

ന്യൂഡൽഹി: രാജ്യത്ത് കാൻസർ ചികിത്സാ മരുന്നുകളുടെ വിപണി വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് നൽകുന്നത്. അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്ത കാൻസർ മരുന്നുകളുടെ വിതരണക്കാരുടെ കമ്മീഷൻ പരമാവധി റീട്ടെയിൽ വിലയുടെ 30 ശതമാനമായി പരിമിതപ്പെടുത്തിക്കൊണ്ട് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് ഒക്ടോബർ 8-നാണ് നിർണായക ഉത്തരവിറക്കിയത്. ഈ വിലനിയന്ത്രണത്തിലൂടെ രാജ്യത്തെ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2500 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കാൻസർ മരുന്നുകളുടെ വിതരണം രാജ്യത്ത് നടക്കുന്നത് ശരാശരി 170 ശതമാനം മുതല്‍ 700 ശതമാനം വരെയുമുള്ള അമിത ലാഭവിഹിതം ഈടാക്കുന്നതായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന ഇടപെടൽ. 2700 രൂപയ്ക്ക് മൊത്തവ്യാപാരി വാങ്ങിയ ഒരു കാൻസർ മരുന്നിന് 27000 രൂപ എംആർപി നിശ്ചയിച്ച് പത്തിരട്ടി കൊള്ളലാഭം ഈടാക്കിയ സംഭവം 2026 സെപ്റ്റംബറിലെ വാദത്തിനിടെ സുപ്രീം കോടതിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ വിദഗ്ദ്ധ സമിതി വിലനിയന്ത്രണം ബാധകമാകുന്ന മരുന്നുകളുടെ അന്തിമ പട്ടിക തയ്യാറാക്കിക്കഴിഞ്ഞാൽ എൻപിപിഎ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.
എന്നാൽ വിതരണക്കാരുടെ കമ്മീഷൻ വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരായ രോഗികളുടെ ചികിത്സാഭാരം പൂർണ്ണമായി ഇല്ലാതാക്കുമോ എന്ന ചോദ്യം ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ഉയർത്തുന്നുണ്ട്. 2023-ൽ 'ഫ്രോണ്ടിയേഴ്സ് ഇൻ പബ്ലിക് ഹെൽത്ത്' ജേണൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഇന്ത്യയിലെ ഏഴ് പ്രമുഖ കാൻസർ സെന്ററുകളിലെ 12,148 രോഗികളിൽ നടത്തിയ സർവേയിൽ ഒരു രോഗിക്ക് നേരിട്ടുള്ള ചികിത്സാച്ചെലവിനായി പ്രതിവർഷം ശരാശരി 3.31 ലക്ഷം രൂപ ചെലവാക്കേണ്ടി വരുന്നതായി കണ്ടെത്തിയിരുന്നു.
ഇതിൽ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ കടക്കെണിയിലാകാനുള്ള സാധ്യത സമ്പന്ന കുടുംബങ്ങളെ അപേക്ഷിച്ച് 7.4 മടങ്ങ് കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. മരുന്നുകളുടെ വില മാത്രമല്ല കാൻസർ രോഗികളെ സാമ്പത്തികമായി തകർക്കുന്നത്. ബയോപ്സി, മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ്, സ്കാനിംഗുകൾ, രക്തപരിശോധനകൾ, സർജറി, റേഡിയേഷൻ തെറാപ്പി, ദീർഘനാളത്തെ ആശുപത്രിവാസം തുടങ്ങിയ ചെലവുകൾക്ക് പുറമെ ദൂരസ്ഥലങ്ങളിലെ കാൻസർ കേന്ദ്രങ്ങളിലേക്കുള്ള യാത്ര, താമസം, ഭക്ഷണം, രോഗിക്കും കൂട്ടിരിപ്പുകാർക്കും നഷ്ടപ്പെടുന്ന തൊഴിൽദിനങ്ങളും വരുമാനവും എന്നിവ സാധാരണ കുടുംബങ്ങളെ തകർക്കുന്ന മറ്റ് വലിയ ഘടകങ്ങളാണ്.
കൂടാതെ പേറ്റന്റുള്ള അത്യാധുനിക കാൻസർ മരുന്നുകൾക്ക് കമ്പനികൾ നിശ്ചയിക്കുന്ന അടിസ്ഥാന വിപണി വില കുറയ്ക്കാൻ ട്രേഡ് മാർജിൻ നിയന്ത്രണത്തിന് കഴിയില്ലെന്നതും വലിയൊരു പരിമിതിയാണ്. ഉദാഹരണത്തിന്, സ്തനാർബുദ ചികിത്സയ്ക്കുള്ള റിബോസിക്ലിബ് എന്ന മരുന്നിന്റെ പ്രതിമാസ ചെലവ് 2022 ലെ 58,000 രൂപയിൽ നിന്ന് 2025ൽ 78,000 രൂപയായി കുതിച്ചുയർന്നു. ഇമ്മ്യൂണോതെറാപ്പി മരുന്നായ പെംബ്രോലിസുമാബിന് ഒരു വയലിന് ഏകദേശം 1.95 ലക്ഷം രൂപയാണ് വില. നിവോലുമാബ്, ഒസിമെർട്ടിനിബ്, ക്രിസോട്ടിനിബ് തുടങ്ങിയ മറ്റ് വിലകൂടിയ കാൻസർ മരുന്നുകളുടെ സ്ഥിതിയും സമാനമാണ്. ട്രേഡ് മാർജിൻ നിയന്ത്രിച്ചതുകൊണ്ടുമാത്രം വിദേശ കമ്പനികളുടെ ഇത്തരം പേറ്റന്റ് മരുന്നുകളുടെ ഉയർന്ന പ്രാരംഭ വില കുറയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം അത്യാധുനിക മരുന്നുകൾ സാധാരണക്കാർക്ക് ലഭ്യമാക്കാൻ ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് കമ്പൽസറി ലൈസൻസിംഗ് അനുവദിക്കുകയും ജനറിക് മരുന്നുകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.
ദീർഘകാലം ഗുളികകളും മരുന്നുകളും മാത്രം കഴിച്ച് ചികിത്സ തുടരുന്ന രോഗികൾക്ക് സർക്കാരിന്റെ പുതിയ തീരുമാനം വലിയ സാമ്പത്തിക ആശ്വാസം നൽകുമെങ്കിലും ശസ്ത്രക്രിയ, റേഡിയേഷൻ, തീവ്രപരിചരണം എന്നിവ ആവശ്യമുള്ള രോഗികൾക്ക് ഇതിന്റെ പ്രയോജനം ഭാഗികമായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ. അതിനാൽ മരുന്നുകളുടെ വില വെട്ടിക്കുറയ്ക്കുന്നതിനൊപ്പം മോളിക്യുലാർ പരിശോധനകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക, ഗുണനിലവാരമുള്ള ജനറിക്, ബയോസിമിലാർ മരുന്നുകൾ വിപണിയിൽ വ്യാപകമാക്കുക, യാത്രാ-താമസച്ചെലവുകൾ കൂടി ഉൾക്കൊള്ളുന്ന സമഗ്രമായ ആരോഗ്യ ഇൻഷുറൻസ്-സാമ്പത്തിക സഹായ പദ്ധതികൾ നടപ്പിലാക്കുക എന്നിവ കൂടി ചെയ്താലേ കാൻസർ ചികിത്സ സാധാരണക്കാർക്ക് പൂർണ്ണമായും പ്രാപ്യമാകൂ എന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.