ഹിന്ദ് റജബ് എന്നത് കുരുന്നുകളുടെ വംശഹത്യയുടെ പേരാണ്...

എന്നാൽ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കും തടസ്സങ്ങള്‍ക്കുമൊടുവിൽ ഇപ്പോൾ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു
ഹിന്ദ് റജബ് എന്നത് കുരുന്നുകളുടെ വംശഹത്യയുടെ പേരാണ്...
Published on
Updated on

യുദ്ധക്കെടുതിയിൽ തകർന്ന ഒരു നാടിന്റെ രോദനമായി മാറിയ ആറു വയസ്സുകാരിയുടെ ശബ്ദം. അതാണ് ‘വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന അറബിക് സിനിമ. പലസ്തീനിൽ കൊല്ലപ്പെട്ട ഹിന്ദ് റമി ഇയാദ് റജബ് എന്ന പെൺകുട്ടിയുടെ മാത്രം കഥയല്ല, യുദ്ധക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ട അനേകായിരം മനുഷ്യരുടെ കഥയാണ്. 2018 മേയ് മൂന്നിന് ജനിച്ച് 2024 ജനുവരി 29ന് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദ് , യുദ്ധക്കെടുതിയുടെ ഭീകരത ലോകത്തോടു മുഴുവൻ വിളിച്ചു പറഞ്ഞ ശബ്ദമാണ്. ആ കുഞ്ഞിന്റെ ജീവിതം പശ്ചാത്തലമാക്കി ടുണീഷ്യൻ സംവിധായിക കൗഥർ ബെൻ ഹാനിയ സംവിധാനം ചെയ്ത വോയ്സ് ഓഫ് ഹിന്ദ് റജബിന്റെ പ്രദർശനം ഇന്ത്യയിൽ തടയപ്പെട്ടിരിക്കുകയായിരുന്നു. എന്നാൽ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കും തടസ്സങ്ങള്‍ക്കുമൊടുവിൽ ഇപ്പോൾ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു. ജൂണ്‍ 19ന് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാനൊരുങ്ങ​വേ ഈ സിനിമ പറഞ്ഞുവെക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ സേനയുടെ കൂട്ടക്കൊലപാതകം വിഷയമാക്കുകയാണ് സത്യം പറയട്ടെ ഹിന്ദ് റജബ് എന്നത് കുരുന്നുകളുടെ വംശഹത്യയുടെ പേരാണ്.

2024 ജനുവരിയിലായിരുന്നു ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഇസ്രായേൽ ക്രൂരത നടന്നത്. ഗസ സിറ്റിയില്‍ ഉണ്ടായ കടുത്ത ആക്രമണങ്ങളെ തുടര്‍ന്ന് കുടുംബത്തോടൊപ്പം കാറില്‍ പലായനം ചെയ്യുകയായിരുന്ന ഹിന്ദ് റജബിന് നേരെ ഇസ്രഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ കാറിലുണ്ടായിരുന്ന ഹിന്ദിന്റെ ബന്ധുക്കളെല്ലാം സംഭവസ്ഥലത്തുതന്നെ മരിച്ചു.ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഹിന്ദ്, കാറിലെ മൃതദേഹങ്ങള്‍ക്കിടയിലിരുന്ന് സഹായത്തിനായി നിലവിളിച്ചു. ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്ത ഹിന്ദ്, തന്നെ വന്ന് രക്ഷിക്കണമെന്ന് കരഞ്ഞുപറയുന്ന ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ പിന്നീട് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം, ഹിന്ദ് റജബിന്റെയും അവരെ രക്ഷിക്കാന്‍ പുറപ്പെട്ട രണ്ട് രക്ഷാപ്രവര്‍ത്തകരുടെയും മൃതദേഹങ്ങള്‍ ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള തകര്‍ന്ന കാറിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മുന്നൂറിലേറെ വെടിയുണ്ടകളാണ് റജബിന്റെ കാറിന് നേരെ ഇസ്രായേൽ സൈന്യം ഉതിര്‍ത്തത്.

സിനിമയ്ക്ക് കൂടുതല്‍ ആധികാരികതയും തീവ്രതയും നല്‍കാന്‍ അന്ന് കാറിനുള്ളില്‍ നിന്ന് ഹിന്ദ് റജബ് സംസാരിച്ച യഥാര്‍ത്ഥ ശബ്ദ റെക്കോര്‍ഡിങ്ങുകള്‍ തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കുട്ടികൾ ഉള്ള ഒരാൾക്കും ഹിന്ദ് റജബിന്റെ അവസാന ശബ്ദ സന്ദേശം മുഴുവൻ കേട്ടു നിൽക്കാൻ കഴിയില്ല. രാത്രിയാകുന്നു, ഇരുട്ടു വീഴുന്നു, എന്നെ ഇവിടെ നിന്നു കൊണ്ടു പോകൂ എന്നു കെഞ്ചുന്ന ആ പെൺകുട്ടിയുടെ വാക്കുകളെ പിടച്ചിലോടെയാണ് പ്രേക്ഷകർ കേട്ടിരുന്നത്. ‌ഇന്ത്യ-ഇസ്രയേൽ ബന്ധത്തെ ബാധിക്കുമെന്ന ഭയംകൊണ്ടാണ് ഓസ്കർ നാമനിർദേശം ലഭിച്ച ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി ആദ്യഘട്ടത്തിൽ സെൻസർ ബോർഡ് നിഷേധിച്ചത്..കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. . മകളെ കൊന്ന കുറ്റത്തിന് ഇസ്രയേൽ സൈനികർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദ് റജബിന്റെ മാതാവ് വിസം ഹമാദ രാജ്യാന്തര കോടതിയിൽ കേസ് നൽകിയിരിക്കുകയാണ്.

ഹിന്ദ് റജബിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല.. സമാനമായസംഭവം 2026 ജൂൺ അഞ്ചിന് വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ നടന്നു. ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ബെത്‍ലഹേം സർവകലാശാലയിലെ ലക്ചററായ സാം ഫഹദ് അബു ഹൈക്കലിന്റെ വാഹനത്തിന് നേരെയാണ് സൈന്യം വെടിയുതിർത്തത്. ഫഹദിന്റെ കൈയിലൂടെ കടന്ന വെടിയുണ്ട, അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ തുളച്ചുകയറുകയായിരുന്നു.ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് സംഭവത്തി​ന്റെ വീഡിയോ പ്രചരിച്ചതോടെ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഗസ യിലെ ആരോഗ്യ മന്ത്രാലയവും ഐക്യരാഷ്ട്രസഭയും ഈ വർഷം ജനുവരിയിൽ പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇസ്രായേൽ ആക്രമണങ്ങളിൽ 21,200-ലധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്.2023 ഒക്ടോബർ 7 മുതലുള്ള 27 മാസ​ത്തെ കണക്കാണിത്.

ഗാസയിലെ വിവിധ ആശുപത്രികളിൽ തങ്ങളുടെ ജീവൻ പണയം വെച്ച് സേവനമനുഷ്ഠിച്ച ഡോക്ടർമാരും , നഴ്സുമാരുമുൾപ്പെടെ 65 അമേരിക്കൻ ആരോഗ്യവിദഗ്ദ്ധർ തങ്ങൾ അവിടെ നേരിട്ടു കണ്ട ഭീകരമായ യാഥാർത്ഥ്യങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞത് 2024 ഒകടോബറിലാണ്. ഭയപ്പെടുത്തുന്ന ഒട്ടനവധി ചിത്രങ്ങളും എക്സ്-റേ ദൃശ്യങ്ങളും തെളിവുകളായി നിരത്തിക്കൊണ്ടാണ് അവർ മുന്നോട്ടുവന്നത്. ഒരു സാധാരണ യുദ്ധത്തിന്റെ എല്ലാ അതിരുകളും ലംഘിക്കപ്പെടുന്ന കാഴ്ചകളാണ് അവിടെ കണ്ടതെന്ന് ഈ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.തലയിലോ നെഞ്ചിലോ നേരിട്ട് വെടിയേറ്റ് മരിച്ച നിലയിലോ അതീവ ഗുരുതരാവസ്ഥയിലോ ഉള്ള പത്തും ഇരുപതും ചെറിയ കുട്ടികളെ അവർക്ക് ദിവസവും ചികിത്സിക്കേണ്ടി വന്നു .ബോംബാക്രമണങ്ങളിലെ പരിക്കുകളേക്കാൾ ഉപരിയായി, കൃത്യമായി ലക്ഷ്യം വെച്ച് ഉതിർത്ത വെടിയുണ്ടകളാണ് പല കുഞ്ഞുങ്ങളുടെയും തലച്ചോറിൽ തറച്ചിരുന്നത്. മെഡിക്കൽ പരിശോധനകളിൽ നിന്ന് ഇവ അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും, ബോധപൂർവ്വം കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ വെടിവെപ്പാണെന്നും വ്യക്തമാക്കുന്ന എക്സ്-റേ ദൃശ്യങ്ങൾ ഡോക്ടർമാർ പുറത്തുവിട്ടു.ഗസ്സയിലെ 10 വ്യത്യസ്ത മെഡിക്കൽ സെന്ററുകളിലായി 15 വയസ്സോ അതിൽ താഴെയോ പ്രായമുള്ള 114 കുട്ടികൾക്ക് ഇത്തരത്തിൽ തലയ്ക്കോ നെഞ്ചിനോ നേരിട്ട് വെടിയേറ്റതായി അവർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബർ 2023-ന് ശേഷം ഗാസയിലെ കുട്ടികളുടെ ജനസംഖ്യയുടെ ഏകദേശം 2 ശതമാനം കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു കൊല്ലപ്പെട്ട കുട്ടികളിൽ 1,009 പേരെങ്കിലും ഒരു വയസ്സിന് താഴെയുള്ളവരാണ്. ഇതിൽ പകുതിയോളം കുഞ്ഞുങ്ങൾ യുദ്ധകാലത്ത് ജനിക്കുകയും യുദ്ധത്തിൽ തന്നെ കൊല്ലപ്പെടുകയും ചെയ്തവരാണ്. പതിനായിരക്കണക്കിന് കുട്ടികളെ കാണാതാവുകയോ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയോ ചെയ്യുന്നതായാണ് കരുതപ്പെടുന്നത്. 23 മാസത്തെ യുദ്ധത്തിന് ശേഷവും, ജീവനോടെയുള്ള കുട്ടികളുടെ ജീവിതം ദിവസവും അപകടത്തിലാണ്. കുട്ടികളുടെ വീടുകൾ, കളിസ്ഥലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയ്ക്ക് നേരെയുള്ള വ്യവസ്ഥാപിതമായ ആക്രമണങ്ങൾ, ആസൂത്രിതമായ പട്ടിണിയിലാക്കൽ എന്നിവ തുടരെ നടക്കുകയാണ്.

ഗാസയിലെ യാഥാര്‍ത്ഥ്യം ഇതിലും ഭീകരമാണ്. ജനസംഖ്യയുടെ കുറഞ്ഞത് 20 ശതമാനം അത്യന്തം പട്ടിണി അനുഭവിക്കുകയും, കുറഞ്ഞത് 30 ശതമാനം കുട്ടികൾ ഗുരുതരമായ പോഷകാഹാരക്കുറവിൽ ജീവിക്കുകയും ചെയ്യുന്നുണ്ട്. 10,000 പേരിൽ കുറഞ്ഞത് രണ്ട് പേരെങ്കിലും പട്ടിണിയോ, പോഷകാഹാരക്കുറവിനോടു ബന്ധപ്പെട്ട രോഗങ്ങളോ മൂലം മരിക്കുകയോ ചെയ്യുന്ന അവസ്ഥയിൽ ഗാസയെ ഔദ്യോഗികമായി ക്ഷാമമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം ഇസ്രയേലിന്റെ സൈനിക ഉപരോധവും നിരന്തര ബോംബാക്രമണങ്ങളും തന്നെയാണ്. അന്താരാഷ്ട്ര നിയമം വ്യക്തമാക്കുന്നത് ഇസ്രയേലിന് ജനങ്ങളുടെ ഭക്ഷണ-ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള പ്രധാന ഉത്തരവാദിത്വം ഉണ്ടെന്നാണ്. എന്നാല്‍, ഹമാസ് കൈക്കൊണ്ട ചില നടപടികൾ ഈ ദുരന്തത്തെ കൂടുതല്‍ ഗുരുതരമാക്കി. ഭക്ഷണവും ഇന്ധനവും അടങ്ങിയ യു.എന്‍. സഹായ ട്രക്കുകള്‍ തടഞ്ഞുവയ്ക്കപ്പെടുകയോ തിരിച്ചുവിടപ്പെടുകയോ ചെയ്യുന്നതായി ഇസ്രായേൽ കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം 2025-ല്‍ യുഎന്‍ റീഫ്യൂജി ഏജന്‍സി പ്രസിദ്ധീകരിച്ച 'Claims Versus Facts' റിപ്പോര്‍ട്ടില്‍, ഗാസയില്‍ ഹമാസ് അല്ലെങ്കില്‍ മറ്റ് സൈനിക ഗ്രൂപ്പുകള്‍ സഹായവിതരണത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് യാതൊരു തെളിവും യുഎന്‍ റീഫ്യൂജി ഏജന്‍സിക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഗാസയിലെ പട്ടിണി ഒരു സ്വാഭാവിക ദുരന്തമല്ല, മറിച്ച് മനുഷ്യനിർമ്മിതമാണെന്ന് ആരോഗ്യപ്രവർത്തകർ അടിവരയിടുന്നു.

ക്ഷാമം ഒരു ജനതയെ ഇഞ്ചിഞ്ചായി കൊല്ലുന്നത് നാം കൺമുന്നിൽ കാണുന്നു. ബോംബുകൾ കൊണ്ടല്ല, പട്ടിണി കൊണ്ടാണ് അവിടെ കുഞ്ഞുങ്ങൾ മരിച്ച് വീഴുന്നത്. പിഞ്ചുകുഞ്ഞുങ്ങൾ മുലപ്പാൽ കിട്ടാതെ കരയുന്നു. അമ്മമാർ ക്ഷീണം കൊണ്ട് തളർന്നു വീഴുന്നു. തെരുവുകൾ മുഴുവൻ ദുഃഖത്തിന്റെയും നിരാശയുടെയും ശബ്ദം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഗാസയിലെ മനുഷ്യരുടെ ദുരിതം തുടരുകയാണ്. എന്നാൽ, നിസ്സംഗരായി ലോകം അതിനെ നിശബ്ദമായി നോക്കിക്കാണുന്നു. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ മൗനം തുടരുകയാണ്. മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാറുള്ള ലോകത്തിലെ വൻ ശക്തികൾ പോലും ഗാസയുടെ കാര്യം വരുമ്പോൾ ഒന്നും മിണ്ടുന്നില്ല. ഡൊണാൾഡ് ട്രംപിൻെറ നേതൃത്വത്തിൽ അമേരിക്ക ഇസ്രായേലിന് നിരുപാധിക പിന്തുണ നൽകുമ്പോൾ അവരുടെ അധിനിവേശങ്ങൾക്ക് കൂട്ടുനിൽക്കുമ്പോൾ ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾ കാരണം നീതിക്ക് വേണ്ടിയുള്ള മുറവിളിയെല്ലാം മുങ്ങിപ്പോവുകയാണ്. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ദുരിതം കാണാതെ പോവരുത്. അല്ലെങ്കിൽ ഈ നിശബ്ദതയ്ക്ക് ചരിത്രം മാപ്പുതരില്ല. ഇതോടുകൂടി സത്യംപറയട്ടെ പൂർത്തിയാവുന്നു. മറ്റൊരു വിഷയവുമായി അടുത്ത ആഴ്ച എത്താം

News Malayalam 24x7
newsmalayalam.com