കിണർവെളളം കിട്ടാക്കാലം അരികെയോ..?

സംസ്ഥാനത്തെ 2514 തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ ജലക്ഷാമം രൂക്ഷമായെന്ന് പഠനറിപ്പോര്‍ട്ടും പുറത്തുവരുന്നു
കിണർവെളളം കിട്ടാക്കാലം അരികെയോ..?
Published on
Updated on

കേരളം കുഴല്‍ കിണര്‍ സംസ്‌കാരത്തിലേക്ക് മാറിയത് ഭൂഗര്‍ഭ ജലത്തിന്റെ സംഭരണ ശേഷിയെ അപകടകരമായ രീതിയില്‍ ബാധിച്ചെന്ന് പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. സംസ്ഥാന ഭൂഗര്‍ഭജല വകുപ്പിന്റേയും കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റേയും സംയുക്ത പഠന റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്ത് ഉപയോഗ്യമായ ആകെ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ 6.93 ശതമാനം കുറവു വന്നതായി വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്. ദിനംപ്രതി ജലസംഭരണ ശേഷി കുത്തനെ താഴേക്ക് പോകുകയാണെന്നാണ് കണ്ടെത്തലുള്ളത്. സംസ്ഥാനത്തെ മുപ്പത് ബ്ലോക്കുകളിലെ ജലനിരപ്പ് പരിശോധിച്ചതില്‍ 20 ഇടങ്ങളിലും വെള്ളത്തിന്റെ അളവ് കുറയുന്നതായി കണ്ടെത്തി. അടിയന്തര ഇടപെടല്‍ ആവശ്യമായ സ്ഥിതിയിലാണ് മിക്ക ജില്ലകളും എന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ 2514 തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ ജലക്ഷാമം രൂക്ഷമായെന്ന് പഠനറിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സംസ്ഥാനത്താകെയുള്ള 20950 വാര്‍ഡുകളുടെ 12 ശതമാനത്തിലും വീട്ടാവശ്യത്തിന് പോലും വെള്ളംകിട്ടാത്ത ഹോട്ട്‌സ്​പോട്ടുകളാണെന്ന കാര്യം കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കീഴിലെ ജലവിഭവ വികസന വകുപ്പിന്റെ പഠനവും വെളി​​പ്പെടുത്തിയിട്ടുണ്ട്.

കിണർവെളളം കിട്ടാക്കാലം അരികെയോ..?

ഭൂജല വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ച 430 നിരീക്ഷണ കിണറുകളിലെ ഫെബ്രുവരിയിലെ ജലവിതാന പരിശോധനയില്‍ 49 ശതമാനത്തിലും ജലനിരപ്പ് താഴ്ന്നതായി കണ്ടെത്തിയീട്ടുണ്ട്. ചില പ്രദേശങ്ങളില്‍ രണ്ട് മീറ്ററിലധികം ജലവിതാനം താഴ്ന്നു. നാലുമീറ്ററില്‍ താഴേയാകുന്നത് വെള്ളം കിട്ടാത്ത അവസ്ഥയാണ് സൃഷ്ടിക്കുക. അത്രത്തോളമെത്തിയില്ലെങ്കിലും അതിഗുരുതര സാഹചര്യമാണ് ജലവിതാനത്തില്‍ ഉണ്ടായതെന്നാണ് ഭൂജല വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍.

രണ്ട് മീറ്ററിലധികം ജലവിതാനം താഴ്ന്ന അടിയന്തര ശ്രദ്ധ വേണ്ട പ്രദേശങ്ങളായാണ് വിലയിരുത്തുന്നത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം, കാഞ്ഞിരപ്പിള്ളി, ഏറ്റുമാനൂര്‍, വയനാട് ജില്ലയിലെ തിരുനെല്ലി, കണ്ണൂര്‍ ജില്ലയിലെ കേളകം,വേങ്ങാട്,കൂത്തുപറമ്പ് എന്നിവയാണ് ആ പ്രദേശങ്ങള്‍. 21 ശതമാനം കിണറുകളില്‍ ജലവിതാനം ഗണ്യമായ രീതിയില്‍ കുറഞ്ഞുവെന്നും പഠനം വെളിപ്പെടുത്തുന്നു. ജലസുരക്ഷക്ക് ഭീഷണി ഉയര്‍ത്തും വിധം എട്ടുപ്രദേശങ്ങളില്‍ രണ്ടുമീറ്ററില്‍ താഴേയും 23 പ്രദേശങ്ങളില്‍ ഒന്നുമുതല്‍ രണ്ട് മീറ്റര്‍ വരെയുമാണ് കുറവ് രേഖപ്പെടുത്തിയത്... കുഴല്‍കിണറുകളില്‍ നടത്തിയ പഠനത്തില്‍ ഭൂജല വിതാനം അപകടകരമായ രീതിയില്‍ കുറയുന്നത് ആലപ്പുഴ, കൊല്ലം, തൃശൂര്‍, പത്തനംതിട്ട എന്നീ ജില്ലകളിലാണ്. റാന്നി, ബാലുശ്ശേരി, ഇരിക്കൂര്‍ ബേ്‌ളാക്കുകളിലാണ് കുഴല്‍ക്കിണറുകളുടെ ജലവിതാനം വന്‍തോതില്‍ കുറഞ്ഞത്. അതേസമയം വയനാട്, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഭൂരിഭാഗം കിണറുകളിലും നേരിയ തോതില്‍ കൂടിയിട്ടുണ്ട്. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ട്യൂബ് വെല്ലുകളില്‍ 69.23ശതമാനം സ്ഥലങ്ങളിലും ജലവിതാനത്തില്‍ നേരിയ വര്‍ധന വന്നിട്ടുണ്ട്. കൊല്ലത്തെ ചില പ്രദേശങ്ങളിലെ ട്യൂബ് വെല്ലുകളില്‍ ഗണ്യമായ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

മഴയിലെ കുറവ്, ഭൂജല ഉയോഗത്തിലെ വര്‍ധന, അശാസ്ത്രീയമായ കുഴല്‍ക്കിണര്‍ നിര്‍മാണം, ഭൂമിക്കടിയില്‍ വെള്ളം നിലനിര്‍ത്തുന്ന പാളികളുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ് ജലനിരപ്പ് അനിയന്ത്രിതമായ രീതിയില്‍ കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 മുതല്‍ 2025 വരെ പത്തുവര്‍ഷക്കാലം വേനല്‍ക്കാലത്തെ ഭൂജല വിതാനത്തിന്റെ ശരാശരിയും ഈ മാസത്തെ ജലവിതാനവും തമ്മിലുള്ള താരതമ്യത്തിലാണ് അപകടകരമായ തരത്തില്‍ കുറവ് കണ്ടെത്തിയത്. സംസ്ഥാനത്തൊട്ടാകെയുള്ള ഭൂജല വകുപ്പിന്റെ 738 നിരീക്ഷണ കിണറുകളിലെ ജല നിരപ്പാണ് പഠനത്തിന് ഉപയോഗിച്ചത്. മേയില്‍ വേനല്‍ ശക്തമാവുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്താല്‍ വീണ്ടും ജലവിതാനം കുറയുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മീറ്ററിനും രണ്ട് മീറ്ററിനും ഇടയില്‍ ജലവിതാനം കുറഞ്ഞ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. 42 ശതമാനത്തോളം തുറന്ന കിണറുകളിലും കുഴല്‍കിണറുകളിലും ജലനിരപ്പ് താഴ്ന്നു. തീരദേശത്തെ പൈപ്പ് ഇറക്കിയ ട്യൂബ് വെല്ലുകളില്‍ 30.77 ശതമാനത്തില്‍ മാത്രമാണ് കുറവ് വന്നിട്ടുള്ളത്.

കേരളത്തില്‍ മൂന്ന് വിധത്തിലാണ് മഴ ലഭിക്കുന്നത്. കാലവര്‍ഷം, തുലാമഴ, വേനല്‍ മഴ. കാലാവസ്ഥ വ്യതിയാനം ഭൂഗര്‍ഭജല ലഭ്യതയെ വലിയ തോതില്‍ ബാധിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വൈകുന്നത് പ്രധാന കാരണമാണ്. ജൂണ്‍ പകുതി കഴിയുമ്പോഴാണ് കാലവര്‍ഷം കേരളത്തില്‍ എത്തുന്നത്. ഇത് ഒറ്റയടിക്ക് പെയ്ത് പ്രളയമായി മാറുമ്പോള്‍ ഭൂഗര്‍ഭജല വിതാനത്തില്‍ എത്താതെ വെള്ളം കടലില്‍ എത്തുകയാണ് ചെയ്യുന്നത്. ഇത് ജലസംഭരണത്തിന്റെ താളം തെറ്റിക്കുന്നു. മഴയുടെ ദൈര്‍ഘ്യം കുറഞ്ഞതോടെ ഭൂമിയിലേക്ക് അരിച്ചിറങ്ങി ഭൂഗര്‍ഭജല സ്രോതസിലേക്ക് എത്തിച്ചേരുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. ഭൂമിയുടെ ചരിവ്, മേല്‍മണ്ണിന്റെ കനം, ജലസംഭരണികളുടെ ജലം ഉള്‍ക്കൊള്ളാനുള്ള വ്യാപ്തി ഇതൊക്കെ ഭൂഗര്‍ഭജല സംഭരണത്തെ സ്വാധീനിക്കുന്നുണ്ട്. വീട്ടാവശ്യങ്ങള്‍ക്കായി കുഴല്‍ കിണറുകള്‍ ഉപയോഗിക്കുന്നതാണ് ഭൂഗര്‍ഭജല ശോഷണത്തിന്റെ സുപ്രധാന കാരണം. തുറസായ കിണറുകള്‍ക്ക് പകരം ഒരു കുഴല്‍ കിണര്‍ സംസ്‌കാരത്തിലേക്ക് കേരളം മാറി.

രണ്ട് തരം ഭൂഗര്‍ഭ ജല അറകളുണ്ട്. തുറസായ കിണറുകളില്‍ വെള്ളം ലഭിക്കുന്നതാണ് ആഴം കുറഞ്ഞ ജലസംഭരണി. അതേസമയം പാറകള്‍ക്കിടയില്‍ വളരെ ആഴത്തില്‍ ശേഖരിക്കപ്പെടുന്ന ജലമാണ് കുഴല്‍ കിണറില്‍ നിന്ന് ലഭിക്കുന്നത്. കുഴല്‍കിണറുകള്‍ വലിയ തോതില്‍ വര്‍ധിച്ചത് അപകടം വിളിച്ചുവരുത്തിയെന്ന് അധികൃതരുടെ ആശങ്കപ്പെടുന്നു. സംസ്ഥാനത്ത് 1700 കിണറുകളാണ് ഭൂഗര്‍ഭജല വിതാനം നിരീക്ഷിക്കാനായുള്ളത്. ഇതില്‍ നിന്നും എല്ലാ മാസവും ആദ്യ ആഴ്ച അളവ് തിട്ടപ്പെടുത്തും. ഇതിനൊപ്പം മഴയുടെ തോതും കണക്കാക്കിയാണ് ഭൂഗര്‍ഭജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നത്.

കേരളത്തിന്റെ തീര മേഖലയില്‍ ഭൂഗര്‍ഭജലം വലിയതോതില്‍ കുറയുന്നുണ്ട്. ഒപ്പം ഓരുവെള്ളത്തിന്റെ കയറ്റവും കൂടിയാകുമ്പോള്‍ കുഴല്‍കിണറുകള്‍ ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകളനുസരിച്ച് തീരമേഖലയിലെ ഭൂഗര്‍ഭജലവിതാനത്തില്‍ 30 മുതല്‍ 40 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, ആവര്‍ത്തിക്കുന്ന പ്രളയങ്ങളില്‍ വന്‍തോതില്‍ മേല്‍മണ്ണ് ഒലിച്ചുപോയത് എന്നിവയാണ് ഇതിന് കാരണമായി വിദഗ്ധര്‍ പറയുന്നത്.

തുറന്ന കിണര്‍ സംവിധാനത്തിന് നിരവധി ഗുണങ്ങളുണ്ട്. ഇത് ഭൂഗര്‍ഭജല ലഭ്യതയും ഭൂഗര്‍ഭജലനിരപ്പും വര്‍ധിപ്പിക്കുന്നു. കേരളത്തിലുടനീളമുള്ള എല്ലാ ആവാസവ്യവസ്ഥകളിലും ഇത് ഫലപ്രദമാണ്. ഗ്രാമപ്രദേശങ്ങളിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ജല ബഡ്ജറ്റ് പ്രകാരം കേരളത്തില്‍ മൂന്ന് ബ്ലോക്കുകളാണ് ക്രിട്ടിക്കല്‍ സ്റ്റേജിലുള്ളത്. കാസര്‍കോഡ്, പാലക്കാട്ടെ ചിറ്റൂര്‍, മലമ്പുഴ. കൃഷി ആവശ്യങ്ങള്‍ക്കും മറ്റും വെള്ളം ഊറ്റിയെടുത്തതാണ് ഭൂമിക്കടിയിലെ ജലസംഭരണിയെ അപകടരമായ അവസ്ഥയില്‍ എത്തിച്ചത്. കേന്ദ്ര ഭൂജല വകുപ്പ് ബ്ലോക്കടിസ്ഥാനത്തില്‍ ശേഖരിച്ച കണക്ക് പ്രകാരം ഗ്രൗണ്ട് വാട്ടറിന്റെ അളവ് കുറഞ്ഞു വരികയാണ്.

നദികളാലും തോടുകളാലും സമൃദ്ധമെന്ന് നാം അഭിമാനിച്ചിരുന്ന കേരളം ഇന്ന് ഒരു വലിയ ജലപ്രതിസന്ധിയുടെ വക്കിലാണെന്ന് ഈ പഠന റിപ്പോർട്ടുകൾ അടിവരയിടുന്നു. പ്രകൃതിദത്തമായ തുറന്ന കിണറുകളെ ഉപേക്ഷിച്ച്, ഭൂമിയുടെ ആഴങ്ങളിലെ പാളികളിൽ നിന്ന് വെള്ളം ഊറ്റിയെടുക്കുന്ന 'കുഴൽക്കിണർ സംസ്കാരം' നമ്മുടെ ജലസുരക്ഷയെ എത്രത്തോളം അപകടത്തിലാക്കി എന്നതിന്റെ തെളിവാണ് ഭൂഗർഭജലവിതാനത്തിലുണ്ടായ ഈ വൻ ഇടിവ്.കാലാവസ്ഥാ വ്യതിയാനവും പെയ്തിറങ്ങുന്ന മഴവെള്ളത്തെ ഭൂമിയിലേക്ക് പിടിച്ചുനിർത്താൻ കഴിയാത്ത അവസ്ഥയും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ഒന്നോ രണ്ടോ മീറ്റർ ജലനിരപ്പ് താഴുക എന്നത് കേവലം അക്കങ്ങളല്ല, മറിച്ച് വരാനിരിക്കുന്ന വലിയൊരു വരൾച്ചയുടെയും കുടിവെള്ള യുദ്ധങ്ങളുടെയും മുന്നറിയിപ്പാണ്. ഭൂഗർഭജല ചൂഷണം തടയാൻ കർശനമായ നിയമനിർമ്മാണവും നിരീക്ഷണവും അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്. ഭൂമി ദാഹിച്ചാൽ നാളെ നമ്മളും ദാഹിക്കേണ്ടി വരും എന്ന സത്യം തിരിച്ചറിയുക തന്നെ വേണം.

News Malayalam 24x7
newsmalayalam.com