
ഒരുബന്ധത്തിന്റെ നിലനിൽപ്പിനായി നിങ്ങൾ ഏതറ്റം വരെ പോകും? എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ. കാമുകിക്കോ കാമുകനോ ഭാര്യയ്‌ക്കോ ഭർത്താവിനോ ഉറ്റ സുഹൃത്തിനോ അങ്ങനെ ആർക്കെങ്കിലും വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ നിങ്ങൾ തയ്യാറാകുമോ?. എന്നാൽ തന്റെ ഭാര്യയ്ക്ക് വേണ്ടി കിലോമീറ്ററുകൾ ദിനവും യാത്രചെയ്യുന്ന ഒരു ഭർത്താവുണ്ട് അങ്ങ് ചൈനയിൽ. 32 കാരനായ ലിൻ ഷു സ്വന്തം ഭാര്യയുടെ സന്തോഷത്തിനും അവളോടുള്ള സ്നേഹവും കൊണ്ട് 320 കിലോമീറ്റർ അകലെയുള്ള തന്റെ ജോലി സ്ഥലത്തേക്ക് ദിവസവും പോയി വരാറുണ്ടെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ വെയ്ഫാംഗിലുള്ള തന്റെ വീട്ടിൽ നിന്നും പുലർച്ചെ 5 മണിക്ക് ഉണരുന്ന ലിൻ ഷു കൃത്യം 5:20 ന് തന്റെ ഇലക്ട്രിക് ബൈക്കിൽ ജോലിക്കായി വീട്ടിൽ നിന്നും പുറപ്പെടും. തുടർന്ന് 6:15 ന് ഉള്ള ട്രെയിൻ കയറി 7:46 ന് ഷാൻഡോങ്ങിൻ്റെ കിഴക്കൻ ഭാഗത്തുള്ള ക്വിംഗ്‌ദാവോയിൽ എത്തും. അവിടെ നിന്ന് ഭൂഗർഭ സബ്‌വേ വഴി 15 മിനിറ്റ് കൂടി യാത്ര ചെയ്താൽ മാത്രമേ ഓഫീസിൽ എത്താൻ കഴിയുകയുള്ളു. മാത്രവുമല്ല 9 മണിക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപേ കമ്പനിയുടെ കാൻ്റീനിൽ നിന്ന് പ്രഭാതഭക്ഷണം കഴിക്കാനുള്ള സമയം ലഭിക്കാറുണ്ടെന്നും ലിൻ ഷു പറയുന്നു. വീണ്ടും മൂന്നോ നാലോ മണിക്കൂർ എടുത്താണ് തിരിച്ച് വീട്ടിൽ എത്താറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴു വർഷത്തെ പ്രണയത്തിനു ശേഷം ഈ വർഷം മെയ് മാസത്തിലാണ് ലിൻ ഷുവിന്റേയും ഭാര്യയുടെയും വിവാഹം കഴിഞ്ഞത്. വെയ്ഫാംഗ് സ്വദേശിയായ ഭാര്യയുടെ സുരക്ഷയ്ക്കായി ആണ് തങ്ങൾ അവിടെ തന്നെ വീട് വാങ്ങിയത് എന്നാണ് ലിൻ ഷു പറയുന്നത്. ആദ്യം താൻ താമസിച്ചിരുന്നത് ഓഫീസിനടുത്താണെന്നും, ഇപ്പോൾ ഇത്രയും ദൂരം യാത്ര ചെയ്ത് പോകുന്നത് ഭാര്യയുടെ കൂടെ സമയം ചിലവഴിക്കാനാണെന്നും പറഞ്ഞ ലിൻഷു ഇൻ്റർസിറ്റി ഗതാഗതം കൂടുതൽ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. അതേസമയം ഭാര്യക്ക് ക്വിംഗ്‌ദാവോയിൽ ജോലി ലഭിക്കുകയാണെങ്കിൽ ഇരുവരും അവിടെ നിൽക്കുമെന്നും അപ്പോൾ ഈ യാത്ര ആവശ്യമായി വരില്ലെന്നുമാണ് ലിൻഷു പറയുന്നത്.