ജപ്പാനില്‍ അധികാരത്തില്‍ ഒരു 'ലേഡി ട്രംപ്': 'ജനസംഖ്യാ പ്രതിസന്ധിയിലെ' ഒറ്റമൂലി എന്തായിരിക്കും!

സ്ത്രീകളുടെ സ്ഥാനം, ജാപ്പനീസ് ചരിത്രം, സമൂഹം എന്നിവയെക്കുറിച്ചുള്ള തകായിച്ചിയുടെ നയങ്ങൾ വലതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
Sanae Takaichi
സനേ തകായിച്ചിSource: News Malayalam 24X7
Published on

സനേ തകായിച്ചി ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ചു എന്നത് കഴിഞ്ഞ വാരത്തിലെ പ്രധാന വാര്‍ത്തയായിരുന്നു. എന്നാല്‍ ലിബറലായി ചിന്തിക്കുന്നവര്‍ ഈ അധികാരലബ്ധിയെ സ്ത്രീസ്വാതന്ത്ര്യത്തിന്‍റെയോ പുരോഗമന രാഷ്ട്രീയത്തിന്‍റെയോ വിജയമായി കണക്കിലെടുക്കില്ല. തകായിച്ചി ഒരു തീവ്രവലതുപക്ഷ നേതാവാണ് എന്നതാണ് ഇതിന്‍റെ കാരണം.

സ്ത്രീകളുടെ സ്ഥാനം, ജാപ്പനീസ് ചരിത്രം, സമൂഹം എന്നിവയെക്കുറിച്ചുള്ള തകായിച്ചിയുടെ നയങ്ങൾ വലതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നാണ് ജാപ്പനീസ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ലോകമെമ്പാടുമുള്ള വലതുപക്ഷ ജനപ്രിയ നേതാക്കളെപ്പോലെ തന്നെ കുടിയേറ്റവിരുദ്ധ നിലപാടുകളാണ് തകായിച്ചിയുടെയും പ്രധാന ആശയം.

'ദേശീയ വ്യക്തിത്വവും പരമ്പരാഗത മൂല്യങ്ങളും' സംരക്ഷിക്കണമെന്ന വാദമാണ് തകായിച്ചി എന്നും ഉയര്‍ത്തിയിരുന്നത്, അതോടൊപ്പം ശക്തമായ സാമ്പത്തിക വളർച്ചയ്ക്ക് കടുത്ത നടപടികള്‍ വേണമെന്നും ഇവര്‍ വാദിക്കുന്നുണ്ട്. പ്രധാനമന്ത്രിയായി ആദ്യത്തെ പ്രസംഗത്തില്‍ തന്നെ അവര്‍ അത് സൂചിപ്പിക്കുയും ചെയ്തു. ലോകമെങ്ങുമുള്ള വലതുപക്ഷം ആ വീഡിയോ നന്നായി ആഘോഷിച്ചു എന്നാൽ കുടിയേറ്റത്തെ നിയന്ത്രിക്കുന്ന നയങ്ങൾ ജപ്പാന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം തൊഴിലാളികളുടെ കുറവും വിലക്കയറ്റവും ഉണ്ടാക്കില്ലെ എന്നതാണ് മറുചോദ്യം.

കുറഞ്ഞ ജനനനിരക്ക് മൂലം ജനസംഖ്യാ പ്രതിസന്ധി നേരിടുന്ന വികസിത രാജ്യങ്ങൾക്ക് ജപ്പാൻ ഒരു മുന്നറിയിപ്പാണ്. ജപ്പാന്റെ ജനസംഖ്യ കഴിഞ്ഞ 16 വർഷമായി തുടർച്ചയായി കുറയുകയാണ്. തകായിച്ചി എങ്ങനെ ജപ്പാനെ നയിക്കും എന്നത് ഈ യാഥാര്‍ത്ഥ്യം വച്ച് കൂടി വേണം വിലയിരുത്താന്‍.

ഒക്ടോബര്‍ ആദ്യം സനേ തകായിച്ചിയെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) നേതാവായി തിരഞ്ഞെടുത്തിരുന്നു. ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന എന്‍ഡിപിക്ക് തങ്ങളുടെ കൂട്ടുകക്ഷിയായ കോമേയിറ്റോ പാർട്ടിയുടെ പിന്തുണ നഷ്ടമായതോടെ തകായിച്ചിയുടെ സ്ഥാനാരോഹണം പ്രതിസന്ധിയില്‍ ആയിരുന്നു. ജപ്പാനെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ ഫണ്ടിംഗ് വിവാദത്തില്‍ എൽഡിപിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഭരണസഖ്യത്തിൽ നിന്ന് കോമേയിറ്റോ പാർട്ടി പിന്മാറിയത്.

ജപ്പാന്റെ പാർലമെന്റായ ഡയറ്റിന്‍റെ ഉപരി, അധോ സഭകളിൽ എൽഡിപിക്ക് ഭൂരിപക്ഷം ഇല്ല. അതിനാൽ ഭരണം നിലനിര്‍ത്താന്‍ കൂട്ടുകക്ഷികളെ ആവശ്യമുണ്ട്. തുടര്‍ന്ന് നടന്ന ചർച്ചകൾക്കൊടുവിൽ 'ഇഷിൻ' എന്നറിയപ്പെടുന്ന വലതുപക്ഷ ജപ്പാൻ ഇന്നോവേഷൻ പാർട്ടി തകായിച്ചിയെയും എൽഡിപി നയിക്കുന്ന സർക്കാരിനെയും പിന്തുണക്കാൻ സമ്മതിച്ചു. ഇതോടെയാണ് ജപ്പാന് ആദ്യത്തെ വനിത പ്രധാനമന്ത്രിയെ ലഭിച്ചത്.

എങ്കിലും പുതിയ കൂട്ടുകക്ഷിക്ക് എന്നാല്‍ ഇപ്പോഴും അധോ സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ട അംഗങ്ങള്‍ ഇല്ല. സഖ്യത്തിന് ഭൂരിപക്ഷം നേടാൻ ഇനിയും രണ്ട് സീറ്റുകൾ കുറവുണ്ട്. അതിനാൽ തകായിച്ചിയുടെ ന്യൂനപക്ഷ സർക്കാർ മുൻ സർക്കാരുകളേക്കാള്‍ കൂടുതൽ അനിശ്ചിതത്വത്തിലാണ് എന്നതാണ് നേര്.

ജാപ്പനീസ് ജനസംഖ്യാ പ്രതിസന്ധിയും തകായിച്ചിയും

ജപ്പാന്‍റെ ജനസംഖ്യ 2008ല്‍ ഏകദേശം 12.8 കോടിയായിരുന്നു. എന്നാല്‍ അവിടെ നിന്നും തുടർച്ചയായി കുറയുകയാണ്. ഇന്ന് അത് ഏകദേശം 12.4 കോടി (124 മില്യൺ) ആണ്. കഴിഞ്ഞ വർഷം, ഒരു സ്ത്രീ ജീവിതകാലത്ത് ശരാശരി എത്ര കുട്ടികളെ പ്രസവിക്കുന്നു എന്നത് അളക്കുന്ന ജനനനിരക്ക് ജപ്പാനില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 1.15 ആയി ഇടിഞ്ഞു.

നിലവിലെ കണക്ക് പ്രകാരം, ജപ്പാന്‍റെ ജനസംഖ്യ 2070-ഓടെ 8.7 കോടി ആയി മാറിയേക്കാം. 2100-ഓടെ 6.3 കോടി ആയി ചുരുങ്ങും എന്നുമാണ് കണക്ക് കൂട്ടല്‍. പ്രശ്നം വെറും ജനസംഖ്യ കുറയുന്നതിലല്ല — ജനസംഖ്യയില്‍ പ്രായമായവര്‍ കൂടുന്നതും. അതിനൊപ്പം പെൻഷൻ ചെലവുകളും ആരോഗ്യചെലവുകളും ഉയരുന്നതുമാണ് പ്രധാന വെല്ലുവിളി. അധ്യാപകർ, ഡോക്ടർമാർ തുടങ്ങിയ നിരവധി തൊഴിൽ മേഖലകളിൽ ജപ്പാൻ ഇതിനകം തന്നെ ഗുരുതരമായ തൊഴിലാളി ക്ഷാമം നേരിടുകയാണ് എന്നാണ് വിവരം.

ജാപ്പനീസ് സർക്കാരുകൾ ജനസംഖ്യ കുറയുന്നത് ഒരു ഗൗരവമായ പ്രശ്നമാണെന്ന് അംഗീകരിച്ചിരുന്നുവെങ്കിലും, അതിനെ നേരിടാൻ അവർ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നതാണ് നേര്. വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കിയെങ്കിലും, കുടിയേറ്റക്കാരെ ജാപ്പനീസ് സമൂഹത്തിൽ പൂർണമായി ഉൾപ്പെടുത്താനുള്ള വ്യാപകമായ പദ്ധതികൾ ജാപ്പനീസ് സര്‍ക്കാരുകള്‍ നടപ്പാക്കാൻ മടിച്ചിരുന്നു.

ഇതിന്‍റെ ഫലമായി ഈ വർഷം ജപ്പാനില്‍ ജനിച്ച വിദേശ വംശജരായ കുട്ടികളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ 36 ലക്ഷം ആയി — അതായത് ജനസംഖ്യയുടെ ഏകദേശം 3%. എന്നാൽ ഇത് മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്.

Sanae Takaichi
ജപ്പാനിൽ ആദ്യ വനിതാ പ്രധാനമന്ത്രി? ചരിത്രം കുറിക്കാനൊരുങ്ങി സനേ തകായിച്ചി

വിദേശ തൊഴിലാളികളുടെ വർധന ജപ്പാനിൽ ജനിക്കുന്ന 'വിദേശ' കുഞ്ഞുങ്ങളുടെ എണ്ണവും വർധിപ്പിച്ചു. ഇതിൽ ചൈനീസ്, ഫിലിപ്പീൻ, ബ്രസീലിയൻ വംശജരാണ് മുന്നില്‍. അതിനൊപ്പം, ജപ്പാനിലെ വിനോദസഞ്ചാര മേഖലയും വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത് — കഴിഞ്ഞ വർഷം ഏകദേശം 3.7 കോടി സന്ദർശകരാണ് രാജ്യത്തെത്തിയത്.

ഇവയെല്ലാം ചേർന്നതോടെ ജപ്പാനിൽ വിദേശികളുടെ സാന്നിധ്യം വർധിക്കുകയാണ് ഒരോ വര്‍ഷവും. ജപ്പാനിലെ ഈ വിദേശ സാന്നിധ്യം സാൻസെയ്തോ പോലെയുള്ള തീവ്ര വലതുപക്ഷ പാർട്ടികളെ ശക്തിപ്പെടുത്തുന്ന കാഴ്ചയും ദൃശ്യമായി. ഇതുമൂലം ഭരണകക്ഷിയായ എൽഡിപി തങ്ങളുടെ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ കൂടുതൽ വലതുപക്ഷ നിലപാടുകളിലേക്ക് നീങ്ങിയെന്നതാണ് രാഷ്ട്രീയ ചിത്രം.

ഇതാണ് സനേ തകായിച്ചിയെപ്പോലെയുള്ളവര്‍ ഭരണകക്ഷിയുടെ തലപ്പത്തേക്ക് കടന്നുവരാന്‍ ഇടയാക്കിയത്. തകായിച്ചി രാജ്യത്ത് തൊഴിൽ ക്ഷാമം നേരിടുന്ന ചില മേഖലകളിൽ വിദേശ തൊഴിലാളികള്‍ വേണം എന്ന് വാദിക്കുന്നുണ്ട്, എന്നാൽ അതിന് കടുത്ത നിബന്ധനകൾ വേണമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ വിദേശീയര്‍ക്ക് രാഷ്ട്രീയ പൗരത്വ അവകാശങ്ങള്‍ നല്‍കുന്നത് ഇവര്‍ ശക്തമായി എതിര്‍ക്കുന്നു.

ഇതുവരെ പ്രധാനമന്ത്രി എന്ന നിലയില്‍ തന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ വിശദമായി അവതരിപ്പിച്ചില്ലെങ്കിലും മുന്‍പ് നടത്തിയ പല പ്രസംഗങ്ങളിലും വിദേശികളെ ദേശീയ ഐക്യത്തിന് ഭീഷണിയെന്ന നിലയിൽ കാണുകയും അതിനെ കർശനമായി നിയന്ത്രിക്കണമെന്ന് വാദിക്കുന്ന തകായിച്ചിയെ ജാപ്പനീസ് രാഷ്ട്രീയ രംഗത്തിന് പരിചിതമാണ്.

സ്ഥിരം വലതുപക്ഷ രീതികളിലേക്കോ ജപ്പാന്‍?

ലോകമെമ്പാടുമുള്ള ജനസംഖ്യാ പ്രശ്നം നേരിടുന്ന രാജ്യങ്ങൾ, വലതുപക്ഷ രാഷ്ട്രീയക്കാരുടെ കുടിയേറ്റവിരുദ്ധ പ്രചാരണങ്ങൾക്കു കൂടുതൽ എളുപ്പത്തിൽ ഇരയാകപ്പെടുന്നു എന്ന കാഴ്ചയാണ് ഇപ്പോള്‍ കണുന്നത്, ട്രംപ് അടക്കം ഉദാഹരണങ്ങള്‍ ഏറെ. തകായിച്ചിയെ ജാപ്പനീസ് ട്രംപ് എന്ന് സോഷ്യല്‍ മീഡിയയില്‍ വിളിക്കുന്നവരും കുറവല്ല.

സനേ തകായിച്ചി പോലുള്ള രാഷ്ട്രീയക്കാർ, കുടിയേറ്റക്കാരെയും വിദേശികളെയും സാമൂഹിക ഐക്യത്തിനും സാംസ്കാരിക പൈതൃകത്തിനും ഭീഷണിയെന്ന നിലയിൽ ചിത്രീകരിച്ച് രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കും. ദൗര്‍ഭാഗ്യവശാൽ, ഇതിന്റെ ഫലമായി, കുടിയേറ്റത്തെ ഏറ്റവും ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് ചിലപ്പോള്‍ ഭാവിയില്‍ വന്‍ തിരിച്ചടി നേരിട്ടേക്കാം.

ഒപ്പം തന്നെ ഇത്തരം വലതുപക്ഷ വാദികൾ പ്രോ നാഷണലിസ്റ്റ് നയങ്ങള്‍ എന്ന പേരില്‍ ചില ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും — അതായത്, രാജ്യത്തെ പ്രധാന ജാതിയിലോ വംശത്തിലോ പെട്ട സ്ത്രീകൾക്ക് കൂടുതൽ കുട്ടികളെ ജനിപ്പിക്കണം എന്ന് ആഹ്വാനം നടത്തലാണ് അതില്‍ ഒന്ന്. ഇതിലൂടെ ജനസംഖ്യയും സാംസ്കാരിക-വംശീയ ഏകതയും നിലനിർത്താനാകുമെന്ന് അവർ വിശ്വസിക്കുന്നു.

ഹംഗറി അതിന് ഉദാഹരണമാണ്. വിക്ടർ ഓർബാൻ നയിക്കുന്ന വലതുപക്ഷ ദേശീയവാദ സർക്കാർ രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 5% ചെലവഴിച്ച് മാതാപിതാക്കൾക്ക് ധാരാളം സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. 2023-ൽ ഹംഗറിയുടെ ജനനനിരക്ക് യൂറോപ്യൻ ശരാശരിയേക്കാൾ കൂടുതലായിരുന്നുവെങ്കിലും, അതിനുശേഷം അത് വീണ്ടും താഴ്ന്നു എന്നതാണ് നേര്.

Sanae Takaichi
ജപ്പാനിൽ ആദ്യ വനിതാ പ്രധാനമന്ത്രി? ചരിത്രം കുറിക്കാനൊരുങ്ങി സനേ തകായിച്ചി

ജപ്പാനിലും, കുടിയേറ്റം വർധിപ്പിക്കുന്നതിനു പകരം ഇത്തരം നിലപാട് സ്വീകരിക്കണമെന്ന ആവശ്യം വലതുപക്ഷം ഉന്നയിക്കുന്നു. തകായിച്ചി പ്രധാനമന്ത്രിയായിരിക്കുന്ന സാഹചര്യത്തിൽ, ജപ്പാനിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലും സാമൂഹിക സ്ഥാനത്തും പുരോഗതിയുണ്ടാകാനുള്ള സാധ്യത കുറവാണ്. ജനനനിരക്കിൽ കാര്യമായ വർധനയോ കുടിയേറ്റത്തിൽ വളർച്ചയോ സംഭവിക്കാനും സാധ്യതയില്ല. അതുകൊണ്ട്, ജപ്പാന്റെ ജനസംഖ്യാ പ്രതിസന്ധി അടുത്ത കാലത്തും തുടരാനും, അതിനേക്കാൾ വഷളാകാനും സാധ്യതയുണ്ട് എന്നതാണ് നേര്. എന്തായാലും ജപ്പാനില്‍, സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ച ജപ്പാനിലെ ലേഡി ട്രംപിന്‍റെ പരിഷ്കാരം എന്തായിരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com