മലയാളിയുടെ അടുക്കളബജറ്റിൽ സംഭവിക്കുന്നതെന്ത് ? അന്നം മുട്ടാതിരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടുമോ ?

മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ചോറിനും കടുത്ത ക്ഷാമവും വിലക്കയറ്റവും നേരിടുന്ന ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കടുത്ത വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും അയൽസംസ്ഥാനങ്ങളിലെ നെല്ലുൽപാദനത്തെ സാരമായി ബാധിച്ചതോടെ, കേരളം മറ്റൊരു വലിയ ഭക്ഷ്യപ്രതിസന്ധിയുടെ വക്കിലാണ്.
മലയാളിയുടെ അടുക്കളബജറ്റിൽ സംഭവിക്കുന്നതെന്ത് ? അന്നം മുട്ടാതിരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടുമോ ?
Published on: 
Updated on: 

കേരളത്തിന്റെ അടുക്കളകളിൽ വീണ്ടും ആശങ്കയുടെ പുക ഉയരുകയാണ്. മൊത്തം ചില്ലറ വിലക്കയറ്റം 6.22 ശതമാനത്തിൽ നിൽക്കുമ്പോഴും, സാധാരണക്കാരന്റെ നട്ടെല്ലൊടിച്ചുകൊണ്ട് കേരളത്തിലെ ഭക്ഷ്യവിലക്കയറ്റം 10.92 ശതമാനത്തിലേക്ക് കുതിച്ചിരിക്കുന്നു! ദേശീയ ശരാശരിയായ 8.94 ശതമാനത്തെയും കടത്തിവെട്ടിയുള്ള ഈ കുതിപ്പിൽ തെക്കേ ഇന്ത്യയൊന്നാകെ വെന്തുരുകുകയാണ്. ആന്ധ്രയിൽ 13.23, തമിഴ്‌നാട്ടിൽ 12.37, കർണാടകയിൽ 12.16 ശതമാനം എന്നിങ്ങനെയായി വിലക്കയറ്റം കുതിച്ചുകയറി. അരി മുതൽ പലവ്യഞ്ജനങ്ങൾ വരെ 40 മുതൽ 100 ശതമാനം വരെ വിലകുതിക്കുമ്പോൾ, കുടുംബത്തിന്റെ അടുക്കള ബജറ്റ് ഇരട്ടിയായി എന്നതാണ് യാഥാർഥ്യം. വിലക്കയറ്റത്തിന്റെ ഉള്ളറകളെ വിലയിരുത്തുകയാണ് ഇന്നത്തെ സ്​പോട്ട്ലൈറ്റ്. കേരളത്തിന് അന്നംമു​ട്ടുമോ?

കേരളത്തിന് അന്നംമു​ട്ടുമോ?

മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ചോറിനും കടുത്ത ക്ഷാമവും വിലക്കയറ്റവും നേരിടുന്ന ഗുരുതരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കടുത്ത വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും അയൽസംസ്ഥാനങ്ങളിലെ നെല്ലുൽപാദനത്തെ സാരമായി ബാധിച്ചതോടെ, കേരളം മറ്റൊരു വലിയ ഭക്ഷ്യപ്രതിസന്ധിയുടെ വക്കിലാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ ഈ പ്രതിസന്ധിയുടെ ആഴം നമുക്ക് വ്യക്തമാകും. കേരളത്തിന് ഒരു വർഷം ആകെ വേണ്ടത് 40 ലക്ഷം മെട്രിക് ടൺ അരിയാണ്. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത് വെറും 5 ലക്ഷം മെട്രിക് ടൺ മാത്രമാണ്. അതായത്, നമ്മുടെ ആകെ ഭക്ഷ്യധാന്യ ആവശ്യത്തിന്റെ വെറും 15 മുതൽ 20 ശതമാനം മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ബാക്കി 80 ശതമാനത്തിലേറെ നമ്മൾ ആശ്രയിക്കുന്നത് അയൽസംസ്ഥാനങ്ങളെയാണ്. ഇപ്പോൾ അവിടെനിന്നുള്ള വരവിലാണ് വലിയ ഇടിവുണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള അരിവരവിൽ നിലവിൽ 25 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് ഇനിയും കുറയുമെന്നാണ് വ്യാപാരികളും മില്ലുടമകളും നൽകുന്ന മുന്നറിയിപ്പ്.

തമിഴ്‌നാട്ടിലെ സാഹചര്യം

തമിഴ്‌നാട്ടിലെ സാഹചര്യം കേരളത്തിന് കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തിന് ഏറ്റവും പ്രിയപ്പെട്ട മട്ട അരിയുടെ പ്രധാന വിതരണകേന്ദ്രങ്ങളിലൊന്നാണ് തമിഴ്‌നാട്. എന്നാൽ അവിടെയും നെൽകൃഷി വലിയ പ്രതിസന്ധിയിലാണ്. 2025–26 ഖാരിഫ് സീസണിൽ 17.5 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെൽകൃഷി ഇത്തവണ 12.52 ലക്ഷം ഹെക്ടറായി കുറഞ്ഞു. അതായത് 4.98 ലക്ഷം ഹെക്ടറിന്റെ ഇടിവ്; ഏകദേശം 28 ശതമാനം കുറവ്. മേട്ടൂർ അണക്കെട്ട് തുറക്കാൻ വൈകിയതും കാവേരി നദിയിലെ നീരൊഴുക്ക് കുറഞ്ഞതുമാണ് പ്രധാന കാരണങ്ങൾ. ഇതിനുപുറമെ കതിരിൽ മണി നിറയുന്ന ഘട്ടത്തിലെ കടുത്ത ചൂടും ജലലഭ്യതക്കുറവും ചില മേഖലകളിൽ വിളവിനെ ബാധിച്ചു. മട്ട നെല്ലിനെ അപേക്ഷിച്ച് പൊന്നിക്ക് വിപണിയിൽ കൂടുതൽ വില ലഭിക്കുന്നതും കർഷകരുടെ കൃഷി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ട്. ഇതോടെ മട്ട നെല്ലിന്റെ ലഭ്യതയും ആശങ്കയിലാകുന്നു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള നെല്ലിന്റെ വരവിൽ ഇതിനകം 25 ശതമാനത്തോളം കുറവുണ്ടായെന്നാണ് മില്ലുടമകളുടെ കണക്ക്. അതായത് കേരളത്തിലെ അരിവിലക്കയറ്റത്തിന് പിന്നിൽ ആഭ്യന്തര വിപണിയിലെ പ്രശ്നങ്ങൾ മാത്രമല്ല, അയൽസംസ്ഥാനങ്ങളിലെ കാർഷിക പ്രതിസന്ധിയും വിതരണത്തിലെ കുറവും നിർണായക ഘടകങ്ങളായി മാറുകയാണ്.

കർണാടകയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥിതി

കർണാടകയിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. മഴക്കുറവ് കാരണം കൃഷ്ണ രാജസാഗർ, തുംഗഭദ്ര അണക്കെട്ടുകളിൽ വെള്ളം ക്രമാതീതമായി കുറഞ്ഞു. ഇതോടെ കർണാടകയിൽ നാല് ലക്ഷത്തിലധികം ഹെക്ടർ സ്ഥലത്തെ നെൽകൃഷിയാണ് ഇല്ലാതായത്. ജൂലൈ മുതൽ ആരംഭിച്ച സീസണിൽ സാധാരണ ലഭിച്ചിരുന്നതിന്റെ പകുതി നെല്ല് മാത്രമാണ് ഇത്തവണ മില്ലുകളിലേക്ക് എത്തിയത്. നവംബർ പകുതിയോടെ ആരംഭിച്ച പുതിയ സീസണിൽ പ്രതിദിനം 20 ലോഡ് നെല്ല് എത്തേണ്ട സ്ഥാനത്ത്, ഇപ്പോൾ കിട്ടുന്നത് വെറും നാലോ അഞ്ചോ ലോഡ് മാത്രമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും ഉൽപാദനം കുറഞ്ഞു. ആന്ധ്രയിൽ നിന്ന് നെല്ല് കൊണ്ടുവരുന്നതിന് നിയന്ത്രണമുള്ളതിനാൽ അരിയാണ് എത്തിക്കുന്നത്. ഉൽപാദനക്കുറവ് കാരണം അവിടെനിന്നുള്ള അരിക്കും വില കൂടുമെന്ന മുന്നറിയിപ്പുണ്ട്. തെലങ്കാന, പഞ്ചാബ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് നെല്ല് എത്തിക്കാമെന്ന് വെച്ചാൽ, ഭീമമായ കടത്തുകൂലി വലിയ വെല്ലുവിളിയാണ്. പശ്ചിമ ബംഗാളിൽ നിന്നെത്തുന്ന ബിരിയാണി അരിയുടെ ഉൽപാദനത്തെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചുകഴിഞ്ഞു.

പൊതുവിപണിയിലെ വിലക്കയറ്റം

വിലക്കയറ്റത്തിന്റെ തോത് ഓരോ അരിയിനത്തിലും വ്യത്യസ്തമാണ്. കേരളത്തിൽ ഔദ്യോഗിക കണക്കുപ്രകാരം മട്ട അരിയുടെ ശരാശരി ചില്ലറവില കിലോഗ്രാമിന് 56.71 രൂപയും ചമ്പയ്ക്ക് 57.75 രൂപയും പാലക്കാടൻ ജയയ്ക്ക് 53.50 രൂപയുമാണ്. എന്നാൽ ബ്രാൻഡഡ് അരിയുടെയും പൊന്നി, ബസുമതി തുടങ്ങിയ ഇനങ്ങളുടെയും വില ഇതിലും ഉയർന്ന നിലയിലാണ്. നവംബർ 11-ലെ വിപണി റിപ്പോർട്ടിൽ പൊന്നിക്ക് കിലോഗ്രാമിന് 80 രൂപയും ബസുമതിക്ക് 130 രൂപയും രേഖപ്പെടുത്തിയിരുന്നു. അതായത്, അരിയിനവും ബ്രാൻഡും വിപണിയും അനുസരിച്ച് വിലയിൽ വലിയ വ്യത്യാസമുണ്ട്.

പൊതുവിപണിയിൽ അരിവില കിലോയ്ക്ക് 65 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുകഴിഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ അരിവിലയിൽ മാത്രം 50 ശതമാനം വരെയാണ് വർധനവുണ്ടായത്. മട്ട വടി, ജയ, പൊന്നി, സുരേഖ തുടങ്ങി എല്ലാ ജനപ്രിയ ഇനങ്ങൾക്കും 10 മുതൽ 35 രൂപ വരെ കൂടി. ഒരു നാലംഗ കുടുംബത്തിന് അരി വാങ്ങാൻ മാത്രം മാസം 350 മുതൽ 400 രൂപ വരെ അധികം ചെലവാക്കേണ്ട അവസ്ഥയാണ്.

ഉൽപ്പാദിപ്പിക്കുന്ന അരി എവിടേക്കാണ് പോകുന്നത്?

ഒരുവശത്ത് അരിവരവ് കുറയുമ്പോൾ, മറുവശത്ത് പൊതുവിപണിയിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും സജീവമാകുന്നുണ്ട്. ഒന്ന് മനസ്സിലക്കേണ്ടതുണ്ട്. രാജ്യത്ത് അരി ഉൽപ്പാദനം തുടർച്ചയായി ഉയരുകയാണ്. 2024–25 വർഷത്തിൽ 1,501.8 ലക്ഷം ടണ്ണായിരുന്ന ഉൽപ്പാദനം 2025–26ൽ 1,540.2 ലക്ഷം ടണ്ണിലെത്തി. അതായത് 38.4 ലക്ഷം ടണ്ണിന്റെ വർധന. എന്നിട്ടും വിപണിയിൽ അരിവില കുറയുന്നില്ല. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2026 നവംബർ 18ന് രാജ്യത്തെ ശരാശരി ചില്ലറവില കിലോഗ്രാമിന് 48.52 രൂപയാണ്. ഒരു മാസം മുമ്പ് ഇത് 46.92 രൂപയായിരുന്നു. ഉൽപ്പാദനം കൂടുമ്പോഴും വില ഉയരുന്നത് വിപണിയിലെ അരിയുടെ ലഭ്യതയെക്കുറിച്ചും സംഭരണത്തെക്കുറിച്ചും ഗൗരവമായ ചോദ്യങ്ങളുയർത്തുന്നു. ഉൽപ്പാദിപ്പിക്കുന്ന അരി എവിടേക്കാണ് പോകുന്നത്? ആവശ്യത്തിന് അരി വിപണിയിലെത്തുന്നുണ്ടോ? പൂഴ്ത്തിവെപ്പും അനിയന്ത്രിതമായ സംഭരണവുമാണോ വിലക്കയറ്റത്തിന് പിന്നിൽ ? കേന്ദ്രം തന്നെ സംഭരണത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്ന സാഹചര്യം ഈ സംശയങ്ങൾക്ക് കൂടുതൽ പ്രസക്തി നൽകുകയാണ്.

കേന്ദ്ര - സംസ്ഥാന ഇടപെടലുകൾ ഗുണം ചെയ്യുമോ?

അരിവിലക്കയറ്റം നിയന്ത്രിക്കാനുള്ള സർക്കാർ ഇടപെടലുകളിൽ പ്രതീക്ഷയും ആശങ്കയും ഒരുപോലെ നിലനിൽക്കുന്നുണ്ട്. സീസണിൽ വിപണിയിലിടപെടാൻ കേരളം ആവശ്യപ്പെട്ട 25,000 ടൺ അധിക അരിക്ക് കേന്ദ്രംഉപാധികൾ വെച്ചത് തിരിച്ചടിയാണ്. എഫ്.സി.ഐ സംഭരണവില കൂട്ടിയതോടെ സംസ്ഥാനം സ്പെഷ്യൽ അരിയുടെ വില 27 രൂപയാക്കി ഉയർത്തുകയും, വിതരണ അളവ് 10 കിലോയിൽ നിന്ന് 5 കിലോയായി കുറയ്ക്കുകയും ചെയ്തു. എഥനോൾ ഉൽപ്പാദനത്തിനായി ഭക്ഷ്യധാന്യങ്ങൾ ഉപയോഗിക്കുന്നതിനും കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ പ്രതിസന്ധി മറികടക്കാൻ സർക്കാരുകൾ ബദൽ നടപടികളും സ്വീകരിക്കുന്നുണ്ട്. സപ്ലൈകോ വഴി 10 കിലോ പച്ചരി അധികമായി നൽകാൻ സംസ്ഥാന ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇതിനൊപ്പം, പൊതുവിപണിയിലേക്കുള്ള ഒ.എം.എസ് അരിവിഹിതം 50 ലക്ഷം ടണ്ണായി ഉയർത്താനും ‘ഭാരത് റൈസ്’ വിതരണം വർധിപ്പിക്കാനും കേന്ദ്രവും തയ്യാറായി. ഈ നീക്കങ്ങൾ വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് നിലയ്ക്കുന്നതും, കേന്ദ്രസർക്കാരിന്റെ കടുംപിടിത്തവും, വിപണി ഇടപെടലിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന അലംഭാവവും എല്ലാം ഒത്തുവന്നതോടെ കേരളം അക്ഷരാർത്ഥത്തിൽ അരിമുട്ടുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. കൃത്യമായ ആസൂത്രണവും സമയബന്ധിതമായ വിപണി ഇടപെടലും ഉണ്ടായില്ലെങ്കിൽ വരും മാസങ്ങളിൽ മലയാളിയുടെ അടുക്കളബജറ്റിന് ഇനിയും വലിയ വില നൽകേണ്ടിവരും. കേരളത്തിന് അന്നം മുട്ടുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് സർക്കാരുകളുടെ അടിയന്തര ഇടപെടലുകളാണ്.