

ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇലക്ഷൻ ഫണ്ടുകൾ കേവലം രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന ചെലവുകൾക്കപ്പുറം, രാജ്യത്ത് അതിവിപുലമായ ഒരു സമാന്തര സമ്പദ്‍വ്യവസ്ഥയ്ക്ക് അടിത്തറ പാകുകയാണെന്ന സംശയം ഉയരുകയാണ്. തിരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും രാഷ്ട്രീയ പാർട്ടികളിലേക്ക് ഒഴുകിയെത്തുന്ന കോടിക്കണക്കിന് രൂപയുടെ കുഴൽപണവും കണക്കിൽപ്പെടാത്ത കള്ളപ്പണവും രാജ്യത്തിന്റെ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയെത്തന്നെ വെല്ലുവിളിക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നു. സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ട് വഴിയുള്ള അദൃശ്യ കോർപ്പറേറ്റ് ഫണ്ടിംഗും, തെരഞ്ഞെടുപ്പിൽ മത്സരിക്കുക പോലുമില്ലാത്ത കടലാസ് പാർട്ടികൾ വഴി നടക്കുന്ന ആയിരക്കണക്കിന് കോടികളുടെ കള്ളപ്പണം വെളുപ്പിക്കലും പരിശോധിക്കുമ്പോൾ, ഇന്ത്യൻ രാഷ്ട്രീയ ഫണ്ടിംഗ് യഥാർത്ഥത്തിൽ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിയോ എന്ന സംശയം ബലപ്പെടുകയാണ്.
കള്ളപ്പണം വെളുപ്പിക്കാൻ മാത്രമായി കടലാസ് പാർട്ടികൾ
കേവലം വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം, രാജ്യത്തെ കോർപ്പറേറ്റ് താല്പര്യങ്ങളെയും കള്ളപ്പണ മാഫിയകളെയും സംരക്ഷിക്കുന്ന ഒരു വലിയ സാമ്പത്തിക ശൃംഖല ഇലക്ഷൻ ഫണ്ടുകൾക്ക് പിന്നിലുള്ള പണമെഴുക്കിലുണ്ട് എന്നത് നിഷേധിക്കാനാകാത്ത യാഥാർഥ്യമാണ്. ഈ സമാന്തര സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറുന്നത് ജനങ്ങൾക്കിടയിൽ യാതൊരു സ്വാധീനവുമില്ലാത്ത, എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില അദൃശ്യ പാർട്ടികളാണെന്ന് ബിബിസി ഈ അടുത്ത കാലത്ത് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. രജിസ്റ്റർ ചെയ്യപ്പെട്ടതും എന്നാൽ അംഗീകാരമില്ലാത്തതുമായ ഇത്തരം പാർട്ടികളെ REGISTERED UNRECOGNISED POLITICAL PARTIES എന്നാണ് വിളിക്കുന്നത്.
ബിബിസി നടത്തിയ രണ്ടുമാസം നീണ്ട അന്വേഷണത്തിൽ, ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെറും ആറ് ചെറിയ കടലാസ് പാർട്ടികൾക്ക് 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം ലഭിച്ചത് ഏകദേശം 1,700 കോടി രൂപയാണെന്ന് കണ്ടെത്തിയിരുന്നു. ഒരു ഗ്രാമപഞ്ചായത്ത് വാർഡിൽ പോലും സ്വാധീനമില്ലാത്ത, ഈ ആറു പാർട്ടികളും കൂടി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് വെറും 15 സ്ഥാനാർത്ഥികളെ മാത്രമായിരുന്നു. ആ പാർട്ടികളിലേക്കാണ് ഇത്രയും വലിയ തുക ഒഴുകിയെത്തിയത്. ഈ തുകയുടെ വ്യാപ്തി മനസ്സിലാക്കണമെങ്കിൽ രാജ്യത്തെ പ്രധാന പാർട്ടികളുടെ വരുമാനവുമായി ഇതിനെ താരതമ്യം ചെയ്യണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം ഭരണകക്ഷിയായ ബിജെപിക്ക് ഇതേ സാമ്പത്തിക വർഷം 4,340 കോടി രൂപ ലഭിച്ചപ്പോൾ, രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 1,225 കോടി രൂപയും, സിപിഐഎമ്മിന് 167 കോടി രൂപയും, ബിഎസ്പിക്ക് 64 കോടി രൂപയും, ആം ആദ്മി പാർട്ടിക്ക് 22 കോടി രൂപയുമാണ് ലഭിച്ചത്. അതായത്, ബിജെപി ഒഴികെയുള്ള രാജ്യത്തെ പ്രമുഖ ദേശീയ പ്രതിപക്ഷ പാർട്ടികൾക്കെല്ലാം കൂടി ലഭിച്ച ആകെ ഫണ്ടിനേക്കാൾ കൂടുതലാണ് യാതൊരു മേൽവിലാസവുമില്ലാത്ത ഈ ആറ് ഗുജറാത്തി കടലാസ് പാർട്ടികളിലേക്ക് ഒഴുകിയെത്തിയത്.
ഈ പാർട്ടികളുടെ വ്യക്തിഗത കണക്കുകൾ പരിശോധിച്ചാൽ സാമ്പത്തിക ക്രമക്കേടിന്റെ വ്യാപ്തി കൂടുതൽ വ്യക്തമാകും. ഇതിൽ 'ആം ജൻമത് പാർട്ടി'ക്ക് ഒറ്റ വർഷം കൊണ്ട് ലഭിച്ചത് 620 കോടി രൂപയാണ്. ആദ്യത്തെ രണ്ട് വർഷം കാര്യമായ യാതൊരു വരുമാനവുമില്ലാതിരുന്ന ഈ പാർട്ടി, ഇത്രയും വലിയ തുക ഫണ്ടായി ലഭിച്ചിട്ടും ലോക്സഭയിലേക്ക് നിർത്തിയത് ഒരേയൊരു സ്ഥാനാർത്ഥിയെ മാത്രമാണ്. 'സത്യവാദി രക്ഷക് പാർട്ടി'ക്ക് 330 കോടിയും, 'സ്വതന്ത്ര അഭിവ്യക്തി പാർട്ടി'ക്ക് 219 കോടിയും, 'ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടി'ക്ക് 200 കോടിയും, 'ഗരീബ് കല്യാൺ പാർട്ടി'ക്ക് 138 കോടിയും ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സത്യവാദി രക്ഷക് പാർട്ടി തങ്ങൾക്ക് ലഭിച്ച ഫണ്ടിൽ 316 കോടിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചിലവാക്കി എന്നാണ് അവകാശപ്പെടുന്നത്.
എന്നാൽ ഇതിന് സാധൂകരിക്കുന്ന യാതൊരു ഔദ്യോഗിക രേഖകളും അവരുടെ പക്കലില്ല. ഗുജറാത്തിലെ അഹമ്മദാബാദ്, ആനന്ദ് തുടങ്ങിയ നഗരങ്ങളിലെ ഇവരുടെ ഔദ്യോഗിക വിലാസങ്ങളിൽ ബിബിസി അന്വേഷണ സംഘം നേരിട്ടെത്തിയപ്പോൾ അടഞ്ഞുകിടക്കുന്ന ചെറിയ കടമുറികളും ഉപേക്ഷിക്കപ്പെട്ട ഫ്ലാറ്റുകളും മാത്രമാണ് കണ്ടെത്താനായത്. പാർട്ടിയുടെ പേരെഴുതിയ ഒരു ബോർഡ് പോലും മിക്കയിടത്തും ഉണ്ടായിരുന്നില്ല. ഈ പാർട്ടികളുടെ ഭാരവാഹികളായി കടലാസിൽ പേരുള്ള പലരെയും നേരിട്ട് കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, സംസാരിക്കാൻ തയ്യാറായ ചിലരാകട്ടെ ഈ കോടികളുടെ പണമിടപാടുകളെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നാണ് മറുപടി നൽകിയത്. ഇലക്ഷൻ ഫണ്ടിന്റെ മറവിൽ കോടികളുടെ കുഴൽപണ ഇടപാടുകൾ ഇത്തരം പാർട്ടികൾ വഴി നടക്കുന്നുണ്ടാകാമെന്ന സംശയം ഇതോടെ കൂടുതൽ ശക്തമാകുകയാണ്.
രാഷ്ട്രീയ പാർട്ടികളുടെ മറവിൽ ഈ സമാന്തര സമ്പദ്‌വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വിപുലമായ തോതിൽ കുഴൽപണം എങ്ങനെ ഒഴുകിയെത്തുന്നുവെന്നും സാമ്പത്തിക വിദഗ്ദ്ധർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആദായനികുതി നിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും പഴുതുകളാണ് ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്ക് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ആദായനികുതി നിയമത്തിലെ വകുപ്പ് 80GGC, 80GGB എന്നിവ പ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്ന വ്യക്തികൾക്കും കമ്പനികൾക്കും നൂറ് ശതമാനം നികുതിയിളവ് ലഭിക്കും. കൂടാതെ നിയമത്തിലെ വകുപ്പ് 13A പ്രകാരം രാഷ്ട്രീയ പാർട്ടികളുടെ വരുമാനത്തിന് പൂർണ്ണമായ നികുതി ഇളവുമുണ്ട്. ഈ പഴുതുകൾ മുതലെടുത്താണ് രാജ്യത്തെ വലിയ കള്ളപ്പണ മാഫിയകൾ തങ്ങളുടെ സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്.
ഉയർന്ന നികുതി സ്ലാബിൽ വരുന്ന വ്യക്തികളും വൻകിട കമ്പനികളും തങ്ങളുടെ ലാഭവിഹിതത്തിലെ വലിയൊരു തുക ഇത്തരം കടലാസ് പാർട്ടികൾക്ക് ചെക്കായോ ഡിജിറ്റൽ ട്രാൻസ്ഫർ ആയോ നൽകുന്നു. ഇതിലൂടെ തങ്ങൾ നൽകിയ തുകയ്ക്കുള്ള നികുതി ഇളവിനുള്ള രേഖകൾ അവർ നിയമപരമായിത്തന്നെ സ്വന്തമാക്കുന്നു. തുടർന്ന്, ഒരു നിശ്ചിത ശതമാനം തുക പാർട്ടിയുടെ പേരിൽ നിൽക്കുന്ന ഇടനിലക്കാർക്ക് കമ്മീഷനായി നൽകിയ ശേഷം, ബാക്കി തുക മുഴുവൻ കുഴൽപണമായി തിരികെ വാങ്ങുന്ന സാധ്യതയാണ് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ഇടപാടുകളെ ഒരു തരം ഹവാല അല്ലെങ്കിൽ ‘ക്യാഷ് ബാക്ക്’ സംവിധാനമായി കാണാമെന്നാണ് വിദഗ്ധർ പറയുന്നത്. അനധികൃതമായ കുഴൽപണ വരവ് വെളുപ്പിച്ചെടുക്കാനും രാജ്യത്തിനകത്തും പുറത്തുമുള്ള ഹവാല നെറ്റ്‌വർക്കുകൾക്കും ഇത്തരം പാർട്ടികൾ വലിയൊരു കവചമൊരുക്കുന്നുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്.
സമ്പദ്‌വ്യവസ്ഥയുടെ രക്തയോട്ടം നിലപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇത്തരത്തിൽ അംഗീകാരമില്ലാത്ത ചെറിയ പാർട്ടികൾ വഴി മുൻപ് 5,591 കോടിയോളം രൂപയുടെ വ്യാജ സംഭാവനകൾ നടന്നതായി ആദായനികുതി വകുപ്പ് തന്നെ കണ്ടെത്തിയിട്ടുള്ളത് ഈ ആരോപണങ്ങൾക്കുള്ള വലിയൊരു തെളിവാണ്... ഈ സമാന്തര സമ്പദ്‌വ്യവസ്ഥ രാജ്യത്തെ സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനമാണ് ഇത്തരം തട്ടിപ്പുകളിലൂടെ സർക്കാരിന് നഷ്ടമാകുന്നത്.. ഈ നികുതി നഷ്ടം നികത്താൻ സർക്കാർ വീണ്ടും സാധാരണക്കാരുടെ മേൽ പരോക്ഷ നികുതികളുടെ ഭാരം അടിച്ചേൽപ്പിക്കുന്നു. മാത്രമല്ല, വിപണിയിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുകുന്ന ഈ കള്ളപ്പണം വിലക്കയറ്റത്തിനും റിയൽ എസ്റ്റേറ്റ് മേഖലയിലെ കൃത്രിമ വിലവർദ്ധനവിനും കാരണമാകുന്നുമുണ്ട്.
ചെറുപാർട്ടികൾ നികുതിയിളവിന്റെ മറവിൽ രാജ്യത്ത് കുഴൽപണ ഇടപാടുകൾ സജീവമാക്കുന്നുവെന്ന ആരോപണം നിലനിൽക്കുമ്പോൾ തന്നെ, രാജ്യത്തെ വലിയ രാഷ്ട്രീയ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ പോലെയുള്ള സംവിധാനങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ ഇലക്ഷൻ ഫണ്ടാണ് കഴിഞ്ഞ കാലങ്ങളിൽ സമാഹരിക്കപ്പെട്ടത്. 2018-ൽ കേന്ദ്ര സർക്കാർ ഫിനാൻസ് ബില്ലിലൂടെ കൊണ്ടുവന്ന ഈ പദ്ധതി, പണം നൽകുന്ന കോർപ്പറേറ്റുകളുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമാക്കി വെക്കാൻ സഹായിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്ചിത ശാഖകളിൽ നിന്ന് കോർപ്പറേറ്റ് കമ്പനികൾക്കും വ്യക്തികൾക്കും പണം കൊടുത്ത് ഇലക്ടറൽ ബോണ്ടുകൾ വാങ്ങാനും, അത് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിക്ക് കൈമാറാനും കഴിയുന്ന സംവിധാനമായിരുന്നു ഇത്. ബോണ്ട് നൽകുന്ന ആളുടെയോ കമ്പനിയുടെയോ പേര് വിവരങ്ങൾ പാർട്ടിക്കോ പൊതുജനങ്ങൾക്കോ തിരഞ്ഞെടുപ്പ് കമ്മീഷനോ അറിയാൻ കഴിയില്ലെന്ന സുതാര്യതയില്ലായ്മയാണ് ഇതിനെ തുടക്കം മുതൽ വിവാദമാക്കിയത്. കള്ളപ്പണത്തെ ഇല്ലാതാക്കാനും തിരഞ്ഞെടുപ്പ് ഫണ്ടിംഗ് സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് ബോണ്ടുകൾ കൊണ്ടുവന്നതെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് കോർപ്പറേറ്റുകൾക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഇടയിലുള്ള സുരക്ഷിതമായ ഒരു രഹസ്യ ഇടനാഴിയായി ബോണ്ടുകൾ മാറി എന്നതാണ്.
സുപ്രീം കോടതി ഉത്തരവനുസരിച്ച് എസ്.ബി.ഐയും തിരഞ്ഞെടുപ്പ് കമ്മീഷനും പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ പദ്ധതി വഴി ഏറ്റവും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയത് ഭരണകക്ഷിയായ ബി.ജെ.പിയാണ്. 2018 മുതൽ 2024 വരെ രാജ്യത്ത് വിറ്റഴിക്കപ്പെട്ട ആകെ 16,492 കോടി രൂപയുടെ ബോണ്ടുകളിൽ പകുതിയിലധികവും, അതായത് 8,251 കോടി രൂപയും ലഭിച്ചത് ബി.ജെ.പിക്കാണ്. ഇതേ കാലയളവിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള തൃണമൂൽ കോൺഗ്രസിന് 1,609 കോടി രൂപയും കോൺഗ്രസിന് 1,421 കോടി രൂപയും ലഭിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായനികുതി വകുപ്പ് എന്നിവയുടെ റെയ്ഡുകളോ അന്വേഷണമോ നേരിട്ട പല വൻകിട കമ്പനികളും അതിനു തൊട്ടുപിന്നാലെ കോടിക്കണക്കിന് രൂപ ഇലക്ടറൽ ബോണ്ടുകളായി നൽകിയെന്നത് ഇലക്ഷൻ ഫണ്ടിംഗിലെ ബ്ലാക്ക്മെയിലിംഗ് തന്ത്രങ്ങളെ തുറന്നുകാട്ടുന്നു.
ഈ വലിയ സാമ്പത്തിക ക്രമക്കേടുകൾക്കും സുതാര്യതയില്ലായ്മയ്ക്കുമെതിരെയുള്ള വലിയൊരു നിയമപോരാട്ടത്തിനൊടുവിലാണ് 2024 ഫെബ്രുവരിയിൽ സുപ്രീം കോടതിയുടെ ചരിത്രപരമായ ഇടപെടൽ ഉണ്ടാകുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇലക്ടറൽ ബോണ്ട് പദ്ധതി പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കി.....ബോണ്ട് റദ്ദാക്കിയതോടെ, കോർപ്പറേറ്റ് കമ്പനികൾക്ക് പഴയതുപോലെ സുതാര്യമായ ഇലക്ടറൽ ട്രസ്റ്റുകൾ വഴിയോ നേരിട്ട് ഡിജിറ്റൽ ട്രാൻസ്ഫറുകൾ വഴിയോ പണം നൽകേണ്ട അവസ്ഥ വന്നിട്ടുണ്ട്... കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് ലഭിച്ചത് 1473 കോടി രൂപയാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കോൺഗ്രസിന് ലഭിച്ച 207 കോടി രൂപയേക്കാൾ ഏഴ് ഇരട്ടിയിലധികമാണ്.
ഔദ്യോഗികവും നിയമപരവുമായ ഫണ്ടിംഗ് ഒരു വശത്ത് നടക്കുമ്പോഴും, മറുവശത്ത് കുഴൽപണ ഇടപാടുകളും കടലാസ് പാർട്ടികൾ വഴിയുള്ള സംശയാസ്പദമായ പണമിടപാടുകളും തുടരുന്നുവെന്ന സംശയം ബിബിസി റിപ്പോർട്ട് ശക്തിപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ പര്യാപ്തമായ ശക്തമായ നിയമനിർമ്മാണങ്ങൾ രാജ്യത്ത് അനിവാര്യമാണ്. രാഷ്ട്രീയ ഫണ്ടിംഗിൽ പൂർണ്ണമായ ഡിജിറ്റൽ സുതാര്യത ഉറപ്പാക്കുകയും, കുഴൽപണ ഇടപാടുകൾക്ക് മറയാകാൻ സാധ്യതയുള്ള കടലാസ് പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖേന കർശനമായി പരിശോധിക്കുകയും ചെയ്യാതെ രാജ്യത്തെ ഈ സമാന്തര സമ്പദ്‌വ്യവസ്ഥയെയും സാമ്പത്തിക അഴിമതിയെയും ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കില്ല.