കാര്‍ട്ടൂണ്‍ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടോ? ഇല്ലെന്ന് തന്നെ പറയാം. കാലം മാറുന്നതനുസരിച്ച്, കാര്‍ട്ടൂണുകളുടെ രീതിയും അവതരണവുമൊക്കെ മാറിയിട്ടുണ്ടെങ്കിലും കുട്ടി ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നും വന്നിട്ടില്ല. കാര്‍ട്ടൂണുകളിലെ കഥയും കഥാപാത്രവും സംഭാഷണവുമൊക്കെ അത്രമേല്‍ കുട്ടികളുടെ ഇഷ്ടം പിടിച്ചെടുക്കാറുണ്ട്.
വേഗത്തില്‍ പുതിയൊരു ഭാഷ പഠിക്കാനും പാട്ടും സംഭാഷണവും, സാമൂഹ്യസാഹചര്യങ്ങളുമൊക്കെ മനസിലാക്കാനും കാര്‍ട്ടൂണുകള്‍ കുട്ടികളെ സഹായിക്കുന്നുണ്ട്. എന്നാല്‍, എല്ലാത്തിനുമൊരു പരിധി വേണമെന്നു മാത്രം. കാര്‍ട്ടൂണുകള്‍ക്ക് അഡിക്റ്റ് ആകുന്ന തരത്തില്‍ കാഴ്ചാശീലം ഉണ്ടാകുന്നത് അത്ര നല്ല കാര്യമില്ല. അത് കാഴ്ചശക്തിയെ മുതല്‍ മാനസികാരോഗ്യത്തെ വരെ ബാധിക്കും. കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ പോലും അത് സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഭാവനകളുടെ പുതിയ ലോകമാണ് കാര്‍ട്ടൂണുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. അത് വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്നു. സർഗാത്മകത, ആശയവിനിമയ ശേഷി, പ്രശ്‌നപരിഹാര ശേഷി, സാമുഹ്യജീവിതം, വ്യക്തിശീലങ്ങള്‍ എന്നിങ്ങനെ കാര്യങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ആനിമേറ്റഡ് കാര്‍ട്ടൂണുകള്‍ കുട്ടികളെ സഹായിക്കാറുണ്ട്.
പുതിയ കാര്യങ്ങള്‍ ശീലിക്കാനും, ഒരു സംഭവത്തെയോ അനുഭവത്തെയോ വിവരിക്കാനുമൊക്കെ അത് കുട്ടികളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. വിവിധ വികാരങ്ങള്‍ എങ്ങനെയാണെന്നും സാമുഹ്യ ജീവിതത്തില്‍ എങ്ങനെ പെരുമാറണം എന്നതുള്‍പ്പെടെ കാര്യങ്ങളുമൊക്കെ കാര്‍ട്ടൂണുകളില്‍ നിന്ന് പഠിച്ചെടുക്കാം.
ഇത്തരത്തില്‍ കുട്ടികളെ കാര്യമായി സ്വാധീനിക്കാന്‍ കാര്‍ട്ടൂണുകള്‍ക്ക് കഴിയുമെന്നതിനാല്‍ അവയുടെ തിരഞ്ഞെടുപ്പും പ്രധാനമാണ്. വിപണി അധിഷ്ഠിതമായി കണ്ടെന്റുകള്‍ സൃഷ്ടിക്കപ്പെടുന്ന കാലത്ത്, കുട്ടികളുടെ ഭാവനാശേഷിക്ക് വഴങ്ങാത്ത കാര്യങ്ങള്‍ അവര്‍ കാണുന്നില്ലെന്ന് ഉറപ്പാക്കണം.
സഹജീവികളോട് കരുണയും ദയയവും തോന്നാത്ത തരത്തില്‍ മത്സരബുദ്ധി വളര്‍ത്തുന്ന ഉള്ളടക്കം പാടെ ഒഴിവാക്കണം. പ്രതികാരബുദ്ധി വളര്‍ത്തിയെടുക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ കാഴ്ചാശീലം മാറരുത്. അത് ഗുണത്തെക്കാളേറെ ദോഷമാകും ചെയ്യുക. ഗുരുതരമായ സ്വഭാവ വൈകല്യങ്ങള്‍ക്ക് കൂടി അത് കാരണമാകും. സമയത്തിന് ഭക്ഷണം കഴിക്കാതെ, കൂട്ടുകാര്‍ക്കൊപ്പം കളിക്കാതെ, വീട്ടുകാരോടുപോലും സംസാരിക്കാതെ സ്ക്രീനുകളിലേക്ക് മാത്രമായി കുട്ടികള്‍ ഒതുങ്ങിക്കൂടാനുള്ള സാഹചര്യമുണ്ട്.
കുട്ടികളുടെ കാര്യത്തില്‍ എന്ത് കാണണം, എങ്ങനെ കാണണം എന്നതാണ് പ്രധാനം. മികച്ചതും ചടുലവുമായ ഗ്രാഫിക്സുകളും കഥാപാത്രങ്ങളുമൊക്കെ നിറഞ്ഞ കാര്‍ട്ടൂണുകള്‍ കുട്ടികള്‍ക്ക് ഒരു ഡോപമിന്‍ സമ്മാനിക്കുന്നുണ്ട്. ആ സന്തോഷത്തിന്റെ തോതില്‍ അവര്‍ കൂടുതല്‍ സമയം സ്ക്രീനില്‍ സമയം ചെലവഴിക്കും. അതോടെ, അവര്‍ പതുക്കെ ഭാവനാലോകത്തേക്ക് മാത്രമായി ചുരുങ്ങിപ്പോകും. സ്ഥലകാല ബോധത്തിനപ്പുറത്തേക്ക് അത്തരമൊരു കാഴ്ചാശീലം ഉണ്ടാകുന്നത് അനാരോഗ്യ പ്രവണതയാണെന്നാണ് ചൈല്‍ഡ് സ്പെഷ്യലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ചിലപ്പോള്‍, മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായോ, സംഘര്‍ഷ ലഘൂകരണത്തിനുള്ള ഉപാധിയായോ ആകാം കാര്‍ട്ടൂണുകളെ കുട്ടികള്‍ സ്വീകരിക്കുക. അതൊരു ആസക്തിയായി മാറുന്നതും, സ്ക്രീന്‍ ടൈം കൂടുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിവൈകാരികത, മത്സരം, പരസ്പര പോര്, മോശം ഭാഷ, വികലമായ പെരുമാറ്റം, അസാധാരണ രീതി, ഭയപ്പെടുത്തുന്ന അതിമാനുഷികത എന്നിങ്ങനെ കണ്ടെന്റുകള്‍ ഗുണത്തേക്കാളെറെ ദോഷമാകും നല്‍കുകയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്ക്രീന്‍ ടൈം കൂടുന്നത് കാഴ്ചശക്തിയെയാണ് ആദ്യം ബാധിക്കുക. കാഴ്ചശക്തിയെ വെല്ലുവിളിക്കുന്ന തരത്തിലാണ് പല കാര്‍ട്ടൂണുകളും കടുത്ത വര്‍ണങ്ങളും, മോഷന്‍ പിക്ചറുകളുമൊക്കെ ഉപയോഗിക്കുന്നത്. സ്ക്രീന്‍ ടൈം കൂടുന്നത് കാഴ്ച വൈകല്യങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദിപ്പിക്കുകയും, ബുദ്ധിവികാസത്തെയും ചിന്താശേഷിയെയും ബാധിക്കുകയും ചെയ്യും. ഉത്ക്കണ്ഠ, ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, ശ്രദ്ധക്കുറവ് തുടങ്ങി പഠനം ഉള്‍പ്പെടെ വ്യക്തിശീലങ്ങളില്‍ താല്പര്യക്കുറവിന് വരെ അത് കാരണമാകും.
ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തെ കൂടി അത് ബാധിക്കും. കുടുംബജീവിതത്തിലെന്ന പോലെ, സാമുഹ്യ ജീവിതത്തിലും വിദ്യാഭ്യാസ ജീവിതത്തിലുമൊക്കെ അതിന്റെ പ്രതിഫലനം ഉണ്ടാകും. ഇതെല്ലാം മനസിലാക്കി, ആസക്തിയുടെ ഘട്ടത്തില്‍ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് കുട്ടികളില്‍ കോപവും വൈരാഗ്യബുദ്ധിയുമൊക്കെയാകും നിറയ്ക്കുക.
തിരക്കുകള്‍ക്കിടെ കുട്ടികളെ ശാന്തരാക്കാന്‍ മൊബൈലിലും ടിവിയിലുമൊക്കെ കാര്‍ട്ടൂണുകള്‍ വെച്ചുകൊടുക്കുന്ന മാതാപിതാക്കളുടെ രീതിയും തെറ്റാണ്. വാശിപിടിച്ച് കരയുമ്പോള്‍ സമാധാനിപ്പിക്കാനും, ഭക്ഷണം കൊടുക്കാനുമൊക്കെ ഈ രീതി പരീക്ഷിക്കുന്നവര്‍ ഇല്ലാതാക്കുന്നത് കുട്ടികളുടെ മെൻ്റൽ ഇമേജറികളെയാണ്. സ്പര്‍ശനം, മണം, രുചി എന്നിങ്ങനെയുള്ള ഇന്ദ്രിയാനുഭവങ്ങളും അവര്‍ക്ക് കിട്ടാതെ വരും.
സ്ക്രീനുകളിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയോ, മണമോ, ഗുണമോ, ഭംഗിയോ ഒന്നും കുട്ടികളിലേക്ക് എത്തില്ല. കണ്ണും കാതും കാഴ്ചയിലേക്ക് മാത്രം ശ്രദ്ധവയ്ക്കുമ്പോള്‍, വിശപ്പിനും വിശപ്പ് മാറുന്നതിനും ഇടയിലെ ഘട്ടങ്ങളിലേക്കൊന്നും അവരുടെ ശ്രദ്ധ എത്തിയെന്നു വരില്ല. അത് മെൻ്റൽ ഇമേജറി വികാസത്തെ മുരടിപ്പിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. അമിതവണ്ണം ഉള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങളാണ് ഇത്തരം ശീലത്തിൻ്റെ മറ്റൊരു അനന്തരഫലം.
കാര്‍ട്ടൂണുകളും, സീരിസുകളുമൊക്കെ കുട്ടികള്‍ക്ക് നിഷേധിക്കണമെന്നല്ല ഇതിനര്‍ഥം. വിനോദത്തിനൊപ്പം, പുതിയ പുതിയ അറിവുകള്‍ ലഭിക്കുന്ന തരത്തിലും വ്യക്തിവികാസത്തിന് ഉതകുന്ന തരത്തിലും വേണം കുട്ടികളുടെ കാഴ്ചയെ പരിപോഷിപ്പിക്കേണ്ടത്. ഉള്ളടക്കത്തെക്കുറിച്ച് മാതാപിതാക്കൾ ശ്രദ്ധാലുവായിരിക്കണം. ഒന്നിലേക്കും അമിതമായി ആകര്‍ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.