നിങ്ങൾ എസിയിൽ ഉറങ്ങുന്നവരോണോ?: അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ചൂടിനെ മറികടക്കാന്‍ എസി ഉപയോഗിക്കുന്നത് വളരെ സ്വാഭാവികമാണ്. രാജ്യത്ത് മൊത്തം വില്‍ക്കുന്ന എസികളില്‍ ഏഴ് ശതമാനം കേരളത്തിൽ നിന്നാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
നിങ്ങൾ എസിയിൽ ഉറങ്ങുന്നവരോണോ?: അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
Published on

കഴിഞ്ഞ മാസം വരെ ചൂട് മൂലം ഉറങ്ങാൻ സാധിക്കാതിരുന്ന ദിവസങ്ങളുണ്ടായിരുന്നു. കാലവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമായി സഹിക്കാൻ കഴിയാത്ത ഉഷ്ണതരംഗമാണ് മനുഷ്യരാശി നേരിടുന്നതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

ചൂടിനെ മറികടക്കാന്‍ എസി ഉപയോഗിക്കുന്നത് വളരെ സ്വാഭാവികമാണ്. രാജ്യത്ത് മൊത്തം വില്‍ക്കുന്ന എസികളില്‍ ഏഴ് ശതമാനം കേരളത്തിൽ നിന്നാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍, ശരിയായി എസി ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യത്തിന് അത് നല്ലതല്ല. ദീർഘമായ സമയം എസി ഓണാക്കി ഉറങ്ങുന്നത് ആരോഗ്യകരമല്ല. എസി ഓണാക്കി ഉറങ്ങുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

അലസത

തണുത്ത താപനില ശരീരത്തിലെ മെറ്റബോളിസത്തിൻ്റെ നിരക്ക് കുറയ്ക്കുന്നു. ഇത് ശരീരത്തിലെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും ക്ഷീണത്തിനും മയക്കത്തിനും കാരണമാവുകയും ചെയ്യുന്നു.


വരണ്ട കണ്ണുകള്‍

എസി അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയ്ക്കുകയും, കണ്ണിലെ ഈര്‍പ്പം വറ്റുന്നതിന്റെ (evaporative loss) തോത് കൂട്ടുകയും ചെയ്യുന്നു. ഇത് കണ്ണുകളില്‍ വരള്‍ച്ച, ചൊറിച്ചില്‍, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

നിര്‍ജ്ജലീകരണം

ജലാംശം കുറഞ്ഞ അന്തരീക്ഷത്തിൽ ശരീരത്തിലേക്കെത്തുന്ന വെള്ളത്തിൻ്റെ അളവ് കുറയുകയാണെങ്കിൽ അത് നിര്‍ജ്ജലീകരണത്തിന് കാരണമായേക്കാം.

തലവേദന

പെട്ടെന്നുള്ള താപവ്യതിയാനങ്ങള്‍ തലവേദനയ്ക്കും സൈനസിനും കാരണമായേക്കാം. എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങളിൽ പൊടി, പൂമ്പൊടി, പൂപ്പല്‍ എന്നിവ അടിഞ്ഞുകൂടാൻ ഇടയുണ്ട്. കൃത്യമായി എസി വൃത്തിയാക്കിയില്ലെങ്കിൽ ഇത് അലർജിയുണ്ടാകുന്നതിന് കാരണമാകാം.

ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനായി ഈ ശ്രദ്ധിക്കാം

എസി മുറിയില്‍ കഴിയുന്നവര്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. ഇത് നിര്‍ജ്ജലീകരണം ഒഴിവാക്കാനും ചര്‍മവരള്‍ച്ച തടയാനും സഹായിക്കും. വെള്ളം കുടിക്കാന്‍ ദാഹം തോന്നുന്നത് വരെ കാത്തിരിക്കരുത്. എസി മുറിയില്‍ മിക്കപ്പോഴും ദാഹം തോന്നണമെന്നില്ല. എസി ഉപയോഗിക്കുമ്പോള്‍ മുറിയിലെ താപനില അനുയോജ്യമായ തരത്തില്‍ ക്രമീകരിക്കുക. എയര്‍ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി ക്രമപ്പെടുത്തണമെന്ന് ഊര്‍ജമന്ത്രാലയം നേരത്തെ തന്നെ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇത് ഊര്‍ജലാഭം മാത്രമല്ല ആരോഗ്യത്തിന് അനുയോജ്യമാണെന്നുമാണ് വിലയിരുത്തല്‍.

മനുഷ്യ ശരീരോഷ്മാവ് 36 നും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇതിനോട് അനുയോജ്യമായ തരത്തില്‍ ക്രമീകരിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. എസി മുറിയില്‍ പേപ്പറുകളും മറ്റും കൂട്ടിയിട്ടാൽ, ഇതില്‍ പൊടിപിടിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടാന്‍ ഇടയുണ്ട്. എസിയുടെ ഫില്‍ട്ടറുകള്‍ ആറുമാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കണം. പൊടി തങ്ങിനിന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com