പാരമ്പര്യത്തിലേക്ക് തിരിയുന്ന വത്തിക്കാൻ, പാരമ്പര്യവാദികളെ പുറത്താക്കുന്ന വത്തിക്കാൻ: ലിയോ പാപ്പയുടെ ഇരട്ടനീക്കത്തിൽ കത്തോലിക്കാ ലോകത്ത് ആശയക്കുഴപ്പം

പഴയതോ പുതിയതോ എന്നതല്ല, കുർബാനയുടെ ദിശയാണ് ചർച്ച.
Leo marpappa Vatican
Published on: 
Updated on: 

കത്തോലിക്കാ സഭയിൽ രണ്ട് ചരിത്ര സംഭവങ്ങൾ ഒരേ കാലത്ത്. ഒരു വശത്ത് മാർപാപ്പ ലിയോ പതിനാലാമൻ പരസ്യമായി `ad orientem` അൾത്താരാഭിമുഖമായി തിരിഞ്ഞു നിന്ന് പ്രാർത്ഥിക്കുന്നു. മറുവശത്ത്, അതേ പരമ്പരാഗത കുർബാനയെ ഏറ്റവും ശക്തമായി വാദിച്ചിരുന്ന സൊസൈറ്റി ഓഫ് സെൻ്റ് പയസ് ടെൻത്തിനെ (SSPX) വത്തിക്കാൻ ശിഷ്മയായി പ്രഖ്യാപിക്കുന്നു. ഒരു വശത്ത് പാരമ്പര്യത്തെ സ്നേഹിക്കുകയും മറുവശത്ത് പാരമ്പര്യവാദികളെ അച്ചടക്ക നടപടിക്ക് വിധേയമാക്കുകയും ചെയ്യുന്ന ഈ ഇരട്ടനിലപാടാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ലിയോ പാപ്പ എന്താണ് ചെയ്യുന്നത്?

കഴിഞ്ഞ ഒക്ടോബർ 6ന് റോമിലെ Domus Australia ദേവാലയത്തിൽ ലിയോ പാപ്പ ലത്തീനിൽ, അൾത്താരാഭിമുഖമായി തിരിഞ്ഞു നിന്ന് വെസ്പേർസ് പ്രാർത്ഥന നടത്തിയതോടെയാണ് ചർച്ചകൾ തുടങ്ങിയത്. ഇത് പാപ്പയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ `ad orientem` ശുശ്രൂഷയായിരുന്നു. ശ്രദ്ധിക്കേണ്ട കാര്യം, ഈ ദേവാലയത്തിലെ അൾത്താര freestanding ആണെങ്കിലും, പാപ്പ മനഃപൂർവം തിരിഞ്ഞു നിന്നു എന്നതാണ്. ഇത് യാദൃശ്ചികമല്ലെന്നും പരമ്പരാഗത ആരാധനയോടുള്ള പാപ്പയുടെ ആദരവാണെന്നും വത്തിക്കാൻ നിരീക്ഷകർ വിലയിരുത്തി.

എന്നാൽ അതിനർത്ഥം പഴയ ലത്തീൻ കുർബാന പൂർണ്ണമായി തിരികെ വരുമെന്നല്ല. വത്തിക്കാൻ നൽകിയ വിശദീകരണത്തിൽ, ഫ്രാൻസിസ് പാപ്പ കൊണ്ടുവന്ന _Traditionis Custodes താൻ റദ്ദാക്കില്ലെന്ന് ലിയോ പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. പകരം, ആവശ്യമുള്ള രൂപതകൾക്ക് രണ്ട് വർഷത്തേക്ക് പ്രത്യേക ഇളവ് നൽകും.

ഇവിടെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. പലരും കരുതുന്നത് ഇത് പഴയ കുർബാനയും പുതിയ കുർബാനയും തമ്മിലുള്ള പോരാട്ടമാണെന്നാണ്. എന്നാൽ ലിയോ പാപ്പയുടെ നീക്കം അതിനപ്പുറമാണ്. അദ്ദേഹം ലക്ഷ്യമിടുന്നത് കുർബാനയുടെ ഭാഷയെക്കാൾ, കുർബാനയുടെ ദിശയെ കുറിച്ചുള്ള ചർച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത്, പഴയതോ പുതിയതോ എന്ന ചർച്ചയല്ല, എങ്ങോട്ട് തിരിഞ്ഞു നിൽക്കുന്നു എന്നതാണ് പ്രധാനം എന്ന ചിന്ത.

SSPXന് എന്ത് സംഭവിച്ചു?

ഇതിനിടെയാണ് 2026 ജൂലൈയിൽ വത്തിക്കാൻ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. SSPX 2026 ജൂലൈ 1ന് Écôneൽ നടത്തിയ അനധികൃത മെത്രാഭിഷേകത്തെ തുടർന്ന്, ജൂലൈ 2ന് വിശ്വാസ തിരുസംഘം (DDF) decree ഇറക്കി. അതനുസരിച്ച് പുതിയതായി വാഴിക്കപ്പെട്ട നാല് ബിഷപ്പുമാരും, അവരെ വാഴിച്ച സുപ്പീരിയർ ജനറലും സഹകാർമ്മികനും ഓട്ടോമാറ്റിക്കായി ശിഷ്മാ വിലക്കിന് വിധേയരായി. മറ്റ് വൈദികർ ശിഷ്മത്തോട് ഔപചാരികമായി ചേർന്നാൽ മാത്രമേ വിലക്കിന് വിധേയരാകൂ എന്നും decree വ്യക്തമാക്കി.

1988ൽ ആർച്ച് ബിഷപ്പ് ലെഫെബ്രേ മാർപാപ്പയുടെ അനുവാദമില്ലാതെ നാല് മെത്രാന്മാരെ വാഴിച്ചതിനാണ് ആദ്യം SSPX വിലക്കപ്പെട്ടത്. ബെനഡിക്ട് പതിനാറാമൻ 2009ൽ ആ വിലക്ക് പിൻവലിച്ച് അവരെ ചേർത്തുപിടിക്കാൻ ശ്രമിച്ചു. എന്നാൽ 2026ൽ വീണ്ടും അതേ നടപടി ആവർത്തിച്ചതോടെ വത്തിക്കാൻ കടുത്ത നിലപാടിലേക്ക് നീങ്ങി.

വിമർശകർ ചൂണ്ടിക്കാട്ടുന്നത്

ഇവിടെയാണ് ചോദ്യം ഉയരുന്നത്. ട്രഡീഷണൽ വിഭാഗത്തെ അനുകൂലിക്കുന്നവർ പറയുന്നു: "മാർപാപ്പ ഒരു വശത്ത് തിരിഞ്ഞുള്ള പ്രാർത്ഥനയുടെ മഹത്വത്തെ കുറിച്ച് പറയുന്നു, മറുവശത്ത് ആ പാരമ്പര്യത്തിനായി ജീവിതം മുഴുവൻ പോരാടിയ ഒരു തലമുറയെ നിലനിർത്തിയ ഗ്രൂപ്പിനെതിരെ നടപടി എടുക്കുന്നു. ഇത് വൈരുദ്ധ്യമാണ്." അവരുടെ വാദം, SSPX ഇല്ലായിരുന്നെങ്കിൽ ഇന്ന് ലത്തീൻ കുർബാനയെ കുറിച്ച് ചർച്ച പോലും ഉണ്ടാകില്ലായിരുന്നു എന്നാണ്.

വത്തിക്കാൻ്റെ മറുപടി

എന്നാൽ വത്തിക്കാൻ നൽകുന്ന മറുപടി വ്യത്യസ്തമാണ്. പ്രശ്നം കുർബാനയുടെ ഭാഷയോ രീതിയോ അല്ല, അനുസരണയാണ്. സഭ പറയുന്നു, FSSP എന്ന മറ്റൊരു ഗ്രൂപ്പും ഇതേ പരമ്പരാഗത കുർബാന തന്നെ അർപ്പിക്കുന്നുണ്ട്, പക്ഷേ അവർ പൂർണമായും മാർപാപ്പയോട് വിധേയരായി സഭയ്ക്കുള്ളിൽ തുടരുന്നു. അവരെ സഭ ഒരിക്കലും വിലക്കിയിട്ടില്ല. SSPXനെതിരെ നടപടി എടുത്തത് അവർ ലത്തീൻ ചൊല്ലിയതു കൊണ്ടല്ല, മറിച്ച് മാർപാപ്പയുടെ അധികാരത്തെ തള്ളിക്കളഞ്ഞ് അനധികൃതമായി ബിഷപ്പുമാരെ വാഴിച്ചതുകൊണ്ടാണ്.

അതുകൊണ്ട് ലിയോ പാപ്പയുടെ സന്ദേശം വ്യക്തമാണ്: പാരമ്പര്യം ആകാം, പക്ഷേ പത്രോസിന്റെ പിൻഗാമിയോടുള്ള വിധേയത്വം ഉപേക്ഷിച്ചുകൊണ്ടാകരുത്. ഒരു വശത്ത് അൾത്താരയിലേക്ക് തിരിയുമ്പോഴും, മറുവശത്ത് അച്ചടക്കത്തിൻ്റെ വടി ഉയർത്തുമ്പോഴും, ലിയോ പാപ്പ ശ്രമിക്കുന്നത് സഭയെ പിളരാതെ ഒന്നിച്ചു നിർത്താനാണ് എന്നാണ് വത്തിക്കാൻ വൃത്തങ്ങൾ പറയുന്നത്.

News Malayalam 24x7
newsmalayalam.com