
കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് യുവ കവിയും ക്വീര്‍ ആക്ടിവിസ്റ്റുമായ ആദി. ആദിയുടെ പെണ്ണപ്പന്‍ എന്ന കവിതാ സമാഹാരം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരിക്കുകയാണ്. യുവകവിത വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്. എംജി, കാലിക്കറ്റ് സര്‍വകലാശാലകളുടെ സിലബസുകളിലും അടുത്തിടെ പെണ്ണപ്പന്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ന്യൂസ് മലയാളത്തോട് ആദി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. അവാര്‍ഡ് അപ്രതീക്ഷിതമായിരുന്നെന്ന് പറഞ്ഞിരുന്നല്ലോ. പുരസ്‌കാര നേട്ടത്തെ എങ്ങനെ വിലയിരുത്തുന്നു?
ഒരുപാട് സന്തോഷം തോന്നുന്ന നിമിഷമാണിത്. സാഹിത്യ അക്കാദമി അവാര്‍ഡ് പോലെ ഒരു അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല. ഒരു അവാര്‍ഡ് ലഭിക്കാനോ മറ്റു നേട്ടങ്ങള്‍ക്കായോ ഇതുവരെ ഒന്നും എഴുതിയിട്ടില്ല. ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചു. നേരത്തെയും എന്റെ പരിചയത്തിലുള്ള ഒരുപാട് പേര്‍ വിളിക്കുമ്പോള്‍ പറയുമായിരുന്നു കവിതയ്ക്ക് സാഹിത്യ അക്കാദമി അവരാര്‍ഡ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന്. എന്നാല്‍ അപ്പോഴൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. മലയാള സാഹിത്യ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ക്വീര്‍ വ്യക്തിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. അങ്ങനെ ഒരു ചരിത്രപരമായ പ്രാധാന്യം അതിനുണ്ട്. അത്തരമൊരു ചരിത്ര സന്ദര്‍ഭത്തിന്റെ ഭാഗമാകാന്‍ സാധിച്ചു എന്നതില്‍ വലിയ സന്തോഷമുണ്ട്.
കാലിക്കറ്റ്, എംജി സര്‍വകലാശാല സിലബസുകളില്‍ പെണ്ണപ്പന്‍ എന്ന കവിത ഉള്‍പ്പെടുത്തിയത് അടുത്തിടെയാണ്. അതിന് മുന്നെ തന്നെ ഈ കവിത ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങുന്നുണ്ട്. എന്നാല്‍ ക്വീര്‍ വിഭാഗത്തിനെതിരെ ഇന്നും അധിക്ഷേപങ്ങളും മാറ്റി നിര്‍ത്തലുകളും തുടരുന്ന കാലത്ത് ക്വീര്‍ വ്യക്തിയുടെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നു എന്ന് പറയുന്നതിന് വലിയ പ്രാധാന്യമുണ്ടല്ലോ. ആദി അതിനെ എങ്ങനെ നോക്കി കാണുന്നു?
പെണ്ണപ്പന്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. ഞാന്‍ എഴുതി തുടങ്ങിയിരുന്ന കാലത്ത് ഒരിക്കല്‍ പോലും സാഹിത്യത്തില്‍ അംഗീകരിക്കപ്പെടും എന്ന് കരുതിയിരുന്നില്ല. പക്ഷെ ഇതിന് ഒരു പ്രധാന്യം ഉണ്ട് എന്ന് തിരിച്ചറിഞ്ഞിരുന്നു. മലയാളത്തില്‍ ആകെ വിജയരാജ മല്ലിക മാത്രമാണ് അത്തരത്തില്‍ ഒരു മാതൃകയായിട്ടുള്ളത്. അതും ഒരു ട്രാന്‍സ് ജെന്‍ഡര്‍ എഴുത്തുകാരി എന്ന നിലയിലാണ് അവരെ സമൂഹം അടയാളപ്പെടുത്തുന്നത്. അതിനപ്പുറത്തേക്കുള്ള ഐഡന്റിറ്റികളുടെ ശബ്ദങ്ങള്‍ കേട്ടുതുടങ്ങുന്നേയുള്ളു.
എന്നെ സംബന്ധിച്ചിടത്തോളം എഴുത്തിനെ വളരെ സ്വകാര്യമായ ഒരു അനുഭവം എന്നുള്ള രീതിയിലാണ് ഞാന്‍ കണ്ടിരുന്നത്. അല്ലാതെ കവിയായി അറിയിപ്പെടുക എന്നൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നതേ അല്ല. ഇപ്പോഴും ഞാന്‍ എഴുതുന്നത് കവിതയാണോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. കവിതയോടോ സാഹിത്യത്തോടോ പ്രത്യേക മമതയോ, അതിനോട് എന്തെങ്കിലും പ്രതിബദ്ധതയോ ഒന്നും ഉള്ള ഒരാളല്ല ഞാന്‍. കവിതയെ രക്ഷിക്കലോ സാഹിത്യത്തെ രക്ഷിക്കലോ ഒന്നും എന്റെ ജോലിയേ ആയിട്ട് ഞാന്‍ കരുതുന്നില്ല. ആ പണി ചെയ്യുന്നവര്‍ അത് തുടരട്ടേ എന്നേ എനിക്കുള്ളു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ആയാലും മലയാള കവിതാ പരിചയം എന്ന വിഭാഗത്തില്‍ ഒന്നാം സെമസ്റ്ററിലെ ആദ്യത്തെ മെയിന്‍ പേപ്പറിലാണ് കവിത പഠിക്കാനുള്ളത്. അത് വളരെ പ്രധാന്യമുള്ളതായി തോന്നി. എംജി യൂണിവേഴ്‌സിറ്റിയില്‍ ജെന്‍ഡര്‍ വിഭാഗത്തിലാണ്. ജെന്‍ഡര്‍, ക്വീര്‍ വിഷയങ്ങളില്‍ ഒക്കെ സംസാരിക്കുന്ന ഒരാളെന്ന നിലയില്‍ സിലബസിലെ ജെന്‍ഡര്‍ വിഭാഗത്തില്‍ എന്റെ കവിത പഠിക്കാന്‍ ഉള്‍പ്പെടുത്തുന്നത് വളരെ സ്വാഭാവികമാണ്. പക്ഷെ ഒരു മലയാള കവിതയെക്കുറിച്ച് പഠിക്കുന്ന സമയത്ത്, മുഖ്യധാരാ മലയാള കവിതയുടെ ചരിത്രം പഠിക്കുന്ന സമയത്ത്, കുമാരനാശാന്‍ തൊട്ട് ഇന്ന് ഏറ്റവും പുതിയ കണ്ണിയായി എന്റെ പേര് ചേര്‍ക്കപ്പെടുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കുന്നു.
സാഹിത്യവുമായി ഒരു ബന്ധവുമുള്ള ആള്‍ അല്ല ഞാന്‍. ആ തരത്തില്‍ പിടിപാടോ, രാഷ്ട്രീയ ബന്ധമോ ഒന്നും ഇല്ല. സാഹിത്യം എന്ന് പറയുമ്പോള്‍ കുറേ ഗ്രൂപ്പുകളുണ്ട്. അത്തരം ആളുകളുടെ പിന്തുണയോ, സാഹിത്യ സദസ്സുകളിലോ കവിയരങ്ങുകളിലോ പങ്കെടുത്ത പരിചയവും എനിക്കില്ല. പലരും സാഹിത്യ ക്യാംപുകളിലൂടെയോ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടോ ഒക്കെ ഉയര്‍ന്നു വന്ന ആളുകളാണ്. അത്തരം പരിചയം പോലും എനിക്കില്ല.
സിലബസില്‍ കവിത വന്ന സമയത്താണെങ്കിലും സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ സമയത്താണെങ്കിലും സാഹിത്യത്തിലുള്ള സോ കോള്‍ഡ് വ്യക്തികള്‍ക്ക് ഇത് വലിയ ഞെട്ടലും അലോസരവും ഉണ്ടാക്കുന്നു എന്നത് എനിക്ക് വലിയ സന്തോഷം തന്നെയാണ് തരുന്നത്. കാരണം, ഇത്രയും കാലം കെട്ടിപ്പിടിച്ച് വെച്ചിരുന്ന സ്ഥലങ്ങള്‍, കസേരകള്‍ ഒക്കെ ഉലയുന്നത് അവര്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. അയ്യോ കവിത നശിച്ചേ, ഇതൊക്കെയാണോ കവിത എന്നൊക്കെയുള്ള അവരുടെ ഞെട്ടലുകളും കരച്ചിലുകളും കേള്‍ക്കുന്ന സമയത്ത് എനിക്ക് വലിയ സന്തോഷമുണ്ട്. ആ തരത്തില്‍ എനിക്ക് വലിയ ആത്മസംതൃപ്തി തോന്നുന്ന കാര്യമാണിത്.
കുട്ടികള്‍ ഈ കവിത പഠിക്കുന്ന സമയത്ത്, പുതുതായി സാഹിത്യത്തില്‍ ഇടപെടുന്ന ആള്‍ എന്ന നിലയില്‍ എന്റെകൂടി അനുഭവങ്ങള്‍, ഭാഷയില്‍ ഇന്നുവരെ അവര്‍ കാണാത്ത അനുഭവങ്ങള്‍, ഞാന്‍ ഒരു ക്വീര്‍ വ്യക്തിയാണ് എന്ന് കൂടി മനസിലാക്കുന്ന സമയത്ത് ക്വീര്‍ എന്ന ആശയത്തെയും ഈ മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ അവരിലേക്കും വരും.
കഴിഞ്ഞ ദിവസം പെണ്ണപ്പന്‍ എന്ന കവിതയെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. പൊതുവില്‍ ഒരു കവിതയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അതിലെ ഭംഗി, അലങ്കാരം, വര്‍ണന, അതിന്റെ വൃത്തം തുടങ്ങിയ കാര്യങ്ങളാണ് കൂടുതലായും ചര്‍ച്ച ചെയ്യുക. പക്ഷെ ഈ ചര്‍ച്ച സാമൂഹ്യ നീതിയെക്കുറിച്ചുള്ള ചര്‍ച്ചയായി മാറി. കാരണം പെണ്ണപ്പന്‍ സംസാരിക്കുന്നത് കേവലം അലങ്കാരത്തെയോ ചമത്കാരത്തെയോ കുറിച്ചൊന്നുമല്ല. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ബാഹ്യമായ മോടികളോ വര്‍ണനകളോ കാല്‍പ്പനികതയോ ഒന്നും ഈ കവിതയില്‍ ഇല്ല. ഇതില്‍ തൊട്ടടുത്തുള്ള, അനുഭവിച്ചറിഞ്ഞ ജീവിതവും വളരെ ഭൗതികവുമായ കാര്യങ്ങളാണുള്ളത്.
പെണ്ണപ്പന്‍ എന്ന കവിത ആ പേര് കൊണ്ട് തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്റെ അപ്പന്‍ പെണ്ണപ്പനാണ് എന്നാണ് കവിതയില്‍ പറയുന്നത്. കവിതാ സമാഹാരത്തിനും ആ പേര് തന്നെ നല്‍കാനുണ്ടായ കാരണം എന്താണ്?
2022 ഡിസംബര്‍ മാസത്തിലാണ് ആ കവിത അച്ചടിച്ച് പ്രകാശനം ചെയ്യപ്പെടുന്നത്. അതിനും രണ്ട് വര്‍ഷം മുന്നെ സോഷ്യല്‍ മീഡിയയില്‍ എഴുതിയിട്ട കവിതയാണ് പെണ്ണപ്പന്‍. സോഷ്യല്‍ മീഡിയയില്‍ എഴുതിയ സമയത്ത് തന്നെ വൈറല്‍ ആയി. പലരും എന്നെ ഓര്‍ക്കുന്നത് ആ കവിതയുടെ പേരില്‍ കൂടിയാണ്. അതുകൊണ്ട് തന്നെ എല്ലാം ചേര്‍ത്ത് പുസ്തകമാക്കുമ്പോള്‍ ആ പേര് വെക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. അതില്‍ കവിഞ്ഞ് എന്താണ് കവിതകളുടെ രാഷ്ട്രീയം പറയാന്‍ പറ്റുന്ന വാക്ക് എന്ന് എനിക്ക് അറിയില്ലായിരുന്നു. പെണ്ണപ്പന്‍ എന്റെ ഏറ്റവും മികച്ച കവിതയാണ് എന്ന അഭിപ്രായം ഒന്നും എനിക്കില്ല. പെണ്ണപ്പന് ശേഷം എത്രയോ നല്ല കവിതകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷെ ഈ കവിത ക്വീര്‍ കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ക്ക് പോലും അവരെ ആഴത്തില്‍ തൊട്ട കവിതയാണ്. അതുകൊണ്ട് തന്നെ കവിതയിലെ സാഹചര്യം അവര്‍ക്ക് മനസിലാകും. അവര്‍ക്കെല്ലാം വളരെ ഇഷ്ടം തോന്നിയിട്ടുള്ള കവിത കൂടിയാണ് പെണ്ണപ്പന്‍.
പുസ്തകം വന്നതിന് ശേഷം ഒരുപാട് ചര്‍ച്ചകള്‍ വന്നു. രാഷ്ട്രീയമായി ശരിയല്ലാത്ത ഒരു വാക്കാണ് ഇത്. വീണ്ടും ഒരു അധിക്ഷേപ സൂചനയുള്ള വാക്കുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടോ തുടങ്ങിയ ചര്‍ച്ചകള്‍ പുറമേ നടക്കുന്നതായി പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ കവിത എഴുതുന്ന സമയത്തോ ആ തലക്കെട്ട് തീരുമാനിക്കുന്ന സമയത്തോ അധിക്ഷേപം എന്ന രീതിയിലല്ല ഉപയോഗിച്ചത്. അധിക്ഷേപത്തിന്റെ സ്വരം ഉറപ്പായും ആ കവിതയിലുണ്ട്. കാരണം നാട്ടുകാര്‍ ഒരു അപ്പനെ വിളിക്കുന്ന തെറിപ്പേരുപോലെ പരിഹസിച്ച് വിളിക്കുന്ന ഒന്നാണത്. എങ്കിലും അതിനെ ആ മട്ടിലല്ല ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല, അതല്ലാതെ വേറെ ഏത് വാക്ക് വെച്ച് ആ സങ്കീര്‍ണതയെ വിശദീകരിക്കണം എന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ ശരിയോ ശരികേടോ ഒന്നും അല്ല എന്റെ കവിത. രാഷ്ട്രീയ ശരി നോക്കിയുള്ളതല്ല എന്റെ ജീവിതവും. എന്റെ കവിതയും രാഷ്ട്രീയ ശരികളുടേതാകാന്‍ തരമില്ല.
ഏത് വാക്കാണ് അധിക്ഷേപം, ഏത് വാക്കാണ് ആശാസ്യമായിട്ടുള്ളത് തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ ഡിബേറ്റബിള്‍ ആയ വിഷയമാണ്. ക്വീര്‍ മനുഷ്യരെ വിളിച്ചിരുന്ന ഇന്ന് ഉപയോഗിക്കുന്ന പല വാക്കുകളും ഒരുകാലത്ത് തെറി വാക്കുകളായിരുന്നു. അതില്‍ ക്വീര്‍ എന്ന വാക്കും ഉൾപ്പെടും. കറുപ്പും വെളുപ്പും മാത്രം വെച്ച് എപ്പോഴും യാഥാര്‍ഥ്യത്തെ വിശദീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കവിതയില്‍ പറയുന്ന സങ്കീര്‍ണതകളെയും അനുഭവത്തെയും വിശദീകരിക്കാനായി പെണ്ണപ്പന്‍ എന്ന വാക്ക് തന്നെയായിരിക്കും ഏറ്റവും അനുയോജ്യമാവുക എന്ന തിരിച്ചറിയലിന്റെ പുറത്തുകൂടിയാണ് ആ പേര് തന്നെ പുസ്തകത്തിന്റെ തലക്കെട്ടായി തെരഞ്ഞെടുത്തത്.
കോഴിക്കോട് ബി.എഡ് കോളേജിലെ വസ്ത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ആദി നടത്തിയ സമരം വലിയ ചര്‍ച്ചയായിരുന്നു. അധ്യാപകര്‍ മുഴുവന്‍ എതിരായി നിന്ന കാലഘട്ടമുണ്ടായിരുന്നു. അവിടെ നിന്ന് ഇന്ന് എത്തി നില്‍ക്കുന്ന ദൂരം ഓര്‍ത്തെടുക്കുന്നത് എങ്ങനെയാണ്?
ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ട് തന്നെയാണ് ഇന്ന് ഇവിടെ വരെ എത്തി നില്‍ക്കുന്നത്. ഒരുപാട് മനുഷ്യര്‍ ചേര്‍ത്ത് പിടിച്ചതുകൊണ്ടാണ് ഇപ്പോഴുള്ള ആദി ഉണ്ടായത്. ഇല്ലെങ്കില്‍ പെണ്ണപ്പന്‍ എന്ന പുസ്തകം തന്നെ ഉണ്ടാകുമായിരുന്നില്ല. ബിഎഡ് കോളേജില്‍ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്താണ് പെണ്ണപ്പന്‍ പ്രകാശനം ചെയ്യപ്പെടുന്നത്. ആ വര്‍ഷം എനിക്ക് ഒന്നും എഴുതാനോ ചെയ്യാനോ പറ്റാത്ത സമയമായിരുന്നു. അതുകൊണ്ട് കോവിഡ് സമയത്ത് എഴുതിയിരുന്ന കവിതകളാണ് ഞാന്‍ പുസ്തകത്തിലാക്കിയിരുന്നത്. ബിഎഡ് ചെയ്ത രണ്ട് വര്‍ഷം പ്രൊഡക്ടീവ് ആയി ജീവിതത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. മാനസികമായി കുറേ പ്രശ്‌നങ്ങളും നിയമപരമായ ചില കാര്യങ്ങളുടെ തിരക്കുകളിലുമായിരുന്നു അന്ന്.
ആ കാലത്താണ് എഴുത്തുകള്‍ പുസ്തകമാക്കാം എന്ന് ചിന്തിക്കുന്നത്. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച്, അവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയിട്ട എഴുത്തുകളും മറ്റും ക്രോഡീകരിക്കുന്നതും പബ്ലിഷിങ്ങിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുന്നതും ഒക്കെ. അതുകൊണ്ട് തന്നെ ഞാന്‍ എന്ന മനുഷ്യന്റെ മാത്രം പുസ്തകമല്ല പെണ്ണപ്പന്‍. അതിന് ശേഷം പുസ്തകത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടായി. വലിയ സാഹിത്യ സ്ഥലത്തേക്കൊക്കെ പുസ്തകം കയറി ചെന്നു. ധ്വനി ബുക്‌സ് എന്ന് പറയുന്ന സാധാരണ, സമാന്തര പ്രസാധകര്‍ ആണ് ആ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആ രീതിയിലുള്ള പരിമിതികള്‍ ഒക്കെ ഉണ്ട് ആ പുസ്തകത്തിന്. അത്രയും വീണു പോയ ഒരു സ്ഥലത്ത് നിന്നാണ് പുസ്തകം വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നത്.
പുസ്തക പ്രകാശനം കഴിഞ്ഞ സമയത്ത് ചില ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും പിന്നീട് അതിന് അത്ര തുടര്‍ച്ച ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഇപ്പോഴാണ് വീണ്ടും പുസ്തകം ചര്‍ച്ചയാകുന്നത്. ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ബി.എഡ് കോളേജിലെ ഒരു അധ്യാപകന്‍ ചോദിച്ചിരുന്നു ഇവനെക്കൊണ്ട് ഒക്കെ എന്തിന് പറ്റും എന്ന്. സുഗതകുമാരിയും സുകുമാര്‍ അഴീക്കോടും പഠിച്ച കോളേജാണിതെന്നും, ഞാന്‍ ആ കോളേജിന്റെ പേര് ചീത്തയാക്കി എന്നുമൊക്കെയായിരുന്നു എന്നെകുറിച്ച് പറഞ്ഞിരുന്നത്. ഇതേ സുഗതകുമാരി ടീച്ചറുടെ പേരിനൊപ്പമാണ് ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിലബസില്‍ എന്റെ പേരുമുള്ളത്. അതുകൊണ്ട് അന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി ഇതിലൂടെ ഒക്കെ തന്നെ ഞാന്‍ പറഞ്ഞു കഴിഞ്ഞു. അത് സാധ്യമായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. നമ്മളെ ഉപദ്രവിച്ച്, കള്ളന്മാരാക്കി ചിത്രീകരിച്ച, അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തില്‍ നിന്ന് വരുന്നത് കൊണ്ട് തന്നെ നിരന്തരം നമ്മള്‍ യോഗ്യരാണ്, നമുക്ക് കഴിവുണ്ട് എന്നൊക്കെ തെളിയിക്കേണ്ടി വരുന്ന ഒരു സാഹചര്യം നിലവിലുണ്ട്. എന്നാല്‍ മാത്രമേ നമ്മളെ മനുഷ്യര്‍ ആയിട്ടോ വ്യക്തികളായിട്ടോ പോലും അംഗീകരിക്കുകയുള്ളു. ആ തരത്തില്‍ ഒരു അധിക ബാധ്യതയുടെ മുകളില്‍ ഈ അംഗീകാരങ്ങള്‍ തരുന്ന ഊര്‍ജം ചെറുതല്ല.