
ചൈനയിലെ മോളി എന്ന കുട്ടി ടെസ്ല ഉടമയ്ക്ക് തന്‍റെ വാഹനത്തിലെ സ്‌ക്രീനില്‍ ചില പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. സ്‌ക്രീനില്‍ ചിത്രം വരയ്ക്കുമ്പോള്‍ താന്‍ കണ്ടെത്തിയ ബഗിനെപ്പറ്റി ഉടൻ തന്നെ ഫോണെടുത്ത് ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട മസ്‌ക് തന്നെ പ്രശ്‌ന പരിഹാരത്തിനായി എത്തുകയായിരുന്നു.
"ഹലോ മസ്‌ക്. ഞാന്‍ ചൈനയില്‍ നിന്നും മോളിയാണ്. നിങ്ങളുടെ കാറിനെപ്പറ്റി എനിക്ക് ചില ചോദ്യങ്ങളുണ്ട്. ഞാന്‍ പടം വരയ്ക്കുമ്പോള്‍ ചിലപ്പോഴൊക്കെ വരകള്‍ മാഞ്ഞു പോകുന്നു. നിങ്ങള്‍ കണ്ടില്ലേ? ഇത് ശരിയാക്കാന്‍ പറ്റുമോ? നന്ദി", വീഡിയോ ക്ലിപ്പില്‍ മോളി പറയുന്നു. ഈ ചെറിയ വീഡിയോ ക്ലിപ്പില്‍ മോളി തനിക്ക് അനുഭവപ്പെട്ട പ്രശ്‌നം വിശദീകരിക്കുന്നുണ്ട്. "ഒരു പ്രധാനപ്പെട്ട ബഗ്ഗിനെപ്പറ്റി മിസ്റ്റര്‍ മസ്‌കിനെ അറിയിക്കാന്‍ മോളി തീരുമാനിച്ചിരിക്കുന്നു." എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍. ഇത് കണ്ട ടെസ്ല സിഇഒ 'ഉറപ്പായും' എന്ന് മറുപടിയും നല്‍കി.
മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റുകളില്‍ വലിയ ശ്രദ്ധയാണ് മസ്‌ക് പങ്ക് വെച്ച മോളിയുടെ പോസ്റ്റിന് ലഭിച്ചത്.16000 ലൈക്കുകളാണ് പോസ്റ്റിന് എക്‌സില്‍ ലഭിച്ചത്. ബഗ് കണ്ടെത്തിയ മോളിയെയും പ്രതികരിച്ച മസ്കിനേയും അഭിനന്ദിച്ച് നിരവധി ടെസ്ല ഉപഭോക്താക്കളാണ് രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ തന്‍റെ ടെസ്ല കമ്പനിയുടെ നാലാമത്തെ മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കുകയാണ് ഇലോണ്‍ മസ്‌ക്. ഈ മാസ്റ്റര്‍ പ്ലാന്‍ ഐതിഹാസികമായിരിക്കുമെന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്.