രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതി കുത്തനെ താഴോട്ടോ ?

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി തുറന്ന് പറഞ്ഞ് നീതി ആയോഗ്
രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതി കുത്തനെ താഴോട്ടോ ?
Published on
Updated on

ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കകളുമായി നിതി ആയോഗ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ രാജ്യത്ത്‌ ഒരുലക്ഷത്തോളം സർക്കാർ സ്‌കൂളുകൾ പൂട്ടിപ്പോയി.. ഒരു ലക്ഷത്തിലേറെ സ്കൂളുകളിൽ ഒരു അധ്യാപകർ മാത്രമേ ഉള്ളൂ.. ഒരുലക്ഷത്തിലേറെ സ്കൂളുകളിൽ ഇപ്പോഴും വൈദ്യുതിയില്ല. രാജ്യത്ത് എണ്ണായിരത്തോളം സ്കൂളുകളിൽ പുതുതായി സ്കൂളിൽ ചേരാൻ ഒരു വിദ്യാർഥിയെ പോലും ലഭിച്ചില്ല. പ്രൈമറി ക്ലാസുകൾക്ക് ശേഷം കുട്ടികൾ വൻതോതിൽ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് തുടരുന്നതായും 'സ്കൂൾ എഡ്യൂക്കേഷൻ സിസ്റ്റം ഇൻ ഇന്ത്യ' എന്ന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ദേശീയ തലത്തിൽ വലിയ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും, അടിസ്ഥാന സൗകര്യങ്ങളിലും പഠന നിലവാരത്തിലും കേരളം മികച്ച മുന്നേറ്റം നടത്തുന്നതായി റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്.

ഓരോ വർഷവും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം അതിഗുരുതരമായി വർധിച്ചു വരികയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രൈമറി തലത്തിൽ സ്കൂളിൽ പ്രവേശനത്തിനെത്തുന്നവരുടെ നിരക്ക് 90.9 ശതമാനം ആണെങ്കിൽ സെക്കൻഡറി തലത്തിൽ 78.7 ശതമാനമായും ഹയസെക്കൻഡറി ആകുമ്പോഴേക്കും അത് 58.4 ശതമാനമായും കുറയുന്നുണ്ട്. പത്താംക്ലാസിലും പ്ലസ് വണിനും ഒക്കെ പ്രവേശനം നേടുന്നവർ വൻതോതിൽ കൊഴിഞ്ഞുപോകുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് പ്രൈമറി തലത്തിൽ കൊഴിഞ്ഞുപോക്ക് 0.3 ശതമാനമാണെങ്കിൽ അപ്പർ പ്രൈമറി ആകുമ്പോൾ അത് 3.5 ശതമാനമായും സെക്കൻഡറി തലമെത്തുമ്പോൾ 11.5 ശതമാനമായും ഉയരുന്നു. അതേസമയം, ഹയർസെക്കൻഡറി തലത്തിലെ കൊഴിഞ്ഞുപാക്ക് അതിരൂക്ഷമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരേ സ്കൂളിൽ തന്നെ പഠനം പൂർത്തിയാക്കാൻ രാജ്യത്തെ 5.4 ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. അതായത് പത്ത് കുട്ടികൾ ഹയർസെക്കൻഡറിയിൽ പ്രവേശനം നേടുമ്പോൾ കോഴ്സ് പൂർത്തിയാക്കാതെ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നത് നാലുപേരാണ്.

രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതി കുത്തനെ താഴോട്ടോ ?
വന്ദേമാതരം - ചരിത്രത്തെ തലതിരിച്ചിടുന്ന വ്യാഖ്യാനം

14.71 ലക്ഷം സ്കൂളുകളിലായി 24.69 കോടി വിദ്യാർഥികളാണ് രാജ്യത്തുള്ളത്. 7.3 ലക്ഷം പ്രൈമറി സ്കൂളുകളുണ്ടെങ്കിലും ഹയർ സെക്കൻഡറി തലത്തിലേക്ക് എത്തുമ്പോൾ സ്കൂളുകളുടെ എണ്ണം 1.64 ലക്ഷമായി ചുരുങ്ങുന്നു. സ്കൂളുകൾ മാറ്റേണ്ടിവരുന്നത് വലിയൊരു പരിധി വരെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്. വീടുകളിൽ നിന്നും സ്കൂളുകളിലേക്കുള്ള ദൂരവും കൊഴിഞ്ഞുപോക്കിനെ സ്വാധീനിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾ പത്താംക്ലാസ് കഴിയുമ്പോൾ ജോലി തേടി പോകുന്നതും മറ്റൊരുകാരണമാണ്. സെക്കൻഡറി തലത്തിൽ 11.5 ശതമാനമാണ് കൊഴിഞ്ഞുപോക്കിൻ്റെ ദേശീയ ശരാശരിയെങ്കിൽ പശ്ചിമ ബംഗാളിലിത് 20 ശതമാനമാണ്.

രാജ്യത്തെ ആയിരക്കണക്കിന് സ്കൂളുകൾ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നത്. 91.9 ശതമാനം സ്കൂളുകളിലും വൈദ്യുതി എത്തിയെങ്കിലും 1.19 ലക്ഷം സ്കൂളുകളിൽ ഇപ്പോഴും വൈദ്യുതി കിട്ടാക്കനിയാണ്. 98,592 സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികളില്ല. 61,540 സ്കൂളുകളിൽ ഉപയോഗയോഗ്യമായ ഒരു ശുചിമുറി പോലുമില്ല എന്നതാണ് ദുഃഖകരമായ യാഥാർഥ്യം. 14,505 സ്കൂളുകളിൽ കുടിവെള്ള സൗകര്യമില്ല. 59,829 ഇടങ്ങളിൽ കൈ കഴുകാനുള്ള സൗകര്യവുമില്ല. സർക്കാർ മേഖലയിലുള്ള 51.7 ശതമാനം സെക്കൻഡറി സ്കൂളുകളിൽ മാത്രമാണ് സയൻസ് ലാബുകളുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതി കുത്തനെ താഴോട്ടോ ?
ഓര്‍മയിലുണ്ട്; കോണ്‍ഗ്രസ് വിഭാഗീയതയുടെ ഇന്നലെകള്‍

10 വർഷത്തിനുള്ളിൽ രാജ്യത്ത്‌ ഒരുലക്ഷത്തോളം സർക്കാർ സ്‌കൂളുകൾ പൂട്ടിയതായി റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. 2014–15ൽ 11.07 ലക്ഷം സർക്കാർ സ്‌ക‍ൂളുകൾ ഉണ്ടായിരുന്നത്‌ 2024–25ൽ 10.13 ലക്ഷമായി കുറഞ്ഞു. 10 വർഷം മുമ്പ്‌ ആകെ സ്‌കൂളുകളുടെ 73 ശതമാനവും സർക്കാർ ഉടമസ്ഥതയിലായിരുന്നെങ്കിൽ 2025 ൽ അത്‌ 68.9 ശതമാനമായി കുറഞ്ഞു. എയ്‌ഡഡ്‌ സ്‌ക‍‍‍ൂളുകളിലും കുറവുണ്ടായി. 2014–15ൽ 0.83 ലക്ഷം എയ്‌ഡഡ്‌ സ്‌കൂളുകളുണ്ടായത്‌. 2024–25ൽ 0.79 ലക്ഷമായി കുറഞ്ഞു. 2014–15ൽ സർക്കാർ-സ്വകാര്യ സ്കൂളുകളടക്കം ആകെ 15.16 ലക്ഷം സ്‌കൂളുകളുകളാണ്‌ രാജ്യത്ത്‌ പ്രവർത്തിച്ചിരുന്നത്‌. 10 വർഷം കഴിഞ്ഞപ്പോൾ ഇത്‌ 14.71 ലക്ഷമായി. സ്വകാര്യ സ്‌ക‍ൂളുകളുടെ എണ്ണത്തിൽ നാല്‌ ശതമാനത്തിന്റെ വർധനയാണുണ്ടായത്‌. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കും സീറോ എൻറോൾമെന്റ് സ്കൂളുകളും മറ്റൊരു വെല്ലുവിളിയാണ്. അധ്യാന വർഷത്തിൽ പുതിയ വിദ്യാർഥികൾ ചേരാത്ത അവസ്ഥയാണ് സീറോ എൻറോൾമെന്റ്. ഒരു പുതിയ വിദ്യാർഥി പോലും ലഭിക്കാത്ത രാജ്യത്ത് 7,993 സ്കൂളുകൾ ഉണ്ട് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.

കുട്ടികളുടെ സാമാന്യ പഠനനിലവാരത്തിൽ രാജ്യത്ത് ഇടിവുണ്ടായി. എട്ടാം ക്ലാസ് വിദ്യാർഥികളിൽ രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാൻ കഴിയുന്നവരുടെ ശതമാനം 2014 ൽ 74.7 ആയിരുന്നത് 2024 ൽ 71.1 ആയി കുറഞ്ഞു. അടിസ്ഥാന ഹരണ കണക്കുകൾ ചെയ്യാൻ 45.8 ശതമാനം എട്ടാം ക്ലാസുകാർക്കെ ആകുന്നുള്ളൂ. ഭിന്നസംഖ്യകൾ കൈകാര്യം ചെയ്യുന്നതിൽ ആറാം ക്ലാസുകാർ വളരെ പിന്നിലാണ്. 30 ശതമാനത്തിൽ താഴെ വിദ്യാർഥികൾക്ക് മാത്രമേ ഇത് വശമുള്ളൂ. പഠനനിലവാരത്തിൻ്റെ കാര്യത്തിൽ ജാർഖണ്ഡ്, ഗുജറാത്ത്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ പിന്നിലാണെങ്കിൽ കേരളം, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇംഗ്ലിഷ് മീഡിയത്തിലേക്കുള്ള മാറ്റം വിദ്യാർഥികളുടെ പഠന നിലവാരത്തിൽ പ്രതിഫലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകളിലെ അഞ്ചാംക്ലാസ് വിദ്യാർഥികളിൽ 35 ശതമാനത്തിനും രണ്ടാം ക്ലാസിലെ പാഠഭാഗങ്ങൾ വായിക്കാൻ അറിയില്ല. 60 ശതമാനം​ പേർക്കും അടിസ്ഥാന ഗണിതക്രിയകൾ ചെയ്യാൻ വശമില്ല. സ്വകാര്യ സ്കൂളുകളിൽ യോഗ്യതയില്ലാത്ത അധ്യാപകരും കുറഞ്ഞ ശമ്പളവുമാണ് ഇതിന് പ്രധാന കാരണമായി നിരീക്ഷിക്കുന്നത്. കൂടിയ ഫീസ് വാങ്ങുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കാര്യം മറ്റൊന്നാണ്.

അധ്യാപകരുടെ കുറവും അവരുടെ പ്രൊഫഷണൽ നിലവാരവുമാണ് മറ്റൊരു പ്രധാന പ്രശ്നം. ഇന്ത്യയിൽ 1,04,125 സ്കൂളുകളിൽ വെറും ഒരു അധ്യാപകൻ മാത്രമായാണ് ഉള്ളത്. ഇതിൽ 89 ശതമാനവും ഗ്രാമീണ മേഖലയിലാണ്. അധ്യാപകരുടെ വിഷയത്തിലുള്ള അറിവ് പരിശോധിച്ചപ്പോൾ, കേവലം 10 മുതൽ 15 ശതമാനം പേർക്ക് മാത്രമാണ് തങ്ങൾ പഠിപ്പിക്കുന്ന വിഷയങ്ങളിൽ 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടാൻ കഴിഞ്ഞത്. ഗണിതശാസ്ത്രത്തിൽ 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്നത് വെറും രണ്ട് ശതമാനം അധ്യാപകർ മാത്രമാണ്. കൂടാതെ, പഠനവുമായി ബന്ധമില്ലാത്ത സർവേകളും തെരഞ്ഞെടുപ്പ് ജോലികളും കാരണം അധ്യാപന സമയത്തിന്റെ 14 ശതമാനത്തോളം നഷ്ടപ്പെടുന്നുണ്ടെന്ന നിരീക്ഷണവും ഉണ്ട്.

രാജ്യത്തെ സ്‌കൂ‍ളുകളിലെ അടിസ്ഥാന സ‍ൗകര്യം, പ്രവർത്തനം എന്നിവയെക്കുറിച്ചുള്ള നിതി ആയോഗ്‌ റിപ്പോർട്ടിൽ കേരളം മുന്നിലാണ്. ഇവിടെ വിദ്യാർഥി–അധ്യാപക അനുപാതം മികച്ചതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സെക്കൻഡറി തലത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ നിരക്ക് 4.8% മാത്രമാണ്. പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ, 99.7% സ്കൂളുകളിൽ വൈദ്യുതിയും, 99.3% സ്കൂളുകളിൽ ആൺകുട്ടികൾക്കായി പ്രത്യേക ശൗചാലയങ്ങളും, 99.6% സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശൗചാലയങ്ങളും ഉണ്ട്. കൂടാതെ, 99.5% സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യവും, 91.7% സ്കൂളുകളിൽ ഇന്റർനെറ്റും 59.7% സ്കൂളുകളിൽ സ്മാർട്ട് ക്ലാസ്റൂമുകളും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥി-അധ്യാപക അനുപാതം 13 മുതൽ 22 വരെ എന്ന മികച്ച നിലയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.അതെസമയം, വിദ്യാർഥികൾ പുതുതായി ചേരാത്ത 47 സ്കൂളുകൾ കേരളത്തിൽ ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

2025 ഒക്ടോബർ മുതൽ മൂന്നാം ക്ലാസിൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ പഠനം എന്നിവ സിലബസിൻ്റെ ഭാഗമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ സാ​ങ്കേതിക വിദ്യകളോടുള്ള അമിതമായ ആശ്രയം കുട്ടികളുടെ സ്വതന്ത്ര ചിന്താശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. പഠനം ഇടയ്ക്കുവച്ച് നിർത്തുന്നത് തടയാനായി ഒന്നു മുതൽ 12 വരെ ക്ലാസുകൾ അഥവാ സമ്പൂർണ വിദ്യാഭ്യാസം ഒരിടത്ത് തന്നെ ലഭ്യമാക്കാൻ കോംപോസിറ്റ് സ്കൂളുകൾ സജ്ജീകരിക്കണം. ഇതിനായി അഞ്ച് മുതൽ 10 കിലോമീറ്റർ ചുറ്റളവിൽ അംഗൻവാടികൾ ഉൾപ്പെടെയുള്ളവ കൂട്ടിച്ചേർത്ത് 'സ്കൂൾ കോംപ്ലക്സുകൾ' പണിയണം. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളായ പിഎം ഇ-വിദ്യ, ഭാരത്നെറ്റ്, ഗതി ശക്തി എന്നിവ സംയോജിപ്പിച്ച് ഡിജിറ്റൽ ലഭ്യത ഉറപ്പാക്കണം. ഭരണതലങ്ങളിലെ ഒഴിവുകൾ നികത്താൻ അടിയന്തര നടപടി സ്വീകരിക്കണം. നിലവിൽ വിദ്യാഭ്യാസ മേഖലയ്ക്കായി രാജ്യത്തെ ജിഡിപിയുടെ 4.6 ശതമാനം മാത്രമാണ് ചിലവഴിക്കുന്നത്. പരിഷ്കാരങ്ങൾ വേഗത്തിൽ യാഥാർഥ്യമാകാൻ ഇത് ആറ് ശതമാനമായി ഉയർത്തേണ്ടതുണ്ടെന്നും നീതി ആയോഗ് നിർദേശിക്കുന്നു.

നീതി ആയോഗിന്റെ റിപ്പോർട്ട് നമ്മുടെ രാജ്യത്തെ വിദ്യഭ്യാസ മേഖലയുടെ അതിഗുരുതര സാഹചര്യമാണ് വെളിപ്പെടുത്തുന്നത്. റിപ്പോർട്ട് നിർദേശിക്കും പോലുള്ള പരിഹാര മാർഗങ്ങൾ നടപ്പാക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ തുക നീക്കിവെക്കാനുള്ള നടപടികൾ ഉണ്ടായാൽ മാത്രമാണ് ഇത് സാധ്യമാകുക. ഇക്കാര്യം രാഷ്ട്രീയ- ഭരണ നേതൃത്വത്തിന്റെ പരിഗണനയിൽ വരുമെന്ന് പ്രതീക്ഷിക്കാം.

News Malayalam 24x7
newsmalayalam.com