിധിയോട് മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി ചോദിച്ചു. നിങ്ങൾ നിർമ്മിക്കുന്ന ഈ മൈക്രോകൺട്രോളർ ജപ്പാനിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന്.‘‘നിങ്ങൾക്ക് ഭ്രാന്താണോ, ഞങ്ങൾക്ക് ബാലറ്റ് പേപ്പറുകൾ ഉണ്ട്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കാറില്ല’’. ഇതായിരുന്നു മറുപടി. സുബ്രഹ്മണ്യൻ സ്വാമി തന്നെ പലവട്ടം പലവേദികളിൽ പങ്കുവെച്ച സംഭവമാണിത്. വികസിത രാജ്യങ്ങൾ പോലും സുതാര്യതയും സുരക്ഷയും മുൻനിറുത്തി വോട്ടുയന്ത്രങ്ങൾ ഉപയോഗിക്കുന്നില്ലെന്നെും പേപ്പർ ബാലറ്റാണ് അഭികാമ്യമെന്നും ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യ സ്വാമി തുടക്കം മുതലേ വോട്ടുമെഷീനുകളുടെ ഉപയോഗത്തിനെതിരെ നിയമനടപടികൾക്ക് മുൻകൈയെടുത്ത നേതാവായിരുന്നു. അദ്ദേഹം അന്ന് ഉന്നയിച്ച വിഷയങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്.
ബാലറ്റ് യുഗം വീണ്ടുമെത്തുമോ?
ലോകത്ത് തിരഞ്ഞെടുപ്പുകൾക്കായി വിവിധ തരത്തിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയും ബ്രസീലും വോട്ടുകൾ നേരിട്ട് ഇലക്ട്രോണിക് യന്ത്രങ്ങളിൽ രേഖപ്പെടുത്തുന്ന രീതിയാണ് പ്രധാനമായും പിന്തുടരുന്നത്. ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങളിൽ വോട്ടർമാർ പേപ്പർ ബാലറ്റിൽ അടയാളപ്പെടുത്തുന്ന വോട്ടുകൾ ഒപ്റ്റിക്കൽ സ്കാനറുകൾ ഉപയോഗിച്ച് എണ്ണുന്നു. അർജന്റീന, ബൾഗേറിയ, പെറു തുടങ്ങിയ രാജ്യങ്ങളിൽ വ്യത്യസ്ത ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലും പ്രദേശങ്ങൾക്കനുസരിച്ച് വോട്ടിങ് രീതികൾ വ്യത്യാസപ്പെടുന്നു. അതേസമയം, ജർമനി, നെതർലൻഡ്സ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗം ഉപേക്ഷിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. സുതാര്യത, വോട്ടിന്റെ രഹസ്യസ്വഭാവം, ഫലങ്ങൾ സ്വതന്ത്രമായി പരിശോധിക്കാനുള്ള സാധ്യത എന്നിവയാണ് ഇത്തരം തീരുമാനങ്ങളിൽ നിർണായകമാകുന്നത്.. പേപ്പർ ബാലറ്റുകൾ വോട്ടുകൾ വീണ്ടും എണ്ണാനും തിരഞ്ഞെടുപ്പ് ഫലങ്ങൾ ഓഡിറ്റ് ചെയ്യാനും സഹായിക്കുന്നു എന്നതാണ് പല വികസിത രാജ്യങ്ങളും പേപ്പർബാലറ്റ് തുടരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. അതേസമയം എല്ലാ രാജ്യങ്ങളും ഒരേ കാരണത്താലല്ല പേപ്പർ ബാലറ്റ് പിന്തുടരുന്നത്. അതത് രാജ്യങ്ങളുടെ നിയമവ്യവസ്ഥയും തിരഞ്ഞെടുപ്പ് രീതിയും സുരക്ഷാ സമീപനവുമാണ് ഇതിൽ നിർണായകമാകുന്നത്.
ഇന്ത്യയിൽ ആദ്യമായി 1982-ൽ എറണാകുളം ജില്ലയിലെ പറവൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടിങ് യന്ത്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചതുമുതൽ ഇവിഎമ്മുകൾ ചർച്ചകളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമാണ്. മണ്ഡലത്തിലെ 50 പോളിങ് സ്റ്റേഷനുകളിലാണ് അന്ന് യന്ത്രങ്ങൾ ഉപയോഗിച്ചത്. എന്നാൽ, ഇവിഎം ഉപയോഗിക്കാൻ നിയമത്തിൽ വ്യക്തമായ വ്യവസ്ഥയില്ലെന്ന കാരണത്താൽ 1984 മാർച്ച് 5-ന് സുപ്രീം കോടതി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും യന്ത്രങ്ങൾ ഉപയോഗിച്ച 50 പോളിങ് സ്റ്റേഷനുകളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിടുകയും ചെയ്തു. ഇത് യന്ത്രത്തിന്റെ പ്രവർത്തനത്തിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടിയായിരുന്നില്ല; നിയമപരമായ അധികാരത്തിന്റെ അഭാവമായിരുന്നു കോടതിയുടെ പ്രധാന പരിഗണന.1988-ൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തുകയും ഇവിഎം ഉപയോഗത്തിന് നിയമപരമായ അടിത്തറയൊരുക്കുകയും ചെയ്തു. 1989 മാർച്ച് 15 മുതൽ അതിന് പ്രാബല്യം ലഭിച്ചു. പിന്നീട് ഘട്ടംഘട്ടമായി ഉപയോഗം വ്യാപിപ്പിച്ചു. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെയാണ് രാജ്യത്തെ മുഴുവൻ 543 മണ്ഡലങ്ങളിലും ഇവിഎം ഉപയോഗം നിലവിൽ വന്നത്.
ഇവിഎമ്മുകൾ തെരഞ്ഞെടുപ്പ് പ്രക്രിയ വേഗത്തിലാക്കാനും വോട്ടെണ്ണൽ എളുപ്പമാക്കാനും സഹായിക്കുന്ന സംവിധാനമാണെങ്കിലും, തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അതിനെക്കുറിച്ച് തുറന്ന ചർച്ച ആവശ്യമായ ഘട്ടമാണിത്. ഇപ്പോഴത്തെ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല, 2009–ൽ എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ ബിജെപിയും വോട്ടിങ് യന്ത്രത്തെ സംശയമുനയിൽ നിർത്തി ബാലറ്റ് പേപ്പർ രീതി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾക്കു കൂടുതൽ മുന വന്നതു നരേന്ദ്ര മോദി തരംഗം തീർത്ത 2014ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു ഹാക്കർ നടത്തിയ ആരോപണത്തോടെയാണ്. ‘ഇവിഎം തിരിമറി’യെക്കുറിച്ച് 2019-ലാണ് ഹാക്കർ സയ്യിദ് ഷൂജ ആരോപണമുന്നയിച്ചത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയാണ് ബിജെപി അധികാരത്തിലെത്തിയതെന്നായിരുന്നു ഷൂജയുടെ ആരോപണം. കോൺഗ്രസ് ഈ ആരോപണം രാഷ്ട്രീയ വിഷയമാക്കിയെങ്കിലും, അതിനെ പിന്തുണയ്ക്കുന്ന പരിശോധിക്കാവുന്ന തെളിവുകൾ പൊതുവിൽ പുറത്തുവന്നില്ല. അതിനാൽ ആരോപണം തെളിയിക്കപ്പെട്ട വസ്തുതയായില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിൽ ഡൽഹി പൊലീസ് ഷൂജയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കോൺഗ്രസ് പിന്തുണച്ച രാഷ്ട്രീയ നീക്കമെന്നു വിശേഷിപ്പിച്ച് ബിജെപി ആരോപണത്തെ തള്ളിക്കളഞ്ഞു. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലും ഇവിഎമ്മുകളുടെ വിശ്വാസ്യത ചർച്ചയായെങ്കിലും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
ആദ്യകാല വോട്ടിങ് യന്ത്രങ്ങളിൽനിന്ന് ഇന്നത്തെ ഇവിഎമ്മുകൾ സാങ്കേതികമായി ഏറെ മാറിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിൽ എം3 ) മോഡൽ ഇവിഎമ്മുകളാണ് ഉപയോഗിക്കുന്നത്. ഇന്റർനെറ്റ്, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ ബാഹ്യ ബന്ധങ്ങളില്ലാതെ പ്രവർത്തിക്കുന്നതിനാൽ വിദൂരത്തുനിന്നുള്ള സൈബർ ആക്രമണത്തിലൂടെ ഇവ ഹാക്ക് ചെയ്യാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. നിർമ്മാണത്തിനുശേഷം സോഫ്റ്റ്വെയർ മാറ്റാനാവാത്ത ചിപ്പുകളാണ് ഉപയോഗിക്കുന്നതെന്നും കമ്മിഷൻ വ്യക്തമാക്കുന്നു. കമ്പ്യൂട്ടറൈസ്ഡ് റാൻഡമൈസേഷനിലൂടെ യന്ത്രങ്ങൾ പോളിങ് സ്റ്റേഷനുകൾക്ക് അനുവദിക്കുന്നതിനാൽ മുൻകൂട്ടി പ്രത്യേക മണ്ഡലത്തെയോ സ്ഥാനാർഥിയെയോ ലക്ഷ്യമിട്ട് കൃത്രിമം നടത്തുന്നത് തടയാനാകുമെന്നും കമ്മിഷൻ അവകാശപ്പെടുന്നു. ഇന്ത്യയിൽ ഇവിഎമ്മുകൾ മാറ്റി പഴയ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് മടങ്ങുന്നത് നിയമപരമായും ഭരണപരമായും സങ്കീർണമായ നടപടിയായിരിക്കും. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 61 A-വകുപ്പാണ് തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കാൻ നിയമപരമായ അടിത്തറ നൽകുന്നത്. അതിനാൽ പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെങ്കിൽ ഈ വകുപ്പിൽ ആവശ്യമായ ഭേദഗതികൾ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കേണ്ടിവരും. ഇതിനൊപ്പം 1961-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിലും അനുബന്ധ നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടിവന്നേക്കാം. 2024 ഏപ്രിൽ 26-ന് സുപ്രീംകോടതി പേപ്പർ ബാലറ്റ് സമ്പ്രദായത്തിലേക്ക് മടങ്ങണമെന്ന ആവശ്യം തള്ളിയിരുന്നു. എന്നാൽ ഇവിഎം സംവിധാനം മാറ്റാനാവില്ലെന്നല്ല ഈ വിധിയുടെ അർഥം. ഭാവിയിൽ അത്തരമൊരു മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചാൽ അതിന്റെ നിയമപരമായ സാധുതയും ഭരണഘടനാപരമായ വശങ്ങളും പ്രത്യേകം പരിശോധിക്കേണ്ടിവരും.
നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനേക്കാൾ വലിയ വെല്ലുവിളി ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് മടങ്ങുമ്പോൾ അത് പ്രായോഗികമായി നടപ്പാക്കുന്നതിലായിരിക്കും. 97 കോടിയിലധികം വോട്ടർമാരും പത്ത് ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകളുമുള്ള ഇന്ത്യയിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കോടിക്കണക്കിന് ബാലറ്റ് പേപ്പറുകൾ അച്ചടിക്കുന്നതും ബാലറ്റ് പെട്ടികൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും സുരക്ഷിതമായി എത്തിക്കുന്നതും വലിയ ഭരണപരമായ വെല്ലുവിളിയാണ്. ഇതിനായി ഗണ്യമായ സാമ്പത്തിക ചെലവും മനുഷ്യവിഭവശേഷിയും ആവശ്യമായി വരും. എന്നാൽ, സാമ്പത്തിക-ഭരണപരമായ ഈ ഭാരത്തേക്കാൾ ഗൗരവമേറിയതാണ് അതുണ്ടാക്കുന്ന സുരക്ഷാ പ്രതിസന്ധികൾ. ഏതാനും മണിക്കൂറുകൾ കൊണ്ട് ഫലം നിർണ്ണയിക്കുന്ന ഇവിഎമ്മിന് പകരം ദിവസങ്ങളോളം നീളുന്ന വോട്ടെണ്ണലും, ആ ദിവസങ്ങളിൽ ബാലറ്റ് പെട്ടികൾ കാക്കാൻ വേണ്ടിവരുന്ന വൻ സായുധസേനാ വിന്യാസവും രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ കടുത്ത അനിശ്ചിതത്വത്തിലാക്കും. ഇതിനെല്ലാമുപരി, പഴയകാലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയെ കളങ്കപ്പെടുത്തിയ ബൂത്തുപിടുത്തവും കള്ളവോട്ടും അക്രമങ്ങളും വീണ്ടും തലപൊക്കുമെന്ന ആശങ്കയും ചെറുതല്ല. അതേസമയം, വോട്ടെണ്ണലിലെ സുതാര്യതയും, ജനവിശ്വാസവും, സംശയമുയരുമ്പോൾ വോട്ടുകൾ വീണ്ടും ഭൗതികമായി എണ്ണിത്തിട്ടപ്പെടുത്താനുള്ള സാധ്യതയും കൂടി ചേർത്തുവെച്ചുവേണം ഇവിഎമ്മും പേപ്പർ ബാലറ്റും തമ്മിലുള്ള ഗുണദോഷങ്ങൾ വിലയിരുത്താൻ.
ഒരു തിരഞ്ഞെടുപ്പ് സംവിധാനം എത്രമാത്രം സാങ്കേതികമായി മുന്നിലാണെന്നതിലുപരി, തന്റെ വോട്ട് എങ്ങനെ രേഖപ്പെടുത്തപ്പെട്ടു എന്നും അത് എങ്ങനെ എണ്ണപ്പെട്ടു എന്നും വോട്ടർക്ക് ബോധ്യപ്പെടാനും ഫലം സ്വതന്ത്രമായി പരിശോധിക്കാനും കഴിയുന്നുണ്ടോ എന്നതാണ് ജനാധിപത്യത്തിലെ മൗലികമായ ചോദ്യം. സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ ഏതു സംവിധാനമാണ് ഈ ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി ഉറപ്പാക്കുന്നതെന്നത് വസ്തുതകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തേണ്ട വിഷയമാണ്. ജയിച്ച സ്ഥാനാർഥിക്കു മാത്രമല്ല, പരാജയപ്പെട്ട സ്ഥാനാർഥിക്കും സംശയങ്ങൾക്ക് ഇടനൽകാതെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ കഴിയുന്ന സംവിധാനമാണ് ജനാധിപത്യത്തിന് ആവശ്യം. സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ഉയരുന്ന ന്യായമായ ആശങ്കകൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമായ മറുപടി നൽകുകയും പരിശോധനാസാധ്യതയും സുതാര്യതയും ഉറപ്പാക്കുകയും വേണം. ഇവിഎമ്മുകൾ നിലനിർത്തണമോ, ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമോ, അതോ കൂടുതൽ ശക്തമായ പേപ്പർ പരിശോധനാ സംവിധാനം നടപ്പാക്കണമോ എന്ന ചോദ്യം രാജ്യവ്യാപകമായ തുറന്ന ചർച്ചയ്ക്കും വസ്തുതാധിഷ്ഠിതമായ വിലയിരുത്തലിനും വിധേയമാക്കേണ്ടതാണ്.