സിനിമയ്ക്ക് വൈകിയെത്തുന്നവരാണോ? തിയേറ്റർ മര്യാദകൾ നിങ്ങളുടെ സ്വഭാവത്തെകുറിച്ച് പറയുന്നതെന്ത്?

നൂറ് കണക്കിനാളുകളുള്ള ഒരു തിയേറ്ററിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നോ അതാണ് നിങ്ങളുടെ പൊതു സ്വഭാവം അഥവാ പബ്ലിക്ക് ബിഹേവിയർ
സിനിമയ്ക്ക് വൈകിയെത്തുന്നവരാണോ? തിയേറ്റർ മര്യാദകൾ നിങ്ങളുടെ സ്വഭാവത്തെകുറിച്ച് പറയുന്നതെന്ത്?
Published on



നിങ്ങൾ സിനിമാ പ്രേമികളാണോ? പ്രത്യേകിച്ച് തിയേറ്ററിലിരുന്ന് സിനിമ കാണാൻ ഇഷ്ടപെടുന്നവരാണോ? കോവിഡ് മഹാമാരിക്ക് ശേഷം മിക്ക ആളുകളും ഒടിടി പ്ലാറ്റുഫോമുമായി പൊരുത്തപ്പെട്ടെങ്കിലും ബിഗ് സ്ക്രീനിൽ വലിയ ശബ്ദത്തിൽ തിയേറ്ററിലിരുന്ന് സിനിമ കാണുന്ന ആ ത്രിൽ ഒന്നു വേറെയാണ്. 

ഇനി ഇങ്ങനെ സങ്കൽപിച്ച് നോക്കൂ... നിങ്ങൾ കാത്തിരുന്ന ആ സിനിമയെത്തി. തിയേറ്ററിലെത്തി ആദ്യ 10 മിനുട്ടിലേ പിന്നിലുള്ളവർ സംസാരം തുടങ്ങി. സീനുകൾ കഴിയും തോറും ശബ്ദവും ശല്യവും വർധിക്കുന്നു. അൽപസമയത്തിന് ശേഷം ഫ്ലാഷ്‌ലൈറ്റുമായി രണ്ടുപേരെത്തി സീറ്റുകൾ തപ്പുന്നു. പിന്നാലെ പോപ്കോണും ചിപ്‌സും കയ്യിൽ കരുതിയവർ ഭക്ഷണം ശബ്ദത്തിൽ കഴിച്ച് ശല്യമുണ്ടാക്കുന്നു. അവസാനം നിങ്ങളുടെ മുഴുവൻ സിനിമാ അനുഭവം താറുമാറുകുന്നു. ആലോചിക്കുമ്പോഴേ മടുപ്പ് തോന്നുന്നുണ്ടല്ലേ? ഇത്തരത്തിൽ തിയ്യേറ്ററിൽ നിങ്ങൾ പാലിക്കുന്ന മര്യാദകൾ നിങ്ങളുടെ സ്വഭാവത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്.

തിയേറ്ററിലെ സ്വഭാവവും പൊതു സ്വഭാവവും

നൂറ് കണക്കിനാളുകളുള്ള ഒരു തിയേറ്ററിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നോ അതാണ് നിങ്ങളുടെ പൊതു സ്വഭാവം അഥവാ പബ്ലിക്ക് ബിഹേവിയർ. തിയേറ്ററിലെ നിങ്ങളുടെ പെരുമാറ്റം നിങ്ങൾ മറ്റുള്ളവർക്ക് നൽകുന്ന ബഹുമാനം, പരിഗണന, സഹാനുഭൂതി എന്നിവയെകുറിച്ചുള്ള വ്യക്തമായ ചിത്രം നൽകും. കൂടാതെ നിങ്ങളുടെ സംഘർഷങ്ങൾ തടയാനുള്ള ചിന്താഗതി, സാമൂഹിക മൂല്യങ്ങൾ, ഏകാഗ്രത എന്നിവയെയും തിയേറ്റർ മര്യാദകൾ വെച്ച് മനസിലാക്കാം.

പ്രശസ്ത  മനശാസ്ത്രജ്ഞൻ ഡോക്ടർ റോഷൻ മൻസുഖാനി പറയുന്നതനുസരിച്ച് സിനിമാ തിയേറ്റററിൽ ഉറക്കെ സംസാരിക്കുകയോ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യുന്ന ഒരാൾ ദൈനംദിന ജീവിതത്തിലും മറ്റുള്ളവരുടെ ആവശ്യങ്ങളെയും സുഖസൗകര്യങ്ങളേയും അവഗണിച്ചേക്കാം. ഒപ്പം ഇത്തരം പ്രവൃത്തികൾ നിങ്ങളുടെ ഉള്ളിലെ അറ്റൻഷൻ സീക്കിങ്ങ് സ്വഭാവത്തേയും വൈകാരിക വൈകാരിക നിയന്ത്രണത്തിൻ്റെ അഭാവത്തേയും പ്രതിഫലിപ്പിക്കുന്നു. ഇനി ആരെങ്കിലും മനപൂർവ്വം മറ്റുള്ളവർക്ക് അസ്വാസ്ഥ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് അവരുടെ നാർസിസിസ്റ്റിക് സ്വഭാവത്തിൻ്റെയും സാമൂഹ്യവിരുദ്ധ പ്രവണതകളുടെയും ഫലമാണ്.

ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമാണെങ്കിലും ഒരു പൊതുഇടത്തിൽ ഈ വെല്ലുവിളികളെ സംയമനം, പക്വത, ആത്മനിയന്ത്രണം എന്നിവ വഴി നിയന്ത്രിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന് കഴിയാത്തത് അച്ചടക്കമില്ലായ്മയുടെ ഭാഗമാണെന്ന വിമർശനവും ഡോക്ടർമാർ ഉയർത്തുന്നു.

വിദഗ്‌ദാഭിപ്രായം തേടണോ?

ഒരു പരിധിക്കപ്പുറത്തേക്ക് നിയന്ത്രണാതീതമായി സ്വഭാവം മാറുകയാണെങ്കിൽ ഡോക്ടർമാരുടെ അഭിപ്രായം തേടുന്നതാവും ഉചിതം. ആളുകൾക്കുണ്ടാവുന്ന അടിസ്ഥാനപരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളും സിനിമാസ്വാദനത്തെ ബാധിച്ചേക്കാം. വ്യക്തിത്വ വൈകല്യങ്ങളോ, ഇംപൾസ് കൺട്രോൾ ഡിസോർഡറുകളോ ഉള്ള ആളുകൾ പൊതു ഇടങ്ങളിൽ ഇത്തരത്തിൽ പെരുമാറാൻ സാധ്യതയുണ്ട്. ധിക്കാര പ്രശ്നങ്ങളുള്ള ചില ആളുകൾക്കും ഈ പ്രശ്‌നമുണ്ടായേക്കാം.

നിങ്ങളുടെ ചുറ്റുമുള്ള ആരെങ്കിലും ഇത്തരത്തിൽ യുക്തിരഹിതമായി പെരുമാറുകയാണെങ്കിൽ, അത് തള്ളികളയാൻ പാടില്ല. അവരെ സ്വകാര്യമായി ആശ്വസിപ്പിക്കുകയും ഒരു ഡോക്ടറോട് ഉപദേശം തേടാനും നിർദേശിക്കുക. ചിലപ്പോൾ പ്രതികരിക്കുന്നത് കൊണ്ട് മാത്രം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഓർക്കുക.


എന്തൊക്കെയാണ് നല്ല തിയേറ്റർ മര്യാദകൾ

സിനിമക്ക് കൃത്യസമയത്ത് എത്തിച്ചേരാൻ ശ്രമിക്കുക

 സിനിമ തുടങ്ങിയാൽ പിന്നീട് സംസാരിക്കാതിരിക്കുക

 ഫോൺ നിശബ്ദമായി സൂക്ഷിക്കുക,

• അധികം ശബ്ദമുണ്ടാക്കാതെ ഭക്ഷണം കഴിക്കുക,

 ഇടയ്ക്കിടെ സീറ്റിൽ നിന്ന് എഴുന്നേൽക്കുകയോ മാറുകയോ ചെയ്യാതിരിക്കുക

• മറ്റു കാഴ്ചക്കാർക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ നിങ്ങളുടെ സ്വകാര്യ വസ്തുക്കൾ വെക്കാതിരിക്കുക

Related Stories

No stories found.
News Malayalam 24x7
newsmalayalam.com