
നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന മികച്ച പോഷകാഹാരങ്ങളിലൊന്നാണ് മുട്ട. മുട്ടയുടെ അമിത ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത്തരം ചർച്ചകൾക്ക് വിരാമമിടുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുട്ട ശരീരത്തിലെ കൊഴുപ്പിനെ വർധിപ്പിക്കില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. അതുമാത്രമല്ല മുട്ട കഴിക്കുന്നത് ആരോഗ്യം സംരക്ഷിക്കുവാനും സഹായിക്കും. എന്തെല്ലാമാണ് മുട്ടയുടെ ഗുണങ്ങള്‍ എന്ന് നോക്കാം.
കോളിൻ ആൻഡ് ഒമേഗ
മുട്ടയിൽ കാണപ്പെടുന്ന ഏറ്റവും മികച്ച പോഷകങ്ങളാണ് കോളിനും ഒമേഗ-3 യും. ഇവ കണ്ണുകളുടെയും, ഹൃദയത്തിന്റെയും, തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും.
കണ്ണിന്റെ ആരോഗ്യം
മുട്ടയുടെ മഞ്ഞക്കരുവിൽ പച്ചക്കറികളിൽ കാണപ്പെടുന്ന സിയാക്സാന്തിൻ, സിങ്ക്, ല്യൂട്ടിൻ എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. പ്രായാധിക്യം മൂലം ഉണ്ടാകുന്ന കാഴ്ച്ച കുറവ് പോലുള്ള പ്രശ്നങ്ങൾ കുറക്കാൻ ഇവ സഹായിക്കും, തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്താം എന്നാണു പഠനങ്ങൾ പറയുന്നത്.
വിശപ്പ് നിയന്ത്രിക്കാം
രാവിലെ മുട്ട കഴിക്കുന്നത് 'വയറു നിറഞ്ഞ' പോലെ തോന്നലുണ്ടാക്കുവാൻ സഹായിക്കും. ഇത് അനാരോഗ്യപരമായ ഭക്ഷണരീതികളെ, അമിതമായി ഭക്ഷണം കഴിക്കുന്നതിനെയൊക്കെ ചെറുക്കാൻ സഹായിക്കും. മുട്ട വേവിച്ചോ, ഓംലറ്റ് ആയോ കഴിക്കാവുന്നതാണ്.
ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ ചർമ്മത്തെ മൃദുവായതും തിളക്കമുള്ളതുമാക്കും. മുടിയുടെ ആരോഗ്യത്തിനും മുട്ട വളരെ മികച്ചതാണ് . മുടി വളരാനും തിളക്കമുള്ളതാക്കാനും അത് സഹായിക്കും. മുട്ടയിൽ കാണപ്പെടുന്ന ഫോളേറ്റ്, ബയോട്ടിൻ,വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവ ചർമ്മത്തെ തിളക്കമുള്ളതാക്കും. ഇത് മുടി കൊഴിച്ചിൽ കുറക്കാനും, മുടിയെ ബലപ്പെടുത്താനും സഹായിക്കും.
പ്രമേഹരോഗികൾക്കും ഡയറ്റിൽ ഉൾപ്പെടുത്താം
മുട്ടയിൽ കാർബോഹൈഡ്രേറ്റ് കുറവായതിനാൽ പ്രമേഹ രോഗികളുടെ ഡയറ്റിൽ ഉൾപ്പെടുത്താം. ഭാരം കുറയ്ക്കുന്നതിനും, രക്‌ത സമ്മർദം കുറയ്ക്കുന്നതിനും, എല്ലുകളുടെ ആരോഗ്യത്തിനും മുട്ട പ്രധാന പങ്ക് വഹിക്കുന്നു. ദിവസവും മുട്ട കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.