
ബുക്ക് ചെയ്ത ഒല ഓട്ടോ ക്യാൻസൽ ചെയ്‌തെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർ യുവതിയെ മർദിച്ചു. ബംഗളൂരുവിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമം വഴി പങ്കുവെച്ച വീഡിയോയിൽ യുവതിയും ഓട്ടോഡ്രൈവറും തമ്മിൽ തർക്കിക്കുകയും ചെയ്യുന്നുണ്ട്. അതിനടയിൽ യുവതിയുടെ ഫോൺ തട്ടിപ്പറിക്കാനും ഓട്ടോ ഡ്രൈവർ ശ്രമിക്കുന്നുണ്ട്.
ഓൺലൈൻ വഴിയാണ് യുവതിയും സുഹൃത്തും ഒല ഓട്ടോ ബുക്ക് ചെയ്യുന്നത്. നല്ല തിരക്കുള്ള സമയമായതിനാൽ രണ്ട് ഓട്ടോകളാണ് ഇവർ ബുക്ക് ചെയ്തത്. എന്നാൽ, യുവതി ബുക്ക് ചെയ്ത ഓട്ടോ ആദ്യം വന്നതിനാൽ, സുഹൃത്ത് ബുക്ക് ചെയ്ത ഓട്ടോ ക്യാൻസൽ ചെയ്യുകയും ചെയ്തു. എന്നാൽ ആ ക്യാൻസൽ ചെയ്ത ഓട്ടോ ഡ്രൈവർ യുവതിയെ പിന്തുടരുകയും മോശമായി പെരുമാറുകയും തല്ലുകയും ചെയ്തു. തങ്ങളുടെ സാഹചര്യം പറഞ്ഞ് മനസിലാക്കുവാൻ ശ്രമിച്ചിട്ടും ഓട്ടോ ഡ്രൈവർ മോശമായി പെരുമാറുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു.
യുവതിയോട് അവരുടെ പിതാവിനെ കുറിച്ച് അപകീർത്തിപരമായ പരാമർശം നടത്തുകയും ചെയ്തു. പിന്നീട്, വീഡിയോ പകർത്തികൊണ്ടിരുന്ന യുവതിയുടെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും എതിർത്തപ്പോൾ യുവതിയെ തല്ലുകയും ചെയ്തു. എന്നിട്ടും, ചെരിപ്പുകൊണ്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ സംഭവം വളരെ ഭയാനകമാണെന്ന് ഇതിനെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഒല അറിയിച്ചു. യുവതി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയ്ക്ക് താഴെയാണ് ഒല പ്രതികരിച്ചത്.
അതേസമയം, "ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും, ഇങ്ങനെയുള്ള കുറച്ച് ആളുകളാണ് ഓട്ടോ ഡ്രൈവർമാരുടെ സമൂഹത്തിന് ചീത്തപ്പേരുണ്ടാക്കുന്നതെന്നും. ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും" പോലീസ് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി അഡീഷണൽ ഡയറക്ടർ ജനറൽ അലോക് കുമാർ യുവതിയുടെ പോസ്റ്റിൽ പ്രതികരിച്ചു.